''നാണയപ്പെരുപ്പ നിരക്ക് 6 ശതമാനത്തില്‍ കൂടാന്‍ തന്‍റെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല" ; സ്വാതന്ത്ര്യദിനത്തില്‍ മോദി

''യുപിഎ ഭരണകാലത്തേക്കാള്‍ പതിന്മടങ്ങ്‌ വികസനം എന്‍ഡിഎ സര്‍ക്കാരിന് കൈവരിക്കാന്‍ സാധിച്ചു''

ഡല്‍ഹി: കഴിഞ്ഞ 3 വര്‍ഷങ്ങളായി നാണയപ്പെരുപ്പ നിരക്ക് 6 ശതമാനത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ടില്‍വച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 10 ശതമാനത്തില്‍ കൂടുതലായിരുന്ന നാണയപ്പെരുപ്പനിരക്കിനെ  തന്റെ സര്‍ക്കാരിന്റെ കൂട്ടായ പരിശ്രമം മൂലമാണ്  6 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ സാധിക്കുന്നതെന്ന് മോദി വ്യക്തമാക്കി. താന്‍ അധികാരത്തിലേറിയ ശേഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു . സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇതുവരെ വൈദ്യുതി ലഭിക്കാതിരുന്ന ഡല്‍ഹി അതിര്‍ത്തിയിലുള്ള നഗല പടം ഗ്രാമത്തിലുള്‍പ്പടെ പതിനായിരത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. ഊര്‍ജ്ജോല്‍പ്പാദനരംഗത്തെ വികസനത്തിന്റെ ഭാഗമായി 13 കോടി എല്‍ഇഡി ബള്‍ബുകള്‍ വളരെ തുച്ചമായ വിലയില്‍ വിതരണം  ചെയ്തു.

ഉജ്ജ്വല യോജന പദ്ധതിയുടെ ഭാഗമായി 4 കോടി എല്‍പിജി കണക്ഷനുകളും വിതരണം ചെയ്തു. ഇവയില്‍ 50 ലക്ഷത്തോളം കണക്ഷനുകള്‍ സൗജന്യമായാണ് വിതരണം ചെയ്യപ്പെട്ടത്. 70 കോടിയോളം ജനങ്ങള്‍ക്ക്‌ പുതുതായി ആധാര്‍ കാര്‍ഡ്‌ ലഭ്യമാക്കിയെന്നും വ്യക്തമാക്കിയ മോദി റെയില്‍വേ, പാസ്‌പോര്‍ട്ട് വിതരണം എന്നീ മേഖലകളിലും യുപിഎ ഭരണകാലത്തേക്കാള്‍ പതിന്മടങ്ങ്‌ വികസനം എന്‍ഡിഎ സര്‍ക്കാരിന് കൈവരിക്കാന്‍ സാധിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

Read More >>