നാദാപുരം ഡിഫൻസ് ഫോഴ്സ് ആണ് പിന്നീട് എൻഡിഎഫ് ആയതെന്ന് എത്രപേർക്കറിയാം? നാദാപുരത്തെ കലാപരാഷ്ട്രീയത്തിന്റെ ചരിത്രത്തിലൂടെ...

ഈ കലാപങ്ങളിൽ നഷ്ടമെപ്പോഴും മുസ്ലീങ്ങൾക്കാണ്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നത് മുസ്ലീങ്ങളായതാണു കാരണം. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ രാജ്യത്തിന് സംഭാവന ചെയ്തത് നാദാപുരം കലാപങ്ങളായിരുന്നു എന്നു പറഞ്ഞാൽ എല്ലാമായി.

നാദാപുരം ഡിഫൻസ് ഫോഴ്സ് ആണ് പിന്നീട് എൻഡിഎഫ് ആയതെന്ന് എത്രപേർക്കറിയാം? നാദാപുരത്തെ കലാപരാഷ്ട്രീയത്തിന്റെ ചരിത്രത്തിലൂടെ...

ഷംസീർ

നാദാപുരത്തിനു വേദനിക്കുന്നത് കലാപങ്ങളിലാണ്, ഒറ്റയൊറ്റയായ കൊലപാതകങ്ങളിലല്ല. കക്ഷിരാഷ്ട്രീയഭേദമന്യേ അപരസമുദായക്കാരുടെ വീടുകൾ കൊള്ളയടിക്കാനുള്ള അവസരങ്ങളാണു കലാപങ്ങൾ. ഉപ്പുചിരട്ടമുതൽ ഉന്നക്കായ വരെ കലാപകാരികൾ കൊണ്ടുപോകും.

ഈ കലാപങ്ങളിൽ നഷ്ടമെപ്പോഴും മുസ്ലീങ്ങൾക്കാണ്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നത് മുസ്ലീങ്ങളായതാണു കാരണം. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ രാജ്യത്തിന് സംഭാവന ചെയ്തത് നാദാപുരം കലാപങ്ങളായിരുന്നു എന്നു പറഞ്ഞാൽ എല്ലാമായി.


കലാപങ്ങളിലൂടെ നിരന്തരം അനുഭവിക്കുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് നാദാപുരത്തെ ഒരു വിഭാഗം ആളുകളും സമീപപ്രദേശങ്ങളിലെ അഭ്യാസികളും ചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കുന്നത്. നാദാപുരം ഡിഫന്‍സ് ഫോഴ്‌സ് എന്ന പേരിലായിരുന്ന സംഘടന. കായികാഭ്യാസികളുടെ നേതൃത്വത്തില്‍  പരിശീലനവും രഹസ്യ ക്ലാസുകളും ആയിരുന്നു ആരംഭ ഘട്ടത്തില്‍ സംഘടിപ്പിച്ചത്. ലീഗിലെ ഒരു വിഭാഗവും പഴയ സിമി പ്രവര്‍ത്തകരും സിപിഐഎമ്മിന്റെ വര്‍ഗീയ ആക്രമണങ്ങളില്‍ എതിര്‍പ്പുള്ള വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന ആളുകളും ഇതിന്റെ ഭാഗമായി.

രഹസ്യമായാണ് ഈ സംഘടന നാട്ടില്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്.ഇതിന്റെ ആലോചനകളും ധനസമാഹരണവും എല്ലാം നടന്നത് ഗള്‍ഫ് നാടുകളില്‍ വച്ചായിരുന്നു. സംഘടനയുടെ വളര്‍ച്ചയും ഗള്‍ഫ് നാടുകളിലായിരുന്നു.

