സുഭാഷിണി: തകരയ്ക്കു മീതെ പെയ്ത കുളിർമഞ്ഞ്; എന്റെ തലമുറയ്ക്കു മീതെയും...

നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ ഓരോ ചെല്ലപ്പൻ ആശാരിയുണ്ട്. ഇന്നത്തെ ഇന്റർനെറ്റും പോണ്‍ സൈറ്റുകളുമാണ് അന്നത്തെ ചെല്ലപ്പനാശാരി. ഗുരുസ്ഥാനീയനായി ഒരു ചെല്ലപ്പനാശാരി ഇല്ലാത്തവരുടെ ജീവിതം എത്ര വിരസമായിരിക്കുമെന്ന് ഇന്ന് ആലോചിക്കുമ്പോൾ തോന്നിപ്പോകുന്നു.

സുഭാഷിണി: തകരയ്ക്കു മീതെ പെയ്ത കുളിർമഞ്ഞ്; എന്റെ തലമുറയ്ക്കു മീതെയും...

കുടയോളും ഭൂമി
കുടത്തോളം കുളിരു
കുളിരാം കുരുന്നിലെ ചൂട്
നുരയിടും പത
പതയിടും നുര
തിരമാല പെണ്ണിന്റെ ചേല്

"തകര"!

പത്മരാജനും ഭരതനും  ചേര്‍ന്നൊരുക്കിയ  മലയാളത്തിലെ എക്കാലത്തെയും  ക്ലാസിക് ചലച്ചിത്രം! ഓരോ കഥാപാത്രങ്ങളും പരസ്പരം മത്സരിച്ചഭിനയിച്ച്  അവിസ്മരണീയമാക്കിയ രംഗങ്ങള്‍!  മുപ്പത്തേഴു വര്‍ഷങ്ങള്‍ക്ക്  മുമ്പാണ്  പത്തനാപുരം മിനി പാലസ്  തീയറ്ററില്‍നിന്ന് റിലീസ് ചെയ്ത  ദിവസം തന്നെ ഈയുള്ളവന്‍ ആ സിനിമ കണ്ടത്. അതിനുശേഷം പലയാവർത്തി യൂട്യൂബിലും. അങ്ങനെ കണ്ടുകണ്ടു കോള്‍മയിര്‍ കൊണ്ടു. ഇപ്പോൾ കാണുമ്പോഴും ആ മനോഹരകാവ്യത്തിന്റെ ദൃശ്യചാരുതയിൽ ഈ ആരാധകഹൃദയം ചേതോഹരമാകുമെന്ന് പറഞ്ഞാൽ എല്ലാം മനസിലാകുമല്ലോ.


ബുദ്ധിയുറയ്ക്കാത്ത തകര എന്ന ടീനേജുകാരനായി പ്രതാപ് പോത്തൻ തകർത്തു വാരി.  പുഴകളും തടാകങ്ങളും കടലിന്‍റെ ഇരമ്പലും അലയടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന കായംകുളം ഗ്രാമത്തിലെ  കുറെ മനുഷ്യ ജന്മങ്ങള്‍.  അവരാണ് കഥാപാത്രങ്ങൾ. പലജോലികളിൽ മുഴുകി പലപണികൾ അന്യോന്യം കൊടുത്തും കൊടുക്കാതെയും നീളുന്ന ദിനചര്യ.

നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ ഓരോ ചെല്ലപ്പൻ ആശാരിയുണ്ട്.  ഇന്നത്തെ ഇന്റർനെറ്റും പോണ്‍ സൈറ്റുകളുമാണ് അന്നത്തെ ചെല്ലപ്പനാശാരി. ഗുരുസ്ഥാനീയനായി ഒരു ചെല്ലപ്പനാശാരി ഇല്ലാത്തവരുടെ ജീവിതം എത്ര വിരസമായിരിക്കുമെന്ന് ഇന്ന് ആലോചിക്കുമ്പോൾ തോന്നിപ്പോകുന്നു. നെടുമുടി വേണുവാണ് ആ വേഷത്തിൽ നിറഞ്ഞാടിയത്.

ആ തീരത്തിന്റെ താളമായ സുഭാഷിണിയോട് തന്‍റെ മനസ്സിലിരിപ്പ് അറിയിച്ച ആശാരിയെ അവള്‍ നിരാകരിച്ചുവെന്നു മാത്രമല്ല, തന്‍റെ അച്ഛനെ കൊണ്ട്  നല്ല തല്ലും കൊടുപ്പിച്ചു.  ഇങ്ങനെ പണി കിട്ടുന്ന യേത് ചെല്ലപ്പനും ചരിത്രത്തിൽ പക വീട്ടിയുണ്ട്. ആ മാർഗം തന്നെ  അയാളും സ്വീകരിച്ചു. അര ബുദ്ധിയുളള തകരയായിരുന്നു പക പോക്കാനുളള അയാളുടെ ആയുധം.

