മുദ്രാ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന ഏജൻസികൾ സജീവം; ആളുകളെ ആകർഷിക്കുന്നത് പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകി

മുദ്രാ ലോണ്‍ നല്‍കുന്നതിനായി സര്‍ക്കാറോ ബാങ്കുകളോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം. അപേക്ഷകന്റെ യോഗ്യതയും പ്രൊജക്റ്റും നോക്കി ലോൺ അനുവദിക്കുന്നത് അതത് ബാങ്ക് മാനേജര്‍മാരാണ്. ലോൺ അനുവദിക്കാൻ ഒരു ഏജന്‍സിയുടേയും നിര്‍ദേശങ്ങളോ, അഭിപ്രായങ്ങളോ ബാങ്ക് കണക്കിലെടുക്കാറില്ല.

മുദ്രാ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന ഏജൻസികൾ സജീവം; ആളുകളെ ആകർഷിക്കുന്നത് പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകി

മലപ്പുറം: പൊതുമേഖലാ ബാങ്കുകള്‍ വഴി ഈടില്ലാതെ നല്‍കുന്ന മുദ്രാ ലോണിന്റെ പേരിലും വ്യാപകമായ തട്ടിപ്പ്. അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രൊഫൈലും നടത്താനുദ്ദേശിക്കുന്ന പദ്ധതിയും മാത്രം പരിശോധിച്ച് പത്ത് ലക്ഷം രൂപ വരെ നല്‍കുന്ന മുദ്രാ ലോണിന് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖകള്‍ മാത്രമേ ആവശ്യമുള്ളു. ഈ പദ്ധതിയുടെ പേരിലാണ് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി ചില വ്യാജ ഏജന്‍സികള്‍ ലക്ഷങ്ങള്‍ തട്ടുന്നത്.

manorama"മുദ്രാ ലോണ്‍, ഈടാവശ്യമില്ലാത്ത ബാങ്ക് ലോണിന് പ്രൊജക്റ്റ്, റിപ്പോര്‍ട്ട്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഫ്രാഞ്ചൈസികളെ നിയമിക്കുന്നു. കൂടുതലറിയാന്‍  friends of kerala സെമിനാറില്‍ പങ്കെടുക്കുക. പ്രവേശന ഫീസ് 600 രൂപ. ആഗസ്റ്റ്   നാലിന് കോഴിക്കോട്, 6ന് വയനാട്, 10 ന് തൊടുപുഴ, 12 ന് ഇടുക്കി." പിന്നെ സ്ഥാപനത്തിന്റെ പേരായ വെല്‍ത്ത് ഒമേഗയുടെ പേരും ഫോണ്‍ നമ്പറും - കഴിഞ്ഞ ഞായറാഴ്ച്ച മലയാള മനോരമ പത്രത്തില്‍ വന്ന പരസ്യമാണിത്.


മുദ്രാ ലോണിന്റെ പേരില്‍ പണം  തട്ടുന്ന സംഘമാണെന്ന് സംശയം തോന്നിയതിനാലാണ് പരസ്യത്തില്‍ നൽകിയ നമ്പറില്‍ നാരദാ ന്യൂസ് ബന്ധപ്പെട്ടത്.  ഫോൺ സംഭാഷണം ചുവടെ:-

റിപ്പോര്‍ട്ടര്‍ :  പരസ്യം കണ്ടു വിളിക്കുകയാണ്, വിവരങ്ങള്‍ അറിയാന്‍?സ്ത്രീ      :  ലോണിനാണോ?  ഫ്രാഞ്ചൈസിക്കാണോ?

