വിളിച്ചാല്‍ ഫോണ്‍ എടുക്കും, നേരിട്ട് പരാതി അറിയിച്ചാല്‍ പരിഹാരം കൈയോടെ നല്‍കും; കെഎസ്ഇബി ജീവനക്കാര്‍ക്ക് പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിന് ഇന്നുമുതല്‍ മാറ്റം വരും

ഇനിമുതല്‍ വൈദ്യുതി തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഓഫീസിലെത്തുന്നവരുടെ പരാതി ശാന്തമായി കേള്‍ക്കണമെന്നും പരാതി കേട്ടു കഴിഞ്ഞാല്‍ അവരുടെ കൂടെ വാതില്‍വരെ അനുഗമിച്ച് യാത്രയാക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സാധിക്കുന്നതാണെങ്കില്‍ പരാതി പരിഹരിക്കുകയും അല്ലെങ്കില്‍ വസ്തുത ശാന്തമായും വ്യക്തമായും വിശദീകരിക്കുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്.

വിളിച്ചാല്‍ ഫോണ്‍ എടുക്കും, നേരിട്ട് പരാതി അറിയിച്ചാല്‍ പരിഹാരം കൈയോടെ നല്‍കും; കെഎസ്ഇബി ജീവനക്കാര്‍ക്ക് പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിന് ഇന്നുമുതല്‍ മാറ്റം വരും

പൊതുജനങ്ങളോടുള്ള കെഎസ്ഇബി ജീവനക്കാരുടെ പെരുമാറ്റത്തിന് ഇന്ന് മുതല്‍ മാറ്റമുണ്ടാകും. ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് 2005ല്‍ വൈദ്യുത വകുപ്പ് സെക്രട്ടറി ഇറക്കിയ മാര്‍ഗനിര്‍ദേശം കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു കഴിഞ്ഞു. പൊതുജനങ്ങള്‍, ഉപഭോക്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവരോടുള്ള കെഎസ്ഇബി ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പെരുമാറ്റച്ചടം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. വൈദ്യുതി വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ മുതല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.

ഇനിമുതല്‍ വൈദ്യുതി തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഓഫീസിലെത്തുന്നവരുടെ പരാതി ശാന്തമായി കേള്‍ക്കണമെന്നും പരാതി കേട്ടു കഴിഞ്ഞാല്‍ അവരുടെ കൂടെ വാതില്‍വരെ അനുഗമിച്ച് യാത്രയാക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സാധിക്കുന്നതാണെങ്കില്‍ പരാതി പരിഹരിക്കുകയും അല്ലെങ്കില്‍ വസ്തുത ശാന്തമായും വ്യക്തമായും വിശദീകരിക്കുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്.

പരാതി പറയാനെത്തുന്നവരെ ഉചിതമായ ആതിഥ്യമര്യാദയോടെ സ്വീകരിക്കണമെന്നും വളരെ ക്ഷമയോടെയും ശാന്തമായും പരാതി കേള്‍ക്കണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. പരാതി കേള്‍ക്കുന്ന സമയത്ത് പരാതിക്കാരോട് അശ്രദ്ധയും അസ്വസ്ഥതയും അക്ഷമയും ഒരിക്കലും പ്രകടിപ്പിക്കരുതെന്നും പരാതികള്‍ കഴിവതും ഉദ്യോഗസ്ഥര്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും പറയുന്നു. പരാതി പരിഹരിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പരിമിതികളുണ്ടെങ്കില്‍ അത് ശാന്തമായി ഉപഭോക്താവിനെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ ഓഫീസിലെത്തിയാല്‍ എഴുന്നേറ്റുനിന്നു സ്വീകരിക്കണം. അവര്‍ക്ക് ഇരിപ്പടം നല്‍കിയശേഷം അവര്‍ക്ക് അഭിമുഖമായി ഇരുന്ന് അവരോട് സംസാരിക്കണം. പരാതി ഫോണിലൂടെ ആണെങ്കില്‍ ആദ്യം ഓഫീസിന്റെ പേരും, പിന്നീട് പേരും ഔദ്യോഗിക പദവിയും ഭവ്യതയോടെ പറയണം. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണം- നിര്‍ദ്ദേശങ്ങള്‍ തുടരുന്നു.

സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള ജീവനക്കാരുടെ പെരുമാറ്റമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അതത് ഓഫീസിലെ മേലധികാരി കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. മറ്റ് ജീവനക്കാര്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നും പൊതുജന സേവനമാണു ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പ്രധാന ഉത്തരവാദിത്വമെന്നു മനസ്സിലാക്കണമെന്നും പെരുമാറ്റച്ചട്ടം അനുശാസിക്കുന്നു.