കേരളാ സലഫികള്‍ ഐഎസിൽ എത്തിയതെങ്ങനെ? അഥവാ ഗള്‍ഫ് സലഫിസവും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവും, ഒരു പിളര്‍പ്പിന്റെ കഥ

പല്ലിയെ കൊന്നാല്‍ പുണ്യം കിട്ടും, ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും അതിന് ജിന്ന് ചികിത്സ നടത്തണം. മാരണങ്ങളും ദുര്‍മ്മന്ത്രവാദങ്ങളും ഫലിക്കും. പ്രവാചകന് പോലും ബാധിച്ചിട്ടുണ്ട്. സംഗീതം ഹറാമാണ് , സ്ത്രീകള്‍ മുഖം മറയ്ക്കണം, പുരുഷന്മാര്‍ താടി വടിക്കുന്നത് ഹറാമാണ്, നാല് പെണ്ണ് കെട്ടാന്‍ സാധിക്കുന്നവര്‍ നാല് പെണ്ണ് കെട്ടണം തുടങ്ങി പരിഹാസ്യവും അപരിഷ്‌കൃതവുമായ ഒട്ടേറെ പുതിയ വിചിത്ര വാദങ്ങള്‍ സലഫി മന്‍ഹജ് എന്ന പേരില്‍ പ്രചരിക്കപെട്ടു.

കേരളാ സലഫികള്‍ ഐഎസിൽ എത്തിയതെങ്ങനെ? അഥവാ ഗള്‍ഫ് സലഫിസവും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവും, ഒരു പിളര്‍പ്പിന്റെ കഥ

ഷംസീർ

നവ സലഫികള്‍ മുജാഹിദ് പ്രസ്ഥാനത്തെ സംശയ നിഴലിലാക്കിയ ആരോപണങ്ങളുടെ പാശ്ചാത്തലത്തില്‍ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ പിളര്‍പ്പിന്റെ കാരണങ്ങളേയും കുറിച്ച്,   1922 ൽ കൊടുങ്ങല്ലൂരില്‍ വെച്ച് രൂപീകരിച്ച മുസ്ലിം ഐക്യ സംഘമാണ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന് തുടക്കം കുറിച്ച പ്രസ്ഥാനം.

ഭൗതിക വിദ്യാഭ്യാസത്തോടും ആധുനിക ചികിത്സാ രീതികളോടും  പുറം തിരിഞ്ഞ് നിന്ന് മാല മൗലീദുകളിലും മന്ത്രവാദത്തിലും ഉറുക്കിലും പിഞ്ഞാണമെഴുത്തിലും തഴച്ചിടപ്പെട്ട്, സ്ത്രീധനം ഉള്‍പടെ ഉള്ള ആചാരങ്ങളില്‍ മുഴുകി, ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞ്  ജീവിച്ച മുസ്ലിം സമുദായത്തില്‍ നവോത്ഥാനത്തിന്റെ കൊടുങ്കാറ്റായിരുന്നു മുസ്ലിം ഐക്യ സംഘം. സമൂഹത്തിന്റെ ആകെയുള്ള വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അവര്‍ അജണ്ടയാക്കി. ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന് കൊണ്ടായിരുന്നു മുസ്ലിം ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.


അതിന്റെ തുടര്‍ച്ചയായി 1924 ഇല്‍ കേരളാ ജമീഅത്തുല്‍ ഉലമ രൂപീകരിച്ചു. 1950 ൽ കെ എന്‍ എം , 1967 ൽ യുവജന പ്രസ്ഥാനമായ ഐ എസ് എം, 1972 ൽ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം എസ് എം,  1987 ൽ വനിതാ വിഭാഗം എം ജി എം എന്നിവ രൂപീകരിച്ചു.  ഇതാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രം.

