മെറിലാന്‍ഡില്‍ നിന്ന് മദ്രാസിലേക്ക്

കഴിഞ്ഞു പോയ കാലങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടം ഇനിയുള്ള തലമുറയുടെ പ്രചോദനമാകണം എന്ന പക്ഷക്കാരനാണ് മലയാള സിനിമയിലെ മുതിര്‍ന്ന ഛായാഗ്രാഹകന്‍ എസ്.കുമാര്‍. മഹത്തരമെന്നു അംഗീകരിക്കപ്പെട്ട ഏതൊരു ജീവിതത്തിനും പിന്നിലും അതിജീവനത്തിന്‍റെ കുറെ നാളുകള്‍ ഉണ്ടായിരിക്കും. അവയും ആത്മകഥകളില്‍ ഓര്‍മ്മിക്കപ്പെടെണ്ടതല്ലേ? അഡയാറിലേക്ക് ഞാന്‍ വഴികാട്ടിയ ഒരു സുഹൃത്ത് എനിക്കുണ്ട്..

മെറിലാന്‍ഡില്‍ നിന്ന് മദ്രാസിലേക്ക്

ഇന്നു എത്ര പെട്ടെന്നാണ് ആളുകള്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോള്‍ സിനിമയുടെ എല്ലാ മേഖലകളും പഠിക്കാന്‍ അവര്‍ക്ക് ധാരാളം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ട്. കാര്യങ്ങള്‍ വളരെ ലളിതമായിരിക്കുന്നു! മികച്ച ഒരു ടെക്നീഷനാകാന്‍, ടെക്നോളജിയുടെ ഒപ്പം നടക്കുകയെ വേണ്ടു എന്നായിരിക്കുന്നു കാര്യങ്ങള്‍.

എത്ര സിനിമകള്‍ ചെയ്തതിനു ശേഷമാണ് ഞാന്‍ ഉള്‍പ്പെടുന്ന ഒരു തലമുറ ഇവിടെ നിലനില്‍ക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ് ആ അന്തരം അനുഭവപ്പെടുക.


ഒരു ഗുരുകുല സമ്പ്രദായം എന്ന് ആ നാളുകളെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ടൈംടേബിള്‍ പ്രകാരം ചിട്ടപ്പെടുത്തിയ പഠനരീതികളോ പഠനസമ്പ്രദായമോ ആയിരുന്നില്ല ഉണ്ടായിരുന്നത്. നമ്മുടെ പ്രവൃത്തികള്‍ അടുത്ത പടിയിലേക്കുള്ള വളര്‍ച്ചയുടെ ഗതിയെ നിശ്ചയിച്ചു. അനുഭവങ്ങളും കൗതുകങ്ങളും ഗുരുസ്ഥാനീയരായ ആ യാത്രകള്‍ ദൈര്‍ഘ്യമേറിയതാണ്. ആ ദൈര്‍ഘ്യം കുറയുന്നത് ഒട്ടൊരു ആശങ്കയോടെയാണ് ഞാന്‍ കാണുന്നത്.

മദ്രാസ്‌ ഇല്ലാതെ സിനിമയുണ്ടോ എന്ന ധാരണ നിലനിന്നിരുന്ന ഒരു കാലം..


മെറിലാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ ഇനി എത്തപ്പെടെണ്ടുന്ന സ്ഥലം മദ്രാസ്‌ ആയിരുന്നു. മദിരാശി ആയിരുന്നെല്ലോ ഒരുകാലത്ത് മലയാള സിനിമയുടെ ഈറ്റില്ലം! രാജഗോപാല്‍ സര്‍, മസ്താന്‍ സര്‍ തുടങ്ങിയവരും അച്ഛനോട് അങ്ങനെ തന്നെയാണ് പറഞ്ഞത്- കുമാര്‍ മദ്രാസിന് പോരട്ടെ, അവിടെയാണ് അവന്‍ ഇനി സിനിമ പഠിക്കേണ്ടത്. അങ്ങനെ ഞാന്‍ മദ്രാസിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്നുള്ള മേക്ക്അപ്പ്‌മാനായ ചെല്ലയ്യ സാറിനൊപ്പമായിരുന്നു ആ യാത്ര.

