''തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധം'': ദേശീയ മൃഗക്ഷേമബോര്‍ഡ്

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ എം ഖര്‍ബ്

ഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള കേരളസര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് കാഞ്ഞിരംകുളത്ത് ശിലുഅമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്ന സംഭവത്തെത്തുടര്‍ന്ന് അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊന്നുകളയാന്‍ തീരുമാനിച്ചതായി  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഇന്നലെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെതിരെയാണ് ദേശീയ മൃഗക്ഷേമബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. തെരുവ്നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്നും നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്നും മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ എം ഖര്‍ബ് മാധ്യമങ്ങളോട് വ്യക്തമാക്കി.സര്‍ക്കാര്‍ നടപടി സുപ്രീം കോര്‍ട്ട് ഉത്തരവിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


തെരുവുനായ്ക്കളുടെ ശല്യം നഗരത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മൃഗഡോക്ടര്‍മാരുടെ സാക്ഷ്യപത്രം കൂടി പരിഗണിച്ച് നിയമം അനുശാസിക്കുന്ന രീതിയില്‍ നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. കാഞ്ഞിരംകുളത്തെ സംഭവത്തിനുപുറമേ 92 പേരോളം കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയിരുന്നു. മനുഷ്യര്‍ക്ക് പുറമേ വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയായി മാറുകയാണ്. മടവൂര്‍ പാറയില്‍ ജാഫര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിന്റെ അറുന്നൂറോളം കോഴികളെയാണ് തെരുവുനായ്ക്കള്‍ കഴിഞ്ഞ ദിവസം രാത്രി കടിച്ചു കൊന്നത്. റോഡരികുകളിലും മറ്റും വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളാണ് തെരുവുനായ്ക്കളുടെ എണ്ണം കൂടാന്‍ കാരണമായി കരുതപ്പെടുന്നത്.

Read More >>