കണ്ണൂർ മെഡിക്കൽ കോളജിൽ നാരദയുടെ സ്റ്റിംഗ് ഓപ്പറേഷൻ; എൻആർഐ സീറ്റ് വിൽക്കുന്നത് നാലരക്കോടിയ്ക്ക്

സർക്കാരുമായുളള ചർച്ചയിൽ എന്‍ആര്‍ഐ സീറ്റിന്റെ ഫീസ് 15 ലക്ഷം മുതല്‍ 20 ലക്ഷം വരെയും ആയി ഉയർത്തണമെന്നാണ് മാനേജ്മെന്റ് അസോസിയേഷൻ വാദിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്ക് അതുക്കും എത്രയോ മേലെയാണ്. വാങ്ങേണ്ട ഫീസൊക്കെ അവർ നിശ്ചയിച്ചു കഴിഞ്ഞു. ആ തുകയ്ക്ക് സീറ്റു വാങ്ങാൻ ആളുമുണ്ട്. ഇനി സർക്കാരുമായി ധാരണയിലെത്തുന്ന തുകയ്ക്കുളള ഡിഡി കൈപ്പറ്റി ആ പണം കണക്കിൽക്കൊള്ളിക്കും. ബാക്കി തുക രൊക്കം പണമായി കൈപ്പറ്റി കീശയിലിടും.

കണ്ണൂർ മെഡിക്കൽ കോളജിൽ നാരദയുടെ സ്റ്റിംഗ് ഓപ്പറേഷൻ; എൻആർഐ സീറ്റ് വിൽക്കുന്നത് നാലരക്കോടിയ്ക്ക്

സ്വാശ്രയ മെഡിക്കൽ മാനേജുമെന്റുകൾ സർക്കാരുമായി മാരത്തോൺ ചർച്ചകൾ നടത്തുമ്പോൾ മറുവശത്ത് കോടികൾ ഫീസു നിശ്ചയിച്ച് സീറ്റു കച്ചവടം പൊടിപൊടിക്കുന്നു. കണ്ണൂർ മെഡിക്കൽ കോളജിൽ നാലരക്കോടിയ്ക്കാണ് എൻആർഐ സീറ്റു വിൽപന. ആദ്യഗഡുവായ ഒരു കോടി പതിനേഴു ലക്ഷം സെപ്തംബർ പത്തിനുള്ളിൽ റെഡി കാഷായി കൊടുത്താലേ അഡ്മിഷൻ കിട്ടൂ. എഴുപതു ലക്ഷത്തിന്റെ ഗഡുക്കളായാണ് ബാക്കി പണം അടയ്ക്കേണ്ടത്. ഒരു ബന്ധുവിന്റെ അഡ്മിഷനു വേണ്ടി എന്ന വ്യാജേന കോളജ് അധികാരികളെ സമീപിച്ചു ശേഖരിച്ച ദൃശ്യങ്ങൾ നാരദാന്യൂസ് പുറത്തുവിടുന്നു. പ്രസ്റ്റീജ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള സ്വാശ്രയ കോളജാണ് കണ്ണൂർ മെഡിക്കൽ കോളജ്.
സർക്കാരുമായുളള ചർച്ചയിൽ എന്‍ആര്‍ഐ സീറ്റിന്റെ ഫീസ് 15 ലക്ഷം മുതല്‍ 20 ലക്ഷം വരെയും ആയി ഉയർത്തണമെന്നാണ് മാനേജ്മെന്റ് അസോസിയേഷൻ വാദിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്ക് അതുക്കും എത്രയോ മേലെയാണ്. വാങ്ങേണ്ട ഫീസൊക്കെ അവർ നിശ്ചയിച്ചു കഴിഞ്ഞു. ആ തുകയ്ക്ക് സീറ്റു വാങ്ങാൻ ആളുമുണ്ട്. ഇനി സർക്കാരുമായി ധാരണയിലെത്തുന്ന തുകയ്ക്കുളള ഡിഡി കൈപ്പറ്റി ആ പണം കണക്കിൽക്കൊള്ളിക്കും. ബാക്കി തുക രൊക്കം പണമായി കൈപ്പറ്റി കീശയിലിടും. അതാണ് രീതി.

