മെറിലാന്റും സുബ്രഹ്മണ്യം മുതലാളിയും ആത്മീയതയും

മെറിലാന്റില്‍ ഞാന്‍ ഒറ്റപ്പെടുകയായിരുന്നു. എന്തിനായിരുന്നു ഞാന്‍ കൂട്ടത്തില്‍ ഒറ്റപ്പെടുന്നതെന്ന സംശയത്തിനും പില്‍ക്കാലത്ത് എനിക്ക് ഉത്തരം കിട്ടി. എന്നെ പോലെയോ, എന്നിലുപരിയോ, മെറിലാന്റില്‍ ഒരു ഉദ്യോഗം തരപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പലരും പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരില്‍ പലരും എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ പരിചയക്കാരായും ബന്ധുക്കളായും ഉണ്ടായിരുന്നു.

മെറിലാന്റും സുബ്രഹ്മണ്യം മുതലാളിയും  ആത്മീയതയും

എസ് കുമാർ

അപ്രന്‍ടീസ് ആയി മെറിലാന്റിലെ എന്‍റെ ജോലി ക്യാമറ ഡിപ്പാര്‍ട്ട്മെന്റ്റ് തുറക്കുന്നതില്‍ ആരംഭിക്കുന്നു. മെറിലാന്റില്‍ എപ്പോഴും നിറഞ്ഞു നിന്നത് ക്ഷേത്രങ്ങളിലെ പോലെ അനുഭവപ്പെടുന്ന ആത്മീയ ചൈതന്യമായിരുന്നു എന്നുള്ളത് അതിശയോക്തി നിറഞ്ഞ ഒരു വിവരണമല്ല, അതാണ്‌ സത്യം!

ഓരോ ഡിപ്പാര്‍ട്ട്‍മെന്റും അവരവരുടെ ബ്ലോക്കുകള്‍ ഒരു ദേവസ്ഥാനം പോലെ പരിപാലിച്ചിരുന്നു. ഈശ്വരന്മാരുടെ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ എല്ലാ പ്രഭാതങ്ങളിലും അവിടെ അര്‍ച്ചനയ്‍ക്കെന്ന പോലെ പൂക്കള്‍ കരുതിയിട്ടുണ്ടാകും. ആത്മീയമായ ഈ ചൈതന്യത്തിന് കാരണമായി ഞാന്‍ കാണുന്നത് സുബ്രഹ്മണ്യം മുതലാളിയുടെ തീവ്രമായ മുരുക ഭക്തിയാണ്.


പ്രഭാതത്തിലുള്ള പതിവ് നടത്തത്തിനു ശേഷം കുളിച്ചു, നെറ്റി നിറയുന്ന കുറിയുമായി, മുതലാളി എല്ലാ ഡിപ്പാര്‍ട്ട്‍മെന്റിന്റെയും മുന്നില്‍ വന്ന്, പ്രാര്‍ത്ഥനാനിര്‍ഭരമായി, തൊഴുകൈകളോടെ നില്‍ക്കുന്ന കാഴ്ച ഇനിയും മനസ്സില്‍ നിന്ന് മായുന്നില്ല.. ഐശ്വര്യപൂര്‍ണമായ എല്ലാ ദിവസങ്ങളുടെയും തുടക്കം അങ്ങനെയായിരുന്നു. നല്ല പൈതൃകം നല്ല മാതൃകയാണ്! സുബ്രഹ്മണ്യം മുതലാളിയുടെ രണ്ടും മൂന്നും തലമുറകൾ, ഇന്നും അതേ ആത്മീയ പ്രഭാവം തങ്ങളുടെ കര്‍മ്മ മേഖലകളില്‍ നിലനിര്‍ത്തുന്നത് ഞാന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. അതുമാത്രം മതി, സമസ്ത ഐശ്വര്യങ്ങളും സമാധാനപൂര്‍ണ്ണമായ മനസ്സോടെ അവര്‍ക്ക് ആസ്വദിക്കാന്‍!

ആത്മാവിന്‍റെ ചൈതന്യമാകണം ആത്മീയത..

