ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി വിഷ്ണുവിന്റെ സംഗീതം

മലയാളികള്‍ നെഞ്ചിലേറ്റിയ ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖമായ വിഷ്ണു വിജയ് യാണ്

ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി വിഷ്ണുവിന്റെ സംഗീതം

'ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി സര്‍വ ലോകര്‍ക്കും നന്മയേകും കാരുണ്യമായി'. അടുത്തിടെ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ്‌ ഗാനമാണിത്. മലയാളികള്‍ നെഞ്ചിലേറ്റിയ ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖമായ വിഷ്ണു വിജയ് യാണ്.  മനസ്സിനെ തൊട്ടുണർത്തിയ ഗപ്പിയിലെ മനോഹര ഗാനങ്ങൾ മലയാള സിനിമ ലോകത്തിന് സമ്മാനിച്ച വിഷ്ണു വിജയ്‌ നാരദ ന്യൂസിനോടൊപ്പം...


  • ഗപ്പിയിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റാണ്, ആദ്യ ചിത്രത്തിലൂടെ തന്നെ വിഷ്ണുവിനെ മലയാള സിനിമ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. വിഷ്ണുവിന്റെ സിനിമ ലോകത്തേക്കുള്ള യാത്ര എവിടെ തുടങ്ങി?


എന്റെ അച്ഛന്‍  വിജയൻ അമ്പലപ്പുഴ  തിരുവനന്തപുരം സംഗീത കോളെജിലെ വോക്കല്‍ പ്രൊഫസറായിരുന്നു. അദ്ദേഹമാണ് എന്റെ ആദ്യത്തെ ഗുരു. അമ്മ അമ്മിണി  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹെഡ് നഴ്സായി വിരമിച്ചു. അച്ഛന്‍ വീട്ടില്‍ സംഗീത ക്ലാസുകള്‍ എടുക്കുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ഒരു കസിന്‍ നല്ലവണം ഫ്ലൂട്ട് വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വായന കേട്ടാണ് എനിക്കും ഫ്ലൂട്ടിനോട് ഇഷ്ടം തോന്നി തുടങ്ങിയതും പിന്നീട് അത് പഠിച്ചതും. ഒന്നാം ക്ലാസ് മുതല്‍ ഞാന്‍ ഫ്ലൂട്ട് വായിക്കാന്‍ തുടങ്ങി, ഒരു നാലാം ക്ലാസ് ഒക്കെയായപ്പോള്‍ അച്ഛന്‍ തന്നെ  കുടമാളൂർ ജനാര്‍ദ്ദനൻ സാറിന്റെ അടുത്ത് കൊണ്ട് ആക്കുകയായിരുന്നു. അവിടെ നിന്നും സംഗീതം ചിട്ട‌യോടെ പഠിക്കാന്‍ തുടങ്ങി. പിന്നീട് തിരുവനന്തപുരം സംഗീത കോളേജില്‍ ഞാന്‍ വോക്കല്‍ സംഗീതത്തില്‍ ഡിഗ്രി ചെയ്തു. ഈ സമയത്താണ് ഗപ്പിയുടെ സംവിധായികന്‍ ജോണ് പോളിനെ ഞാന്‍ പരിചയപ്പെടുന്നത്.

  • ജോണ്‍ പോളുമായുള്ള സൗഹൃദം


കോട്ടയംകാരനായ ജോണ് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത് സിനിമ എന്നാ സ്വപ്നം മനസ്സില്‍ കണ്ടു കൊണ്ടാണ്. നാളെ ഒരു കാലത്ത് സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ചാണ് അവന്‍ സംഗീത കോളേജില്‍ എത്തിയത്. അവിടെ വച്ച് ഞങ്ങള്‍ സുഹൃത്തുക്കളായി. പിന്നീട് അവന്‍ രാജേഷ്‌ പിള്ള, സമീര്‍ താഹിര്‍ എന്നിവരുടെ അസിസ്റ്റന്റായി. ഞാന്‍ ചെന്നൈയില്‍ പോയി ചില സംഗീത സംവിധായകരുടെ സഹായിയായി ജോലി ചെയ്തു. രണ്ടു മേഘലകളിലായി പണി പഠിക്കാന്‍ 'അസിസ്റ്റ്‌' ചെയ്തു തുടങ്ങിയ ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമ എന്നാ സ്വപ്നം അന്നേ കണ്ടു തുടങ്ങിയിരുന്നു.