തമ്പാനൂരില്‍ നിന്നും രാജകീയമായ യാത്രയയപ്പ് തന്നെയായിരുന്നു വീട്ടുകാര്‍ എനിക്ക് നല്‍കിയത്. ആദ്യമായി ദുബായിലേക്കും മറ്റും പോകുന്നവരെ അന്ന് യാത്രയാക്കുന്നത്‌ ഒരു ചടങ്ങ് തന്നെയായിരുന്നെല്ലോ. അടുത്ത ബന്ധുക്കള്‍ എല്ലാവരും വന്നു.

ബാഗ് ഒരു സഞ്ചരിക്കുന്ന ഹോട്ടലായി... അച്ചാര്‍, ചമ്മന്തിപ്പൊടി, ഉപ്പേരി, എന്നുവേണ്ട ഒരാഴ്ചയില്‍ അധികം കേടുവരാതെയിരിക്കുന്ന എല്ലാ ഭക്ഷണസാധനങ്ങളും അവരുടെ സ്നേഹപ്രകടങ്ങളുടെ പ്രതീതിയായി ബാഗില്‍ നിറഞ്ഞു. യാത്രയാക്കുമ്പോള്‍ എന്തിനാണ് എന്ന് അറിയാതെ അവരുടെയും എന്‍റെയും കണ്ണുകള്‍ നിറഞ്ഞു.

എന്നെ സംബന്ധിച്ചു, ആദ്യമായുള്ള ട്രെയിന്‍ യാത്ര ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ ഭാരം പേറിയുള്ളതായിരുന്നില്ല. അച്ഛന്‍ തന്ന പണമുണ്ട് കയ്യില്‍. മദ്രാസില്‍ ചെല്ലുന്നു. ഏതെങ്കിലും സ്റ്റുഡിയോയില്‍ കയറിപറ്റുന്നു, അത്ര മാത്രം!

സിനിമ ആഗ്രഹിക്കുന്നവര്‍ മദ്രാസില്‍ എത്തപ്പെടും. വഴികള്‍ പലതാകാം. പക്ഷെ ലക്ഷ്യം ഒന്നു തന്നെയായിരിക്കും. പലരുടെയും സിനിമാസ്വപ്നങ്ങളില്‍ മദ്രാസ് എന്ന പേര് നമ്മള്‍ പില്‍ക്കാലത്ത് എത്ര ആവര്‍ത്തി കേട്ടിരിക്കുന്നു.

ചെല്ലയ്യ സാറിനൊപ്പം ഞാന്‍ ചെന്നിറങ്ങിയത് എഗ്മോര്‍ സ്റ്റേഷനിലാണ്. സ്പെന്‍സര്‍സ് ബില്‍ഡിംഗ്‌ പോലെയൊക്കെയുള്ള വാസ്തുവില്‍ അതിമനോഹരമായ കെട്ടിടമായിരുന്നു എഗ്മോര്‍ സ്റ്റേഷന്‍. സ്റ്റേഷന് പുറത്തുള്ള കാഴ്ചയായിരുന്നു എന്നില്‍ ആദ്യമായി മദ്രാസിന്‍റെ അത്ഭുതത്തെ സൃഷ്ടിച്ചെടുത്തത്.

ആ അത്ഭുതത്തെ വര്‍ണ്ണിക്കാന്‍ ഞാന്‍ അല്പം അതിശയോക്തിയെ കൂട്ടുപിടിക്കുകയാണ്.

ഒരു ലക്ഷം ടാക്സികള്‍ ! അതോ അതിലധികമോ? മഞ്ഞ തലപാവ് അണിഞ്ഞത് പോലെയുള്ള അത്ര മാത്രം കറുത്ത തകരകള്‍ നിരന്നു കിടക്കുന്നു. ചാകര എന്ന് വിശേഷിപ്പിക്കാവുന്ന മട്ടിലുള്ള കാഴ്ച!

മദ്രാസ്‌ എന്നെ സ്വാഗതം ചെയ്തത് ഈ അത്ഭുതത്തോടെയായിരുന്നു. അക്കാലത്ത് മദ്രാസില്‍ എത്തുന്ന എല്ലാവരുടെയും മനസില്‍ ഇതാകും ചിന്ത എന്ന് തോന്നുകയാണ്.