എടുത്താല്‍ പൊങ്ങാത്ത കനത്ത ശമ്പളവും, ലോകത്തിന്‍റെ സകല ആഡംബരങ്ങളും ക്ഷണനേരത്തില്‍ സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിലാണ് ഇന്നത്തെ തലമുറയിലെ ഭൂരിപക്ഷവും! അവര്‍ അവഗണിക്കുന്ന ആത്മീയത, അവര്‍ക്ക് നഷ്ടപ്പെടുത്തുന്നത് പല നല്ല കാര്യങ്ങളുമാണ്. പൈതൃകത്തിലധിഷ്ടിതമായതും, ചിട്ടയുള്ളതും മനോഹരവുമായ ഒരു ജീവിത ശൈലിയാണ് അവര്‍ക്ക് അന്യമാകുന്നത്‌. താന്‍ എന്ന കൊക്കൂണിലേക്ക് ഒതുങ്ങി പോകാതെ, ഭാരതീയ സംസ്കാരം നിലനിര്‍ത്തുന്നവരാകാന്‍ ചില ആത്മീയ ദര്‍ശനങ്ങള്‍ ഉണ്ടാകണം.

ജീവിതം ദുഃഖത്തിന്റെയും അപമാനത്തിന്റെയും വേദനയുടെയുമൊക്കെ നുറുങ്ങുകള്‍ അടങ്ങിയ ഭാണ്ഡമാണെന്നും ഞാന്‍ മനസിലാക്കിയതും മെറിലാന്‍ഡില്‍ നിന്ന് തന്നെയായിരുന്നു. അങ്ങനെ തന്നെ വേണമല്ലോ. ജീവിതം ആരംഭിക്കുന്നത് ഏതു കളരിയില്‍ നിന്നാണോ, അവിടെ നിന്നുതന്നെ എല്ലാ മുറകളും പഠിക്കണം.

ക്യാമറ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ആയിരുന്ന വ്യക്തിക്ക് എന്നോടുള്ള അനിഷ്‌ടം ഞാന്‍ പതുക്കെ മനസിലാക്കി തുടങ്ങി. ആ വ്യക്തിയുടെ പേര് ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. കാരണം, ഇന്ന് അദ്ദേഹം ജീവിച്ചിരിക്കുന്നില്ല. ജീവിച്ചിരിക്കുന്ന പലർക്കും അത് ഒരു ചര്‍ച്ചയാകുകയും ചെയ്യും. ജീവിതത്തില്‍ പിന്നീടും ഇത്തരം വേദനപ്പെടുത്തുന്ന അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായപ്പോള്‍, വികാരപരമായിട്ടല്ല, വിവേകപരമായി ചിന്തിക്കുവാനുള്ള ആര്‍ജ്ജവം ഞാന്‍ നേടിയതിന് ഇദ്ദേഹവും ഒരു കാരണമാണ്. അങ്ങനെ നോക്കിയാല്‍, ഒരര്‍ത്ഥത്തില്‍ എന്‍റെ അനുഭവങ്ങളുടെ ഗുരുസ്ഥാനങ്ങളില്‍ ഒരിടം ഇദ്ദേഹത്തിനും ഞാന്‍ നല്‍കുന്നു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയും, മറക്കാന്‍ കഴിയാത്തതുമായ ചില അനുഭവങ്ങളെ എനിക്ക് അദ്ദേഹം സമ്മാനിച്ചതല്ലേ.

പലപ്പോഴായി തോന്നിയ ഒറ്റപ്പെടുത്തലുകള്‍ അറിഞ്ഞില്ല എന്ന മട്ടില്‍ ഞാനും ഇദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ അവഗണനകളെ കണ്ടില്ലെന്നു നടിച്ചു. സുബ്രഹ്മണ്യം മുതലാളി നേരിട്ട് നിയമിച്ച എന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയാത്തതായിരുന്നു ഈ വേര്‍തിരിവിന് കാരണം. 'ഞാന്‍ ഇവിടെ സിനിമയുടെ ഭാഗമാകാനാണ് എത്തിയത്. അതില്‍ ശ്രദ്ധ ചെലുത്തണം..' മനസ്സിനെ സമാധാനപ്പെടുത്തി ഞാന്‍ അവിടെ തുടര്‍ന്നു.

മുതലാളിയുടെ മുന്നില്‍ ഞാന്‍ തെറ്റുകാരനാണെന്ന് എന്നെ എതിര്‍ക്കുന്നവര്‍ക്ക് സ്ഥാപിക്കുവാനുള്ള ഒരു കാരണം ഞാന്‍ തന്നെ സൃഷ്ടിച്ചു കൊടുത്തതാണ് അക്കാലത്ത് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒരു നിമിഷത്തെ അശ്രദ്ധയായിരുന്നു അത്. പക്ഷെ, നാളിതുവരെ എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു മുറിവായി അത് എന്നില്‍ ഇപ്പോഴും അവശേഷിക്കുന്നു. കാടിന്‍റെ ചിത്രീകരണത്തിനിടയിലായിരുന്നു ആ തിക്താനുഭവം.

