കൈക്കൂലി ആവശ്യപ്പെട്ട് ദളിത് യുവതിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവം: ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാവില്ലെന്ന് സൂചന; ആരോപണ വിധേയനെതിരെ നേരത്തേ വിജിലൻസ് നൽകിയ റിപ്പോർട്ടും പൂഴ്ത്തി

സംഭവം വിവാദമായതിനെത്തുടർന്ന്, ചികിത്സ നിഷേധിക്കപ്പെട്ട സരസ്വതിയിൽ നിന്നും ഡിഎംഒ മൊഴിയെടുത്തിരുന്നു. കൈക്കൂലി ചോദിച്ച ഡോക്ടർമാരെക്കുറിച്ചും തുകയെക്കുറിച്ചും സരസ്വതി വ്യക്തമായി മൊഴി നൽകിയതായാണ് അറിയാൻ കഴിയുന്നത്.

കൈക്കൂലി ആവശ്യപ്പെട്ട് ദളിത് യുവതിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവം: ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാവില്ലെന്ന് സൂചന; ആരോപണ വിധേയനെതിരെ നേരത്തേ വിജിലൻസ് നൽകിയ റിപ്പോർട്ടും പൂഴ്ത്തി

കാസർഗോഡ്: കൈക്കൂലി ആവശ്യപ്പെട്ട് ദളിത് യുവതിയായ ഗർഭിണിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് സൂചന. ഗർഭപാത്രം പുറത്തേക്ക് തള്ളിയ നിലയിൽ ആയിരുന്ന യുവതിയുടെ ശസ്ത്രക്രിയക്കായി ഗൈനക്കോളജിസ്റ്റ്, അയാൾക്കും അനസ്തേഷ്യാ വിദഗ്ധനും ആയിരം രൂപ വച്ച് കൈക്കൂലി ചോദിക്കുകയും അത് നൽകാത്തതിനാൽ ശസ്ത്രക്രിയ നിഷേധിക്കുകയുമായിരുന്നു.

സംഭവം വിവാദമായതിനെത്തുടർന്ന്, ചികിത്സ നിഷേധിക്കപ്പെട്ട സരസ്വതിയിൽ നിന്നും ഡിഎംഒ മൊഴിയെടുത്തിരുന്നു. കൈക്കൂലി ചോദിച്ച ഡോക്ടർമാരെക്കുറിച്ചും തുകയെക്കുറിച്ചും സരസ്വതി വ്യക്തമായി മൊഴി നൽകിയതായാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഗൈനക്കോളജിസ്റ് ഡോ. ജ്യോതിയും അനസ്തേഷ്യ വിദഗ്ദ്ധൻ ഡോ. വെങ്കിടഗിരിയും ആരോപണം നിഷേധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒ ഡോ. പി ദിനേശ് കുമാർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയിട്ടുള്ള റിപ്പോർട്ടിൽ യുവതിയുടെ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ശുപാർശ നൽകിയതായാണ് അറിയാൻ കഴിയുന്നത്.


യുവതിയുടെ മൊഴിയല്ലാതെ കൈക്കൂലി ആരോപണത്തിന് മറ്റു തെളിവുകൾ ഒന്നും ഇല്ലാത്തതിനാൽ ഡോക്ടർമാർക്കെതിരെ തുടർനടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന. ചില കേന്ദ്രങ്ങളിൽ നിന്നും ഇതിനായുള്ള ചരടുവലികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കൈക്കൂലി ആരോപണം സത്യമാണെന്നും ഈ സംഭവം ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത പ്രാദേശിക പത്രപ്രവർത്തരിൽ ഒരാൾ നാരദാ ന്യൂസിനോട് പറഞ്ഞു.

ഇതിനിടയിൽ ആരോപണ വിധേയരിൽ ഒരാളായ അനസ്തേഷ്യ വിദഗ്ദൻ ഡോ. വെങ്കിടഗിരിക്കെതിരെ നേരത്തേ മറ്റു ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ ക്വിക് വെരിഫിക്കേഷൻ സംബന്ധിച്ച റിപോർട്ടുകൾ പുറത്തുവന്നു. മുൻപ് ഡോ. വെങ്കിടഗിരിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് വിജിലൻസ് കാസർഗോഡ് യൂണിറ്റ് ഡോക്ടർക്കെതിരെ ത്വരിതാന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് കാസർഗോഡ് ഡിവൈഎസ്പി വിജിലൻസ് ഡയറക്ടർ മുഖേനെ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ഡോക്ടർമാരുടെ സംഘടനയായ കെജിഎംഓയുടെ ജില്ലാ നേതാവാണ് ഡോ. വെങ്കിടഗിരി. സംഘടനാ സമ്മർദം മൂലമാണ് ഇയാൾക്കെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നിട്ടും നടപടി കൈക്കൊള്ളാത്തതെന്ന് കാസർഗോട്ടെ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് പലരുടെയും തീരുമാനം.

Read More >>