സ്വാമീസ് ലോഡ്ജ് എന്ന അദ്ധ്യായം

അതിലൊരു ടാക്സിയിലാണ് ചെല്ലയ്യ സര്‍ എന്നെ സ്വാമീസ് ലോഡ്ജില്‍ എത്തിച്ചത്. ശ്രീധരന്‍ ചേട്ടന്‍റെ മകന്‍ അവിടെയാണ് താമസിക്കേണ്ടതെന്ന് അദേഹത്തിന് തോന്നിയിരിക്കണം. വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് സ്വാമീസ് ലോഡ്ജില്‍ സ്ഥിരമായി മുറികള്‍ ഉണ്ടാകും. അച്ഛന്‍ തന്നു വിട്ട പണം തീരാറാകുന്നത് വരെയും ഞാന്‍ സ്വാമീസ് ലോഡ്ജിലാണ് താമസിച്ചിരുന്നത്. എന്നെ പോലെയൊരാള്‍ അന്ന് താമസിക്കേണ്ടുന്ന സ്ഥലമല്ലായിരുന്നു അത്. മലയാള സിനിമ അംഗീകരിച്ചവരുടെ സ്വന്തം സ്ഥലമാണ്!

അവിടെ താമസിക്കുന്ന കലാകാരന്മാരെ ലൊക്കേഷനിലേക്ക് കൊണ്ടുപോകാന്‍ എന്നും രാവിലെ ലോഡ്ജിന്റെ റിസപ്ഷനില്‍ നല്ല തിരക്കുണ്ടാകും. വെള്ള പാന്റ്സും, വെള്ള ഷര്‍ട്ടും ധരിച്ച് കക്ഷത്തില്‍ ഒരു ബാഗുമായി എത്തുന്ന പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ കലാകാരന്മാരെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ഞാന്‍ ചിന്തിച്ചു..

" ഇവരെയെല്ലാം തേടി ആളുകള്‍ എത്തുന്നു. ഞാന്‍ അതിന്‍റെയൊന്നും അടുത്തു പോലും എത്തിയിട്ടില്ല. ഇനി എത്ര കാലം പിടിക്കും ഞാന്‍ ഒരു ക്യാമറമാന്‍ ആകാന്‍? ഇനിയെന്നാണ് എന്‍റെ ദിവസങ്ങള്‍ ഉണ്ടാവുക?"

പല സ്വപ്‌നങ്ങള്‍ എന്നില്‍ പതുക്കെ മുള പൊട്ടാന്‍ തുടങ്ങി. സ്വാമീസ് ലോഡ്ജില്‍ താമസിക്കുന്ന ആര്‍ക്കും സിനിമ ഒരു ഭ്രമമാകാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

മദ്രാസ്‌ എന്നത്തെയും പോലെ തിരക്കില്‍ തന്നെയായിരുന്നു. മാത്രമല്ല, ആ സമയത്ത് മിക്കവാറുമുള്ള ചെറിയ സ്റ്റുഡിയോകള്‍ അടച്ചുപൂട്ടികൊണ്ടിരിക്കുകയാണ്. അവിടെ പുതിയതായി ഒരാളെ ആവശ്യമുണ്ടായിരുന്നില്ല. അച്ഛന്‍ അയച്ചു തന്ന പണവും തീര്‍ന്നു തുടങ്ങുന്നു.

അങ്ങനെയിരിക്കുമ്പോളാണ് എന്‍റെ സുഹൃത്ത് മഹേഷിന്റെ സഹോദരിയും കുടുംബവും താംബരത്ത് താമസിക്കുന്ന വിവരം ഞാനോര്‍ക്കുന്നത്. മഹേഷിന്റെ സഹോദരീ ഭര്‍ത്താവ് റെയില്‍വേയുടെ ഡ്രൈവര്‍ ആണ്, ഞാന്‍ അവരെ തേടി റെയില്‍വേ ക്വാട്ടേര്‍സിലെത്തി.

സ്കൂള്‍ ഓഫ് ആര്‍ട്ട്സിലെ പഠനം കഴിഞ്ഞു ഫൈന്‍ ആര്‍ട്സില്‍ പഠിക്കുന്ന എന്‍റെ സുഹൃത്ത് ആര്‍ട്ടിസ്റ്റ് ഗണേശന്‍ അവിടെയടുത്താണ് താമസിക്കുന്നത് എന്ന് ഞാന്‍ അപ്പോഴാണ് അറിഞ്ഞത്.
ഞാന്‍ ഗണേശനെ കാണാന്‍ ചെന്നു. വാക്കുകളിലും പ്രവര്‍ത്തിയിലും ഏറെ സ്നേഹത്തോടെയാണ് ഗണേശന്‍ എന്നെ സ്വീകരിച്ചത്.