സലഫികള്‍ എന്നാല്‍ ആഗോള തലത്തിലുള്ള ഏതെങ്കിലും സംഘടനയോ കൂട്ടായ്മയോ അല്ല. ഏതെങ്കിലും സംഘടനയുടെ കേരളാ വിഭാഗമായല്ല മുജാഹിദ് പ്രസ്ഥാനം രൂപീകരിച്ചത്. കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ നില നിന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടുകയും മതവും ഭൗതികതയും ഒന്നിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ഒരു രീതി ശാസ്ത്രമാണ് മുജാഹിദുകള്‍ പരിചയപ്പെടുത്തിയത്. സ്ത്രീകള്‍ വീട്ടിലെ ഉള്ളറകളില്‍ ഒതുങ്ങിയ കാലത്ത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും സ്ത്രീകള്‍ കച്ചയും മുണ്ടും മാത്രമേ ധരിക്കാവൂ എന്ന് പൗരോഹിത്യം അലിഖിത നിയമം നടപ്പിലാക്കിയ കാലത്ത് സാരിയും ഇറക്കമുള്ള ബ്ലൗസും ധരിക്കാമെന്ന് പ്രചരിപ്പിച്ചും മുജാഹിദ് പ്രസ്ഥാനം മുന്നേറി. പുരുഷന്മാര്‍ മുടി മൊട്ടയടിച്ച് തൊപ്പിയും വെച്ച് നടക്കുന്ന കാലത്ത് മുടി വെച്ച് തൊപ്പി ധരിക്കാതെ പാന്റ് ധരിച്ച് അവര്‍ പുതിയ ഒരു മാതൃക കാണിച്ചു.

മുജാഹിദ് പ്രസ്ഥാനം അതിവേഗം വളര്‍ന്നു. 90 കളില്‍ എത്തുമ്പോഴേക്കും മുജാഹിദ് പ്രസ്ഥാനം അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ എത്തിയിരുന്നു. മുസ്ലിം സമുദായത്തിലെ പുരോഗമന വാദികള്‍ എന്നും മത നവീകരണ പ്രസ്ഥാനം എന്നുമുള്ള മേല്‍വിലാസം അപ്പോഴേക്കും പൊതുസമൂഹം നല്‍കിയിരുന്നു. മുജാഹിദ് സമ്മേളനങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നേ പത്രങ്ങളുടെ മുന്‍ പേജില്‍ സ്ഥാനം പിടിച്ചു.

മുജാഹിദ് സമ്മേളന വേദികളില്‍ ക്ഷണിക്കപ്പെടുക എന്നത് അംഗീകാരമായി രേഖപെടുത്തപെട്ടു. യുവജന വിഭാഗമായ ഐ എസ് എം ആകട്ടെ ആ കാലത്ത് നാമ്പിട്ട മുസ്ലിം തീവ്ര ആശയ ഗ്രൂപ്പുകള്‍കെതിരെ വിട്ടു വീഴ്ച ഇല്ലാത്ത സമരം നടത്തി.  'മതം ഭീകരതയല്ല' 'തീവ്രവാദം ഇസ്ലാം അല്ല' തുടങ്ങിയ ലേബലുകളില്‍ ക്യാമ്പയിനുകളും സമ്മേളനങ്ങളും നടത്തി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഒട്ടേറേ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഒരു നോമ്പ് കാലത്ത് ആരംഭിച്ച ഭക്ഷണ വിതരണം പുതിയ  തുടക്കം കുറിച്ചു. ഒരു മുസ്ലിം സംഘടന മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച് നടത്തുന്ന ആദ്യ ഭക്ഷണ വിതരണ പരിപാടി ആയിരുന്നു അത്.

