കനലടങ്ങാത്ത നാദാപുരം; കണ്ണീര്‍ തോരാത്ത കുടുംബങ്ങള്‍

സ്വന്തം പ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തിനു വലിയ വില കല്‍പ്പിക്കാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന ആരോപണത്തിനു അടിവരയിടുന്നതാണ് ഈ കൊലപാതകവും. ഭീഷണി ഉണ്ടായിട്ടും ലീഗ് പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം കൊടുക്കാനോ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്താനോ മുസ്ലിം ലീഗ് നേതൃത്വം താല്പര്യം കാണിച്ചില്ല എന്നു വ്യക്തം. മാത്രമല്ല പ്രകോപനം ഉണ്ടാക്കി സംഘര്‍ഷം ഉണ്ടാക്കുന്നതിനെതിരെയുള്ള അനിവാര്യമായ രാഷ്ട്രീയ ബോധവും അച്ചടക്കവും ലീഗ് അണികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിലും മുസ്ലിം ലീഗ് നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു

കനലടങ്ങാത്ത നാദാപുരം; കണ്ണീര്‍ തോരാത്ത കുടുംബങ്ങള്‍

പി കെ നൗഫല്‍

ഒരിടവേളക്ക് ശേഷം നാദാപുരത്ത് സംഘര്‍ഷം തിരിച്ചുവരികയാണോ എന്ന ആശങ്ക ശരിവെക്കുന്ന നിലയ്ക്കാണ് മേഖലയില്‍ സമീപകാലത്ത് തുടര്‍ച്ചയായ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സിപിഐ(എം) പ്രവര്‍ത്തകര്‍ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ പ്രതികാരക്കൊലയില്‍ ഇത്തവണ ജീവന്‍ നഷ്ടപ്പെട്ടത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്. സിപിഐ(എം) പ്രവര്‍ത്തകനായ ഷിബിനെ വധിച്ച കേസില്‍ കോടതി വെറുതെവിട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അസ്ലമിനെ ടിപി ചന്ദ്രശേഖരനെ വെട്ടിതുണ്ടമാക്കിയതിനേക്കാള്‍ ഭയാനകമായി നൂറോളം വെട്ടുകള്‍ വെട്ടിയാണ് കൊലപാതകികള്‍ പ്രതികാരക്കൊല നിര്‍വഹിച്ചത്.


ഒരുവര്‍ഷം മുന്നെ ഒരു വിവാഹസല്‍ക്കാരത്തിനിടയ്ക്കു രൂപപ്പെട്ട സംഘര്‍ഷത്തിനിടെ സിപിഐ(എം) പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടതോടെയാണ് ഏറെ നാളുകള്‍ക്ക് ശേഷം നാദാപുരം ഒരിക്കല്‍ കൂടി  സംഘര്‍ഷഭൂമിയാകുന്നത്. ഷിബിന്റെ കൊലപാതകം രാഷ്ട്രീയമായും സാമുദായികമായും മുതലെടുത്ത സിപിഐ(എം) മേഖലയിലെ മുസ്ലീം വീടുകള്‍ തിരഞ്ഞുപിടിച്ച് അക്രമിച്ചും കൊള്ളയടിച്ചും തീവെച്ചു നശിപ്പിച്ചുമാണ് പ്രതികാരം തീര്‍ത്തത്. നാദാപുരത്തെ സിപിഐ(എം) എന്നും ഭൂരിപക്ഷ സാമുദായികതയുടെ പ്രയോക്താക്കളാണ്. സംഘപരിവാരത്തിനു ഇനിയും കടന്നുചെല്ലാന്‍ സാധിക്കാത്ത രൂപത്തില്‍ ന്യൂനപക്ഷ വിരുദ്ധതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും സമര്‍ത്ഥമായി കളിക്കുന്ന മേഖല. സര്‍ക്കാര്‍ കണക്കില്‍ തന്നെ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം നാദാപുരം വെള്ളൂര്‍ ഭാഗത്തെ മുസ്ലിം വീടുകള്‍ക്ക് അന്നുണ്ടായി. മാത്രമല്ല കൊല്ലപ്പെട്ട സിപിഐ(എം) പ്രവര്‍ത്തകന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തരപ്പെടുത്തിയെടുക്കാന്‍ സിപിഎമ്മിനു സാധിച്ചു. ഭൂരിപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ സിപിഎമ്മിനു രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കാന്‍ ഷിബിന്‍ വധാനന്തര നടപടികള്‍ കാരണമായി.