"ഇനി സ്വാമീസ് ലോഡ്ജില്‍ ഒന്നും നീ താമസിക്കണ്ട. വലിയ ചിലവാണ്‌. നിനക്കെന്നോടൊപ്പം താമസിക്കാമല്ലോ."

ഗണേശന്‍ പറഞ്ഞത് അനുസരിച്ച് ഞാന്‍ താംബരത്ത് താമസം തുടങ്ങി. എന്തിനാണെന്ന് അറിയാത്ത കുറെ ദിവസങ്ങള്‍ കടന്നു പോയി. അലസമായിരിക്കുന്ന മനസ്സിലേക്കാണല്ലോ അപ്രതീക്ഷിതമായ ഓര്‍മ്മകള്‍ കടന്നു വരിക.

ചിരിച്ചും ചിരിപ്പിച്ചുമുള്ള ഓര്‍മ്മകളിലേക്ക്

അഭിനയിക്കാനുള്ള മോഹവുമായി വന്ന ഒരു ചെറുപ്പക്കാരനെ അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കൂ എന്ന് ഞാന്‍ ഉപദേശിച്ചതും, ആ ചെറുപ്പക്കാരന്‍ അങ്ങനെ തന്നെ ചെയ്തതും ഞാന്‍ ഓര്‍ത്തു. മലയാളത്തിലെ പ്രശസ്തനായ ഒരു നടനാണ്‌ ഇന്ന് അദ്ദേഹം.

ഞാന്‍ മെറിലാന്‍ഡില്‍ അപ്രേന്റീസ് ആയിരിക്കുമ്പോഴായിരുന്നു അത്. തോപ്പില്‍ ഭാസി സര്‍ സംവിധാനം ചെയ്യുന്ന കെ.പി.സി ഫിലിംസിന്‍റെ ഏണിപ്പടികള്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് സുധീര്‍ കുമാര്‍ എന്ന ചെറുപ്പക്കാരന്‍ എന്നെ പരിചയപ്പെടുന്നത്. സുധീര്‍ കുമാര്‍ വിജയത്തിലേക്ക് പില്‍ക്കാലത്ത്‌ നടന്നടുത്തത് മണിയന്‍ പിള്ള രാജു എന്ന പേരിലാണ്.

സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ആയിരുന്നു അപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരുന്നത്. സമപ്രായക്കാരനെന്നു തോന്നിച്ചത് കൊണ്ടാകാം, ആ ചെറുപ്പക്കാരന്‍ എന്‍റെ അടുത്തു തന്നെ നിന്ന്, ഷൂട്ടിംഗിനെ കുറിച്ചുള്ള തന്‍റെ സംശയങ്ങള്‍ ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു.

"അതെന്താണ്?.." ക്ലാപ്പ് ചൂണ്ടിക്കാട്ടി സുധീര്‍ എന്നോട് ചോദിച്ചു.

"അതു ക്ലാപ്പാണ്.." ഞാന്‍ മറുപടി പറഞ്ഞു.

"ഇതെന്തിനാണ്?.."

"ഇത് ഷൂട്ടിംഗിന് ഉപയോഗിക്കുന്നതാണ്..."

തുടര്‍ന്ന് ഞാന്‍ സിനിമാ ചിത്രീകരണത്തിന്റെ ഒരു ചെറിയ ആമുഖം എന്‍റെ അറിവില്‍ നിന്നും സുധീറിന് വിവരിച്ചു നല്‍കി.

"എനിക്ക് അഭിനയിക്കണമെന്ന താല്പര്യമുണ്ട്, കുമാര്‍. ഞാന്‍ എന്താ ചെയ്യേണ്ടത്?" സുധീര്‍ ചോദിച്ചു.

