പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് ഇടയ്ക്കിടെ എഴുതി കാണിക്കണ്ട

തിയേറ്ററുകളിലും ടിവിയിലും സിനിമകള്‍ കാണിക്കുമ്പോള്‍ പുകയില വിരുദ്ധ പരസ്യങ്ങള്‍ തുടക്കത്തില്‍ മാത്രം മതിയെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്.

പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് ഇടയ്ക്കിടെ എഴുതി കാണിക്കണ്ട



ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ നടന്‍ കമല്‍ ഹാസന്‍ തുടങ്ങി പ്രമുഖര്‍ അടങ്ങുന്ന വിദഗ്ദ്ധ സമിതി സിനിമകള്‍ കാണിക്കുമ്പോള്‍ പുകയില വിരുദ്ധ പരസ്യങ്ങള്‍ തുടക്കത്തില്‍ മാത്രം മതിയെന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേന്റെ നവീകരണത്തിനായാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഈ സമതി രൂപികരിച്ചിരിക്കുന്നത്. 

കഥാപാത്രങ്ങള്‍ പുകവലിക്കുമ്പോള്‍ പുകയില വിരുദ്ധ സന്ദേശങ്ങള്‍ എഴുതിക്കാണിക്കുന്നത് സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ റിപ്പോര്‍ട്ട്. ഇപ്പോള്‍ തീയറ്ററുകളില്‍ കാണിക്കുന്ന പുകയില വിരുദ്ധ പരസ്യങ്ങള്‍ക്ക് പകരം  പ്രദേശിക ഭാഷകളില്‍ പ്രമുഖ നടന്മാര്‍ അഭിനയിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്നും സിനിമ തുടങ്ങുന്നതിന് മുന്‍പ് അത്തരം പരസ്യങ്ങള്‍ വേണം പ്രദര്‍ശിപ്പിക്കാന്‍ എന്നും സമതി ശുപാര്‍ശ ചെയ്യുന്നു.

മൃഗക്ഷേമ ബോര്‍ഡാണ് നിലവില്‍ സിനിമയുടെ ചിത്രീകരണത്തിന് പക്ഷികളേയും മൃഗങ്ങളേയും ഉപയോഗിക്കുന്നതിന് അനുമതി നല്‍കേണ്ടത് . ഇതിന് പകരം ചിത്രീകരണ സമയത്ത് ഒരു മൃഗാരോഗ്യ വിദഗ്ദ്ധനെ നിയമിക്കുകയും ഇയാളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശനാനുമതി നല്‍കുകയുമാണ് വേണ്ടതെന്നും ബെനഗല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

Read More >>