റിപ്പോര്‍ട്ടര്‍. :  രണ്ടിനും ആണെങ്കില്‍?
സ്ത്രീ     :  അങ്ങിനെ പറയരുത്? ഏതെങ്കിലും ഒന്ന് പറയൂ?
റിപ്പോര്‍ട്ടര്‍:  എന്നാൽ ലോൺ വിവരങ്ങളെ കുറിച്ച് പറയൂ.
സ്ത്രീ     :  വെറുതെ വിവരങ്ങൾ അറിയാന്‍ മാത്രമാണല്ലേ?  ( ചിരിക്കുന്നു)
റിപ്പോര്‍ട്ടര്‍ : നിങ്ങള്‍ വിവരം പറയാന്‍ വേണ്ടിയല്ലെ നമ്പര്‍ കൊടുത്തത് ?
സ്ത്രീ      :  അതെ . പറയാം. സ്വന്തമായി തൊഴില്‍ തുടങ്ങാന്‍ മുദ്രാ ലോണ്‍ എങ്ങിനെയാണ് കിട്ടുന്നതെന്ന് അറിയാനും ബാങ്കുകള്‍ എന്തൊക്കെ അനുവദിക്കും,എന്തിനൊക്കെയാണ് ഫണ്ടിംഗ് കൂടുതല്‍ കിട്ടുക, കുറവ് കിട്ടുക, അപേക്ഷിക്കുന്നതിന് മുമ്പ് എന്തൊക്കെ വേണം, ആദ്യം എന്തൊക്കെ കാണിച്ചിരിച്ചിരിക്കണം, ഷോപ്പാണെങ്കില്‍ അതില്‍ എന്തൊക്കെ ചെയ്യണം,എന്തൊക്കെ കാര്യങ്ങള്‍ വേണം ,അതില്‍ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍, ഇങ്ങിനെയുള്ള കുറെ കാര്യങ്ങള്‍ തരും. കൂടാതെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി നൽകുകയും ചെയ്യും.

റിപ്പോര്‍ട്ടര്‍.:  ഇതിന് ഫീസ് എത്രയാണ് ?

സ്ത്രീ:  പതിനായിരം രൂപ. ആദ്യം അയ്യായിരം. ബാക്കി പിന്നീട് നൽകിയാൽ മതി.
റിപ്പോര്‍ട്ടര്‍:  ഇത് ലോണ്‍ പാസ്സായ ശേഷം അല്ലെ അടയ്ക്കേണ്ടത്  ?
സ്ത്രീ :  അല്ല, ആദ്യം തരണം. പ്രൊജക്റ്റ് റിപ്പോര്‍ട്ടിന്റെ ഫീസാണ്.
റിപ്പോര്‍ട്ടര്‍: ലോണ്‍ കിട്ടിയില്ലെങ്കിലും അടയ്ക്കണോ?
സ്ത്രീ : വേണം. ലോണ്‍ ഞങ്ങള്‍ തന്നെ വേണമെങ്കില്‍ ശരിയാക്കി തരും. അതിന് പതിനായിരം വേറെ അടയ്ക്കണം. ആകെ 20000 രൂപ.
റിപ്പോര്‍ട്ടര്‍:  നിങ്ങളുടെ ഓഫീസ് എവിടെയാണ്?
സ്ത്രീ : പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി മാരാമണ്ണില്‍. അവിടെ ഫ്രാഞ്ചൈസി വേണ്ടവര്‍ക്ക് സെമിനാര്‍ നടത്തുന്നുണ്ട്.  അവിടെ വന്നാല്‍ വിവരങ്ങള്‍  അറിയാം.
റിപ്പോര്‍ട്ടര്‍:  അതിന് ഫീസുണ്ടോ?
സ്ത്രീ :   ഉണ്ട് 600. നിങ്ങള്‍ക്ക് എത്ര വയസായി?

