ട്രംപ് മണ്ടനെന്ന് ഒബാമ

അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ഡോണാല്‍ഡ് ട്രംപ് വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണെന്ന് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ.

ട്രംപ് മണ്ടനെന്ന് ഒബാമ

വാഷിംഗ്ടണ്‍: കഴിഞ്ഞ എട്ടു വര്‍ഷമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം അലങ്കരിക്കുന്ന ബാരക്ക് ഒബാമ സ്ഥാനമൊഴിയാന്‍ ഒരുങ്ങുകയാണ്. വൈറ്റ് ഹൗസ് മറ്റൊരു പ്രസിഡന്റിനെ സ്വീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി ഹിലാരി ക്ലിന്റനും റിപ്പബ്ലിക്‌ പാര്‍ട്ടിക്ക് വേണ്ടി ഡോണാല്‍ഡ് ട്രംപുമാണ്.

തിരഞ്ഞെടുപ്പ് അടുത്ത് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി ഒബാമ രംഗതെത്തി. യുഎസ് പ്രസിഡന്റാവാന്‍ ട്രംപിനെ കൊള്ളില്ലെന്നും അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.


"ഇറാക്കില്‍ കൊല്ലപ്പെട്ട യുഎസ് ആര്‍മി ക്യാപ്റ്റന്‍ ഹുമയുണ്‍ഖാന്റെ കുടുംബത്തെക്കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് ഒട്ടും ശരിയായില്ല. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യന്‍ മേഖലകളെക്കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല. " ഒബാമ പറഞ്ഞു.

എന്നിട്ടും അദ്ദേഹം ഓരോ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ് എന്നും ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണ്ടെന്നു പ്രസ്താവിക്കുന്ന റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നതു ശരിയല്ലെന്നും പത്രസമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.

Read More >>