ലീഗ് പ്രവർത്തകനെ വധിച്ച എസ്‌ഡിപിഐക്കാരെ കൊല്ലാൻ പരസ്യ ആഹ്വാനവുമായി കുറ്റ്യാടി എംഎൽഎ; പാറയ്ക്കൽ അബ്ദുള്ളയുടെ കെഎംസിസി വേദിയിലെ പ്രസംഗം വിവാദത്തിൽ

അജ്മാനിൽ നടന്ന കെഎംസിസിയുടെ യോഗത്തിലാണ് മുസ്ലീം ലീഗ് എംഎൽഎയുടെ വിവാദപ്രസംഗം. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന പ്രസംഗദൃശ്യങ്ങൾ നാരദാ ന്യൂസിനു ലഭിച്ചു.

ലീഗ് പ്രവർത്തകനെ വധിച്ച എസ്‌ഡിപിഐക്കാരെ കൊല്ലാൻ പരസ്യ ആഹ്വാനവുമായി കുറ്റ്യാടി എംഎൽഎ; പാറയ്ക്കൽ അബ്ദുള്ളയുടെ കെഎംസിസി വേദിയിലെ പ്രസംഗം വിവാദത്തിൽ

അജ്മാൻ: വേളത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ നസീറിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ എസ്‌ഡിപിഐക്കാരെ വധിക്കണമെന്ന പരസ്യ ആഹ്വാനവുമായി കുറ്റ്യാടി എംഎൽഎയും പ്രമുഖ വ്യാപാരിയുമായ പാറക്കൽ അബ്ദുള്ള രംഗത്ത്. അജ്മാനിൽ നടന്ന കെഎംസിസിയുടെ യോഗത്തിലാണ് മുസ്ലീം ലീഗ് എംഎൽഎയുടെ വിവാദപ്രസംഗം. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന പ്രസംഗദൃശ്യങ്ങൾ നാരദാ ന്യൂസിനു ലഭിച്ചു.

[video width="600" height="330" align="center" mp4="http://ml.naradanews.com/wp-content/uploads/2016/08/video-1471787605.mp4"][/video]

"(നസിറുദ്ദീൻ) എന്ന പൊന്നുമോൻ മരിച്ചുപോയത് എന്തിനുവേണ്ടിയാ? എസ്‌ഡിപിഐക്കാരെന്ന കാപാലികർ എന്തിനുവേണ്ടി കൊന്നു അവനെ? നിങ്ങൾ ചിന്തിക്കണം. ഓരേ കൊല്ലണ്ടേ? ആ കൊന്നവരെ കൊല്ലണ്ടേ? അസ്ലമിന്റെ കാപാലികരെ മാത്രം കൊന്നാ മതിയോ? ഇവനെയും കൊല്ലണ്ടേ? ആദ്യം കൊല്ലേണ്ടതാരെയാ? എന്താ, എസ്‌ഡിപിഐക്കാരനെ കൊല്ലാൻ മുസ്ലീം ലീഗിന്റെ പ്രവർത്തകന്മാർക്കെന്തോ വെഷമമുണ്ടായിട്ടാ? എന്താ വെഷമമൊണ്ടോ? എസ്‌ഡിപിഐക്കാരനെ കൊല്ലാൻ നമുക്കെന്താ പ്രയാസമുണ്ടോന്നു ചോദിക്കയാ… എന്താ വെഷമം?,” ലീക്കായ വീഡിയോയിൽ പാറയ്ക്കൽ അബ്ദുള്ള ചോദിക്കുന്നു.

ഇക്കഴിഞ്ഞ ജൂലൈ 15 വെള്ളിയാഴ്ച രാത്രി 8.30നാണ് വേളം പഞ്ചായത്തിലെ ചേരാപുരം പുത്തലത്ത് ലീഗ് - എസ്‌ഡിപിഐ സംഘർഷത്തെ തുടർന്ന് കിഴക്കേപ്പുത്തലത്ത് കെ പി നസീർ (25) എന്ന പുളിഞ്ഞോളി നസിറുദ്ദീനു വെട്ടേറ്റത്. ഗുരുതരമായ പരിക്കുകളോടെ ആദ്യം പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ നിലനിത്താൻ കഴിഞ്ഞില്ല.