പിന്നീട് നാദാപുരത്തിന് പുറത്തേക്ക് സംഘടന അറിയപ്പെടാൻ തുടങ്ങി. നാദാപുരം ഡിഫന്‍സ് ഫോഴ്‌സ് മെല്ലെ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ആയി മാറി. തുടര്‍ന്ന് അഖിലേന്ത്യാ തലത്തിലേക്ക് വളര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടായി. എസ്ഡിപിഐ എന്ന രാഷ്ട്രീയകക്ഷി രൂപീകരിക്കുന്നതു വരെ ഒരേ സമയം ലീഗിലും എന്‍ഡിഎഫിലും നിലയുറപ്പിച്ചവരുണ്ടായിരുന്നു. നാദാപുരത്തെ വർഗീയവിദ്വേഷത്തിന്റെ അടിവേരുകൾ തേടിപ്പോകുമ്പോൾ സമീപകാലത്തുനിന്നുള്ള ഈ സംഭവവും ഓർമ്മിക്കാതെ തരമില്ല.

എന്റെ നാടിനു തൊട്ടടുത്തു കിടക്കുന്ന പ്രദേശമാണു നാദാപുരം. നാദാപുരത്തു ഹിന്ദുക്കളില്‍ വലിയ വിഭാഗം തീയ്യരാണ്. പഴയകാലത്ത് ഈ പ്രദേശത്തുണ്ടായിരുന്ന പ്രധാന ജന്മികള്‍ മുസ്ലീങ്ങളും. നാദാപുരം കൊലപാതകങ്ങളെ കുറിച്ചു പറഞ്ഞുതുടങ്ങുമ്പോള്‍ അവിടെ നിന്നു തുടങ്ങണം.

വാണിമേല്‍ എന്ന സ്ഥലത്ത് വച്ച് കുഞ്ഞിരാമന്‍ എന്നയാള്‍ കൊല്ലപ്പെട്ടതാണ് നാദാപുരം കൊലപാതക രാഷ്ട്രീയത്തിന്റെ തുടക്കം. കൃത്യമായി പറഞ്ഞാല്‍ 1973 ഒക്ടോബര്‍ 3 ന്.

പാലോറ മൂസ എന്ന ജന്മിയുടെ കാര്യസ്ഥനായിരുന്നു കുഞ്ഞിരാമന്‍. മൂസയുടെ തോട്ടത്തില്‍ നിന്ന് തേങ്ങ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കുഞ്ഞിരാമനും മൂസയും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തെ തുടർന്ന് കുഞ്ഞിരാമനും അനുജനും മൂസയോട് ചോദിക്കാന്‍ വരികയും  മൂസയുടെ ആളുകളുമായി തല്ലുണ്ടാവുകയും ചെയ്തു. തല്ലിനിടെ കുഞ്ഞിരാമന്‍ കത്തി എടുത്ത് വീശിയപ്പോള്‍ അവിടെയുണ്ടായിരുന്നവരിൽ ചിലർക്ക്   പരിക്കേറ്റു.

എന്നാല്‍ കുഞ്ഞിരാമന്റെ കത്തിക്കുത്തേറ്റ് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു എന്നായിരുന്നു നാട്ടിലുണ്ടായ പ്രചരണം. തുടര്‍ന്ന് ചിലർ ചേർന്ന് കുഞ്ഞിരാമനെ അങ്ങാടിയിലിട്ട് വെട്ടിക്കൊന്നു. അവിടെ നിന്നായിരുന്നു നാദാപുരത്തിന്റെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും കൊലപാതക രാഷ്ട്രീയത്തിന്റേയും തുടക്കം.

ജന്‍മിത്തത്തിന്റെ കാലം കഴിഞ്ഞിട്ടും നാദാപുരം ആ ശീലങ്ങള്‍ തന്നെ തുടര്‍ന്നുപോന്നു. ആളുകളോടുള്ള പെരുമാറ്റത്തിലും അഭിസംബോധനയിലും മുഴച്ചു നിന്ന ആ ശീലങ്ങള്‍ക്കെതിരെ എ കണാരന്‍ എന്ന മാര്‍ക്‌സിസ്റ്റ്  നേതാവിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് നാദാപുരം കലാപങ്ങളുടേയും കൊലപാതകങ്ങളുടേയും പിന്നീടുള്ള തുടര്‍ച്ചക്ക് കാരണം.

