ഹൈജാക്ക് ചെയ്യപ്പെടുന്ന ജനപക്ഷ സമരങ്ങൾ

ലൈംഗിക ന്യൂനപക്ഷങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഏഴാമത് സ്വാഭിമാനയാത്രക്ക് വിടി ബൽറാം എംഎൽഎയും അരുന്ധതിയും നേതൃത്വം നൽകി എന്ന വാർത്തതന്നെ നോക്കുക. തീർച്ചയായും അവർ ആ പ്രക്ഷോഭത്തോടൊപ്പം നിൽക്കാനും പിന്തുണക്കാനുമെത്തിയവരാണ്. ചില മാധ്യമങ്ങളുടെ വാർത്ത കണ്ട് അവർ പോലും ഞെട്ടിപോയത്രെ. ഐ ഗോപിനാഥ് എഴുതുന്നു.

ഹൈജാക്ക് ചെയ്യപ്പെടുന്ന ജനപക്ഷ സമരങ്ങൾ

ഐ ഗോപിനാഥ്

സച്ചിദാനന്റെ പ്രശസ്തമായൊരു ചോദ്യമുണ്ട്. പോറ്റിയുടെ കോടതിയിൽ പുലയനു നീതി കിട്ടുമോ എന്നാണത്. ഇന്ത്യൻ സാമൂഹ്യ അവസ്ഥയെ എത്രയോ കുറഞ്ഞ വാക്കുകളിലാണ് സച്ചിദാനന്ദൻ വിവരിക്കുന്നത്. തീർച്ചയായും പോറ്റികളെല്ലാവരും ജാതിഭ്രാന്തന്മാരൊന്നുമല്ല. ജാതിചിന്തയെ ബോധപൂർവ്വം മറികടക്കാൻ ശ്രമിക്കുന്നവരുണ്ടാകും. പുലയരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരുമുണ്ടാകാം. എന്നാൽ അവയെല്ലാം വൈയക്തികമായ ഗുണങ്ങൾ മാത്രം. ഒരു സാമൂഹ്യസംവിധാനമെന്ന നിലയിൽ സച്ചിദാനന്ദൻ പറയുന്നതു തന്നെയാണ് ശരി.


അധികാരത്തിന്റെ മേഖലയിലാണെങ്കിലും അധികാരത്തിനെതിരായ ജനകീയ പോരാട്ടങ്ങളുടെ മേഖലയിലാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ. ഏതു രംഗത്താണെങ്കിലും നേതൃപദവിയിലെത്താനും സംഭവങ്ങളെ സംഘടനാപരമായും ആശയപരമായും നിയന്ത്രിക്കാനും നേതൃത്വം കൊടുക്കാനും സവർണ്ണരും പുരുഷന്മാരുമായവർക്ക് എളുപ്പം കഴിയുന്നു. പലപ്പോഴും അവരതിനു ശ്രമിക്കാതെയുമാകാം. എന്നാൽ ജന്മം കൊണ്ടു ലഭിച്ച ആനുകൂല്യങ്ങൾ കാര്യങ്ങളെ അവിടേക്കെത്തിക്കുന്നു. അത് ബോധപൂർവവ്വം തിരിച്ചറിയുകയാണ് വേണ്ടത്. തിരിച്ചറിഞ്ഞാൽ പോലും നമ്മുടെ മാധ്യമങ്ങൾ അതിനനുവദിക്കില്ല എന്നത് വേറെ കാര്യം.

അടുത്തയിടെ ജനപക്ഷത്തുനിന്നുള്ള ചില പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഈ ചിന്തക്ക് അടിസ്ഥാനം. പലരും ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. ഗുജറാത്തിൽ നടന്ന അതിഗംഭീരമായ ദളിത് സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെ നോക്കുക. നാലു ദളിത് യുവാക്കളെ അവർ ചെയ്തിരുന്ന ജോലിയുടെ ഭാഗമായി പശുത്തോൽ കൈവശം വെച്ചതിനായിരുന്നല്ലോ സവർണ്ണ ഭീകരർ മർദ്ദിച്ചവശരാക്കിയത്. എന്നാൽ ഒരാൾ പോലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഇതിനെതിരായ ദളിത് കൊടുങ്കാറ്റ് ഗുജറാത്തിനെ വിറപ്പിച്ചത്. ഇനി മുതൽ തോട്ടിപ്പണിക്കോ ചത്ത മഗങ്ങളുടെ തോലുരിയാനോ തങ്ങളെ കിട്ടില്ലെന്നു പറഞ്ഞ ദളിത് ജനസാഗരം ഓരോ ഭൂരഹിതർക്കും 5 ഏക്കർ ഭൂമി കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഗുജറാത്തിൽ ഉയർന്നുവന്ന പുതിയ ദളിത് നേതൃത്വം ജിഗ്നേഷ് മേവാനിക്കൊാപ്പം രോഹിത് മെവുലയുടെ മാതാവ് രാധിക വെമുലയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പങ്കെടുത്തു. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ രാജ്യത്തെ പല മാധ്യമങ്ങളും ഉയർത്തിപിടിച്ചത് ജെഎൻയുവിലെ എഐഎസ്എഫ് നേതാവ് കനയ്യകുമാറിനെയായിരുന്നു.