വാക്കുതർക്കത്തെ തുടർന്നുണ്ടായ നേരിയ സംഘർഷത്തിനിടയ്ക്ക് അനന്തോത്ത് സലഫി മസ്ജിദിനടുത്തുള്ള റോഡിൽ വച്ച് ബൈക്കിലെത്തിയ പ്രതികൾ നസീറിനെ കുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്. മുസ്ലീം യൂത്ത് ലീഗിന്റെയും സമുദായ സംഘടനയായ എസ്‌കെഎസ്എസ്എഫിന്റെയും സജീവ പ്രവർത്തകനായിരുന്നു, നസീർ.

രാത്രി ബന്ധുവായ കുട്ടിയോടൊപ്പം വീട്ടിലേക്കു വരുമ്പോഴായിരുന്നു നസീർ ആക്രമണത്തിന് ഇരയായത് എന്നാണ് മുസ്ലീം ലീഗിന്റെ ഭാഷ്യം. നേരത്തെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ലീഗിലുണ്ടായ തർക്കം പരിഹരിക്കാൻ ചേർന്ന രഹസ്യയോഗം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച എസ്‌ഡിപിഐ പ്രവർത്തകനെ നസീറിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.

കൊലപാതകത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ കൊല്ലയിൽ അബ്ദുറഹ്മാൻ, കപ്പച്ചേരി ബഷീർ എന്നിവരെ പൊലീസ് അന്വേഷണവിധേയമായി കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് പ്രദേശത്ത് എസ്‌ഡിപിഐക്കാരുടെ വീടുകൾക്കും വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായ ആക്രമണമാണു നടന്നത്. വേളം ഹൈസ്കൂൾ റോഡിലുള്ള ബഷീറിന്റെ വീടുവളഞ്ഞ ലീഗുകാർ വീട്ടുസാമഗ്രികൾ അടിച്ചുതകർത്തശേഷം വീടു തീവച്ചു. കാക്കുനിയിൽ ചരളിൽ സലാമിന്റെ കർട്ടൻ നിർമ്മാണ കടയും അഗ്നിക്കിരയായി. അബ്ദുറഹ്മാന്റെ മോട്ടോർ ബൈക്ക്, കാർ, ഓട്ടോ റിക്ഷ എന്നിവ കത്തിച്ചു. വലകെട്ടിൽ തിരുവങ്ങോത്ത് മഠത്തിൽ മുഹ്സിന്റെ മോട്ടോർ ബൈക്ക് കത്തിച്ചു.

കുറ്റ്യാടിയിൽ സിപിഐ(എം)ന്റെ സിറ്റിങ് സീറ്റിലാണ് പാർടി ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യ കൂടിയായ കെ കെ ലതികയെ മലർത്തിയടിച്ച് ലീഗ് സ്ഥാനാർത്ഥിയായ പാറയ്ക്കൽ അബ്ദുള്ള അട്ടിമറി വിജയം നേടിയത്. കേരളത്തിലും ഗൾഫ് നാടുകളിലുമായി പടർന്നു കിടക്കുന്ന എംആർഎ എന്ന റെസ്റ്ററന്റ് ശൃംഖലയുടെ ഉടമസ്ഥരിൽ ഒരാളാണ് ഇദ്ദേഹം. കെഎംസിസി ഖത്തർ യൂണിറ്റിന്റെ പ്രതിനിധി എന്ന നിലയിലാണ് ഇ അഹമ്മദിന്റെ അടുപ്പക്കാരനായ അബ്ദുള്ള ഇത്തവണ സ്ഥാനാർത്ഥിയായത്. ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ലീഗിനുള്ളിൽ പേമെന്റ് സീറ്റ് വിവാദം ഉയർന്നിരുന്നു.