ആതിരപ്പള്ളിയിലെ ഷൂട്ടിംഗ് കഴിഞ്ഞു ഞങ്ങള്‍ തെന്മലയിലെത്തി. സ്വപ്നതുല്യമായ സൗകര്യങ്ങള്‍ ആയിരുന്നു തെന്മലയില്‍ ഷൂട്ടിംഗിനായി ഒരുക്കിയിരുന്നത്.

ഒരു മനോഹര സ്വപ്നം പോലെ..

ഓരോ ആര്‍ട്ടിസ്റ്റിനും ഓരോ മുറി, അതും അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യത്തോടെ. അക്കാലത്ത്, യൂറോപ്യന്‍ ക്ലോസറ്റ് അടക്കമുള്ള ക്രമീകരണങ്ങള്‍ അവിടെയുണ്ടായിരുന്നു. കഥ നീളുന്നത് 40 വര്‍ഷത്തിന്നും മുന്‍പുള്ള കാലത്തേക്കാണ്‌ എന്നും ഓര്‍ക്കണം. ഒരു ഘോരവനത്തിനുള്ളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇപ്പോഴും മലയാളസിനിമാ ഇന്റസ്ട്രീക്ക് കഴിയുമെന്ന് തോന്നുന്നില്ല.

തെന്മലയില്‍, ഓരോ ഡിപ്പാര്‍ട്ട്മെന്റിനും ഓരോ ഏരിയ അനുവദിച്ചു നല്‍കിയിട്ടുണ്ട്. ക്യാമറ ടീമിന് ഒരു ഭാഗം, മേക്ക് അപ്പ് വിഭാഗത്തിനു മറ്റൊരു ഇടം, ആര്‍ട്ടിസ്റ്റുകള്‍ക്കായി ഒരു ഏരിയ, ടെക്നീഷ്യന്സിനായി മറ്റൊരിടം. അങ്ങനങ്ങനെ. ഇതിനെല്ലാം നടുക്കായി സുരക്ഷാ സംവിധാനങ്ങളോട് കൂടിയ പ്രത്യേക കോട്ടേജില്‍ സുബ്രഹ്മണ്യന്‍ മുതലാളിയും താമസിച്ചു വന്നു. ചുറ്റും വരാന്തകളോടെയുള്ള മുറിയാണ് മുതലാളിക്കുള്ളത്. അവിടെ നിന്നാല്‍ എല്ലായിടത്തേക്കുമുള്ള വ്യൂ ലഭിക്കും.


അതിനടുത്തായി വലിയൊരു സൈറന്‍ ഉണ്ടാവും. ചക്രവാളത്തില്‍ ഒളിച്ച സൂര്യന്‍ മെല്ലെ തല പൊക്കുമ്പോള്‍ ആ സൈറന്‍ ശബ്ദിക്കും. പുതിയ ഒരു ദിവസത്തിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട്!

അന്തരീക്ഷത്തെ പ്രാര്‍ഥനാനിര്‍ഭരമാക്കി കൊണ്ട് മുതലാളിയുടെ മുറിയില്‍ നിന്ന് ഭക്തിഗാനങ്ങളും ഉയരുന്നുണ്ടാവും..ഷൂട്ടിങ്ങിനായി കൊണ്ടു വന്നിട്ടുള്ള മൃഗങ്ങളെ അല്പം ദൂരെയായി പാര്‍പ്പിച്ചിട്ടുണ്ട്. ആന, പുലി, കടുവ തുടങ്ങിയവയെല്ലാമുണ്ടാകും. കാടിന്‍റെ അവകാശികളെ കൂട്ടിലടച്ച്, അവരുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്‍ സ്വതന്ത്രനായി വിഹരിക്കുന്നു. രസകരം തന്നെ, അല്ലേ?