അതെ സമയം ഷിബിന്‍ വധവുമായി ബന്ധപ്പെട്ടു വ്യത്യസ്ത  റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. ആസൂത്രിതമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സിപിഐ(എം) പ്രവര്‍ത്തകനെ വധിച്ചു എന്നു സിപിഐ(എം) ആരോപിക്കുമ്പോള്‍, ഒരു രക്തസാക്ഷിയെ ഉണ്ടാക്കി രാഷ്ട്രീയവും സാമുദായികവും സാമ്പത്തികവുമായ നേട്ടം ഉണ്ടാക്കാന്‍ പാകത്തില്‍ ഷിബിന്‍ വധം സിപിഐ(എം) കേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണെന്ന മറുവാദവും ശക്തമാണ്. ആക്രമണത്തില്‍ പേരുക്കേറ്റ ഷിബിനെ വേണ്ടത്ര ചികിത്സ നല്‍കുന്നതില്‍ ബോധപൂര്‍വമായ കാലതാമസം ഉണ്ടാക്കിയിരുന്നതായി ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല സിപിഐ(എം) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു എന്ന് കേള്‍ക്കേണ്ട താമസം അക്രമി സംഘങ്ങളെ മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തിയിരുന്നതെന്ന പോലെ മുസ്ലിം കേന്ദ്രങ്ങളില്‍ വളരെ പെട്ടെന്നുണ്ടായ ഏകപക്ഷീയമായ അക്രമണം തീര്‍ത്തും ആകസ്മികല്ല സിപിഐ(എം) പ്രവര്‍ത്തകന്റെ കൊലപാതകം എന്ന നിഗമനത്തെ ബലപ്പെടുത്തുന്നതുമാണ്. ഷിബിന്റെ കൊലപാതകം ആരുടെ രാഷ്ട്രീയ ആവശ്യമായിരുന്നു എന്ന ചോദ്യത്തിനു ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്.

ഏതായാലും കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യത്യസ്ത നിരീക്ഷണങ്ങളെ വേണ്ടത്ര ഗൗരവത്തിലെടുക്കാതെയായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കേസ് അന്വേഷണം. നാദാപുരം മേഖലയിലെ സാമൂഹിക സുരക്ഷിതത്തില്‍ സിപിഐ(എം) പ്രവര്‍ത്തകന്റെ കൊലപാതകത്തിനു വലിയ പങ്കുണ്ട് എന്ന തിരിച്ചറിവൊന്നും കേസ് കൈകാര്യം ചെയ്ത യുഡിഎഫ് സര്‍ക്കാരിനോ ആരോപണവിധേയരായ മുസ്ലിം ലീഗിനോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. വളരെ ലാഘവത്തോടെയായിരുന്നു കേസ് അന്വേഷണം. സ്വാഭാവികമായും യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടാതിരിക്കുകയോ, കുറ്റാരോപിതരായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കുവാനോ സര്‍ക്കാരിനു സാധിച്ചില്ല. അതിന്റെ തുടര്‍ച്ചയായിരുന്നു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെ വിടുന്നത്. സ്വാഭാവികമായും മുസ്ലിം ലീഗ് ഈ കോടതിവിധിയെ സ്വാഗതം ചെയ്‌തെങ്കിലും സിപിഐ(എം) കോടതിവിധിക്കെതിരെ ശക്തമായി രംഗത്തുവരികയുണ്ടായി. പക്ഷെ മേല്‍ക്കോടതിയിലെ അപ്പീല്‍ നടപടികളെ കുറിച്ചോ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ കേസിന്റെ പുനരന്വേഷണത്തിനുള്ള സാധ്യതകളെ കുറിച്ചോ സിപിഐഎമ്മിന്റെ ഭാഗത്തു നിന്നു ഗൗരവതരമായ നീക്കങ്ങള്‍ ഒന്നും ഉയര്‍ന്നുവന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

