സ്വകാര്യ ബസ്സുകൾക്ക് ഓണക്കൊയ്ത്തൊരുക്കി കേരള ആർടിസി; ബംഗളുരുവിൽ നിന്ന് ആനവണ്ടിക്ക് എട്ട് സ്‌പെഷ്യൽ സർവീസുകൾ മാത്രം

കോഴിക്കോടേക്ക്‌ നാലും പയ്യന്നൂർ, തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ഒരു സർവീസുമാണ് നടത്തുക. ഇവയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സീറ്റുകൾ കാലിയായി.

സ്വകാര്യ ബസ്സുകൾക്ക് ഓണക്കൊയ്ത്തൊരുക്കി കേരള ആർടിസി; ബംഗളുരുവിൽ നിന്ന് ആനവണ്ടിക്ക് എട്ട് സ്‌പെഷ്യൽ സർവീസുകൾ മാത്രം

ബംഗളുരു: ഓണക്കാലത്ത് ഏറ്റവുമധികം മലയാളികൾ സഞ്ചരിക്കുന്ന ബംഗളുരു റൂട്ടിൽ സ്വകാര്യ ബസ്സുകൾക്ക് കൊള്ള ലാഭമൊരുക്കി കേരള ആർ ടി സി. നിലവിൽ എട്ട് സ്‌പെഷ്യൽ സർവീസുകൾ മാത്രമാണ് റൂട്ടിൽ കെ എസ് ആർ ടി സി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോടേക്ക്‌ നാലും പയ്യന്നൂർ, തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ഒരു സർവീസുമാണ് നടത്തുക. ഇവയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സീറ്റുകൾ കാലിയായി.


മലബാറിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉണ്ടാവുക. മലബാറിലേക്ക് ഉത്സവകാലത്ത് കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യവും ഏറെ പഴയതാണ്. തിരക്ക് വർധിക്കുന്നതിന് അനുസരിച്ച് വരും ദിനങ്ങളിൽ കൂടുതൽ ബസ്സുകൾ അനുവദിക്കും എന്ന നിലപാടാണ് കെഎസ്ആർടിസി മുന്നോട്ടു വെക്കുന്നത്. എന്നാൽ നിരവധി സ്വകാര്യ ബസ്സുകൾ കണ്ണൂർ, തലശ്ശേരി, കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്താൻ ഒരുങ്ങിക്കഴിഞ്ഞു.

ലഭ്യമാകുന്ന ബസ്സുകളിൽ കയറി പോകുക എന്നല്ലാതെ കെഎസ്ആർടിസി ബസ്സുകളെ കാത്ത് നിൽക്കാനൊന്നും ആരും മെനക്കെടില്ല. ഇപ്പോൾ ഓൺലൈൻ ബുക്കിങ് സംവിധാനം ഉള്ളത് കൊണ്ട് സർവീസുകൾ പ്രഖ്യാപിക്കാനും തിരക്കനുസരിച്ച് പുനഃപരിശോധിക്കാനും ഒക്കെ സാധിക്കും. എല്ലാ ഓണക്കാലങ്ങളും സ്വകാര്യ ബസ്സുകൾക്ക് കൊയ്ത്ത് കാലമാണ്. പലപ്പോഴും അവസാന നിമിഷത്തിൽ പ്രഖ്യാപിക്കുന്ന കെഎസ്ആർടിസി ബസ്സുകളിൽ യാത്രക്കാർ ഉണ്ടാവാറില്ല.

അവസാന നിമിഷത്തിൽ ലീവ് കിട്ടുന്ന ടെക്കികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ഓണത്തിന് നാട്ടിലെത്തൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ബംഗളുരുവിൽ നിന്ന് പുറപ്പെടുന്ന പല സ്വകാര്യബസ്സുകളും ടിക്കറ്റോ ബില്ലോ നൽകാതെ ഉയർന്ന തുക വാങ്ങിയാണ് യാത്രക്കാരെ കയറ്റുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ബസ്സുകൾ വേണമെന്ന ആവശ്യം ബെംഗളൂരു മലയാളികൾക്കിടയിൽ ശക്തമാവുകയാണ്.

Read More >>