ഐ എസ് എം മെഡികെയറിന്റെ നേതൃത്വത്തില്‍ സൗജന്യ മരുന്ന് വിതരണം. പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവർത്തനം എന്നിവ സംസ്ഥാന വ്യാപകമായ പ്രവര്‍ത്തന പദ്ധതിയില്‍ പെടുത്തി.  അനാഥാലയങ്ങള്‍ക്ക് പകരം അനാഥരായ കുട്ടികള്‍ക്ക് വീടുകളില്‍ സഹായം എത്തിക്കുക എന്ന ചരിത്രപരമായ പദ്ധതിക്ക് തുടക്കം കുറിച്ചതും അക്കാലത്താണ്. മരം നടുക, വളര്‍ത്തുക തുടങ്ങിയ പരിസ്ഥിതി സംരക്ഷണ പരിപാടികളും സംസ്ഥാന വ്യാപകമായി നടപ്പാക്കി.

മുജാഹിദ് പ്രസ്ഥാനം അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയുള്ള സഞ്ചാരത്തിലായിരുന്നു. വിവിധ സംസ്ഥാന സമ്മേളനങ്ങളിലൂടെ സംഘടന വലിയ രീതിയില്‍ വളര്‍ന്നു. അവിടെ നിന്നാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അധഃപതനത്തിന്റെ തുടക്കം.

പിളര്‍പ്പിന് കാരണമാകുന്ന ആഗോള സലഫിസം

സലഫിസം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത് സത്ചരിതരായ  മുന്‍ഗാമികളെ പിത്തുടരുക എന്നാണ്. അതായത് പ്രവാചകന്റെ ഏറ്റവും ഉത്തമ ശിഷ്യര്‍ എങ്ങനെ ഇസ്ലാമിനെ ഉള്‍കൊണ്ടോ ആ രീതിയില്‍ ഉള്‍കൊള്ളുക എന്നാണ്.

കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് എത്തിയ ചില ആളുകള്‍ അവിടെ ഉള്ള സലഫി ആശയക്കരായ ചില ഷൈഖുമാരുമായുള്ള സമ്പർക്കം വഴി സലഫിസം എന്ന പേരില്‍ പുതിയ ചില രീതികള്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തു.

ഗള്‍ഫ് നാടുകളില്‍ സലഫിസത്തിന്റെ പേരില്‍ ഉള്ള പലതും കേരളത്തിലെ മുജാഹിദ് ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇത് പിന്നീട് മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന് ഒരു കാരണമായിത്തീർന്നു.  ഇസ്ലാം എന്നാല്‍ തൗഹീദ് (ഏക ദൈവ വിശ്വാസം) പ്രചരിപ്പിക്കുക മാത്രമാണെന്നും ഹുസൈന്‍ മടവൂരിനെ പോലെ ഉള്ളവര്‍ സംഘടനയെ തെറ്റായ രീതിയില്‍ നയിക്കുകയാണെന്നും യുവാക്കളെ വഴി തെറ്റിക്കുകയാണെന്നും ആരോപണമുണ്ടായി.