"ചാന്‍സ് ചോദിച്ചു അലഞ്ഞിട്ടു കാര്യമൊന്നുമില്ല. ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നതാണ് ഉചിതം" ഞാന്‍ പറഞ്ഞു. അങ്ങനെ പറയാനും ഒരു കാര്യമുണ്ടായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വരുന്ന ഒരാള്‍ക്ക്‌ ഇന്‍ടസ്ട്രിയില്‍ നല്ല മതിപ്പ് ലഭിച്ചിരുന്നു. ചാന്‍സ് ചോദിച്ചു നടക്കുന്നതിലും ഏറെ നല്ലത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍വിലാസത്തില്‍ ഈ രംഗത്ത് എത്തുന്നതാണ്.

സുധീര്‍ അന്ന് തിരുവനന്തപുരത്ത് ഒരു പാരലല്‍ കോളേജില്‍ പ്രീ-ഡിഗ്രി പഠിക്കുകയാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരണമെങ്കില്‍ കുറഞ്ഞത്‌ ഡിഗ്രി എങ്കിലും വേണം. അഡയാറില്‍ അങ്ങനെയില്ല.

"അതുക്കൊണ്ട് ഒരു കാര്യം ചെയ്യു...പ്രീ-ഡിഗ്രിക്ക് ശേഷം അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുക. ഇപ്പോള്‍ ഉള്ളതില്‍ വച്ചു പെട്ടെന്ന് സിനിമയില്‍ എത്താനുള്ള എളുപ്പമുള്ള മാര്‍ഗ്ഗം അതാണ്‌."

നാളത് വരെ സിനിമയുടെ ഭാഗമായിരുന്നതില്‍ നിന്നും മനസ്സിലാക്കിയതില്‍ വച്ചു പ്രായോഗികമായ മാര്‍ഗ്ഗം ഞാന്‍ സുധീറിന് ഉപദേശിച്ചു.

അടുത്ത ദിവസവും എന്നെ തേടി സുധീര്‍കുമാര്‍ എത്തിയിരുന്നു.

"കുമാറിന്‍റെ അഡ്രസ്‌ എനിക്ക് തരൂ" സുധീര്‍ പറഞ്ഞു.

സിനിമാലോകത്ത് നിന്നും ആദ്യമായി ലഭിച്ച സൗഹൃദം ഉറപ്പിക്കാന്‍ ആയിരിക്കണം സുധീര്‍ അങ്ങനെ ആവശ്യപ്പെട്ടത്. മേല്‍വിലാസം എഴുതാനുള്ള കടലാസ് തിരഞ്ഞെങ്കിലും അത് ലഭിച്ചിരുന്നില്ല. താഴെ കിടന്ന ഒരു വില്‍സ് സിഗരറ്റിന്റെ കവര്‍ സുധീര്‍ എനിക്ക് നേരെ നീട്ടി. അതില്‍ ഞാന്‍ എന്‍റെ വീട്ടിലെ മേല്‍വിലാസം എഴുതി നല്‍കി.

വില്‍സിന്‍റെ കവറില്‍ എഴുതിയ ആ മേല്‍വിലാസം സുധീര്‍ മറന്നിട്ടില്ലാത്തത് കൊണ്ടാകണം കുറച്ചു കാലം കഴിഞ്ഞപ്പോള്‍ എന്നെ തേടി ഒരു കത്ത് വന്നു. താന്‍ ഇപ്പോള്‍ അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കുകയാണ് എന്നായിരുന്നു കത്തിലെ സാരം. എനിക്ക് വളരെ സന്തോഷം തോന്നി.

താംബരത്ത് താമസിക്കുമ്പോള്‍ ഞാന്‍ അഡയാറില്‍ താമസിക്കുന്ന സുധീറിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു.

മദ്രാസിലെത്തി ഒരു മാസം ആകുന്നെങ്കിലും ഞാന്‍ അധികമൊന്നും ബസില്‍ യാത്ര ചെയ്തിരുന്നില്ല. തമിഴ് ഭാഷ മനസിലാകും എന്നല്ലാതെ വായിക്കാന്‍ അറിയുമായിരുന്നില്ല. പിന്നെ ബസ്‌ ഏതാണെന്ന് കണ്ടു പിടിക്കാന്‍ ഒരു മാര്‍ഗ്ഗം ഉണ്ടായിരുന്നത് നമ്പര്‍ അറിഞ്ഞിരിക്കുക എന്നുള്ളതാണ്. അഡയാറിലേക്കുള്ള ബസ്‌ നമ്പര്‍ മനസിലാക്കി ഞാന്‍ സ്റ്റാന്‍ഡില്‍ എത്തി. ആ നമ്പറില്‍ ഉള്ള ഒരു ബസ്സില്‍ ഞാന്‍ കയറിപറ്റുകയും ചെയ്തു.

പക്ഷെ, അഡയാറിലേക്ക് പോകാനായി ഞാന്‍ കയറിയത് അഡയാറില്‍ നിന്നും വന്ന ഒരു ബസ്സിലായിരുന്നു എന്ന് മാത്രം. കാര്യം മറ്റൊന്നുമല്ല.. ബസ്‌ കാത്തുനില്‍ക്കേണ്ടുന്ന ദിശ മാറി പോയിരുന്നു. വഴിയില്‍ ഇറങ്ങുന്നോ എന്ന് കണ്ടക്ടര്‍ ചോദിച്ചെങ്കിലും ഞാന്‍ അതിന് തുനിഞ്ഞില്ല. അല്പ സമയം കൂടി അധികമായി ചെലവാക്കിയാലും, ലക്ഷ്യത്തിലെത്തുന്നത്തിലാണ് കാര്യം. പിഴവുകള്‍ ജീവിതത്തെ നിര്‍ണ്ണയിക്കുവാന്‍ തുടങ്ങുന്നത് അത്ര ശുഭകരമല്ല.

എവിടെയെക്കെയോ പോയിട്ട് ആ ബസ് തന്നെ തിരിച്ചു അഡയാറിലെത്തേണ്ടി വന്നു എനിക്ക് അന്നത്തെ എന്‍റെ ആ യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്താന്‍!

എനിക്കന്ന് സുധീറിനെ കാണാനും സാധിച്ചില്ല. അവിടെ നിന്നിരുന്ന നല്ല പൊക്കമുള്ള ഒരു ചെറുപ്പക്കാരനാണ് എന്നോട് സംസാരിച്ചത്. ഫിലിം ഡവെലപ്മൻറ്റ് കോര്‍പ്പറെഷനില്‍ ജോലി കിട്ടിയതിനു ശേഷമായിരുന്നു അത് ആരായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നത്‌.

ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടി ആദരിക്കപ്പെട്ട ഹരികുമാര്‍ എന്ന റെക്കോര്‍ഡിസ്റ്റുമായി ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് അഡയാര്‍ വിശേഷങ്ങള്‍ പങ്കുവച്ചപ്പോഴാണ് അന്ന് ഞാന്‍ സുധീറിനെ അന്വേഷിച്ചു ചെന്നപ്പോള്‍ സംസാരിച്ചത് ഹരിയോടു തന്നെയായിരുന്നു എന്നറിയുന്നത്.

നല്ലൊരു ആത്മബന്ധം എനിക്ക് രാജുവിനോടും കുടുംബത്തോടുമുണ്ട്. അഡയാറിലെ പഠനം കഴിഞ്ഞു നാട്ടിലെത്തി രാജുവും സുഹൃത്തും കൂടി ചേര്‍ന്ന് ഒരു സ്ക്രീന്‍ പ്രിന്‍റിംഗ് സ്ഥാപനം തുടങ്ങിയിരുന്നു. അവിടെ ആദ്യമായി അച്ചടിക്കുന്നത് എന്‍റെ കല്യാണക്കുറിയാണെന്നാണ് എന്‍റെ ഓര്‍മ്മ. ഞങ്ങളുടെ ഇരുവരുടെയും കുടുംബവും ഇപ്പോഴും വളരെ നല്ല ബന്ധത്തില്‍ കഴിയുന്നു.

കുറയേറെ കഷ്ടപ്പെട്ടു ജീവിതത്തില്‍ വിജയിച്ച ആളാണ്‌ രാജു. തീവ്രമായ ഉല്‍ക്കര്‍ഷേച്ഛയുള്ള മണിയന്‍ പിള്ള രാജുവിന്റെ കരിയറിന് പിന്നില്‍ ആ നിശ്ചയധാര്‍ഢ്യം തന്നെയാണ് എന്നുള്ളതിനും സംശയമില്ല.

മറന്നതാവില്ല..