ഷൂട്ടിംഗിനായി പുറത്തിറക്കുന്ന ഓരോ മൃഗങ്ങള്‍ക്കുമുള്ള ഭക്ഷണത്തിന്റെ ആദ്യ പങ്ക് സുബ്രഹ്മണ്യന്‍ മുതലാളിയുടെ കൈകൊണ്ട് നല്‍കുന്നതായിരുന്നു അവിടെയുണ്ടായിരുന്ന മറ്റൊരു രീതി. തെന്മലയില്‍ ഷൂട്ടിംഗ് നടന്ന കാടിനുള്ളില്‍ അന്ന് ഇലക്ട്രിക്‌ കണക്ഷന്‍ ലഭ്യമായിരുന്നില്ല. മെരിലാന്റിന്റെ ലോറിയില്‍ വൈദ്യുതപോസ്റ്റുകള്‍ ഇറക്കിയാണ് അന്ന് അവിടെ വൈദ്യുതി സംവിധാനം പോലും ഒരുക്കിയത്. ഫോറസ്റ്റ് റോഡ്‌ ഉണ്ടായിരുന്നു, അത്ര മാത്രം! ആ റോഡുകളില്‍ നിറയെ മേരിലാന്റിന്റെ വാഹനങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ നിറയെ ഷൂട്ടിംഗിന് ആവശ്യമായ സാധനങ്ങള്‍ നിറച്ചിട്ടും ഉണ്ടാകും.

ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ എത്തുന്ന കിരണ്‍ കുമാര്‍ സാറിന്‍റെ എന്‍ട്രിയാണ് മനസ്സില്‍ പതിഞ്ഞ മറ്റൊരു ഓര്‍മ്മ. ഫ്ലൈറ്റില്‍ എത്തുന്ന കിരണ്‍ കുമാര്‍ സാറിനൊപ്പം ദേശീയ മാധ്യമങ്ങളില്‍ നിന്നും 8-10 പേരെങ്കിലും കൂടെയുണ്ടാകും. നോര്‍ത്ത് ഇന്ത്യന്‍ വേഷങ്ങള്‍ ആണ് സാറിന് പതിവ്. ശരിക്കും ഒരു ഹീറോ ഇൻട്രോയ്ക്ക് വേണ്ട പശ്ചാത്തലം സ്വയം ഒരുക്കിയാണ് കിരണ്‍ കുമാര്‍ എന്‍റെ ഓര്‍മ്മകളില്‍ ചേക്കേറുന്നത്. ഈ നല്ല ഓര്‍മ്മകള്‍ക്കിടയിലും നൊമ്പരപ്പെടുത്തുന്ന ചിലതും മനസിലേക്കെത്തുന്നു. ഇത് പറയുമ്പോള്‍, അന്ന് ഞാന്‍ അനുഭവിച്ച അതേ ശൂന്യത പടരുന്നത്‌ പോലെ.

ചിത്രീകരണത്തിനുള്ള ഫിലിം ലോഡ് ചെയ്യുന്നതിനുള്ള 'മാഗസിന്‍' എന്ന ഉപകരണം സൂക്ഷിക്കുന്നത് ഒരു തടിപ്പെട്ടിയിലാണ്. ഒട്ടും വെയില്‍ അതിലടിക്കാതിരിക്കുന്നതിനാണ് അങ്ങനെ ചെയ്യുന്നത്. തടിപ്പെട്ടിയില്‍ നിന്നും പുറത്തെടുക്കുന്ന മാഗസിന്‍ മറ്റിടങ്ങളിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമ്പോള്‍ കുട ഉപയോഗിക്കണം എന്നാണ്. എനിക്കത് നന്നായി അറിയുകയും ചെയ്യാം. പക്ഷേ, ഒരു തവണ ഒരു നേരിയ അശ്രദ്ധ എന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായി. അന്ന്, മാഗസിന്‍ എടുത്തുകൊണ്ടു വരുമ്പോള്‍ ഞാന്‍ കുട എടുത്തിരുന്നില്ല. തടിപ്പെട്ടിയും അല്പം ദൂരത്തായിരുന്നു. തെറ്റ് എന്‍റെതാണ്, ഞാന്‍ അത് മനസിലാക്കും വരെയും.

സുബ്രമണ്യന്‍ മുതലാളി എന്നെ കണ്ടപ്പോള്‍ അല്പം അസ്വസ്ഥനായി ചോദിച്ചു..

"നീയെന്താടാ, മാഗസിന്‍ ബോക്സ് അവിടെ വച്ചോ? ഒരിക്കലും അങ്ങനെ ചെയ്യരുത്.."

മുതലാളിയുടെ മുഖം ചുവക്കുന്നതായി എനിക്ക് തോന്നി. അതോ അതെന്‍റെ തോന്നല്‍ മാത്രമായിരുന്നോ? അറിയില്ല, പക്ഷെ എന്‍റെ മനസ്സ് വേദനിക്കാന്‍ അത് മതിയായിരുന്നു. ശാസനകള്‍ സ്നേഹത്തോടെയാകുമ്പോള്‍, വേദന കൂടും. മുതലാളി എന്നെ വഴക്ക് പറഞ്ഞു, ആ കാരണം മറയാക്കി ക്യാമറ ചീഫും എന്നെ നന്നായി ശകാരിച്ചു. അവസരങ്ങള്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പിശുക്ക് കാട്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.
എന്‍റെ ഒരു ചെറിയ അശ്രദ്ധ പോലും മുതലാളിയെ ധരിപ്പിക്കാന്‍ എനിക്ക് ചുറ്റും ആളുകള്‍ ഉണ്ടെന്നുള്ള ചിന്ത എന്റെ മനോവിഷമങ്ങള്‍ക്ക്‌ ആഴം കൂട്ടി. അത് മാത്രമായിരുന്നില്ല മനസിനെ മഥിച്ച അസ്വസ്ഥതകള്‍ക്ക് പിന്നില്‍ എന്ന് ഞാന്‍ അല്പനേരത്തിനുശേഷം മനസിലാക്കി. എന്‍റെ അമ്മൂമ്മ മരിച്ചെന്നുള്ള സന്ദേശമാണ് പിന്നെ തെന്മലയില്‍ എന്നെ തേടിയെത്തിയത്.

"എന്‍റെ മക്കള്. അവന്‍ ഒത്തിരി സ്ഥലങ്ങളില്‍ യാത്ര ചെയ്യുമെന്നും. അവന്‍ ലോകം മുഴുവന്‍ സഞ്ചരിക്കുമെന്നും" അനുഗ്രഹിച്ചിട്ടുള്ള 'എന്‍റെ അമ്മൂമ്മ മരിച്ചിരിക്കുന്നു' വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഉടനീളം ഞാൻ ഇത് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയായിരുന്നു. സന്ധ്യയോടെ വീട്ടിലെത്തിയ എനിക്ക് പക്ഷെ, അമ്മൂമ്മയുടെ ചിത കത്തിയെരിയുന്നത് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഞാന്‍ എപ്പോള്‍ എത്തും എന്നറിയാതെ എത്ര നേരം കാത്തു വയ്ക്കാനാണ്.

തെന്മലയില്‍ ഞാന്‍ കുറെ ഓര്‍മ്മകളെ അവശേഷിപ്പിച്ചു മടങ്ങി. അവിടെ ഞാന്‍ പരിചയപ്പെട്ട സമപ്രായക്കാരായ പല സുഹൃത്തുക്കളെയും!

എന്തിനാണ് ഞാന്‍ ഇവിടെ ഒറ്റപ്പെടുന്നത്?

മെറിലാന്റില്‍ ഞാന്‍ ഒറ്റപ്പെടുകയായിരുന്നു. എന്തിനായിരുന്നു ഞാന്‍ കൂട്ടത്തില്‍ ഒറ്റപ്പെടുന്നതെന്ന സംശയത്തിനും പില്‍ക്കാലത്ത് എനിക്ക് ഉത്തരം കിട്ടി. എന്നെ പോലെയോ, എന്നിലുപരിയോ, മെറിലാന്റില്‍ ഒരു ഉദ്യോഗം തരപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പലരും പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരില്‍ പലരും എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ പരിചയക്കാരായും ബന്ധുക്കളായും ഉണ്ടായിരുന്നു. പുതിയ പുതിയ ആളുകള്‍ക്ക് കടന്നു വരാന്‍, എന്നെ പോലെ ചിലര്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടു പുറത്തുപോകേണ്ടതുണ്ട്. മെറിലാന്റില്‍ ഞാന്‍ മൂന്നര വര്‍ഷം ഉണ്ടായിരുന്നു.

ഒരു ഓര്‍മ്മ പങ്കു വയ്ക്കാം..വാക്കുകളില്‍ അവ ഒരു പക്ഷെ, നിസ്സാരമായിരിക്കാം, പക്ഷെ അനുഭവത്തില്‍ അത് അല്പം മുറിപ്പെടുത്തുന്നതായിരുന്നു. സ്റ്റുഡിയോയില്‍, ഡെയിലി ബാറ്റ ഉള്ളവര്‍ വെളിയില്‍ പോയിട്ടാണ് ഭക്ഷണം കഴിക്കുക. നടീ- നടന്മാര്‍ക്ക് മാത്രമായിരുന്നു അവിടെ നിന്നും ഭക്ഷണം. ഞാന്‍ വീട്ടില്‍ പോയിട്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. എല്ലാ ദിവസവും രാവിലെ 10 മണിക്കും, വൈകിട്ട് 3 മണിക്കും സ്റ്റുഡിയോയില്‍ നിന്ന് എല്ലാവര്‍ക്കും ഓരോ ചായയുണ്ട്. എല്ലാവര്‍ക്കു ഇത് ലഭിച്ചിരുന്നു. എനിക്കൊഴിച്ച്! ഒരു ചായ കുടിക്കാന്‍ വീട്ടില്‍ വരെ പോകേണ്ട കാര്യമില്ലെലോ, മാത്രമല്ല എനിക്ക് അങ്ങനെ നിര്‍ബന്ധമായ ഒരു പതിവ് ഉണ്ടായിരുന്നില്ല താനും. മാനേജര്‍ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കിലും അതില്‍ കൂടുതല്‍ താല്‍പര്യമെടുക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. പക്ഷെ, അച്ഛന്‍ ഇത് എങ്ങനെയോ അറിഞ്ഞു. ആരോ ചെന്നു പറഞ്ഞതായിരിക്കണം.

