ഹെല്‍മെറ്റ്‌ ധരിച്ചെത്തുന്ന യാത്രക്കാര്‍ക്ക് മാത്രം പെട്രോള്‍; പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം

15 ദിവസങ്ങളുടെ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ

ഹെല്‍മെറ്റ്‌ ധരിച്ചെത്തുന്ന യാത്രക്കാര്‍ക്ക് മാത്രം പെട്രോള്‍; പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം

കൊച്ചി: ഹെല്‍മെറ്റ്‌ ധരിച്ചെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് മാത്രം പെട്രോള്‍ നല്‍കുന്ന പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം കുറിച്ചു.

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. 15 ദിവസങ്ങളുടെ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ. പദ്ധതി തുടക്കം മുതല്‍ നടപ്പാക്കാന്‍ തന്നെയായിരുന്നു ഗതാഗതവകുപ്പിന്റെ ആദ്യ തീരുമാനമെങ്കിലും നിയമപരിരക്ഷ ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം നടപ്പിലാക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പെട്രോള്‍ പമ്പുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതും കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ്.

ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ശേഷം തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നിവടങ്ങളില്‍ മാത്രമാകും ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. കേരളത്തിലെ ഗതാഗതസുരക്ഷയില്‍ വലിയൊരു മാറ്റം കൊണ്ടുവരാനാകും എന്ന് പ്രതീക്ഷിക്കുന്നതായി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമം ലംഘിക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.