നാദാപുരത്തെ മുസ്ലീങ്ങളെല്ലാം മുസ്ലീം ലീഗില്‍ ചേര്‍ന്നപ്പോള്‍ തീയരെല്ലാം സിപിഐഎമ്മിന് കീഴില്‍ അണിനിരന്നു. നാദാപുരത്തെ സിപിഐഎമ്മിന്റെ സമാരാധ്യ നേതാവായി എ കണാരന്‍ മാറി. ഗള്‍ഫ് പണത്തിന്റെ തണലില്‍ മുസ്ലീങ്ങള്‍ സാമ്പത്തിക ഉന്നതി  കൈവരിച്ചു. ഇതോടെ നാടന്‍ പണിയും മേസ്തിരി പണിയും തെങ്ങുകയറ്റവുമായി ജീവിച്ചിരുന്ന തീയരും  മുസ്ലീംങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. അതും നാദാപുരത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കി. നിരവധി സമരങ്ങള്‍ അവിടെയുണ്ടായി. ചെറിയ ചെറിയ സംഘര്‍ഷങ്ങളും.

[caption id="attachment_37129" align="alignnone" width="640"]nadapuram-1 സംഘർഷത്തിൽ തകർന്ന വീടുകൾ[/caption]

അക്കാലത്താണ് കക്കട്ടില്‍ നമ്പോടന്‍കണ്ടി ഹമീദ് എന്നയാള്‍ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മുകാരാണെന്ന് ലീഗുകാര്‍ ആരോപിച്ചു. 1987 സെപ്റ്റംബര്‍ 17 ന് ഹമീദിന്റെ ഘാതകരെ പിടികൂടണം എന്ന് ആവശ്യപെട്ട് ലീഗുകാര്‍ കുറ്റ്യാടിയിലേക്ക്  പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പോലീസിന്റെ നിര്‍ദ്ദേശം വകവെക്കാതെ, ആ ജാഥയുടെ സമീപത്തുകൂടി കടന്നു പോവുകയായിരുന്ന കണാരന്റെ വാഹനം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.  കാര്‍ തല്ലിത്തകര്‍ത്തു. നിസാര പരിക്കേറ്റ കണാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

എന്നാല്‍  കണാരന്‍ കൊല്ലപ്പെട്ടു എന്ന് വ്യാപക പ്രചരണം ഉണ്ടായി. കണാരന്‍ കൊല്ലപ്പെട്ടു എന്ന് മൈക്ക് അനൗണ്‍സ്‌മെന്റ് പോലും ഉണ്ടായതായി പറയപ്പെടുന്നു. സഖാവ് കണാരേട്ടന്‍ നാദാപുരത്തെ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് വെറുമൊരു നേതാവായിരുന്നില്ല. നാദാപുരത്തെങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടു. ഒന്‍പതു പേരാണ് ആ കലാപത്തില്‍ ഇരു ഭാഗങ്ങളില്‍ നിന്നുമായി കൊല്ലപ്പെട്ടത്. രസകരമായ കാര്യം അതല്ല. ആ ജാഥ നയിച്ച ലീഗ് പ്രമാണിമാരാണ് ഹമീദിന്റെ കൊലയാളികളെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു.

പിന്നീടുണ്ടായ ചെറിയ ചെറിയ സംഘര്‍ഷങ്ങളും സമരങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ നാദാപുരം പൊതുവെ ശാന്തമായിരുന്നു.

എന്നാല്‍ 2001 ജൂലൈയില്‍ നാദാപുരത്ത് വീണ്ടും കലാപം തുടങ്ങി. പാറക്കടവില്‍ സ്ഥാപിച്ച ലീഗ് കൊടിയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ആ കലാപങ്ങള്‍ക്ക് കാരണം. എന്നാല്‍ അത് വെറുമൊരു കാരണം മാത്രമായിരുന്നു. പരസ്പരം സംശയത്തോടെ നോക്കുകയും ഭീതിയോടെ മാത്രം കാണുകയും ചെയ്യുന്ന രണ്ട് സമുദായങ്ങള്‍ തമ്മില്‍ കലാപം തുടങ്ങാനുള്ള ഒരു കാരണം.