റിപ്പോര്‍ട്ടര്‍: 28
സ്ത്രീ : അപ്പോള്‍ 300 രൂപ മതിയാകും ഫീസ് .
റിപ്പോര്‍ട്ടര്‍: ഫ്രാഞ്ചൈസിക്ക് രജിസ്ട്രേഷന്‍ ഫീസ് വല്ലതും അടയ്ക്കണോ..?
സ്ത്രീ : ഫ്രാഞ്ചൈസിക്ക് പഞ്ചായത്തില്‍ അമ്പതിനായിരം രൂപ. ഒക്ടോബര്‍ 1 ന് മുമ്പാണെങ്കില്‍ 35000 രൂപ. മുനിസിപ്പാലിറ്റിയില്‍ രണ്ട് ലക്ഷം രൂപ. ഒക്ടോബര്‍ ഒന്നിന് മുമ്പാണെങ്കില്‍ 1 ലക്ഷം. ഇത് മൂന്നു ഗഡുക്കളായി അടച്ചാല്‍ മതി. കോര്‍പ്പറേഷന്‍ ഏരിയയില്‍ ഫ്രാഞ്ചൈസി കൊടുക്കുന്നില്ല.
റിപ്പോര്‍ട്ടര്‍:  ഫ്രാഞ്ചൈസി വേണ്ടെങ്കില്‍ ഫീസ് മടക്കി തരുമോ?
സ്ത്രീ :  ഇല്ല. ഒരിക്കല്‍ അടച്ചാല്‍ പിന്നെ മടക്കി ലഭിക്കില്ല. പകരം മാസാ മാസം നിങ്ങള്‍ക്ക് ഓഫീസില്‍ ട്രെയിനിങ്ങ് തരും.
റിപ്പോര്‍ട്ടര്‍ : ലക്ഷങ്ങള്‍ വാങ്ങി അതിന് മാത്രം മൂല്യമുള്ള എന്ത്  ട്രെയിനിങ്ങ് ആണ് നിങ്ങള്‍ നല്‍കുന്നത്?
സ്ത്രീ : അതൊക്കെ ഓഫീസില്‍ വന്നാല്‍ അറിയാം. നിങ്ങള്‍ അറിയാത്ത പല കാര്യങ്ങളും വെല്‍ത്ത് ഒമേഗയില്‍ നടക്കുന്നുണ്ട്?
റിപ്പോര്‍ട്ടര്‍: ഇതൊക്കെ ആര്‍ക്കും തുടങ്ങാവുന്ന ഫ്രാഞ്ചൈസിയല്ലേ? അതിന് നിങ്ങള്‍ക്ക് എന്തിനാണ് പണം നല്‍കുന്നത്?
സ്ത്രീ : എന്നാല്‍ നിങ്ങള്‍ തുടങ്ങിക്കോ...
റിപ്പോര്‍ട്ടര്‍: ഇത് ഗവൺമെന്റ് അംഗീകൃതം ആണോ ?
സ്ത്രീ : ഗവൺമെന്റ് അംഗീകൃതം അല്ല.
റിപ്പോര്‍ട്ടര്‍:: പിന്നെ നിങ്ങള്‍ക്ക് പണം വാങ്ങാനുള്ള എന്ത് യോഗ്യതയാണ് ഉള്ളത് ? എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങുന്നത് ?
സ്ത്രീ: ഇതൊക്കെ അറിയാന്‍ നിങ്ങള്‍ ഞങ്ങളുടെ ഓഫീസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കു. 300 രൂപ അടച്ചാല്‍ മതി.
റിപ്പോര്‍ട്ടര്‍:  ഈ നിസ്സാര കാര്യം അറിയാന്‍ എന്തിനാണ് പത്തനംതിട്ടയിലെ നിങ്ങളുടെ ഓഫീസില്‍ വന്ന് പണം അടയ്ക്കുന്നത്? പണം പിരിക്കാനുള്ള യോഗ്യതയെന്തെന്ന് പറയു.?
സ്ത്രീ :  ഇതിപ്പോള്‍ നാലാമത്തെ ഒടക്കു കേസാണല്ലോ. രാവിലെ മുതല്‍ മൂന്നെണ്ണം കഴിഞ്ഞു. ഒരു ആര്‍. എസ് എസു കാരി വിളിച്ചു. അവര്‍ കേസ് കൊടുക്കാന്‍ പോകുകയാണെന്നു പറഞ്ഞു. ഈ വിവരം ഞാന്‍ ഞങ്ങളുടെ ബിസിനസ് ഹെഡ്ഡിനെ അറിയിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു, കേസ് കൊടുക്കുന്നെങ്കില്‍ ഒരു താങ്ക്സ് പറയാന്‍. അതു തന്നെ ഞാന്‍ നിങ്ങളോടും പറയുന്നു. പോയി കേസു കൊടുക്കു. താങ്ക്സ്.
റിപ്പോര്‍ട്ടർ: വിവരങ്ങള്‍ അറിയാനാണ് വിളിച്ചത്, കേസു കൊടുക്കാനല്ല.
സ്ത്രീ : ഞങ്ങളെ നിരവധി സംഘടകളാണ് വിളിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ഞങ്ങള്‍ സംഘടനകള്‍ക്ക് ചെയ്തു കൊടുക്കാറില്ല. അതിന്റെ കാര്യമൊന്നും നിങ്ങളോട് പറയാനില്ല. നിങ്ങള്‍ അറിയാത്ത പല കാര്യങ്ങളും വെല്‍ത്ത് ഒമേഗയില്‍ നടക്കുന്നുണ്ട്. അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. (ഫോണ്‍ കട്ടാവുന്നു)