അടുത്ത സമയത്ത് മണിയന്‍ പിള്ള രാജു ഒരു ഓര്‍മ്മ പുസ്തകം എഴുതിയിരുന്നു. അതിന്റെ പ്രകാശന ചടങ്ങിന് എനിക്ക് ക്ഷണം ഉണ്ടായിരുന്നതിനാല്‍ ഞാന്‍ പങ്കെടുക്കുകയും ചെയ്തു. സിനിമാലോകത്തെ പ്രമുഖരായ പലരും ആ ആ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

'ചിരിച്ചും ചിരിപ്പിച്ചും' രാജു തന്‍റെ ഓര്‍മ്മകളെ താലോലിച്ചപ്പോള്‍, അവ പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കുന്ന ചടങ്ങിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. മലയാളസിനിമയുടെ പ്രമുഖരെല്ലാം പങ്കെടുത്ത ഒരു ചടങ്ങായിരുന്നു അത്. സ്വാഭാവികമായും രാജുവിന്‍റെ കരിയറിന്‍റെ തുടക്കത്തിലെ ഒരു പേര് എന്‍റെത് കൂടിയാകും എന്ന് ഞാന്‍ നിനച്ചു.

അന്ന് നടത്തിയ പ്രസംഗത്തില്‍, അല്ലെങ്കില്‍ നാളിതു വരെ നല്‍കിയിട്ടുള്ള ഏതെങ്കിലും അഭിമുഖത്തില്‍, അഡയാറിലേക്ക് തന്നെ നയിച്ച കാരണങ്ങളില്‍ ഒന്നു എസ്.കുമാര്‍ ആണെന്ന് രാജു പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതങ്ങനെയാണ്. അത് ഒരു പക്ഷെ എന്‍റെ സ്വാര്‍ത്ഥത നിറഞ്ഞ ആഗ്രഹമായിരുന്നിരിക്കണം. പക്ഷെ, എന്തുക്കൊണ്ടോ, അതുണ്ടായില്ല!

സിനിമയെ കുറിച്ച് ഒന്നുമറിയാതെ എന്‍റെ അടുത്തെത്തിയ സുധീറിന് നടനാകണം എന്ന ഒടുങ്ങാത്ത ആഗ്രഹമായിരുന്നു കൈമുതല്‍. അതല്ലെങ്കില്‍ സുധീറിന്‍റെ തലവര തന്നെ ഒരു നടനായിത്തീരുക എന്നുള്ളതായിരുന്നു. അവിടെ എനിക്ക് അവകാശവാദങ്ങള്‍ ഒന്നുമില്ല. ഓരോ രംഗത്തിനും അനുയോജ്യരായ കഥാപാത്രങ്ങളെയായിരിക്കും ഈശ്വരന്‍ സൃഷ്ടിക്കുക. അതിനെയാണേല്ലോ നമ്മള്‍ നിയോഗം എന്ന് വിളിക്കുന്നത്.

ഒരു സിഗരറ്റ് കവറില്‍ എഴുതി നല്‍കിയ മേല്‍വിലാസത്തിന് ഇന്ന് തന്‍റെ ജീവിതത്തില്‍ ഓര്‍മ്മിക്കപ്പെടെണ്ടുന്ന എന്തെങ്കിലും സ്ഥാനം ഉണ്ടെന്നു രാജുവിന് തോന്നാതിരുന്നതാണ് അതിനു കാരണം എന്ന് ഞാന്‍ കരുതുന്നില്ല. കാരണം, രാജു ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവാണ്. സുഹൃത്തുക്കളുടെയോ, പ്രിയപ്പെട്ടവരുടെയോ ഏതു ചെറിയ കാര്യങ്ങള്‍ക്ക് പോലും രാജുവും കുടുംബവും മറക്കാതെ പങ്കെടുക്കുന്നത് തിരുവനന്തപുരത്തുള്ള ഞങ്ങള്‍ സുഹൃത്തുക്കള്‍ എപ്പോഴും അഭിനന്ദിക്കുന്ന ഒരു കാര്യവുമാണ്.

എല്ലാ വിജയത്തിന്നും ഒരു തുടക്കമുണ്ടാകും..

