ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവിനെ നാട്ടില്‍ കാത്തിരിക്കുന്നത് 'വധശിക്ഷ'

ഒളിമ്പിക്‌സ് മാരത്തോണില്‍ വെള്ളിമെഡല്‍ ജേതാവായ എതോപ്യന്‍ താരം ഫെയിസ ലിലെസ്സയെ സ്വന്തം രാജ്യത്ത് കാത്തിരിക്കുന്നത് വധശിക്ഷ.

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവിനെ നാട്ടില്‍ കാത്തിരിക്കുന്നത്

നെയ്‌റോബി: ഒളിമ്പിക്‌സ് മാരത്തോണില്‍ വെള്ളിമെഡല്‍ ജേതാവായ എതോപ്യന്‍ താരം ഫെയിസ ലിലെസ്സയെ സ്വന്തം രാജ്യത്ത് കാത്തിരിക്കുന്നത് വധശിക്ഷ. 2015 നവംബര്‍ മുതല്‍ എതോപ്യയില്‍ നടക്കുന്ന ഒരോമ വിഭാഗം ജനങ്ങളുടെ പ്രക്ഷോഭംത്തെ അനുകൂലിച്ചു ഒളിമ്പിക്‌സ് വേദിയില്‍ എത്യോപ്യന്‍ ഭരണകൂടത്തിനെതിരായ ആംഗ്യം കാണിച്ചതിന്റെ പേരിലാണ് ലിലെസ്സയെ കടുത്ത ശിക്ഷ കാത്തിരിക്കുന്നത്.

ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിനു പിന്നിലെ കൈകള്‍ രണ്ടു നെഞ്ചിന് കുറുകെ എക്‌സ് ആകൃതിയില്‍ പ്രദര്‍ശിപ്പിച്ചാണ് ലോകത്തിന് മുന്നില്‍ ഒരോമ ജനതയ്ക്കുള്ള തന്റെ ഐക്യദാര്‍ഢ്യം ലിലെസ്സ തുറന്നു കാണിച്ചത്. അവാര്‍ഡ് ദാന ചടങ്ങിനിടയിലും ലിലെസ്സ ഇത്തരത്തില്‍ കാണിച്ചിരുന്നു.


തനിക്കിനി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്നും മടങ്ങിയാല്‍ താന്‍ നേരിടേണ്ടി വരിക കടുത്ത തടവുശിക്ഷയോ വധശിക്ഷയോ ആവുമെന്ന് ഫെയിസ ലിലെസ്സ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ നടപടിയെ ഭരണകൂട വിരുദ്ധമെന്നാണ് എത്യോപ്യ വിശകലനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൃഷിയിടങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടതിന്റെ പേരിലാണ് ഒരോമ വിഭാഗം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ഇവരുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് ആള്‍ക്കാരെയാണ് ഭരണകൂട വിരുദ്ധത ആരോപിച്ച്  സര്‍ക്കാര്‍ ഇതുവരെ ജയിലിലടച്ചത്.  400ഓളം പേരെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു.