സംസ്ഥാനത്ത് ഇത്തവണ മഴയുടെ ലഭ്യതയില്‍ 30 ശതമാനത്തോളം കുറവ്

കാലവര്‍ഷം തീരാന്‍ ഇനി രണ്ടു മാസം മാത്രമുള്ളപ്പോള്‍ മഴയുടെ അളവ് കുറയുന്നത് വരും വര്‍ഷം വരള്‍ച്ചയുടേത് ആയിരിക്കുമെന്നതിന്റെ സൂചനയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇത്തവണ മഴയുടെ ലഭ്യതയില്‍ 30 ശതമാനത്തോളം കുറവ്

പാലക്കാട്:  സംസ്ഥാനത്ത് ഇത്തവണ മഴയുടെ ലഭ്യതയില്‍ 30 ശതമാനത്തോളം കുറവ്. ആഗസ്റ്റ് വരെ മാസം ലഭിച്ച മഴയുടെ കണക്ക് 1514 മി.മീറ്റര്‍ മാത്രമാണ്. സാധാരണ ജൂണ്‍ , ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 2080 മില്ലി മീറ്ററോളം മഴയാണ് ലഭിക്കാറുള്ളത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കാറുള്ള വയനാട് ജില്ലയില്‍ ഇത്തവണ 59 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയും വയനാടാണ്.

കൊല്ലവും എറണാകുളവുമൊഴിച്ച് മറ്റെല്ലാ ജില്ലകളിലും ഇത്തവണ മഴ കുറവാണ്. സാധാരണ ആഗസ്റ്റ് മാസം വരെ 1900 മി.മീറ്ററോളം മഴ ലഭിക്കാറുള്ള തൃശൂരില്‍ 1128 മി.മീറ്റര്‍ മഴ മാത്രമാണ് ഇത്തവണ കിട്ടിയത് . 39 ശതമാനം മഴയുടെ കുറവാണ് ജില്ലയില്‍ ഉള്ളത്. പാലക്കാട് ജില്ലയില്‍ 30 ശതമാനം,  ആലപ്പുഴയില്‍ 29 ശതമാനം, മലപ്പുറത്ത് 36 ശതമാനം, തിരുവനന്തപുരത്ത് 21 ശതമാനം മഴ കുറഞ്ഞു.  ഇടുക്കിയില്‍ 27 ശതമാനവും കാസര്‍ഗോഡ് 24 ശതമാനവും കോഴിക്കോട് 24 ശതമാനവും മഴ കുറവുണ്ട്. കാലവര്‍ഷം തീരാന്‍ ഇനി രണ്ടു മാസം മാത്രമുള്ളപ്പോള്‍ മഴയുടെ അളവ് മുപ്പത് ശതമാനത്തിലേക്ക് കുറയുന്നത് വരും വര്‍ഷം വരള്‍ച്ചയുടേത് ആയിരിക്കുമെന്നതിന്റെ സൂചനയായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.


മുല്ലപ്പെരിയാര്‍ വ്യഷ്ടി പ്രദേശത്തും ഇത്തവണ മഴ കുറവാണ്. കഴിഞ്ഞ വര്‍ഷം ഇതെ സമയത്ത് 126.2 അടി വെള്ളം ഉണ്ടായിരുന്നപ്പോള്‍ ഇപ്പോഴിത് 117.2 അടി മാത്രമാണ്. മലമ്പുഴ ഡാമിലെ ജലനിരപ്പും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. 226 ദശലക്ഷം സംഭരണ ശേഷിയുള്ള മലമ്പുഴയില്‍  82.6460 ദശലക്ഷം വെള്ളം മാത്രമാണ് ഉള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സംഭരണ ശേഷിയുള്ള മലമ്പുഴ ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് രണ്ടാംവിള നടക്കുന്നത്. ഒന്നാം വിളയ്ക്ക് മലമ്പുഴ വെള്ളത്തെ ആശ്രയിക്കാറില്ലെങ്കിലും ഇത്തവണ ആശ്രയിക്കേണ്ടി വരുമെന്ന് ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍ രണ്ടാംവിളയ്ക്കും വേനലില്‍ കുടിവെള്ളത്തിനും മലമ്പുഴയെ ആശ്രയിക്കാനാവില്ലെന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

അട്ടപ്പാടി മേഖലയിലെ പുഴകളും അരുവികളും വറ്റാന്‍ തുടങ്ങിയിട്ടുണ്ട്.  അഹാഡ്‌സിന്റെ ശ്രമഫലമായി  ഉണ്ടാക്കിയ വനങ്ങളിലെ മരങ്ങള്‍ ഉണങ്ങാനും തുടങ്ങി. ചൂട് കാരണം പാലുത്പാദനത്തില്‍ രണ്ടായിരം ലിറ്ററിന്റെ കുറവ് ഇപ്പോള്‍ തന്നെ മേഖലയില്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്. വരും നാളുകളില്‍ മഴ ശക്തമായി ലഭിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയാണെന്നാണ് സൂചന. കേരളത്തില്‍ കാലവര്‍ഷം പൊതുവെ ദുര്‍ബ്ബലമായപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെല്ലാം താരതമ്യേന നല്ല മഴ ലഭിച്ചിട്ടുണ്ട്