[caption id="attachment_37130" align="alignnone" width="640"]nadapuram-2 സംഘർഷത്തിൽ തകർന്ന വീടുകൾ[/caption]

ആ കലാപത്തിലാണ്  ആദ്യമായി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.  സിപിഐഎം ആയിരുന്നു അതിന് തുടക്കമിട്ടത്. ആക്രമിച്ച് കൊള്ളയടിക്കുക എന്നതിന്റെ തുടക്കം അവിടെ നിന്നായിരുന്നു.  തെങ്ങും വാഴയും കവുങ്ങും  മാത്രം ആക്രമിക്കപ്പെടുന്ന കലാപ രീതിയില്‍ നിന്നുള്ള മാറ്റത്തിനുള്ള തുടക്കം കൂടിയായിരുന്നു അത്. ഇരുഭാഗത്തുനിന്നും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് നാദാപുരത്തേക്ക് അക്രമികളെ ഇറക്കിയതും അക്കാലത്തായിരുന്നു. വൃദ്ധ ജനങ്ങള്‍ പോലും അന്ന് കൊല്ലപ്പെട്ടു.

ഈ കലാപത്തിലാണ് തെരുവന്‍പറമ്പ് നബീസ ബലാത്സംഗ കേസുണ്ടാകുന്നത്. ഈന്തുള്ളതില്‍ ബിനു എന്ന ആള്‍ വീട് ആക്രമിച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്ന നബീസ നല്‍കിയ പരാതി. സംസ്ഥാനത്തെയാകെ ഇളക്കി മറിച്ച കേസായിരുന്നു അത്. പിന്നീട് ഈന്തുള്ളതില്‍ ബിനു കൊല്ലപ്പെട്ടു. ആ കൊലയ്ക്ക് പിന്നില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു.

ആ ബലാത്സംഗക്കേസ് വെറും കെട്ടിച്ചമച്ച ഒന്നാണെന്ന് പിന്നീട് നബീസ തന്നെ വെളിപ്പെടുത്തി.  എന്നാല്‍ സിപിഐഎം ഭീഷണിപ്പെടുത്തി മൊഴി മാറ്റിയതാണെന്നായിരുന്നു ലീഗ് ഭാഷ്യം.

ബിനുവിന്റെ കൊലപാതകത്തിന് ശേഷം കുറേ കാലം  നാദാപുരം പൊതുവേ ശാന്തമായിരുന്നു. എങ്കിലും  ഇടയ്ക്കും തലയ്ക്കുമെല്ലാം ചെറിയ ചെറിയ സംഘര്‍ഷങ്ങളുണ്ടായിക്കൊണ്ടിരുന്നു. ഇതില്‍ പലതും പുറംലോകമറിഞ്ഞില്ല. ഈ കാലത്താണ് നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മ്മിക്കുകയായിരുന്ന അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. ഇപ്പോള്‍ സിപിഐഎം പ്രവര്‍ത്തകനായ തൂണേരി ഷിബിനും ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലമും. അറിഞ്ഞും അറിയാതെയും ചെറുതും വലുതുമായി അനേകം സംഘര്‍ഷങ്ങള്‍. ഇതാണ് നാദാപുരം കലാപങ്ങളുടെ ഏകദേശ രൂപം.

ഇരു പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കും സ്വന്തമായി ബോംബ് നിര്‍മ്മാണ ഫാക്ടറികളുണ്ട്. ആദ്യകാലത്ത് നാടന്‍ ബോംബുകളായിരുന്നു നിര്‍മ്മിച്ചത്. എന്നാല്‍ ഇന്നത് സ്റ്റീല്‍ ബോംബ് നിര്‍മ്മാണത്തിലേക്ക് മാറി. ബോംബ് നിര്‍മ്മിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടവരും അംഗഭംഗം വന്നവരും നിരവധി.