എൻആർഐ സീറ്റു പൂർണമായും വിറ്റു തീരുന്നതുവരെ ചർച്ചാനാടകം നീണ്ടുപോകും. എല്ലാ സീറ്റും നിറഞ്ഞാൽ സർക്കാരും മാനേജ്മെന്റും തമ്മിൽ ഒരു തുകയ്ക്കു ധാരണയാകും. അതുവരെ ചർച്ച അലസിപ്പിരിയും.

ഹയർസെക്കണ്ടറി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 58% മാർക്കും നീറ്റ് പരീക്ഷയിൽ 67% മാർക്കും നേടിയ വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ എന്ന വ്യാജേനെയാണ് നാരദാ ന്യൂസ് കോളേജിൽ എത്തിയത്. കാമ്പസിലെ എൻജിനീയറിങ് കോളേജിലെ അഡ്മിഷൻ ഓഫീസിലാണ് കച്ചവടം. ഓൺലൈനായി രജിസ്ട്രർചെയ്ത് ഫീസടക്കാൻ എത്തിയവരും, അഡ്മിഷനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയവരും ഓഫീസിനു മുന്നിൽ ക്യൂ നിൽക്കുന്നതാണ് ഞങ്ങൾ കണ്ടത്.

എൻആർഐ സീറ്റിൽ പ്രവേശനം നേടാനുള്ള സമ്മതം പറഞ്ഞപ്പോൾ ഫീസ് വിവരങ്ങൾ വെളിപ്പെടുത്തി. കോടിയുടെയും ലക്ഷങ്ങളുടെയും കണക്കുകൾ ഒരു വെള്ളക്കടലാസിലെഴുതിത്തന്നു. ഈ മാസം 31 ന് മുൻപ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. തലവരിയും ആദ്യ വർഷത്തെ ഫീസും സെപ്റ്റംബർ 10-ാം തീയതിക്കുള്ളിൽ അടക്കണം. പണം ക്യാഷ് ആയിട്ട് മതി. പണത്തിന്റെ കണക്കുകളും തീയതികളും എല്ലാം ഷാർപ്പ് ആണ്! ഒരു വിട്ടുവീഴ്ചയുമില്ല.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തു ഫീ അടച്ചു പുറത്തുവന്ന ഒരു രക്ഷിതാവിന്റെ ആത്മഗതം ഇങ്ങനെയായിരുന്നു - പിടിഎ ഫണ്ട് ഒക്കെ ജോർ ആയി വാങ്ങുന്നുണ്ട്. പക്ഷേ, റെസീപ്റ്റോ ബില്ലോ ഇല്ല. എഴുത്തെല്ലാം വെള്ളക്കടലാസിലാണ്.

തൊട്ടു പിന്നാലെ അകത്ത് കടന്നപ്പോൾ ആദ്യം കണ്ട വനിതാ ജീവനക്കാരി വെള്ളക്കടലാസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുട്ടിക്കുള്ള മാർക്ക് ശതമാനവും നീറ്റ് പരീക്ഷയിൽ നേടിയ പേർസൻടേജും എത്രയാണെന്ന് ചോദിച്ച് കുറിച്ചെടുത്തു. ഈ പേപ്പറുമായി അടുത്ത സീറ്റിൽ ഇരിക്കുന്ന 'സാറിനെ' കാണാൻ ആവശ്യപ്പെട്ടു.

നീറ്റ് പേർസൻടൈൽ 47% ആണെന്ന് പറഞ്ഞപ്പോൾ 50%നു മുകളിൽ ഉണ്ടെങ്കിലേ നോക്കാൻ കഴിയൂ എന്നായിരുന്നു സാറിന്റെ മറുപടി. 50%നു മുകളിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ ശാസ്ത്ര വിഷയത്തിൽ 58% മാത്രം നേടിയത് കൊണ്ട് പൊതുവിഭാഗത്തിൽ അഡ്മിഷൻ നൽകാൻ കഴിയില്ലെന്നും എൻആർഐ സീറ്റ് മാത്രമേ സാധിക്കൂ എന്നുമായി. തുടർന്നാണ് ഫീസു വിവരങ്ങൾ വെളിപ്പെടുത്തിയത്.

