നാദാപുരത്തിന്‍റെ രാഷ്ട്രീയ- വര്‍ഗീയ ചിത്രം

ഒരിടവേളയ്ക്ക് ശേഷം നാദാപുരം വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വേദിയാകുമ്പോള്‍ ഇവിടെയുള്ളവര്‍ക്ക് പറയാനുള്ളത് ഇരുപത്തിയെട്ട് വര്‍ഷത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രമാണ്

നാദാപുരത്തിന്‍റെ രാഷ്ട്രീയ- വര്‍ഗീയ ചിത്രം

ഒരിടവേളയ്ക്ക് ശേഷം നാദാപുരം വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വേദിയാകുമ്പോള്‍ ഇവിടെയുള്ളവര്‍ക്ക് പറയാനുള്ളത് ഇരുപത്തിയെട്ട് വര്‍ഷത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രമാണ്. കാലങ്ങളായി ഏറിയും കുറഞ്ഞും നിലനില്‍ക്കുന്ന നാദാപുരത്തിന്റെ കലുഷിത രാഷ്ട്രീയത്തിന്  മത-ജാതി സ്വാധീനവുമുണ്ട്..

നാദാപുരത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞ കുറേക്കാലം പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കണം, നാദാപുരത്തെ ജന്മി-കുടിയാന്‍ കാലഘട്ടം അതില്‍ പ്രധാനപ്പെട്ടതാണ്. അതില്‍ തന്നെ സമൂഹം, ആശയം, സാമ്പത്തിക മേഖലകള്‍ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. ജന്മി കുടിയാന്‍ കാലഘട്ടത്തിന്റെ തുടര്‍ച്ചയായി വന്ന വര്‍ഗ്ഗ സമരത്തിന്റെ ശേഷിപ്പുകൂടിയാണ് ഇന്നത്തെ നാദാപുരത്തിന്റ രാഷ്ട്രീയ കാലാവസ്ഥ.


വര്‍ഗ്ഗ സമരത്തിന്റെ ഉള്ളറയില്‍ ജാതി-മത ചിന്തകള്‍ സജീവമായിരുതിനാലും ഇപ്പോഴത് തുടരുന്നതിനാലും നാദാപുരത്തെ കൊലപാതകങ്ങള്‍ക്ക് വര്‍ഗ്ഗീയ വശംകൂടിയുണ്ടെന്ന് പറയാതിരിക്കാനാവില്ല. എന്നാല്‍ നാദാപുരത്തെ കൊലപാതക രാഷ്ട്രീയം ആരംഭിക്കുന്നത് നാദാപുരത്തിനടുത്ത് കക്കട്ടില്‍ മണ്ണിയൂര്‍ത്താഴെവച്ച് 1988-ല്‍ നമ്പോടന്‍ ഹമീദിന്റെ കൊലപാതകത്തോടുകൂടിയാണ്. അതോടെയാണ് നാദാപുരം രക്തക്കറ ഉണങ്ങാത്ത നാടായിമാറുന്നത്.

ഹമീദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട   പ്രതിഷേധപ്രകടനത്തില്‍ അന്നത്തെ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന എ.കണാരന് കല്ലേറേല്‍ക്കുകയുണ്ടായി. ഈ വാര്‍ത്ത നാദാപുരത്ത് പ്രചരിച്ചതോടെ അന്ന് അവിടെ വ്യാപക അക്രമങ്ങളുണ്ടായി. അക്രമത്തില്‍ ഒമ്പത് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. നാദാപുരം കലാപമെന്നറിയപ്പെടുന്ന ഈ സംഭവത്തിനുശേഷമാണ് ഇവിടം ശാന്തികെട്ട നാടായി മാറുത്.

