ഭൂപടത്തിൽ പോലും ഇല്ലാത്ത ഒരു സംഘർഷബാധിത മേഖലാ പോലീസ് സ്റ്റേഷൻ; അക്രമങ്ങൾ തുടർക്കഥയാവുമ്പോഴും മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ ഫോണില്ല

ഫോൺ ഇല്ലാത്തതിനാൽ ഇരിട്ടി പോലീസ് സ്റ്റേഷനിലേക്കോ ജില്ലാ കൺട്രോൾ റൂമിലേക്കോ വിളിച്ച് പരാതി പറയേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്

ഭൂപടത്തിൽ പോലും ഇല്ലാത്ത ഒരു സംഘർഷബാധിത മേഖലാ പോലീസ് സ്റ്റേഷൻ; അക്രമങ്ങൾ തുടർക്കഥയാവുമ്പോഴും മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ ഫോണില്ല

കണ്ണൂർ: സിപിഐഎം - ആർ എസ് എസ് സംഘർഷം തുടർക്കഥയാവുന്ന മുഴക്കുന്ന് മേഖലയിൽ ഒരു പോലീസ് സ്റ്റേഷൻ ഒക്കെയുണ്ട്. പക്ഷെ ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ പോലും അങ്ങനെയൊന്ന് കാണില്ല! ശ്രീകൃഷ്ണജയന്തി ദിനത്തിലെ ഘോഷയാത്രകളെ തുടർന്ന് നിരവധി അക്രമങ്ങൾ ഉണ്ടായ പ്രദേശമാണ് ഇത്. രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വധശ്രമം ഉൾപ്പെടെ നിരവധി കേസുകളും ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഒരു പ്രശ്നമുണ്ടായാൽ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാൻ കഴിയില്ല, കാരണം പോലീസ് സ്റ്റേഷനിൽ ഫോൺ ഇല്ല.


ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന മുഴക്കുന്ന് മേഖലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്നാണ് നാല് മാസം മുൻപ് മുഴക്കുന്നിൽ പുതിയ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനിൽ നാളിതുവരെയായി ഫോൺ അനുവദിച്ചിട്ടില്ല. രാത്രി നേരത്തുൾപ്പെടെ റോഡ് യാത്രികർക്കും മറ്റും ഉപകാരപ്പെടാനായി പോലീസ് സ്റ്റേഷൻ, ഔട്ട് പോസ്റ്റുകൾ മുതലായവ ഗൂഗിൾ മാപ്പിൽ ഉൾപ്പെടെ അടയാളപ്പെടുത്താറുണ്ടെങ്കിലും അവിടെയൊന്നും മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇല്ല. ഫോൺ ഇല്ലാത്തതിനാൽ ഇരിട്ടി പോലീസ് സ്റ്റേഷനിലേക്കോ ജില്ലാ കൺട്രോൾ റൂമിലേക്കോ വിളിച്ച് പരാതി പറയേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. ഇത് നടപടികളെ വൈകിപ്പിക്കുന്നു എന്ന ആശങ്കയും ഉണ്ട്.

മുൻപ് ടിപി വധക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത് ഈ മേഖലയിൽ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നടന്ന സംഘർഷങ്ങളിൽ നിരവധി സിപിഐഎം ആർഎസ്എസ് പ്രാദേശിക നേതാക്കൾക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ നവീകരണം എത്രയും വേഗം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Read More >>