തീർച്ചയായും കനയ്യകുമാർ ആ പരിപാടി ഹൈജാക്ക് ചെയ്യാനെത്തിയതല്ല. സംഘാടകരുടെ ക്ഷണമനുസരിച്ച് പിന്തുണക്കാൻ എത്തിയതുതന്നെയാണ്. എന്നാൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല എന്നുമാത്രം.

kannaayya-kumarകനയ്യകുമാർ ഒരു പോരാളിതന്നെയാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ഗുരുതരമായ ജാതിപീഡനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനമെന്താണ്? അടുത്തയിടെ അദ്ദേഹം ഇൻക്വിലാബിനൊപ്പം ജയ് ഭീമും പറയുന്നുണ്ട്. മാർക്‌സിനൊപ്പം അംബേദ്കറെന്നും ലാൽ സലാമിനൊപ്പം നീൽ സലാമെന്നും. എന്നാൽ അതെത്രമാത്രം ആത്മാർത്ഥമെന്ന് സംശയിക്കണം. വോട്ട് അസാധുവാക്കിയാലും അംബേദ്കർക്ക് ചെയ്യരുതെന്ന് പണ്ട് സിപിഐ നേതാവ് ഡാങ്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അംബേദ്കറെ ബ്രീട്ടീഷ് ചാരനായി കമ്യൂണിസ്റ്റ് നേതാക്കൾ ആക്ഷേപിച്ചിട്ടുണ്ട്. ഇപ്പോഴും അക്കാര്യത്തിലൊന്നും പരസ്യമായി ഖേദിച്ചിട്ടില്ല. തങ്ങൾക്കു ശക്തിയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഈ നിലപാടിൽ മാറ്റവും വരുത്തിയിട്ടില്ല. പിന്നെങ്ങനെ കനയ്യകുമാറിൽ ദളിതർക്ക് പ്രതീക്ഷയർപ്പക്കാൻ കഴിയും? പ്രത്യേകിച്ച് മാർക്‌സിനും അംബേദ്കർക്കും പൊതുവായി കാര്യമായിട്ടൊന്നുമില്ലെന്ന് പല ദളിത് ചിന്തകരും വിശ്വസിക്കുമ്പോൾ. കനയ്യ കുമാർ മുതൽ യെച്ചൂരി വരെയുള്ളവർക്കിത് ബാധകമാണ്. അത്തരമൊരു സാഹചര്യത്തിലാണ് ദളിത് മുന്നേറ്റത്തിലെ ഹീറോ ആയി ബ്രാഹ്മണനായ കനയ്യകുമാർ മാറുന്നത് എന്നത് ദുരന്തം തന്നെയല്ലേ.

ചെറുതും വലുതുമായ രീതിയിൽ ഇത്തരം സംഭവങ്ങൾ നിരന്തരമായി ആവർത്തിക്കുന്നുണ്ട്. ലൈംഗികന്യൂനപക്ഷങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഏഴാമത് സ്വാഭിമാനയാത്രക്ക് വിടി ബൽറാം എംഎൽഎയും അരുന്ധതിയും നേതൃത്വം നൽകി എന്ന വാർത്തതന്നെ നോക്കുക. തീർച്ചയായും അവർ ആ പ്രക്ഷോഭത്തോടൊപ്പം നിൽക്കാനും പിന്തുണക്കാനുമെത്തിയവരാണ്. ചില മാധ്യമങ്ങളുടെ വാർത്ത കണ്ട് അവർ പോലും ഞെട്ടിപോയത്രെ. മനുഷ്യരായി ജീവിക്കാനുള്ള ഒരു വിഭാഗത്തിന്റെ അവകാശപോരാട്ടങ്ങളെ ആ അർത്ഥത്തിൽ ജനങ്ങളിലെത്തിക്കാൻ ശ്രമിക്കേണ്ട മാധ്യമങ്ങൾ പലപ്പോഴും എളുപ്പവഴി തേടുമ്പോൾ ജനങ്ങൾക്ക് നഷ്ടപ്പെടുന്നത് ആ പോരാട്ടങ്ങളുടെ സന്ദേശങ്ങളാണ്. കേരളവർമ്മ കോളേജിൽ അടുത്തെയിടെ നടന്ന
ബീഫ് വിവാദം ദീപ ടീച്ചറിലേക്ക്
ഒതുങ്ങിയതും നാം കണ്ടതാണല്ലോ. ഇത്തരത്തിലുള്ള സംഭവങ്ങൾ നിരന്തരമായി ആവർത്തിക്കുന്നുണ്ട്.

നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴുണ്ടായ പഴയൊരു സംഭവം ഓർമ്മ വരുന്നു. ആദിവാസി നേതാവ് കെ എം സലിംകുമാറിന്റെ നേതൃത്വത്തിൽ അധസ്ഥിത നവോത്ഥാന മുന്നണി എന്ന സംഘടന വൈക്കത്തുവെച്ച് മനുസ്മൃതി കത്തിക്കുന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. മുന്നണി ഒരു സ്വതന്ത്ര ദളിത് - ആദിവാസി സംഘടനയായിരുന്നു. എന്നാൽ സംഘടനയിലെ പലരും നക്‌സലൈറ്റ് അനുഭാവികളും പ്രവർത്തകരുമായിരുന്നു. ലാത്തിചാർജ്ജിലും കൂട്ട അറസ്റ്റിലുമാണ് പരിപാടി അവസാനിപ്പിച്ചത്. സ്ഥലത്തുണ്ടായിരുന്ന നക്‌സൽ നേതാവ് കെ വേണുവിനേയും അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വാർത്തകളിലെല്ലാം കെ വേണുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി എന്നായിരുന്നു. തുടർന്നു നടന്ന പ്രതിഷേധങ്ങളിലും പ്രൊജക്ട ചെയ്യപ്പെട്ടത് വേണുവിന്റെ പേരായിരുന്നു. പാർട്ടിക്കകത്തും മുന്നണിക്കകത്തും പിന്നീടത് സജീവ ചർച്ചയാകുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധപൂർവ്വമായ ശ്രമം വേണമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ അത്തരം സംഭവങ്ങൾ തന്നെയാണ് ഇപ്പോഴും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്. ആത്യന്തികമായി കീഴാളരുടെ പോരാട്ടത്തെ അത് പ്രതികൂലമായാണ് ബാധിക്കുന്നത്.

കേരളത്തെ മാറ്റി തീർത്തതിൽ പ്രധാനപങ്കുവഹിച്ചു എന്നവകാശപ്പെടുന്ന നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന നാടകം അവസാനിക്കുന്നത് അവർണ്ണനിൽ നിന്ന് ഞാൻ മുന്നിൽ നിൽക്കാമെന്ന് പറഞ്ഞ് സവർണ്ണൻ ചെങ്കൊടി തട്ടി (?) പറിക്കുന്നതോടെയാണല്ലോ. ദളിത് യുവതിയുടെ പ്രണയത്തിനും എന്താണ് സംഭവിച്ചതെന്നും ആ നാടകത്തിൽ നാം കണ്ടു. കമ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രമല്ല, എല്ലാ പ്രസ്ഥാനങ്ങളിലും (നാട്ടിലെ വായനശാലകളിലടക്കം) അത്തരത്തിൽ കൊടികൾ ഹൈജാക്ക് ചെയ്യപ്പെടുകയാണുണ്ടായത്. അവസാനമിതാ മലയാളി ഏറെ ആഘോഷിച്ച കമ്മട്ടിപ്പാടമെന്ന സിനിമയിലും ദളിതരുടെ രക്ഷകനായി പ്രത്യക്ഷപ്പെടുന്നത് സവർണ്ണൻ തന്നെ.

ck-januവ്യത്യസ്ഥമായൊരു മുന്നേറ്റം സി കെ ജാനുവിന്റെ നേതൃത്വത്തിലുണ്ടായ ആദിവാസി മുന്നേറ്റങ്ങളായിരുന്നു. തങ്ങൾക്കിനിയും ദത്തുപുത്രന്മാർ വേണ്ട എന്ന് ജാനു പ്രഖ്യാപിച്ചിരുന്നു. ഇന്ന് ആ പ്രസ്ഥാനത്തിന് എന്തു പറ്റി എന്ന ചോദ്യം പ്രസക്തമാണെങ്കിലും കേരള രാഷ്ട്രീയ ചരിത്രത്തിൽ ഗുണപരമായ വ്യതിയാനമായിരുന്നു വർഗ്ഗീസിൽ നിന്ന് ആദിവാസി നേതൃത്വം ജാനുവിലേക്കെത്തിയത്. എന്നാൽ മുഖ്യധാരാ പ്രസ്ഥാനങ്ങളിൽ ഇനിയും കാര്യമായ മാറ്റങ്ങളില്ല. എന്തുകൊണ്ടിന്നുവരേയും സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ ഒരു ദളിത് പ്രതിനിധി പോലും ഉണ്ടായില്ല എന്നു ചോദിച്ചാണല്ലോ രോഹിത് വെമുല എസ് എഫ് ഐ വിടുന്നത്.