നാദാപുരം സംഘര്‍ഷത്തിനിടെ പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വവും പക്ഷപാതപരമായ ഇടപെടലുകളും കലാപം ആളിക്കത്തിക്കാന്‍ കാരണമായിട്ടുണ്ട്. കലാപം കെട്ടടങ്ങുമ്പോള്‍ നിരപരാധികളെ വേട്ടയാടുകയും കസ്റ്റഡിയില്‍ എടുത്ത് മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്യുക എന്ന പോലീസ് രീതി പ്രദേശത്ത് സാധാരണമാണ്. കലാപകാരികളെ പോലും വെല്ലുന്ന രീതിയിലാണ് പോലീസ് വീടുകളില്‍ കയറി അതിക്രമം കാണിക്കുന്നത്. പോലീസ് ആത്മാര്‍ത്ഥമായി ഇടപെട്ട കാലങ്ങളിലെല്ലാം നാദാപുരം വളരെ പെട്ടന്ന് തന്നെ സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.

സിപിഐഎം പ്രവര്‍ത്തകനായ തൂണേരി ഷിബിന്‍ കൊലപാതകം,  ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലം കൊലപാതം എന്നിവയിലേക്കെല്ലാം വഴിവച്ചത് പോലീസിന്റെ ജാഗ്രതക്കുറവാണെന്ന്  ആരോപണം ഉയരുന്നുണ്ട്.

സമീപ പ്രദേശങ്ങളെ അപേക്ഷിച്ച്  ആര്‍എസ്എസിന് വളരെ സ്വാധീനം കുറഞ്ഞ മേഖലയാണ് നാദാപുരം. കാരണം വ്യക്തമാണ്. ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം പ്രദേശത്ത് സിപിഐഎം നല്ല രീതിയില്‍ പയറ്റുന്നുണ്ട്.

ബിനു വധക്കേസിലെ പ്രതിക്ക് നേരെയുണ്ടായ ആക്രമണവും ഇപ്പോള്‍ ഷിബിന്‍ വധക്കേസിലെ പ്രതിക്ക് നേരേയുണ്ടായ ആക്രമണവും ഉദാഹരണം. മുസ്ലീം ലീഗിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും പ്രതിരോധിക്കുക എന്നതിലപ്പുറം, പ്രതികാരം ചെയ്യാതിരിക്കുന്ന സാഹചര്യം ബിജെപി മുതലെടുക്കാതിരിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് സിപിഐഎം നൽകുന്ന വിശദീകരണം.  കലാപങ്ങളില്‍ കൊല്ലപ്പെട്ടവര്‍ ലീഗുകാരും സിപിഐഎം പ്രവര്‍ത്തകരും മാത്രമായിരുന്നില്ല. വീടു നഷ്ടപ്പെട്ടവരും ഇരു പാര്‍ട്ടിയില്‍പ്പെട്ടവര്‍ മാത്രമായിരുന്നില്ല.

സിപിഐഎം അണികളെ സംബന്ധിച്ച് പാര്‍ട്ടി എന്നത് പ്രത്യയശാസ്ത്രമോ ഏതെങ്കിലും തരത്തിലുള്ള ആദര്‍ശ പ്രതിബദ്ധതയോ ആയിരുന്നില്ല. വര്‍ഗീയാടിസ്ഥാനത്തിലുള്ള ഒരു കൂട്ടായ്മ എന്ന തരത്തിലേക്ക് പാര്‍ട്ടി മാറിയിരുന്നു. അതുകൊണ്ടു തന്നെ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗാടിസ്ഥാനത്തിലുള്ള ഐക്യമോ വധശിക്ഷയ്ക്ക് എതിരെയുള്ള നിലപാടോ ഒന്നും നാദാപുരം സഖാക്കള്‍ക്ക് ബാധകമായിരുന്നില്ല. എപ്പോഴൊക്കെ സിപിഐഎം  ആ നിലപാടില്‍ നിന്ന് വ്യതിചലിച്ച് സഞ്ചരിക്കാന്‍ ശ്രമിച്ചോ അപ്പോഴൊക്കെ പ്രദേശത്ത് ആര്‍എസ്എസ്  വളരാന്‍ ശ്രമിച്ചു. അപ്പോള്‍ പാര്‍ട്ടി വീണ്ടും പഴയ രീതിയിലേക്ക് മടങ്ങി.

