കറുത്ത സെപ്തംബറിന്റെ ഓര്‍മ്മയില്‍... ഭീതിയോടെ റിയോ ഒളിമ്പിക്സ്

പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയിലും ശമ്പളം വൈകുന്നതിലും പ്രതിഷേധിച്ച് ഒളിമ്പിക് ദീപശിഖാ പ്രയാണം ഒരു കൂട്ടം ആളുകള്‍ തടസപ്പെടുത്തി. പ്രയാണം പലതവണ തടയുകയും ദീപശിഖ കെടുത്താനും ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് മീതെ കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചാണ് പൊലീസ് ഒടുവില്‍ വിരട്ടിയോടിച്ചത്. ഒളിമ്പിക്സിനോട് നാട്ടുകാരായവര്‍ക്ക് കൂടി കൂറുണ്ടാക്കാന്‍ നടത്തുന്ന ദീപശിഖാ പ്രയാണം ബ്രസീല്‍ പൊലീസിന് പൊല്ലാപ്പായി മാറുകയാണെന്നാണ് വിവരം.

കറുത്ത സെപ്തംബറിന്റെ ഓര്‍മ്മയില്‍... ഭീതിയോടെ റിയോ ഒളിമ്പിക്സ്

നിരഞ്ജന്‍

ഓരോ ദിവസം കഴിയുംതോറും കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നു. ഒളിമ്പിക്സിനായി ബ്രസീലിലേക്ക് വരാന്‍ ആലോചിക്കുന്നവര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഇവിടേക്കുള്ള യാത്ര ജീവന്‍ പണയം വയ്ക്കുന്നതിന് തുല്യമാണ്. ഈ അവസ്ഥയില്‍ ദൈവത്തിന് മാത്രമേ ഞങ്ങളെ രക്ഷിക്കാനാകൂ. ഏതാനും നാള്‍ മുമ്പ് ബ്രസീലിലെ ഇതിഹാസ ഫുട്ബോള്‍ താരം റിവാള്‍ഡോ ഇങ്ങനെ കുറിച്ചു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം. ഉത്തേജക മരുന്നിനേക്കാളും മറ്റെല്ലാ പ്രതിസന്ധികളെക്കാളും റിയോ ഒളിമ്പിക്സ് നേരിടുന്ന പ്രശ്നം സുരക്ഷ തന്നെ. ലോകമൊട്ടാകെ ഭീകരവാദവും ഐഎസ് അക്രമവും അരങ്ങേറുന്നതിനിടെ, ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണവും മറ്റും ഒളിമ്പിക്സിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ പ്രതിസന്ധി ഉയര്‍ത്തുന്നത് ബ്രസീലിലെ ആഭ്യന്തര കലഹവും രാഷ്ട്രീയ അനിശ്ചിതത്വവുമാണ്.


സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലഹവും

അഭയാര്‍ത്ഥികള്‍ക്കും മൂന്നാം ലിംഗക്കാര്‍ക്കും ഇടം നല്‍കി കായിക രംഗത്ത് പുതിയ സംസ്‌കാരം അവകാശപ്പെടാവുന്ന റിയോ ഒളിമ്പിക്സ് വേദി ഉണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 37 വേദികളും തയ്യാറായി കഴിഞ്ഞു. 306 മത്സരങ്ങളിലൂടെ ഉയരത്തിന്റെയും വേഗത്തിന്റെയും പുതുലോകം കീഴടക്കാന്‍ കാത്തിരിക്കുകയാണ് ലോക കായികവേദി. എന്നിരുന്നാലും ചിലരുടെയെങ്കിലും മനസില്‍ ആശങ്കകളുണ്ട്. 2014ല്‍ ലോകകപ്പ് ഫുട്ബോളിന് മുന്‍പ് ബ്രസീലില്‍ അരങ്ങേറിയ ആഭ്യന്തര കലാപം ഇപ്പോഴും ശരിയായ രീതിയില്‍ അണഞ്ഞിട്ടില്ല. ജീവന് തുല്യം സ്നേഹിക്കുന്ന കാല്‍പ്പന്തുകളിയുടെ ലോകപോരാട്ടം തന്നെ പകുതിയിലേറെ പേരും ബ്രസീലില്‍ എതിര്‍ത്തിരുന്നു. വിദ്യാഭ്യാസ, രാഷ്ട്ര പുരോഗതിക്കായി ഉപയോഗിക്കേണ്ട പണം ധൂര്‍ത്തടിക്കുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്.  ഇതിന്റെ അലയൊലികള്‍ ലോകകപ്പ് വേദികള്‍ക്ക് പുറത്ത് പരസ്യമായ ഏറ്റുമുട്ടലുണ്ടാക്കി.