അടുത്ത ദിവസം മുതല്‍ ആ സമയമാകുമ്പോള്‍ അച്ഛന്‍ ഒരു കുപ്പിയില്‍ എനിക്ക് ചൂട്ചായ തന്നയക്കാന്‍ തുടങ്ങി. അച്ഛന്‍ അത് മനപൂര്‍വ്വമായി ചെയ്തതാണ് എന്ന് ഞാന്‍ കരുതുന്നു. ഒരു പക്ഷെ അതൊരു പ്രതിഷേധമായിരിക്കാം.

ഞാന്‍ ഇങ്ങനെ മാറി നിന്ന് ചായ കുടിക്കുന്നത് ഒരിക്കല്‍ സുബ്രഹ്മണ്യന്‍ മുതലാളി കണ്ടു. അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചു- "എന്താടാ ഇത്?..എന്താ ഇങ്ങനെ? "

ഞാന്‍ പറഞ്ഞു- "അച്ഛന്‍ കൊടുത്തയച്ചതാണ്.."

നിനക്കിവിടെ ചായയില്ലേ എന്ന് മുതലാളി ചോദിച്ചില്ല. പിന്നീട് അവിടെ നടന്ന ചര്‍ച്ചകള്‍ ഞാന്‍ അറിഞ്ഞതുമില്ല. പക്ഷെ, അടുത്ത ദിവസം മുതല്‍ സ്റ്റുഡിയോയില്‍ നിന്നും എനിക്കും ചായയുണ്ടായിരുന്നു.

സുബ്രഹ്മണ്യം മുതലാളിയെ എന്‍റെ ജീവിതത്തില്‍ പിതൃതുല്യന്‍ എന്നോ, ഗുരുതുല്യന്‍ എന്നോ മാത്രം വിശേഷിപ്പിച്ചാല്‍ പൂര്‍ണ്ണതയുണ്ടാകില്ല..

ആര്‍ട്ടിസ്റ്റിന്റെ ക്ലോസ് അപ് ഷോട്ട് എടുക്കുമ്പോള്‍ ഡിഫ്യൂസര്‍ എന്ന ഒരിനം കണ്ണാടി, ലെന്‍സിന്റെ ഫ്രെയിമില്‍ ഇടാറുണ്ട്. അന്നൊക്കെ കടുത്ത ലൈറ്റിംഗ് സംവിധാനമായിരുന്നതിനാല്‍ മുഖത്തിന്‍റെ ഷാര്‍പ്‍നെസ് കുറയ്ക്കാനാണ് ഡിഫ്യൂസര്‍ ലെന്‍സില്‍ ഇടുന്നത്. ഇപ്പോള്‍ ഡിജിറ്റല്‍ സോഫ്റ്റ്‌വെയറിലാണ് ചിത്രീകരണം എങ്കിലും ഫിലിം ഉപയോഗിച്ചുള്ള ഷൂട്ടിങ്ങാണെങ്കില്‍ ഇപ്പോഴും ചിലര്‍ ഡിഫ്യൂസര്‍ ഉപയോഗിക്കാറുണ്ട്. ലെന്‍സിനു മുന്നിലായി ഡിഫ്യുസര്‍ ഇടാനുള്ള ഇടം ഉണ്ടാകും. ഉപയോഗം കഴിയുമ്പോള്‍ അത് ഊരി മാറ്റി വയ്ക്കുകയോ, അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയോ ചെയ്യുമായിരുന്നു. പായ്ക്കപ്പ് കഴിഞ്ഞാല്‍ ക്യാമറ ലെന്‍സ്‌ ഇട്ടു അടയ്ക്കുന്നത് എന്‍റെ ജോലിയാണ്. എന്നിട്ട്, തുണിയിട്ട് അത് മൂടി വയ്ക്കണം.

