ഓണത്തിന് പച്ചക്കറി വിപണി കയ്യടക്കാന്‍ വന്‍കിട കുത്തക കമ്പനികളും; ഓണം പച്ചക്കറി വില പൊള്ളും

തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്ക് വന്നിരുന്ന പച്ചക്കറികള്‍ ഇത്തവണ മൊത്തമായി വാങ്ങി കേരളത്തിലേക്ക് വില്‍പ്പനക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത് റിലയന്‍സ്, ഫ്യൂച്ചര്‍, തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളാണ്.

ഓണത്തിന് പച്ചക്കറി വിപണി കയ്യടക്കാന്‍ വന്‍കിട കുത്തക കമ്പനികളും; ഓണം പച്ചക്കറി വില പൊള്ളും

പാലക്കാട്: സംസ്ഥാനത്തെ ഓണവിപണി ലക്ഷ്യമാക്കി പച്ചക്കറി വിപണി കയ്യടക്കാന്‍ വന്‍കിട കുത്തക കമ്പനികള്‍. തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്ന്  കേരളത്തിലേക്ക് വില്‍പ്പനക്ക്  വന്നിരുന്ന പച്ചക്കറികള്‍ ഇത്തവണ മൊത്തമായി വാങ്ങി കേരളത്തിലേക്ക് വില്‍പ്പനക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത്  റിലയന്‍സ്, ഫ്യൂച്ചര്‍, തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളാണ്. കേരളത്തിലെ മൊത്ത വില്‍പ്പനക്കാര്‍ നല്‍കുന്നതിനെക്കാളും ഉയര്‍ന്ന വിലക്ക് ഇവ വാങ്ങാന്‍  കോര്‍പ്പറേറ്റുകള്‍ തയ്യാറായതോടെ കുറഞ്ഞ വിലക്ക് ഇനി പച്ചക്കറികള്‍ കിട്ടാനുള്ള സാഹചര്യവും ഇല്ലാതായി. മത്തങ്ങ, ബീന്‍സ്, വെണ്ട, കുമ്പളം, ചീര, തക്കാളി, മുരിങ്ങക്കായ, പയര്‍, മുളക് തുടങ്ങി തമിഴ്നാട്ടില്‍ നിന്നു വരുന്ന പച്ചക്കറിക്കെല്ലാം ഇനി വില നിശ്ചയിച്ച് വില്‍ക്കാനും റിലയന്‍സ് പോലുള്ള കമ്പനികള്‍ക്കാവും. ഓണം കഴിഞ്ഞാലും പച്ചക്കറി മൊത്തം വാങ്ങി വില്‍പ്പന ശക്തിപ്പെടുത്താനാണ് കോര്‍പ്പറേറ്റുകളുടെ നീക്കവും. ഇതോടെ പച്ചക്കറിയെ ആശ്രയിച്ചു കഴിയുന്ന ചെറുകിട കച്ചവടക്കാരുടെ നിലനില്‍പ്പു തന്നെ ഇല്ലാതാവും.


സംസ്ഥാനത്ത് വിഷം കലര്‍ന്ന പച്ചക്കറികള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനവും അതിര്‍ത്തി കടന്ന് വരുന്ന പച്ചക്കറി ലോറികളിലും മറ്റും ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പരിശോധന കര്‍ശനമാക്കിയതുമാണ് ഇത്തവണ റിലയന്‍സ് പോലുള്ള കുത്തക കമ്പനികള്‍ക്ക് പച്ചക്കറി വില്‍പ്പന നടത്താന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. വിഷം അടിച്ച പച്ചക്കറികള്‍ക്കെതിരെ കേരളത്തില്‍ കടുത്ത പ്രതിഷേധവും കര്‍ശന പരിശോധനയും നടത്തുന്നതിനെതിരെ തമിഴ്നാട്ടിലെ പച്ചക്കറി കര്‍ഷകരും വ്യാപാരികളും പ്രതിഷേധത്തിലാണ്.