വാസ്തവത്തില്‍ ഷിബിന്‍ വധക്കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ട സമയത്ത് തന്നെ നാദാപുരം മേഖലയില്‍ കൊലപാതക സാഹചര്യം രൂപപ്പെട്ടിരുന്നു. ഭരണത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്തുകൊണ്ട് ഷിബിന്‍ വധക്കേസ് കാര്യക്ഷമമായി അന്വേഷിക്കുവാനും കുറ്റവാളികളെ ശിക്ഷിക്കുവാനും യുഡിഎഫ് ഭരണകൂടം താല്‍പര്യം കാണിച്ചില്ല എന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. സിപിഐ(എം) പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍, പ്രത്യേകിച്ചും വേണ്ടത്ര തെളിവുകള്‍ ഇല്ലാതെ കോടതി വെറുതെവിട്ട കേസുകളില്‍ പ്രതികള്‍ പിന്നീട് സിപിഐ(എം) പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഈ ചരിത്രം അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെയുള്ള അക്രമം അപ്രതീക്ഷിതമായിരുന്നില്ല.

ചിമേനി കൊലക്കേസ് ഇതിന്റെ വലിയ ഉദാഹരണമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ചിമേനിയിലെ സിപിഐ(എം) പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട കേസ് ദുര്‍ബലമായ അന്വേഷത്തിന്റെ തുടര്‍ച്ചയായി തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിക്കളഞ്ഞെങ്കിലും കുറ്റാരോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് ഒന്നൊന്നായി കൊല്ലപ്പെടുകയാണുണ്ടായത്. പതിറ്റാണ്ടുകളാണ് ഈ പ്രതികാരകൊല നീണ്ടുനിന്നത്. സിപിഐ(എം) നേതാവും ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മ്മാനായിരുന്ന വല്‍സന്‍ കൊല്ലപ്പെട്ട കേസിലെ പ്രധാനപ്രതിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കേസ് വിചാരണക്കെടുക്കും മുന്‍പെ കൊല്ലപ്പെട്ടു. വല്‍സന്‍ കൊല്ലപ്പെട്ട വര്‍ഷം തികയുന്ന അന്ന്, വത്സന്‍ കൊല്ലപ്പെട്ട അതേ സ്ഥലത്ത് വെച്ചായിരുന്നു ഈ പ്രതികാരകൊല.

ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ കോടതി വെറുതെ വിട്ട ഷിബിന്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെ പ്രതികാരം ഉണ്ടാകുമെന്നത് തീര്‍ച്ചയായിരുന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോയത് മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതൃത്വവും മാത്രമായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. കാരണം അത്രമാത്രം നിരുത്തരവാദപരമായിട്ടാണു ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങള്‍. ഷിബിന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ ഫേസ്ബുക്കില്‍ പേജുകള്‍ ഉണ്ടാക്കി അവരെ വീരന്മാരെ പോലെ വാഴ്ത്തിയും മന്ത്രിമാരുള്‍പ്പെടെയുള്ള ലീഗിലെ ഉന്നത നേതാക്കന്മാര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ചും നിരുത്തരവാദപരമായി നടപടിയായിരുന്നു.

[caption id="attachment_36705" align="alignleft" width="273"]14010004_1021915237926025_1664697238_n ഫെയ്സ് ബുക്കിൽ പ്രചരിച്ച ചിത്രങ്ങളിലൊന്ന്[/caption]

ഏതായാലും തളിപ്പറമ്പിലെ യൂത്ത് ലീഗ് നേതാവ് അരിയില്‍ ശുക്കൂറിനു ശേഷം മറ്റൊരു ലീഗ് പ്രവര്‍ത്തകന്‍ കൂടെ സിപിഐ(എം)-മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ ബലിയാടായി മാറിയിരിക്കുന്നു. സ്വന്തം പ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തിനു വലിയ വില കല്‍പ്പിക്കാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന ആരോപണത്തിനു അടിവരയിടുന്നതാണ് ഈ കൊലപാതകവും. ഭീഷണി ഉണ്ടായിട്ടും ലീഗ് പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം കൊടുക്കാനോ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്താനോ മുസ്ലിം ലീഗ് നേതൃത്വം താല്പര്യം കാണിച്ചില്ല എന്നു വ്യക്തം. മാത്രമല്ല പ്രകോപനം ഉണ്ടാക്കി സംഘര്‍ഷം ഉണ്ടാക്കുന്നതിനെതിരെയുള്ള അനിവാര്യമായ രാഷ്ട്രീയ ബോധവും അച്ചടക്കവും ലീഗ് അണികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിലും മുസ്ലിം ലീഗ് നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.