  • ഗപ്പിക്ക് മുന്നേ വന്ന കബാലി  


തിരുവനന്തപുരത്തെ പഠനത്തിന് ശേഷം ഞാന്‍ ചെന്നൈയില്‍ പോയി. അവിടെ വച്ച് പല പല സംഗീത സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചു. നാല് അഞ്ചു വര്‍ഷം ചെന്നൈയിലായിരുന്നു എന്റെ ജീവിതം. അങ്ങനെ ഒരവസരത്തിലാണ് സന്തോഷ്‌ നാരായണനെ ഞാന്‍ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ കൂടെ ചില ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഒടുവില്‍ കബാലിയില്‍ എത്തുകയുമായിരുന്നു. ചിത്രത്തിലെ പല പ്രധാന ഭാഗങ്ങളിലും ഫ്ലൂട്ട് വായിക്കാന്‍ സാധിച്ചുവെന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

  • തമിഴില്‍ നിന്നും മലയാളത്തിലേക്ക്..


തമിഴ് സിനിമയില്‍ നിന്നും മലയാളത്തിലേക്ക് വന്നപ്പോള്‍ വലിയ വ്യത്യാസമൊന്നും എനിക്ക് തോന്നുന്നില്ല. പല പല സംഗീത സംവിധായകരുടെ കൂടെ എല്ലാ ഭാഷകളിലും ഞാന്‍ വര്‍ക്ക് ചെയ്തു. അതുകൊണ്ട് തന്നെ സിനിമയെന്നതില്‍ ഉപരി ഭാഷയെ കുറിച്ച് ഞാന്‍ അധികം ചിന്തിച്ചിട്ടില്ല. സംഗീതത്തിന് ഭാഷ ഒരു ഘടകമാണ് എന്ന് എനിക്ക് തോന്നുന്നില്ല.

  • ഗപ്പിയുടെ സംഗീത സംവിധായകന്‍ വിഷ്ണു വിജയ്‌ 


ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമെന്ന രീതിയില്‍ ടെന്‍ഷനുണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍ ഇല്ല, കാരണം ഗപ്പി എന്നാ ചിത്രത്തിന് എന്താണാവവശ്യം എന്ന് എനിക്ക് പറഞ്ഞു തരാന്‍ ജോണിന് സാധിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഇതിലെ ഒരു ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോഴും ജോണ് എന്റെ കൂടെയുണ്ടായിരുന്നു. അവന് എന്താണ് ആവശ്യം എന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്റെ ജോലി തൃപ്തികരമായി ചെയ്യാന്‍ എനിക്ക് സാധിച്ചുവെന്നാണ് എന്റെ വിശ്വാസം.

  •  'ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി, സര്‍വ ലോകര്‍ക്കും നന്മയേകും കാരുണ്യമായി..ചിത്രത്തിലെ ആദ്യ ഗാനം...


ഈ ഗാനം ചെയ്യാന്‍ നേരം ജോണ് എന്നോട് പറഞ്ഞത് ഇത് ഒരു കരോള്‍ ഗാനത്തിന്റെ രൂപത്തില്‍ വേണമെന്നാണ്. അത് മനസ്സില്‍ വച്ച്, സ്ഥിരം പള്ളിയില്‍ കണ്ടു വരുന്ന കരോള്‍ ഗാനങ്ങള്‍ മനസ്സില്‍ വച്ചാണ് ഇതിനു സംഗീതം ഒരുക്കിയത്. ഗാനത്തിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന ദൃശ്യങ്ങള്‍ അതിന് കൂടുതല്‍ ഭംഗി നല്‍കിയെന്നാണ് എന്റെ വിശ്വാസം. ഗാനം തീയറ്ററില്‍ കണ്ടപ്പോള്‍, ഒരു യാഥാര്‍ഥ പള്ളി പെരുന്നാള്‍ നേരില്‍ കാണുന്ന ഫീല്‍ എനിക്ക് കിട്ടി. അത് സംവിധായകന്റെ വിജയമാണ്.

  • ക്ലീഷേ ചോദ്യമാണ്, എങ്കിലും..പാട്ട് എഴുതിയ ശേഷം സംഗീതം ചെയ്യുന്നതാണോ, അതോ സംഗീതം ചെയ്ത ശേഷം വരിയെഴുതുന്നതാണോ താങ്കള്‍ക്ക് താല്‍പര്യം? 


എന്റെ ആദ്യ ചിത്രമാണ് ഗപ്പി. ഇതില്‍ നാല് പാട്ടുകളുണ്ട്. നാലിലും ട്യൂണിട്ട ശേഷമാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഇതില്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ട് എന്ന് ചോദിച്ചാല്‍ അത് ആപേക്ഷികമാണ്. ചില അവസരങ്ങളില്‍ സംഗീതത്തിന് അനുസരിച്ച് വരികള്‍ എഴുതുന്നതാകും എളുപ്പം, ചില അവസരങ്ങളില്‍ തിരിച്ചും. ഗപ്പിയിലെ ക്ലൈമാക്സ് ഗാനത്തിലെ അനുപല്ലവി, വരികള്‍ എഴുതിയ ശേഷം കമ്പോസ് ചെയ്തതാണ്.

  • പുതിയ പ്രോജക്ടുകള്‍ 


ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒന്നും പറയാറായിട്ടില്ല.