കണ്ണൂരിലും ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടില്‍ നിന്നും മോഷണം; പശ്ചിമ ബംഗാള്‍ സ്വദേശിയെ തേടി പോലീസ്

രതീഷിന്റെ കണ്ണപുരം എസ്ബിടി ശാഖയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 280000 രൂപ നഷ്ടപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി എസ്‌കെ സദ്ദാമിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണം മാറ്റിയതായി കണ്ടെത്തിയത്.

കണ്ണൂരിലും ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടില്‍ നിന്നും മോഷണം; പശ്ചിമ ബംഗാള്‍ സ്വദേശിയെ തേടി പോലീസ്

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ചോര്‍ത്തി പശ്ചിമ ബംഗാള്‍ സ്വദേശി ഓണ്‍ലൈനായി ലക്ഷങ്ങള്‍ തട്ടിയെടുത്തു. ചെറുകുന്ന് സ്വദേശി രതീഷിന്റെ ബാങ്ക് അക്കൗണ്ടിലാണ് ഹൈടെക് മോഷണം നടന്നത്. രതീഷിന്റെ കണ്ണപുരം എസ്ബിടി ശാഖയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 280000 രൂപ നഷ്ടപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി എസ്‌കെ സദ്ദാമിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണം മാറ്റിയതായി കണ്ടെത്തിയത്.


പശ്ചിമബംഗാളിലെ ബാങ്കിനോട് ഇയാളുടെ അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരം നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രതീഷിന്റെ അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേര്‍ഡ്‌ എന്നിവ ചോര്‍ത്തിയെടുത്ത് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി തുക ട്രാന്‍സ്‌ഫെര്‍ ചെയ്തു എന്ന നിഗമനത്തിലാണ് പോലീസ്. ഏതു രീതിയിലാണ് പാസ്‌വേര്‍ഡ്‌ കൈവശപ്പെടുത്തിയത് എന്നത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ സാധിക്കൂ. ഐടി വിദഗ്ധരുടെയും ബാങ്ക് അധികൃതരുടെയും സഹായത്തോടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആണ് പോലീസ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എസിബിടി,ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് വ്യാപകമായി പണം തട്ടിയിരുന്നു. എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് ഘടിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു പണം തട്ടിയത്.