അന്ന് അയ്‌ലന്‍ കുര്‍ദ്ദി; ഇന്ന് ഒംറാന്‍ ദഖ്‌നീഷ്; ലോക മനസാക്ഷിയെ വേദനിപ്പിച്ച് വീണ്ടും സിറിയ

ഒരു തുള്ളി കണ്ണീര്‍ പോലും അവന്‍ പൊഴിക്കുന്നില്ല. ആക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ മുഖത്തെ രക്തം തുടച്ച് കയ്യിലേക്ക് നോക്കുന്ന ഒമ്‌റാന്റെ ചിത്രം നടക്കത്തോടെയല്ലാതെ കാണാന്‍ സാധിക്കില്ല.

അന്ന് അയ്‌ലന്‍ കുര്‍ദ്ദി; ഇന്ന് ഒംറാന്‍ ദഖ്‌നീഷ്; ലോക മനസാക്ഷിയെ വേദനിപ്പിച്ച് വീണ്ടും സിറിയ

സിറിയന്‍ യുദ്ധത്തില്‍ ലോക മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടുമൊരു ചിത്രം. മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് ചേതനയറ്റ് കിടന്ന മൂന്ന് വയസ്സുകാരന് അയ്‌ലന്‍ കുര്‍ദ്ദിയുടെ ചിത്രം ഓര്‍മകളില്‍ നിന്ന് മായുന്നതിന് മുമ്പ് സിറിയന്‍ പ്രശ്‌നം ലോകത്തിന് മുന്നില്‍ വീണ്ടും എത്തുകയാണ് ഒംറാന്‍ ദഖ്‌നീഷ് എന്ന അഞ്ച് വയസ്സുകാരനിലൂടെ.

സിറിയയിലെ സംഘര്‍ഷബാധിത മേഖലയായ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് ഒംറാനെയും സഹോദരങ്ങളേയും രക്ഷിക്കുന്നത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നും പൊടിയില്‍ മുങ്ങി പരിക്കുകളോടെ നിര്‍വികാരനായി ഇരിക്കുന്ന ഒംറാന്റെ ചിത്രം സിറിയന്‍ ജനത അനുഭവിക്കുന്ന ഭീകരത ലോകത്തിന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നു.


ഒരു തുള്ളി കണ്ണീര്‍ പോലും അവന്‍ പൊഴിക്കുന്നില്ല. ആക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ മുഖത്തെ രക്തം തുടച്ച് കയ്യിലേക്ക് നോക്കുന്ന ഒംറാന്റെ ചിത്രം നടക്കത്തോടെയല്ലാതെ കാണാന്‍ സാധിക്കില്ല.വ്യോമാക്രമണത്തില്‍ ഒംറാന്റെ വീട് പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന കെട്ടിടത്തില്‍ നിന്നും ഒംറാനെ രക്ഷിച്ച് ആംബുലന്‍സില്‍ ഇരുത്തുന്നതും ഒംറാന്റെ നിര്‍വികാരത നിറഞ്ഞ മുഖവുമാണ് ലോകം ഇന്ന് കാണുന്നത്.

സിറിയന്‍ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളുമാണ്. ഓരോ ദിവസവും നിരവധി ഒംറാന്‍മാരാണ് സിറിയയില്‍ കൊല്ലപ്പെടുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും ജീവിതം തേടി നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് പാലായനം ചെയതത്. ഇവരില്‍ പലരും അയ്‌ലന്‍ കുര്‍ദ്ദിയെ പോലെ കര കാണാതെ വിടരും മുമ്പ് കൊഴിഞ്ഞു പോകുന്നു.

വിമതര്‍ക്കെതിരെ റഷ്യയുടെ സഹായത്തോടെ സിറിയ നടത്തുന്ന ആക്രമണത്തില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

Read More >>