രാഷ്ട്രീയ കലാപങ്ങളുടെ ഭൂമിക

എണ്പത്തിയെട്ടിലെ നാദാപുരം കലാപത്തിനുശേഷം പിന്നീട് അക്രമങ്ങള്‍ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും 2001-2002 കാലം നാദാപുരത്ത് അശാന്തിയുടെ ദിനങ്ങളായിരുന്നു. തെരുവംപറമ്പ് മാനഭംഗക്കേസുമായി ബന്ധപ്പെട്ട് കല്ലാച്ചിയില്‍ ടാക്‌സി ഡ്രൈവറായിരുന്ന സിപിഐ(എം) പ്രവര്‍ത്തകന്‍ ഈന്തുള്ളത്തില്‍ ബിനുവിന്റെ കൊലപാതകം നാദാപുരത്തെ കലാപ കലുഷിതമാക്കി. എന്നാല്‍ ഇതിന് കാരണമായി പറയപ്പെട്ടിരുന്ന തെരുവംപറമ്പ് മാനഭംഗം കെട്ടിച്ചമച്ചതായിരുന്നുവെന്ന്  പരാതിക്കാരിയായ യുവതി തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി.

2015-ലെ ഷിബിന്‍ വധക്കേസ് നാദപുരത്തെ വീണ്ടും കുരുതിക്കളമാക്കി.ഓരോ കൊലപാതകങ്ങള്‍ക്കും പിന്നാലെ വലിയ വര്‍ഗീയ കലാപങ്ങളാണ് നാദാപുരത്തും തൂണേരിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട 17 ഓളം പ്രതികളെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടതോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം നിരവധി തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതിലെ മൂന്നാം പ്രതി തന്നെയാണ് കഴിഞ്ഞ ദിവസംപട്ടാപകല്‍ തൂണേരിയില്‍ കൊല്ലപ്പെട്ടത്. വടകര താലൂക്കിലെ മറ്റേത് ഭാഗത്തുമില്ലാത്ത രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നാദാപുരത്തും പരിസര പ്രദേശത്തും പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ന്ന് വരുന്ന സമയത്തു തന്നെയാണ് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൂടിയായ അസ്ലം കൊല്ലപ്പെട്ടത് എന്നതും നാദാപുരത്തുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.

നാദാപുരത്തെ രാഷ്ട്രീയ സാഹചര്യത്തിനു പിന്നില്‍ ജാതി-മത ശക്തികളുടെ ശക്തമായ സ്വാധീനവുണ്ട്. ജന്മി-കുടിയാന്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട മുസ്ലിം-തീയ്യ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വേണം നാദാപുരത്തെ അസ്വസ്ഥകളെ വായിക്കാന്‍.

സംഘര്‍ഷമുണ്ടാവുമ്പോള്‍ രാഷ്ട്രീയം നോക്കാതെ വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും വ്യാപക അക്രമമുണ്ടാവുന്നത് ഇവിടെയുള്ളവരെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതിന് പരിഹാരം കാണാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ സമുദമായ മത സംഘടനകള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നാദാപുരത്തെ ഒടുവിലത്തെ സംഭവം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി നാദാപുരത്തുകാര്‍ തങ്ങളുടെ ജീവനും സ്വത്തിനും ചെറുതും വലുതുമായ ഭീഷണിയുമായി ജീവിച്ച് പോരുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പകയുടെ രാഷ്ട്രീയം കളിക്കുമ്പോള്‍ ഒന്നിനുമില്ലാത്തവരുടെ ജീവനും സ്വത്തും ഇതിന്റെ ഇരയായി മാറുന്ന അവസ്ഥ. ഏറെ വികസന സാധ്യതയുള്ളതും വളര്‍ന്ന് വരുന്ന് വരുന്നതുമായ നാടാണെങ്കിലും പേടികൊണ്ട് പലരും നാദാപുരത്തെ അവഗണിക്കുന്ന അവസ്ഥ.അതുകൊണ്ട് തന്നെ പ്രവാസികള്‍ ഏറെയുള്ള നാടാണെങ്കിലും നാദാപുരത്ത് തങ്ങള്‍ക്ക് ഒരു പെട്ടിക്കടപോലും തുടങ്ങാന്‍ പേടിയാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായാല്‍ പോലും അക്രമിക്കപ്പെടുന്നത് തങ്ങളുടെ ഈ സമ്പാദ്യങ്ങളായിരിക്കുമെന്നുള്ള തിരിച്ചറിവ് തന്നെ.

Story by