മുജാഹിദ് പ്രസ്ഥാനം അരനൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന ഫലമായി, ഒരു പരിധി വരെ നിര്‍മ്മാര്‍ജ്ജനം ചെയ്ത വിശ്വാസ മാലിന്യങ്ങള്‍, ഗള്‍ഫ് സലഫിസത്തിന്റെ മറവില്‍ രഹസ്യമായി വീണ്ടും പ്രചരിപ്പിക്കപെട്ടു. അത്തരം ആളുകള്‍ സംഘടനയ്ക്കകത്ത് ഉപജാപക സംഘങ്ങളായി നിലയുറപ്പിച്ചു . രഹസ്യ യോഗങ്ങളും കൂടിയാലോചനകളും ഉണ്ടായി. പ്രായമായ ഒരു വലിയ വിഭാഗം പണ്ഡിതൻമാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഈ വിഭാഗം വിജയിച്ചു. ഒട്ടേറേ ഉലച്ചിലുകള്‍ക്ക് ശേഷം മുജാഹിദ് പ്രസ്ഥാനം രണ്ടായി പിളര്‍ന്നു. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മര്‍ക്കസുദ്ദഅവ  കേന്ദ്രീകരിച്ചും ഔദ്യോഗിക വിഭാഗം എന്ന് അറിയപ്പട്ടവര്‍ സി ഡി ടവര്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം ആരംഭിച്ചു.
പരസ്പരം കുറ്റപെടുത്തിയും ആദര്‍ശ വ്യതിയാനം ആരോപിച്ചും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നോട്ടീസുകളും പുസ്തകങ്ങളും സിഡിയും സമ്മേളനങ്ങളും നടത്തി. ഗള്‍ഫ് സലഫിസത്തിന്റെ പ്രചാരകരായതിന്റെ പേരില്‍  ഒഴുകി വരുന്ന കോടികളുടെ ബലത്തില്‍ മറ്റെല്ലാം  അവഗണിക്കപെട്ടു. ആദര്‍ശപരമായി എതിര്‍പക്ഷത്തുള്ള സുന്നി സംഘടനകളില്‍ നിന്നും അനേകം പേര്‍ ഔദ്യോഗിക വിഭാഗം മുജാഹിദിലേക്ക് ഒഴുകി വന്നു. ഔദ്യോഗിക വിഭാഗത്തില്‍ പിന്നെയും പല ഉള്‍പിരിവുകള്‍ ഉണ്ടായി. കുവൈറ്റ്, യമന്‍, സൗദി അറേബ്യ തുടങ്ങിയ വിവിധ ഗള്‍ഫ് നാടുകളിലെ  പണ്ഡിതന്മാരുടെ വിചിത്ര ആശയങ്ങളും ആദര്‍ശങ്ങളും സലഫീ മന്‍ഹജ് എന്ന പേരില്‍ പ്രചരിക്കപെട്ടു.

പല്ലിയെ കൊന്നാല്‍ പുണ്യം കിട്ടും, ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും അതിന് ജിന്ന് ചികിത്സ നടത്തണം. മാരണങ്ങളും ദുര്‍മ്മന്ത്രവാദങ്ങളും ഫലിക്കും.  പ്രവാചകന് പോലും ബാധിച്ചിട്ടുണ്ട്. സംഗീതം ഹറാമാണ് , സ്ത്രീകള്‍ മുഖം മറയ്ക്കണം, പുരുഷന്മാര്‍ താടി വടിക്കുന്നത് ഹറാമാണ്, നാല് പെണ്ണ് കെട്ടാന്‍ സാധിക്കുന്നവര്‍ നാല് പെണ്ണ് കെട്ടണം തുടങ്ങി പരിഹാസ്യവും അപരിഷ്‌കൃതവുമായ ഒട്ടേറെ പുതിയ വിചിത്ര വാദങ്ങള്‍ സലഫി മന്‍ഹജ് എന്ന പേരില്‍ പ്രചരിപ്പിക്കപെട്ടു.

പിളര്‍പ്പിന്റെ പ്രധാന കാരണക്കാരിൽ ഒരാളായ സുബൈര്‍ മങ്കട, പിളര്‍പ്പിന്റെ ആരംഭ കാലത്ത് തന്നെ ഔദ്യോഗിക വിഭാഗത്തില്‍ നിന്നും വേറിട്ട് മലപ്പുറം ജില്ലയിലെ അത്തിപാറ എന്ന സ്ഥലത്ത്  ഭൂമി വാങ്ങുകയും അവിടെ തന്റെ അനുയായികള്‍ക്കൊപ്പം  വീടുകള്‍ ഉണ്ടാക്കി താമസം ആരംഭിക്കുകയും ചെയ്തു. ബഹുസ്വര സമൂഹത്തില്‍ നിന്ന് വേറിട്ട് ജീവിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ നീക്കം ഉണ്ടായത്.