[caption id="attachment_36707" align="alignnone" width="640"]theyyampadi
ജൂൺ 15ന് ലേഖകൻ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഫെയ്സ് ബുക്കിൽ കുറിച്ചത്[/caption]

ലീഗ് അണികള്‍ കൊല്ലപ്പെട്ട കേസുകള്‍ ശരിയായ രീതിയിൽ നടത്തുന്നതിലും  കാണാം മുസ്ലിം ലീഗിന്റെ താത്പര്യക്കുറവ്. അരിയില്‍ ശുക്കൂര്‍ വധക്കേസ് അന്വേഷണം ഇപ്പോഴും പാതിവഴിപോലും പിന്നിട്ടില്ല. സിബിഐ അന്വേഷണം എന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട അവകാശവാദം ലീഗ് കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും സിബിഐ അന്വേഷണം  കോടതി ഇടപ്പെട്ട് തടഞ്ഞിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട എട്ടോളം കേസുകളാണു മുസ്ലിം ലീഗ് നേതൃത്വത്തിന്റെ താല്പര്യക്കുറവും ജാഗ്രതയില്ലായ്മയും കൊണ്ട് തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിക്കളഞ്ഞിട്ടുള്ളത്.

ആ തുടര്‍ച്ചയിലേക്ക് അസ്ലം വധക്കേസും എത്താതിരിക്കാന്‍ ലീഗ് നേതൃത്വവും അണികളും ജാഗ്രത പാലിക്കുമോ എന്ന് കണ്ടറിയണം. കാരണം മുസ്ലിം ലീഗ് നേതൃത്വവും സിപിഐ(എം) നേതൃത്വവും തമ്മിലുള്ള ഉന്നതതല സൗഹൃദ ബന്ധം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ആരോപണം ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ശക്തമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തുടര്‍ച്ചയായി മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടുന്ന ഐസ്‌ക്രീം കേസിലെ പുനരന്വേഷണത്തിനെതിരെ മന്ത്രിസഭയിലും പാര്‍ട്ടിയിലും മുന്നണിയിലും ഏറെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും അതൊക്കെ അവഗണിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തതും ഇപ്പോഴും തുടരുന്ന ഈ സൗഹൃദത്തിന്റെ ലക്ഷണങ്ങളായിട്ടാണു പലരും കാണുന്നത്.
അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി നിയമനടപടികളുമായും രാഷ്ട്രീയമായും മുസ്ലിം ലീഗ് എത്രമാത്രം മുന്നോട്ടുപോകുമെന്നതിനെ കുറിച്ച് അണികള്‍ക്ക് പോലും അമിതപ്രതീക്ഷയില്ല.
ആകെ സംഭവിക്കാന്‍ പോകുന്നത് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനു ലീഗും ലീഗിന്റെ പ്രവാസ സംഘടനയും നല്‍കുന്ന സാമ്പത്തിക സഹായമാണ്. നാദാപുരത്ത് നടക്കുന്ന എതു സംഘര്‍ഷത്തിന്റെയും കൊലപാതകത്തിന്റെയും തുടര്‍ച്ചയായി ലീഗിന്റെ പ്രവാസി ഘടകം വഴി ഒഴുകുന്ന ഈ സമ്പത്ത് നേതൃത്വങ്ങള്‍ക്കെതിരെ ഉയരുന്ന എല്ലാതരം ചോദ്യങ്ങളുടെയും ആരോപണങ്ങളുടെയും നിലനില്പിനെയെല്ലാം നിഷ്പ്രഭമാക്കുന്നു എന്നതാണ് വാസ്തവം.

Read More >>