''പാവങ്ങളുടെ ഉസ്സൈന്‍ ബോള്‍ട്ട്'' ; സമരത്തിനിടെ എംഎസ്എഫ് നേതാവിന്‍റെ ഓട്ടം വൈറലാകുന്നു

വിജയം കാണാതെ തിരിഞ്ഞോടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച നേതാവ് പോലീസിനെ കണ്ടപ്പോള്‍ ജീവനും കൊണ്ടോടിയത് ട്രോളര്‍മാര്‍ ആഘോഷിക്കുകയാണ്

പ്രതിഷേധപ്രകടനത്തിനിടെ പോലീസിനെ ഭയന്ന് ഓടിയ കോഴിക്കോട്ടെ എംഎസ്എഫ് നേതാവ് ഷറഫുദ്ദീന്‍ ജിഫ്രിയാണ് ഇപ്പോള്‍ നവമാധ്യമ ട്രോളുകളിലെ താരം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭാസ നയത്തില്‍ പ്രതിഷേധമറിയിച്ച് കോഴിക്കോട് വിദ്യാഭാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചിനിടെയാണ് ട്രോളുകള്‍ക്ക് ആധാരമായ സംഭവം.

എംഎസ്എഫ് നേതാവ്  നയിച്ച മാര്‍ച്ചില്‍ പാഠപുസ്തക വിതരണം വൈകിച്ച സര്‍ക്കാര്‍നടപടിക്കെതിരെ ഷറഫുദ്ദീന്‍ ഘോരഘോരം പ്രസംഗിക്കുകയുണ്ടായി. ''മുസ്ലീം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സമരത്തിനിറങ്ങിയാല്‍ വിജയം കണ്ടേ ഞങ്ങള്‍ മടങ്ങാറുള്ളൂ. പിന്തിരിഞ്ഞോടിയ ചരിത്രം ഞങ്ങള്‍ക്കില്ല. തിരിഞ്ഞോടാന്‍ ഞങ്ങള്‍ സമരത്തിന് വരികയുമില്ല. പാഠപുസ്തകം ഇന്നുവരെ വിതരണം ചെയ്യാത്ത കേരള സര്‍ക്കാരിന്റെ തെറ്റായ സമീപനത്തെ തിരുത്തുന്നത് വരെ ഞങ്ങളീ സമരരംഗത്ത് ഉണ്ടാകും..'' എന്നിങ്ങനെ ആവേശപൂര്‍ണ്ണമായ പ്രസംഗം പുരോഗമിക്കുന്നതിനിടെ പോലീസ് സ്ഥലത്തെത്തി. ബാരിക്കേഡ് കടന്ന് പുറത്തു വരണമെന്ന് പ്രവര്‍ത്തകര്‍ വാശിപിടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. പോലീസ് ലാത്തിപ്രയോഗവുമായി മുന്നിലേക്കടുത്തപ്പോള്‍ കണ്ടത് മറ്റ് പ്രവര്‍ത്തകരെ ബഹുദൂരം പിന്നിലാക്കി നേതാവ് ഷറഫുദ്ദീന്‍ ശരവേഗത്തില്‍ ഓടിമറയുന്നതാണ്. സിനിമകളിലെ ചില നര്‍മ്മരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ ഓട്ടം നവമാധ്യമങ്ങള്‍ ഏറ്റെടുത്തു. സംഭവത്തിന്റെ വീഡിയോയും വൈറലായി.


msffവിജയം കാണാതെ തിരിഞ്ഞോടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച നേതാവ് പോലീസിനെ കണ്ടപ്പോള്‍ ജീവനും കൊണ്ടോടിയത് ട്രോളര്‍മാര്‍ ആഘോഷിക്കുകയാണ്. ഉസ്സൈന്‍ബോള്‍ട്ട്  തോറ്റ് പോകുന്ന ഓട്ടം, പാവങ്ങളുടെ ഉസ്സൈന്‍ ബോള്‍ട്ട് , റണ്‍ ഇക്കാ റണ്‍ തുടങ്ങി നേതാവിനെ പരിഹാസങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

Read More >>