ആ രീതിയില്‍ ഉള്ള ആശയക്കാരും അപ്പോഴേക്കും സലഫി ലേബലില്‍ ഉദയം കൊണ്ടിരുന്നു. യഥാര്‍ത്ഥ സലഫി മന്‍ഹജ് നിലനില്‍ക്കുന്നത് യമനില്‍ ആണെന്നും യമനില്‍ പോയി താമസിക്കുക എന്നതാണ് സലഫികളുടെ ചുമതല  എന്നും വിശ്വസിക്കുന്ന ഒരു വിഭാഗവും   ഉദയം കൊണ്ടിരുന്നു. ഇങ്ങനെ കേരളത്തിലെ പാരമ്പര്യ മുജാഹിദുകാര്‍ക്കിടയിൽ  അപരിചിതമായ പല ആശയങ്ങളും ചിന്താധാരകളും സലഫി എന്ന പേരില്‍ പ്രചരിക്കപെട്ടു.

ഹദീസ് ഗവേഷണങ്ങള്‍ എന്നപേരില്‍ ആയിരുന്നു ഇത്തരം പല ആശയങ്ങളും പ്രചരിപ്പിക്കപ്പെട്ടത്. ഔദ്യോഗിക വിഭാഗത്തില്‍ തന്നെ പലരും ഇത്തരം പരിഹാസ്യ ആശയപ്രചരണങ്ങളെ കടുത്ത ഭാഷയില്‍ എതിര്‍ത്തു. അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ സംഘടനാ തലത്തില്‍ തന്നെ വിലക്കാനുള്ള ശ്രമങ്ങള്‍ ഗുണം ചെയ്തു.

ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ഈ അവസരത്തില്‍ ഔദ്യോഗിക വിഭാഗവുമായി ലയിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇരു വിഭാഗത്തിലും ഉള്ള മുതിര്‍ന്ന പല പ്രവര്‍ത്തകരുടേയും മരണം  ഉണ്ടാക്കിയ വൈകാരിക അന്തരീക്ഷവും അതിനൊരു കാരണമായി. എന്നാല്‍ ഔദ്യോഗിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ശംസുദ്ദീന്‍ പാലത്ത്, ഹുസൈന്‍ സലഫി അബ്ദുറഹ്മാന്‍,  സലഫി സുഹൈര്‍ ചുങ്കത്തറ,  സകരീയ സ്വലാഹി എന്നിവരും യുവജന വിഭാഗത്തിലെ വലിയ ഒരു വിഭാഗവും ഇതിനെ ശക്തമായി എതിര്‍ത്തു. അങ്ങനെ ആ നീക്കങ്ങള്‍ പൊളിഞ്ഞു.

തുടര്‍ന്ന് അവസാനിപ്പിച്ചു എന്ന് സത്യം ചെയ്ത പല വിചിത്ര ആശയങ്ങളും രഹസ്യമായ് പ്രചരിപ്പിക്കപെട്ടു. ഗള്‍ഫ് നാടുകളിലേ അത്തരം ആശയക്കാരായ സംഘടനകളില്‍ നിന്ന് ലഭിക്കുന്ന അളവറ്റ സാമ്പത്തിക സഹായങ്ങളും പലര്‍ക്കും അത്തരം ഗള്‍ഫ് സ്ഥാപനങ്ങളില്‍  ലഭിച്ച ഉയര്‍ന്ന വേതനത്തോടുള്ള ജോലിയും ഇതിന് ആക്കം കൂട്ടി. ഒടുവില്‍ ഔദ്യോഗിക വിഭാഗം വീണ്ടും പിളര്‍ന്നു. ജിന്ന് ഗ്രൂപ്പ് എന്നറിയപെട്ട വിഭാഗവും അതില്‍ നിന്നും സകരിയാ സ്വലാഹിയുടെ നേതൃത്വത്തില്‍ വേറേ വിഭാഗവും യമന്‍ സലഫിസത്തില്‍ ആകൃഷ്ടരായ വേറെ വിഭാഗവും രൂപപ്പെട്ടു.

സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ അത്തിപാറയില്‍ ഉണ്ടായിരുന്നവരും പിളർന്നു. അങ്ങനെ കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിരുന്ന അതിന്റെ നായകസ്ഥാനം വഹിച്ചിരുന്ന മുജാഹിദ് പ്രസ്ഥാനം പല കഷണങ്ങളായി പിളര്‍ന്നു. ആദ്യകാല മുജാഹിദുകള്‍ മിതത്വത്തിന്റേയും  ശാസ്ത്രീയ ചികിത്സയുടേയും ആധുനിക വിദ്യാഭ്യാസത്തിന്റേയും ദേശീയ ബോധത്തിന്റേയും മതേതരത്വത്തിന്റേയും പ്രചാരകരായിരുന്നെങ്കില്‍ നവ സലഫികളില്‍ പല വിഭാഗങ്ങളും അതിന്റെ എതിര്‍ ദിശയിലായിരുന്നു,  ചിന്തയും പ്രവൃത്തിയും.

ഇന്നും ബഹുഭൂരിപക്ഷം മുജാഹിദുകളും അത്തരം ഭ്രാന്തുകളില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നത് വസ്തുതയാണ്. ഗള്‍ഫ് സലഫിസത്തിന്റെ ബാനറില്‍ പ്രചരിപ്പിച്ചതൊക്കെയും ഇസ്ലാമിക വിരുദ്ധ ആശയങ്ങളാണെന്ന് അവര്‍ വിശ്വസിക്കുന്നു. പക്ഷെ സമൂഹത്തിന്റെ മുന്നില്‍ മുജാഹിദ് പ്രസ്ഥാനം ഇന്ന് വലിയ രീതിയില്‍ സംശയിക്കപെടുന്നു. എത്രയൊക്കെ വിചിത്രാശയങ്ങള്‍ക്ക് പിറകേ പോയിട്ടുണ്ടെങ്കിലും ആത്മീയ തീവ്രത പുലര്‍ത്തുന്നുണ്ടെങ്കിലും മറ്റ് തീവ്രവാദത്തിലേക്ക് ചെന്നെത്തിയിട്ടില്ലാത്ത നവ സലഫികളിലെ യമന്‍ ആരാധകരുടെയൊക്കെ പ്രവൃത്തിയുടെ ഫലമായി ഐ എസ് ബന്ധുത്വം പോലും ആരോപിക്കപെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിനിടക്ക് സംഭവിച്ച മറ്റ് ചിലകാര്യങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിന് എല്‍പ്പിച്ച മാനക്കേട് വേറെ.

ശംസുദ്ദീന്‍ പാലത്തിനെ സ്ത്രീ പീഡന കേസില്‍ അറസ്റ്റ് ചെയ്തതും ഔദ്യോഗിക വിഭാഗത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിൽ ഒരാളായ അബ്ദുറഹ്മാന്‍ സലഫിയെ ജോലി   ചെയ്യാത്ത ദിവസം കള്ള ഒപ്പിട്ട് ശമ്പളം തട്ടിയ സംഭവത്തില്‍ സർവകലാശാല  തരം താഴ്ത്തിയതും ചില ഉദാഹരണങ്ങള്‍..

കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന് വിത്ത് പാകിയ, ദേശീയ പ്രസ്ഥാനത്തിലടക്കം പങ്കാളിത്തം  ഉണ്ടായിരുന്ന നവലോകത്തേക്ക് മുസ്ലിം സമുദായത്തെ കൈപിടിച്ച് നടത്തിയ ഒരു പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല അവസ്ഥയാണിത്.

ഇത്തരത്തിലാണ് കേരള മുസ്ലിങ്ങളെ ഐ എസ് ആരോപണത്തിന്റെ നിഴലിലേക്ക് നവ സലഫികള്‍ നയിച്ചത്. സംശയ നിഴലില്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തെ  തളയ്ക്കാനും ആദര്‍ശപരമായി  അധ:പതിപ്പിക്കുവാനും പണത്തിന്റെ ശക്തി എങ്ങനെ കാരണമായിത്തീരും എന്നത് കൂടി ഇതില്‍ അടങ്ങിയിട്ടുണ്ട്.