കണ്ണൂരില്‍ പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മില്‍ കുടിപ്പകയാണെങ്കില്‍ നാദാപുരത്ത് നേരെ മറിച്ചാണ് അവസ്ഥ. നേതാക്കള്‍ തമ്മില്‍ വിദേശ രാജ്യങ്ങളില്‍ വച്ച് കൂട്ടുകച്ചവടം വരെയുണ്ടെന്നാണ് ഉയരുന്ന ആരോപണം. നിലവിലെ സാഹചര്യത്തില്‍ മുസ്ലിം ലീഗിലായാലും സിപിഐഎമ്മിലായാലും നേതൃത്വത്തിന് അണികളുടെ മേല്‍ കാര്യമായ നിയന്ത്രണമില്ലെന്നാണ് സത്യം.

വര്‍ഗീയ മനസ് പേറുന്ന സാധാരണ അണികള്‍ പണ്ട് കവലകളില്‍ നടത്തിയിരുന്ന പോര്‍വിളികളും കള്ള പ്രചരണങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലേക്ക് മാറിയിട്ടുണ്ടെന്ന് മാത്രം.

വര്‍ഗീയതയാണ് ഈ കാലഘട്ടത്തിലും ഇരു കക്ഷികളിലേയും സാധാരണ അണികളെ നയിക്കുന്നത്. അതുകൊണ്ടാണ് സിപിഐഎം പ്രവർത്തകരുടെ തല്ലു കിട്ടിയ സിപിഐഎം അനുഭാവികളായ മുസ്ലീങ്ങളും ലീഗുകാരുടെ തല്ല് കിട്ടിയ കോണ്‍ഗ്രസ് അനുഭാവികളായ ഹിന്ദുക്കളുമെല്ലാം നാദാപുരത്തുണ്ടാകുന്നത്. ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ നടന്ന ആക്രമണത്തില്‍ രാഷ്ട്രീയ ഭേദമെന്യേ മുസ്ലീം വീടുകളും അസ്ലം കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹിന്ദുക്കളുടെ വീടുകളും ആക്രമിച്ചത്.

ഷിബിന്‍ വധത്തെ തുടര്‍ന്നുണ്ടായത്ര വ്യാപക അക്രമങ്ങള്‍ അസ്ലം വധത്തിന് ശേഷമുണ്ടായിട്ടില്ല.

കലാപകാലത്ത് നാദാപുരത്ത് മുസ്ലീംലീഗും കോണ്‍ഗ്രസും ബിജെപിയും സിപിഐഎമ്മും ആര്‍എംപിയും സുടാപ്പിയും അല്ല ഉള്ളത്.   'ഓലെ ആളും മ്മളെ ആളും' മാത്രം. ഇതൊക്കെ തന്നെ നാദാപുരത്തിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നുണ്ട്.

പരസ്പരം അവിശ്വസിക്കുന്നവരും മനോഭാവത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തവരുമായ അണികള്‍, ഗോത്ര കാലഘട്ടത്തില്‍ പിന്തുടര്‍ന്ന് വന്നതു പോലെയുള്ള പക ആളിക്കത്തിക്കാന്‍ പോന്ന സംഭവ വികാസങ്ങള്‍,  അത്തരം അണികളാല്‍ നയിക്കപെടുന്ന നേതൃത്വം, ഇവയെല്ലാം കൂടിച്ചേരുമ്പോള്‍ നാദാപുരത്തിന്റെ കലാപചരിത്രം തുടരുക തന്നെ ചെയ്യും.

Read More >>