[caption id="attachment_39811" align="aligncenter" width="523"]03090_10500 ചെല്ലപ്പനാശാരിയും തകരയുമായി നെടുമുടി വേണുവും പ്രതാപ് പോത്തനും.[/caption]

തകരയില്‍ അനുരക്തയാവുന്ന സുഭാഷിണിയും അവരൊന്നിച്ച രംഗങ്ങളും കണ്ട് ഉറക്കം നഷ്ടപ്പെട്ട ഒരു തലമുറയാണ് എന്റേത്.  വിത്തുകാളക്ക് കാടി കൊടുക്കാന്‍ ഒന്നിച്ചുപോകുന്ന സുഭാഷിണിയും തകരയും. പാത്രത്തിൽ ഒരുമിച്ച് കൈയിട്ട് കാടിയിളക്കി അനുരാഗം കൈമാറിയവർ തൊഴുത്തിലെ വൈക്കോല്‍ കൂനയിലേയ്ക്കു കെട്ടിമറിഞ്ഞ രംഗം കട്ടുചെയ്ത്  കന്നുകാലിയുടെ മൂക്കില്‍ നിന്നും ഇറ്റുവീഴുന്ന കാടിവെള്ളത്തിലേയ്ക്കാണ് കാമറ പോയത്.  അക്കാലത്തെ കാഴ്ചക്കാരന്‍റെ ഹൃദയമിടിപ്പു സ്തംഭിക്കാനും സങ്കല്പലോകങ്ങള്‍ക്ക് തീപിടിപ്പിക്കാനും അതു മതിയായിരുന്നു.

അതുപോലെ രാത്രിയുടെ ശബ്ദവീചികളെ ശരീരഭാഷയുടെ താളമാക്കിയ സുഭാഷിണിയുടെ കാലുകളില്‍ പടര്‍ന്നു കയറുന്ന അരണ്ട മഞ്ഞവെളിച്ചത്തിലേയ്ക്ക് തകര നോക്കി നിക്കുന്ന സീന്‍! അതൊരൊന്നൊന്നൊര സീന്‍ തന്നെ ആയിരുന്നു ബ്രോസ്!

എന്നിലെ കൌമാരക്കാരൻ അന്നു മുതൽ തകരയ്ക്കു പഠിക്കാൻ മോഹിച്ചു. എല്ലാ പൂരപ്പറമ്പുകളിലും ഞാനെന്റെ സുഭാഷിണിയെത്തേടി. പാലക്കാടുള്ള അമ്മയുടെ വീട്ടില്‍, വലിയമ്മ പറഞ്ഞത് പ്രകാരം പശുവിനെ കുത്തിവെക്കാന്‍ പല്ലന്‍കുട്ടിയുടെ കൂടെ ആ കനല്‍ വരമ്പത്തു നടന്നപ്പോഴും എന്‍റെ കണ്ണുകള്‍ സുഭാഷിണിയെ പരതി. ആ ഒരു ഗ്രാമരമ്യതയില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തകരയായി ഞാനെന്നെ സ്വയം സങ്കൽപ്പിച്ചു! ഒരു ഉത്തരവാദിത്വവും ഇല്ലാതെ തികച്ചും നിസ്വാര്‍ത്ഥന്‍ ആയി എല്ലാവരുടെ ആവശ്യങ്ങള്‍ക്ക് കൂടെ നിൽക്കുന്ന ഒരു കഥാപാത്രം!

നഷ്ടമായ ഗ്രാമ വിശുദ്ധിയോ, പാടവരമ്പോ, വൈക്കോല്‍ കൂനയോ ഒന്നും അയവിറക്കി പറഞ്ഞതല്ല, എന്തോ തകരയെ വെറുതെ ഓര്‍ത്തു പോയി! എഴുതി പോയി. അകലെയെവിടെയോ യേശുദാസ് പാടുന്നു...

അരികിൽ അമ്പിളി മൊട്ട്
മൊട്ടിൽ അഞ്ജനച്ചെപ്പ്..
അരികിലൊരമ്പിളി മൊട്ട്
മൊട്ടിലൊരഞ്ജനച്ചെപ്പ്
മടിയിൽ കിലുങ്ങണ മുത്ത്
മെയ്യിൽ ഉരുകണ മഞ്ഞ്... മഞ്ഞ്...

(ചിത്രങ്ങൾക്കു കടപ്പാട്: മാതൃഭൂമി)