സവർണ്ണരും പുരുഷരുമായവർ, അവരിൽ നല്ലവരും മനുഷ്യസ്‌നേഹികളുമുണ്ടാകാം, പക്ഷെ അധികാരത്തിൽ നിന്നവർ സ്വയം മാറണം. തീർച്ചയായും തീവ്രവാദപരമായ നിലപാടല്ല ഇത്. ആസുരമായ വർത്തമാനം ആവശ്യപ്പെടുന്ന സ്വാഭാവിക നീതിയാണത്. എത്രയോ ശതാബ്ദങ്ങളായി എല്ലാ മേഖലകളിലും അധികാരം സ്ഥാപിച്ച് സമൂഹത്തെ മുന്നോട്ടു നയിച്ചു എന്നവകാശപ്പെടുന്നവർ ആരാണ്? ഏതെല്ലാം സാമൂഹ്യവ്യവസ്ഥകൾ മാറിവന്നിട്ടും അതിനു മാറ്റമുണ്ടായോ? ഏതു മാറ്റത്തിലും അധികാരത്തിന്റെ തലപ്പത്ത് സവർണ്ണ പുരുഷന്മാർ ഉണ്ടായിരുന്നു. രാജഭരണമായാലും ഫ്യൂഡലിസമായാലും വിദേശാധിപത്യമായാലും ജനാധിപത്യമായാലും അതുതന്നെ സംഭവിക്കുന്നു. സോഷ്യലിസം വന്നാലും അതുതന്നെ അവസ്ഥയെന്ന് അതിന്റെ വക്താക്കളുടെ നടപടികളും വ്യക്തമാക്കുന്നു. ഏതു മാറ്റത്തിനേയും അതിജീവിച്ച് അധികാരത്തിന്റെ ഉന്നതഗോപുരത്തിലെത്താനുള്ള ഈ മെയ്‌വഴക്കം അപാരം തന്നെ. എന്നാൽ സാമൂഹ്യനീതി എന്ന മനോഹര സങ്കൽപ്പം എത്രയോ അകലെയാണ്. അതിനാൽതന്നെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർ നമ്മെ നയിക്കട്ടെ.

അതേസമയം അധികാരഘടന എന്നതിനെ വളരെ വിശാലമായ അർത്ഥത്തിൽ തന്നെ കാണണം. നാട്ടിൻ പുറത്തെ വായനശാലകൾ മുതൽ സാമുദായിക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വരെ നിയന്ത്രിക്കുന്നത് ആരാണ്? അതിന്റെ തുടർച്ചയാണല്ലോ ജനപ്രതിനിധികളും. എല്ലാ ജനപ്രതിനിധിസഭകളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പോലും ഇനിയും അനുവദിച്ചിട്ടില്ലല്ലോ. ഇനിയും ജനാധിപത്യാനുപാതികമായ പങ്കാളിത്തമല്ല ദളിതർ ആവശ്യപ്പെടേണ്ടത്. എല്ലാ സാമൂഹ്യാധികാര സ്ഥാപനങ്ങളുടേയും നിയന്ത്രണമാണ്, നേതൃത്വമാണ്. സവർണ്ണരും പുരുഷന്മാരും ചെയ്യേണ്ടത് ബോധപൂർവ്വം മാറിനിൽക്കുക എന്നതാണ്. അധികാരത്തെ ദളിത്‌വൽക്കരിക്കുകയും സ്‌ത്രൈണവൽക്കരിക്കുകയും ചെയ്യാനുള്ള പോരാട്ടങ്ങളെ പിന്തുണക്കുക എന്നതാണ്. അങ്ങനെയാണ് സമൂഹത്തിന്റെ യഥാർത്ഥ ജനാധിപത്യവൽക്കരണത്തിനായുള്ള വരുംകാല പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ. മാധ്യമങ്ങളും ചെയ്യേണ്ടത് ഈ പോരാട്ടങ്ങളോട് നീതിപുലർത്തുക എന്നതാണ്...