ഷാര്‍ജയിലെ വീട്ടുവാതില്‍ക്കല്‍ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ മൂന്നോളം കുട്ടികളെയാണ്‌ ഇത്തരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുള്ളത്‌.

ഷാര്‍ജയിലെ വീട്ടുവാതില്‍ക്കല്‍ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി

ഷാര്‍ജ: അല്‍ ഖ്വാദിസയ ഭാഗത്ത്‌ നവജാത ശിശുവിന്റ മൃതദേഹം കണ്ടെത്തി. ഒരു വീടിന്റെ വാതില്‍ പടിയോടുചേര്‍ന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഉണ്ടായിരുന്ന മൃതദേഹം അതുവഴി കടന്നുപോയ ഒരാളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പോലീസും ഫോറന്‍സിക്‌ അംഗങ്ങളും അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും, മൃതദേഹം ഫോറന്‍സിക്‌ ലാബിലേക്ക്‌ കൊണ്ടുപോവുകയും ചെയ്‌തു. പോലീസ്‌ തെളിവെടുപ്പുനടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.


ഇതാദ്യമായല്ല ഷാര്‍ജയില്‍ നവജാത ശിശുക്കളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്‌. കഴിഞ്ഞ മാസം ഒരു വീട്ടുവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ ശിശുവിനെ കണ്ടെത്തുകയും പോലീസ്‌ അന്വേഷണമാരംഭിക്കുകയും ചെയ്‌തിരുന്നു.

അതേ മാസം തന്നെ രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ റാമല്ലയിലെ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ്‌ കണ്ടെത്തുകയുണ്ടായി. സമീപ വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്‌. തുടര്‍ന്ന്‌ കുട്ടിയുടെ അമ്മയെ കണ്ടെത്തുകയും അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

വിവാഹേതര ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളാണ്‌ ഉപേക്ഷിക്കപ്പെടുന്നതില്‍ ഭൂരിഭാഗവുമെന്നും മാനഹാനി ഭയന്നാണ്‌ അമ്മമാര്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതെന്നും പോലീസ്‌ വൃത്തങ്ങള്‍ പറയുന്നു.