മരുന്ന്( കീടനാശിനി )അടിക്കാതെ ഉല്‍പ്പാദനം നടക്കില്ലെന്നും കീടനാശിനി അടിച്ച പച്ചക്കറി കഴിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് അവരുടെ വാദം. കേരളത്തില്‍ കീടനാശിനി അടിച്ച പച്ചക്കറി നിരോധിക്കുന്നതിനെതിരെ കീടനാശിനി കമ്പനികളും രംഗത്ത് വന്നിരുന്നു. നേരത്തെ ചെറുകിട കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തമിഴ്നാട്ടിലെ വ്യാപാരികളും കര്‍ഷകരും പച്ചക്കറി വിറ്റിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ വ്യാപാരികള്‍  കുത്തക കമ്പനികള്‍ക്ക് പച്ചക്കറി വില്‍പ്പന തുടങ്ങി. കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് ജൂണ്‍- ജൂലായ് മാസങ്ങളില്‍ നടത്തിയ നടീലിന്റെ വിളവെടുപ്പ് ഇപ്പോള്‍ തമിഴ്നാട്ടില്‍ നടന്നു വരികയാണ്. ഇതാണ് വലിയ വിലക്ക് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്  വില്‍ക്കുന്നത്. ഇതോടെ  ഓണത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറയുമെന്നുറപ്പായി.  ഇത് പച്ചക്കറി വില പതിന്‍മടങ്ങ് വര്‍ദ്ധിക്കാന്‍ കാരണമാകും. കേരളത്തിലെ വ്യാപാരികളെക്കാള്‍ ഉയര്‍ന്ന വില നല്‍കിയാണ് റിലയന്‍സും മറ്റും പച്ചക്കറി വാങ്ങുന്നത്.

കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്നാട്ടിലെ ഒട്ടുമിക്ക മാര്‍ക്കറ്റുകളില്‍ നിന്നും ഇത്തവണ വന്‍കിടക്കാര്‍ കൂടിയ വിലക്ക് പച്ചക്കറി വാങ്ങുന്നുണ്ട്. പൊള്ളാച്ചി, ഒട്ടന്‍ഛത്രം, ഉദുമല്‍പേട്ട, കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളായ മീനാക്ഷിപ്പുരം, ഗോവിന്ദപുരം തുടങ്ങിയ മാര്‍ക്കറ്റുകളിലെല്ലാം കോര്‍പ്പറേറ്റുകള്‍ എത്തിയിട്ടുണ്ട്.  ഓണക്കാലത്ത് ഈ മാര്‍ക്കറ്റുകളില്‍ മുപ്പത് ഇരട്ടിയിലേറെയാണ് കച്ചവടം നടക്കാറുള്ളത്. ഉത്തരേന്ത്യയിലെ വന്‍കിട കുത്തകകളും ഓണക്കാല വിപണിക്ക് പച്ചക്കറിക്കായി  തമിഴ്നാട്ടിലെ മാര്‍ക്കറ്റുകളിലേക്കാണ് എത്തിയിട്ടുള്ളത്. റിലയന്‍സ് ഫ്രെഷ്, ഫുഡ് ബസാര്‍, ബിഗ് ആപ്പിള്‍, മോര്‍, ഹൈപ്പര്‍സിറ്റി,  മെട്രോ ക്യാഷ് ആന്‍ഡ് ക്യാരി, നീലഗിരീസ്, പന്റാലൂണ്‍ തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് ലക്ഷക്കണക്കിന് ടണ്‍ പച്ചക്കറി സംഭരിച്ച് ഉയര്‍ന്ന വിലക്ക് വിറ്റഴിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ തന്നെ 600 മുതല്‍ 1000 ടണ്‍ പച്ചക്കറിയാണ് പ്രതിദിനം ഇന്ത്യയിലെ കോര്‍പ്പറേറ്റ് റീട്ടെയ്ലുകളില്‍   വിറ്റഴിയുന്നത്. ഓണക്കാലത്ത് ഇതിന്റെ പത്തിരട്ടിയിലേറെ ആവശ്യം വരും. റിലയന്‍സിന്റേയും മറ്റും ഔട്ട്ലെറ്റുകളിലൂടെ നടത്തുന്ന വില്‍പ്പനക്ക് പുറമെ വിശാഖപട്ടണം, മംഗലാപുരം, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ റീട്ടെയിന്‍ ചെയിനുകളിലും സ്വകാര്യ ഔട്ട്ഹൗസുകളിലും ദിവസങ്ങളോളം പച്ചക്കറി കേടു വരുത്താതെ സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.