ഷൂട്ടിംഗിനിടയില്‍ ഒരു പ്രാവശ്യം അവര്‍ വളരെ വേഗത്തില്‍ ഡിഫ്യുസര്‍ ലെന്‍സിന്‍റെ തന്നെ ഫ്രെയിമില്‍ ഇട്ടിട്ടു ബെലോസ് സ്വിച്ച് അമര്‍ത്തിയെന്നു തോന്നുന്നു... അറിയില്ല, എന്നോട് പറഞ്ഞിരുന്നുമില്ല.. ഞാന്‍ ബെലോസ് സ്വിച്ച് അയച്ച് പുറത്തേക്ക് എടുത്തതും, ലെന്‍സിന്റെ ഇടയിലിരുന്ന ഡിഫ്യുസര്‍ നിലത്തുവീണു. അതിന്‍റെയറ്റം പൊട്ടി..

സ്വയം ന്യായീകരിക്കുകയല്ല.." ഡിഫ്യുസര്‍ ഫ്രെയിമില്‍ ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലലോ..അതെന്നോട്‌ പറയണ്ടേ?" ആര്‍ക്കും ഞാന്‍ ബോധിപ്പിക്കുന്ന ന്യായവാദം കേള്‍ക്കണമെന്നില്ലായിരുന്നു. ആരുമാരും അറിയാതെ സംഭവിച്ച ഒരു അബദ്ധമായിരുന്നു അത്. പക്ഷെ കുറ്റം എഴുതപ്പെട്ടത് എന്‍റെ പേരിനൊപ്പമായിരുന്നു. ഇതൊരു വലിയ വിഷയമാക്കി പരക്കെ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

വിലയേക്കാള്‍ കൂടുതല്‍, ലഭിക്കുവാന്‍ വളരെ പ്രയാസമുള്ള ഒരു വസ്തുവായിരുന്നു ഡിഫ്യൂസര്‍. മെറിലാന്‍ഡില്‍ ഇത് ഇംപോര്‍ട്ട് ചെയ്തായിരുന്നു വരുത്തിയിരുന്നത്. ഒട്ടും വൈകിയില്ല, അടുത്ത ദിവസം തന്നെ ഞങ്ങളുടെ ചീഫ് ' ഞാന്‍ കാരണം പൊട്ടിയ ഡിഫ്യുസര്‍' സുബ്രഹ്മണ്യം മുതലാളിയെ കാണിച്ചു. എന്‍റെ കുറ്റങ്ങള്‍ വിവരിക്കാന്‍ ഒരവസരം കിട്ടിയ അയാള്‍ അത് നന്നേ പ്രയോജനപ്പെടുത്തി. നേരത്തെ മാഗസിന്‍ വെയിലത്ത്‌ വച്ചു, ഇപ്പോള്‍ ഡിഫ്യുസര്‍ പൊട്ടിച്ചു. എന്‍റെ കുറ്റങ്ങള്‍ ഇങ്ങനെ നീണ്ടു..

മുതലാളി പൊട്ടിയ ഡിഫ്യുസര്‍ നന്നായി പരിശോധിച്ചു. സിനിമയുടെ സമസ്ത മേഖലകളും, അതിന്‍റെ ടെക്നിക്കല്‍ വശവും മുതലാളിക്ക് നല്ല ഗ്രാഹ്യമുണ്ട്. പൊട്ടിയത് അറ്റമായത് കൊണ്ട്, ഈ ഡിഫ്യുസര്‍ വീണ്ടും ഉപയോഗിക്കാം. എന്നെ നോക്കി മുതലാളി പറഞ്ഞു.."

"എന്താടാ...സൂക്ഷിക്കേണ്ടേ? ഇനിയും സൂക്ഷിക്കണം.. കേട്ടോ.."

ആ ശാസനയില്‍ വാത്സല്യമായിരുന്നു പ്രതിഫലിച്ചിരുന്നത്. പക്ഷെ, അതാണ്‌ എന്നെ കൂടുതല്‍ അശക്തനാക്കിയിരുന്നതും!

അവഗണന അസഹനീയമാകുന്നു...

തിരിച്ചു ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയ എന്നോട് ചീഫ് പറഞ്ഞു.
"അടുത്ത സിനിമയില്‍ പ്രസാദ്‌ എന്ന് പറയുന്ന ഒരാള്‍ കൂടി ജോലിക്കെത്തുന്നുണ്ട്. ക്യാമറ റൂം ഇനി അവന്‍ തുറന്നോളും.."