ഒളിമ്പിക്സിനോടുള്ള സാധാരണക്കാരനായ ബ്രസീലുകാരുടെ മനോഭാവം മറ്റൊന്നല്ല. 2014 ലേ തിനേക്കാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ ബ്രസീല്‍. ഇതിനിടെ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി ദില്‍മ റുസെഫിന് അധികാരം നഷ്ടമായി. ഇതിന്റെ പ്രതിഷേധവും അഹ്ലാദവും തെരുവുകളെ പലപ്പോഴും ഏറ്റുമുട്ടലിന്റെ വക്കിലെത്തിക്കുന്നു. 2015ല്‍ മാത്രം ആഭ്യന്തര സംഘര്‍ഷങ്ങളില്‍ 307 പേര്‍ മരിച്ചുവെന്നാണ് ആംനെസ്റ്റി ഇന്റര്‍ നാഷണലിന്റെ കണക്ക്. കഴിഞ്ഞ ഏപ്രിലില്‍ ഒളിമ്പിക്സ് നടക്കുന്ന റിയോ ഡി ജനീറോയില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ സിക വൈറസ് ഭീഷണിയെ തുടര്‍ന്ന് ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യം പോലും ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് ലോകകായിക മാമാങ്കം നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതിസന്ധിക്ക് അയവില്ല

ഒളിമ്പിക്‌സ് തൊട്ടരികിലെത്തിയിട്ടും സംഘര്‍ഷങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരാഴ്ച മുന്‍പ് റിയോ ഡി ജനീറോയുടെ തെക്കന്‍ തീരമായ ആംഗ്രഡോസ് റെയ്സിലെ സംഭവം ഇതിനുദാഹരണം മാത്രം. പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയിലും ശമ്പളം വൈകുന്നതിലും പ്രതിഷേധിച്ച് ഒളിമ്പിക് ദീപശിഖാ പ്രയാണം ഒരു കൂട്ടം ആളുകള്‍ തടസപ്പെടുത്തി. പ്രയാണം പലതവണ തടയുകയും ദീപശിഖ കെടുത്താനും ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് മീതെ കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചാണ് പൊലീസ് ഒടുവില്‍ വിരട്ടിയോടിച്ചത്. ഒളിമ്പിക്സിനോട് നാട്ടുകാരായവര്‍ക്ക് കൂടി കൂറുണ്ടാക്കാന്‍ നടത്തുന്ന ദീപശിഖാ പ്രയാണം ബ്രസീല്‍ പൊലീസിന് പൊല്ലാപ്പായി മാറുകയാണെന്നാണ് വിവരം. ഇതിനിടെ ഒളിമ്പിക്സ് തുടങ്ങുന്ന അഞ്ചിന് തന്നെ റിയോ മെട്രോയിലെ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചുകഴിഞ്ഞു. 10 ശതമാനം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടാണിത്. പ്രശ്നം ഒത്തുതീര്‍പ്പായില്ലെങ്കില്‍ ഒളിമ്പിക്‌സിന്റെ ആദ്യദിനം തന്നെ സംഘര്‍ഷത്തില്‍ കലാശിച്ചേക്കാം. അഞ്ചുലക്ഷത്തോളം പേരാണ് റിയോ മെട്രോയെ ആശ്രയിക്കുന്നത്. ഇവര്‍ തെരുവിലേക്ക് ഇറങ്ങിയാല്‍ ഒളിമ്പിക് നഗരം ആദ്യദിനം തന്നെ കുടുങ്ങും.

torch

മ്യൂണിക്കും ഫ്രഞ്ച് ഭീതിയും

1972ല്‍ മ്യൂണിക്ക് ഒളിമ്പിക് വേദിയില്‍ അരങ്ങേറിയ ഭീകരാക്രമണം കായികലോകത്തിന് മറക്കാനാകില്ല. സെപ്തംബര്‍ അഞ്ചിന് പലസ്തീന്‍ തീവ്രവാദ സംഘടനയായ ബ്ലാക്ക് സെപ്തംബര്‍ 11 ഇസ്രയേലി കായികതാരങ്ങളെ കൊന്നൊടുക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെ ട്രാക്ക് സ്യൂട്ട്  കേസ് ധരിച്ചെത്തിയ ഭീകരര്‍ ഒളിമ്പിക് ഗ്രാമത്തില്‍ നുഴഞ്ഞുകയറി ഇസ്രയേല്‍ ഗുസ്തി ടീം കോച്ച് മോഷെ വീന്‍ ബര്‍ഗിനെയും ഭാരോദ്വഹനതാരം യൂസേഫ് റോമാനോയെയും വെടിവച്ചു കൊലപ്പെടുത്തി. ഇതിനിടെ ഒമ്പത് കായിക താരങ്ങളെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേല്‍ തടവിലാക്കിയ 200 പലസ്തീന്‍കാരെ മോചിപ്പിക്കണമെന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം.