ആ ഫോൺ സംഭാഷണം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ ഒരു ഫോണ്‍ നാരദാ ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് ലഭിച്ചു. ഫോൺ എടുത്ത ഉടൻ മറു ഭാഗത്ത് നിന്ന്  കുറെ ചോദ്യങ്ങള്‍ ഇങ്ങോട്ടു വന്നു. താനാരാണെന്നും  ഇന്നലെ ഓഫീസില്‍ വിളിച്ച് എന്തൊക്കെയെ പറഞ്ഞെന്ന് കേട്ടല്ലോ. മേലില്‍ ആവര്‍ത്തിക്കരുത്. എന്ന തരത്തിലായിരുന്ന സംഭാഷണം. വിളിക്കുന്നത് ആരാന്ന് ചോദിച്ചപ്പോള്‍ മറുപടി. "ഞാന്‍ ഫ്രാന്‍സിസ്. വെല്‍ത്ത് ഒമേഗയുടെ ബിസിനസ് ഹെഡ്. മേലില്‍ വിളിക്കരുത്. ഡോണ്‍ട് റിപ്പീറ്റ് ഇറ്റ് " ( ഇനി എന്തെങ്കിലും വിവരമറിയാന്‍ വിളിച്ചാല്‍ തട്ടികളയും എന്ന ഭീഷണിയുടെ സ്വരത്തിലാണ് സംസാരം.) ഇത്രയും പറഞ്ഞ ശേഷം ആ ഫോണ്‍ കട്ടാക്കി.

മുദ്രാ ലോണ്‍ നല്‍കുന്നതിനായി സര്‍ക്കാറോ ബാങ്കുകളോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം. അപേക്ഷകന്റെ യോഗ്യതയും പ്രൊജക്റ്റും നോക്കി ലോൺ അനുവദിക്കുന്നത് അതാത് ബാങ്ക് മാനേജര്‍മാരാണ്. ലോൺ അനുവദിക്കാൻ ഒരു ഏജന്‍സിയുടേയും നിര്‍ദേശങ്ങളോ, അഭിപ്രായങ്ങളോ ബാങ്ക് കണക്കിലെടുക്കാറില്ല.

എന്നാല്‍ ബാങ്കുകള്‍ അപേക്ഷകർക്ക് വളരെ പെട്ടന്ന് ലോൺ പാസാക്കി നൽകാറില്ലെന്നതാണ് വാസ്തവം. ഈട് ആവശ്യമില്ലാത്ത ലോൺ ആയതിനാൽ എന്തെങ്കിലും കാരണം പറഞ്ഞ് ലോൺ അപേക്ഷ  മടക്കുകയാണ് ബാങ്കുകൾ ചെയ്യുന്നത്. മതിയായ യോഗ്യതയുണ്ടായിട്ടും ലോൺ കിട്ടാത്തവരാണ് ഇത്തരം ഏജന്‍സികളുടെ വലയില്‍ വീഴുന്നത്. ബാങ്കുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടെന്നും പറഞ്ഞ് പണം തട്ടുന്ന തട്ടിപ്പുകാരും ഏജന്‍സികളുടെ രൂപത്തില്‍ വ്യാപകമായി തുടങ്ങിയിട്ടുണ്ട്.  പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പ് ഏജന്‍സികള്‍ സംസ്ഥാനത്ത് വ്യാപകമായിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.

രാജ്യത്തെ ചെറുകിട സംരംഭകര്‍ക്ക് പത്ത് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുദ്രാ ലോണ്‍ പദ്ധതി നടപ്പാക്കിയത്. സാധാരണ ബാങ്ക് ലോണിനെ അപേക്ഷിച്ച് ലളിതമാണ് മുദ്രാ ലോണ്‍ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍. ഒരു പേജ് മാത്രമുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ലോണ്‍ ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് മാത്രം രേഖയായി നല്‍കിയാല്‍ മതി.

Story by
Read More >>