[caption id="attachment_39757" align="aligncenter" width="640"]കണ്ണൂർ അഞ്ചരക്കണ്ടിയിൽ പ്രസ്റ്റീജ് എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ മെഡിക്കൽ കോളജ്. (ചിത്രം ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന്) കണ്ണൂർ അഞ്ചരക്കണ്ടിയിൽ പ്രസ്റ്റീജ് എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ മെഡിക്കൽ കോളജ്. (ചിത്രം ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന്)[/caption]

കേരളത്തിലെ ബഹുഭൂരിപക്ഷം സ്വാശ്രയകോളേജുകളിലും ഉയർന്നതുകയ്ക്ക് സീറ്റ് കച്ചവടം നടത്താൻ എജ്യൂക്കേഷൻ കൺസൾട്ടൻസികളും ഏജൻസികളും ഉണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഇത്തരത്തിൽ സീറ്റുറപ്പിക്കുന്ന ഏജൻസികൾ അനേകമുണ്ട്. എൻട്രൻസ് കോച്ചിങ് നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് കുട്ടികളുടെ പേരും വിലാസവും കോണ്ടാക്റ്റ് നമ്പറും പണം നൽകി കരസ്ഥമാക്കുന്ന ഏജൻസികളുടെ ഫോൺ കോൾ അഡ്മിഷൻ കാലം തുടങ്ങിയാലുടൻ എത്തും. ഇത്തരത്തിൽ സീറ്റു വാഗ്ദാനവുമായി അനേകം ഏജൻസികൾ വിളിക്കാറുണ്ടെന്ന് തൃശൂരിലെ പ്രശസ്തമായ ഒരു എൻട്രൻസ് കോച്ചിങ് സെന്ററിൽ കുട്ടിയെ പഠിക്കാനയച്ച മലപ്പുറം സ്വദേശിയായ രക്ഷിതാവ് നാരദാ ന്യൂസിനോട് പറഞ്ഞു.

കോളജുകൾ ഏജൻസികൾക്കും സീറ്റുകൾ വിഭജിച്ച് നൽകും, കോടികൾ കൈപ്പറ്റി കച്ചവടം ഉറപ്പിക്കുന്നത് ഈ ഏജൻസികളാണ്. കോളജിന് ഇവരാണ് പണം കൈമാറുന്നത്. ഇതിനു പുറമേ ഓരോ അഡ്മിഷനും മാനേജ്മെന്റിൽ നിന്ന് ഏജൻസി കമ്മിഷനും ലഭിക്കും.

കോട്ടയത്തെ പ്രശസ്തമായ ഒരു സ്വാശ്രയ എൻജിനീയറിങ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കാതെ പുറത്തിറങ്ങിയ ഒരു വിദ്യാർത്ഥി അഡ്മിഷൻ ഏജൻസി നടത്തി ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് കോടികൾ സമ്പാദിച്ചിട്ടുണ്ട്. ഇത്തരം ഏജൻസികൾ അവർക്കു ലഭിക്കുന്ന കണക്കിൽ വരാത്ത തുകകൾ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്.

യോഗ്യതാ പരീക്ഷ കഷ്ടിച്ച് പാസാകുന്നവരാണ് ഇത്തരത്തിൽ കോടികൾ മുടക്കി ഡോക്ടറാകുന്നത്. അവർ മെഡിക്കൽ മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കു പറിച്ചുനട്ട സ്വാശ്രയക്കച്ചവടം വൻലാഭകരമായി മാറുകയാണ്. മാനേജുമെന്റുകളുടെ കീശ നിറയുമ്പോൾ, ഗുണനിലവാരമില്ലാത്തവർ ഡോക്ടറും എഞ്ചിനീയറുമായി പുറത്തിറങ്ങും. ഇവരെ മെരുക്കാൻ പിണറായി സർക്കാരിനു കഴിയുമോ?

Read More >>