[caption id="attachment_33817" align="alignnone" width="640"]munic മ്യൂണിക് ഒളിമ്പിക്‌സ് കൂട്ടക്കുരുതി[/caption]

തന്ത്രപരമായ നീക്കത്തിലൂടെ സുരക്ഷാ ഭടന്‍മാര്‍ അക്രമികളെ വലയിലാക്കി. എട്ടു ഭീകരരെയും ബന്ദികളാക്കപ്പെട്ട ഒമ്പത് കായിക താരങ്ങളെയും കൊണ്ടുപോകുന്നതിനിടെ സൈനിക വിമാനത്താവളത്തില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഇതില്‍ ഇസ്രയേലിന്റെ ഒമ്പത് കായിക താരങ്ങളും അഞ്ച് തീവ്രവാദികളും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു പൈലറ്റും ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. ഒളിമ്പിക്സ് വേദിയിലേക്ക് തീവ്രവാദം കയറിവന്ന ആദ്യ സംഭവമായിരുന്നു ഇത്.
റിയോ ഒളിമ്പിക്സിന് തുടക്കം കുറിക്കാനിരിക്കെ ഫ്രാന്‍സിലും കാബൂളിലും മറ്റും അരങ്ങേറിയ തീവ്രവാദ അക്രമങ്ങള്‍ സംഘാടകരെയും കായിക താരങ്ങളെയും ഭയപ്പെടുത്തുന്നുണ്ട്. യൂറോകപ്പ് മത്സരങ്ങള്‍ക്ക് വേദിയായിരുന്ന ഫ്രാന്‍സിലെ നീസിലായിരുന്നു ലോകത്തെ ഞെട്ടിച്ച അക്രമം നടന്നത്. അതിനിടെ റിയോയില്‍ ഫ്രഞ്ച് ഒളിമ്പിക് ടീമിനെ ആക്രമിക്കാന്‍ ഐസിസ് പദ്ധതിയിട്ടിരുന്നു എന്ന വാര്‍ത്ത കൂടി പുറത്തുവരുന്നുണ്ട്. ഇതോടെ ബ്രസീലിന്റെ താത്കാലിക പ്രസിഡന്റ് മൈക്കല്‍ ടെമര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.

rio

ഒളിമ്പിക്സ് വേദികള്‍ക്ക് സമീപമുള്ള ചെക്ക് പോസ്റ്റുകളുടെയും കണ്‍ട്രോള്‍ റൂമിന്റെയും എണ്ണം വര്‍ദ്ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. നീസില്‍ ദേശീയ ദിനാഘോഷച്ചടങ്ങിലേക്ക് ഭീകരന്‍ ട്രക്ക് ഓടിച്ചുകയറ്റിയാണ് ആളുകളെ കൊന്നൊടുക്കിയത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ആക്രമണരീതികള്‍ പയറ്റിയേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബ്രസീല്‍ പൊലീസ് ജാഗ്രത കാണിക്കുന്നുണ്ട്.

85000 വരുന്ന സുരക്ഷാ സേന രാജ്യത്തെ റോഡുകളിലും ഒളിമ്പിക് വേദികള്‍ക്ക് സമീപമുള്ള പ്രദേശങ്ങളും ഇതിനകം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ബ്രസീലിലെ ഐസിസ് സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഒളിമ്പിക്സിന് ആശങ്കയേറെയാണ്.
എല്ലാ പ്രതിസന്ധികളും ഭീഷണികളും മറികടന്ന് റിയോയില്‍ 200 രാജ്യങ്ങളില്‍ നിന്നെത്തിയ പതിനായിരത്തോളം കായികതാരങ്ങള്‍ സുരക്ഷിതരായി തന്നെ സ്വന്തം രാജ്യത്തിലേക്ക് അഭിമാനത്തോടെ മടങ്ങുമെന്ന് പ്രതീക്ഷിക്കാം.