ഞാന്‍ ഒരു കാര്യങ്ങളിലും ഇടപ്പെടണ്ട എന്ന ധ്വനി ആ വാക്കുകളില്‍ ഉണ്ടായിരുന്നു. അവര്‍ പരസ്പരം (ചീഫും പ്രസാദും) സംസാരിക്കുന്നത് തമിഴിലാണ്. അതായിരുന്നു അവര്‍ക്ക് വശമുള്ള ഭാഷയും. പുതിയ ആളിന് ഞാന്‍ ചെയ്തു വന്നിരുന്ന ജോലികള്‍, ഈ ആത്മബന്ധത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടപോള്‍, മൂന്നര വര്‍ഷത്തെ എന്‍റെ സീനിയോരിറ്റി നഷ്ടപ്പെടുകയാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവഗണന അപമാനമായി മാറാന്‍ എന്തിനാണ് അധിക സമയം?

ഞാന്‍ അച്ഛനോട് എന്‍റെ സങ്കടം പറഞ്ഞു. മുതലാളിയോടു നേരിട്ട് സംസാരിക്കാനായിരുന്നു അച്ഛന്റെ നിര്‍ദേശം. "ഞാന്‍ പോവുകയാണ് എന്ന് നീ പറയണം. കാരണം ചോദിച്ചാല്‍ നീ വിശദീകരിക്കണം" അച്ഛന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ തന്നെ ചെയ്തു. പക്ഷെ, മുതലാളി എന്നെ പോകാന്‍ അനുവദിച്ചില്ല.

"അതെന്തിനാടാ നീ പോകുന്നത്. സാരമില്ല. നീ ഇവിടെ നിന്നോ.." മുതലാളിയുടെ വാക്കുകളെ ഞാന്‍ ഒരിക്കലും ധിക്കരിച്ചിട്ടില്ല. എന്‍റെ നിയോഗം ആ അനുഗ്രഹമാണ്. ഞാന്‍ ക്യാമറ ഡിപ്പാര്‍ട്ട്മെന്ടിലേക്ക് മടങ്ങി. പക്ഷെ ഡിപ്പാര്‍ട്ട്മെന്ടില്‍ പഴയ രീതിക്ക് അധികം മാറ്റങ്ങള്‍ ഒന്നും വന്നിരുന്നില്ല. എവിടെയും ഒറ്റപ്പെടുന്ന അനുഭവങ്ങള്‍. അടുത്ത സിനിമ ആരംഭിച്ചപ്പോഴും, അവിടെ ഒന്നും ചെയ്യാനില്ലാത്ത പോലെയുള്ള ഒരു തോന്നല്‍ എനിക്ക് തന്നെ ഉണ്ടായി തുടങ്ങി. ഞാന്‍ അന്നുവരെ ചെയ്തു വന്നതെല്ലാം ഇന്ന്, എനിക്ക് ശേഷം വന്ന ഒരാളുടെ ഉത്തരവാദിത്തമായിരിക്കുന്നു.

ഒന്നും ചെയ്യാനില്ലാത്ത ഞാന്‍ എന്തിനാണ് അവിടെ തുടരുന്നതെന്ന ചിന്ത ശക്തമായി. അതൊരു കടുത്ത നിരാശയായി പരിണമിക്കും മുന്‍പേ ഞാന്‍ വീണ്ടും മുതലാളിയുടെയടുത്തെത്തി.

ചില സമയങ്ങളില്‍ വാക്കുകള്‍ക്ക് വികാരങ്ങളെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. എന്‍റെ മുഖം പറയാതെ പറഞ്ഞതെല്ലാം സുബ്രഹ്മണ്യന്‍ മുതലാളിക്ക് മനസിലായി. അദ്ദേഹം എഴുന്നേറ്റു എന്‍റെയടുത്ത് വന്നു, തലയില്‍ കൈ വച്ചു അനുഗ്രഹിച്ചു..

"നീ നന്നായി വരും..."

ഒരിക്കലും പാഴാകാത്ത ഒരു അനുഗ്രഹം എനിക്ക് അവകാശപ്പെടാൻ ഉണ്ടായിരുന്നെല്ലോ. അത് മതി!

ഞാന്‍ മെറിലാന്‍ഡില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ..സിനിമയുടെ ലോകം പിന്നെയും വിശാലമായിരുന്നു..

തയ്യാറാക്കിയത്: ഷീജ അനിൽ