സ്വപ്നം കാണാന്‍ നമ്മെ ഓര്‍മ്മിപ്പിച്ച അബ്ദുള്‍ കലാമിന്‍റെ ജീവിതത്തിലെ ബാലകാല സുഹൃത്തുക്കളെ നമ്മള്‍ അറിഞ്ഞത് കലാമില്‍ നിന്ന് തന്നെയല്ലേ?. ഇന്ത്യന്‍ പ്രസിഡന്റ്‌ പദവി കേരളത്തിനു കിട്ടാക്കനിയല്ലെന്നു തെളിയിച്ച കെ.ആര്‍.നാരായണന്റെ ഇന്നലകളും നമ്മള്‍ അറിഞ്ഞത് അദേഹത്തില്‍ നിന്നും നേരിട്ടാണ്. ഈ ഓര്‍മ്മകള്‍ ഇനിയുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്. തുറന്നു പറയുന്നവര്‍ക്ക് മൂല്യവും!

‍ഞാന്‍ ഓര്‍മ്മകള്‍ പരസ്യമാക്കുന്നത് എന്തിനെന്ന ചോദ്യമുണ്ടാകും. മറ്റൊന്നിനും വേണ്ടിയല്ല, സൗഹൃദങ്ങളില്‍ എല്ലാ ഭാവങ്ങളും ഉണ്ടാകണം. എന്നാല്‍. അവഗണന അതിന്‍റെ ഭാഗമാകരുത്.

തിരിച്ചു വരും, പക്ഷെ ഇപ്പോള്‍ മടങ്ങണം..

മദ്രാസില്‍ എനിക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അവിടുത്തെ ആഹാരം എനിക്ക് പിടിക്കുന്നുണ്ടയിരുന്നില്ല. ഒരു പക്ഷെ ഞങ്ങളുടെ സ്വയം പാചകത്തിന്‍റെതുമാകാം വയറിന്‍റെ ആ പ്രതിഷേധം. നാട്ടിലേക്ക് തിരികെ മടങ്ങാന്‍ ഞാന്‍ നിശ്ചയിച്ചു. പക്ഷേ അതിനുള്ള പണവും കയ്യിലില്ല. അച്ഛന് കത്തയച്ചിട്ടുള്ളതിനാല്‍ പണം കിട്ടുമെന്ന ഉറപ്പുണ്ട്. പക്ഷെ അത് മാത്രമായി കാത്തിരിക്കുന്നതെങ്ങനെ?

തമിഴ്നാട്ടില്‍ തീര്‍ത്ഥാടനത്തിനെത്തിയ ഗണേശന്റെ സഹോദരന്‍ തന്നെ എനിക്ക് നാട്ടില്‍ പോകുവാനുള്ള പണം തന്നു. അച്ഛന്റെ മണിയോര്‍ഡര്‍ വരുന്ന പക്ഷം അത് ഒപ്പിട്ടു വാങ്ങാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയുള്ള കത്ത് നല്‍കിയിട്ട് ഞാന്‍ തിരുവനന്തപുരത്തേക്ക് മടങ്ങി.

മദ്രാസിലേക്കുള്ള യാത്രയിലെ തീവണ്ടിശബ്ദം പ്രതീക്ഷയുടേത് ആയിരുന്നെങ്കില്‍ തിരിച്ചുള്ളത് എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി. മദ്രാസിലേക്ക് പോകുമ്പോള്‍ ഞാന്‍ ഇത്ര ഘോര ശബ്ദങ്ങള്‍ ഒന്നും കേട്ടിരുന്നില്ല. പ്രത്യേകിച്ച്, ട്രെയിന്‍ ഇരുമ്പ്പാലത്തില്‍ കയറുമ്പോളുള്ള ശബ്ദം എന്നെ വല്ലാതെ അലട്ടി. കാരിരുമ്പ് പോലും ഞെരിഞ്ഞമരുന്ന ശബ്ദം!

എന്നെ നോക്കി സമൂഹം പരിഹസിക്കുന്ന ശബ്ദമാണത് എന്നെനിക്ക് തോന്നി..ട്രെയിനിന്‍റെ തടി സീറ്റിലേക്ക് ഞാന്‍ കൂടുതല്‍ മുഖം അമര്‍ത്തിക്കിടന്നു.

വലിയ പ്രതീക്ഷകളോടെ മദ്രാസില്‍ പോയ ഞാന്‍ തിരികെ മടങ്ങുന്നു. ഇനിയെന്ത്, അറിയില്ല.

ഈ ട്രെയിനിന് ഇത്ര ഒച്ച ഉണ്ടാകാതിരുന്നെങ്കില്‍..തയ്യാറാക്കിയത്: ഷീജ അനില്‍