മീശപ്പുലിമലയിലേക്കൊരു സ്വപ്നസഞ്ചാരം

കേരള സർക്കാരിന്റെ വനം വികസന കോർപ്പറേഷൻ നടത്തുന്ന ഇക്കോ ടൂറിസം പരിപാടിയുടെ ഭാഗമാണ് മീശപ്പുലിമല ട്രെക്കിംഗ് പാക്കേജും. രണ്ട് പ്ലാനുകളിലായി ടു ഷെയറിംഗ് അടിസ്ഥാനത്തിൽ 3500, 7000, ത്രീ ഷെയറിംഗ് 8000 ഒക്കെയാണു ഭക്ഷണവും താമസവുമടക്കം ചിലവ്. മീശപ്പുലിമലയിലേക്ക് നടത്തിയ യാത്ര. മുബാറക് മെർച്ചന്റ് എഴുതുന്നു.

മീശപ്പുലിമലയിലേക്കൊരു സ്വപ്നസഞ്ചാരം

മുബാറക് മെർച്ചന്റ്

ചിത്രങ്ങൾ: അനിൽ ചേർത്തല, എൻപിടി

മുച്ചീട്ടുകളി, റമ്മികളി എന്നിവയൊഴികെ മറ്റ് യാതൊരുവിധ കായിക വിനോദങ്ങളിലും ജന്മനാതന്നെ താല്പര്യമില്ലാത്ത ഞാൻ എങ്ങനെ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായി അറിയപ്പെടുന്ന (ഉയരം 2,640 മീറ്റർ/8,661 അടി) ഈ മല കയറാൻ തീരുമാനമെടുത്തു എന്നത് എന്നെ ഇപ്പോഴും ഇടയ്ക്കിടെ തോളിൽ തട്ടിവിളിച്ച് അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാര്യമാണ്. എന്തായാലും ഞങ്ങടെ പന്ത്രണ്ടാം വാർഡിന്റെ നോട്ടീസ് ബോർഡിൽ "ഈ വാർഡിൽ നിന്ന് മീശപ്പുലിമല കീഴടക്കിയ ആദ്യത്തെ വോട്ടർ" എന്ന ബഹുമതി തങ്കലിപികളിൽ തിളങ്ങി നിൽക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല.


അവിടേക്കുള്ള എന്റെ യാത്ര വളരെ അപ്രതീക്ഷിതമായിരുന്നു. ടീമിലെ കുറച്ച് പേർ മീശപ്പുലി ട്രെക്കിങ്ങിനു പോകുന്നുണ്ട്, ഒരാൾക്കുകൂടി വേക്കൻസി ഉണ്ട്, വേണെങ്കി പൊക്കോ എന്ന് സഹധർമ്മിണി അറിയിച്ചപ്പോ, മീശയേതാ പുലിയേതാ എന്നൊന്നും ആലോചിക്കാതെ ചാടിക്കേറി ആ വേക്കൻസി അങ്ങ് ഫിൽ ചെയ്തു. പിന്നീട് ഗൂഗിളൊക്കെ ചെയ്ത് നോക്കിയപ്പോളാണ് ചെയ്ത മണ്ടത്തരത്തിന്റെ ഡെപ്ത് ശരിക്കങ്ങ് പിടികിട്ടിയത്. ഇതൊരു നിസ്സാര മല അല്ലെന്നും അഞ്ചാറു മണിക്കൂർ വിവിധങ്ങളായ മലകൾ കയറിയിറങ്ങി അവസാനം ചെന്നെത്തുന്ന ലാസ്റ്റ് മലയാണ് പ്രസ്തുത മീ.പൂ. മല എന്നും സർവ്വോപരി മേൽപ്പറഞ്ഞ പ്രവൃത്തി നടന്ന് തന്നെ ചെയ്ത് തീർക്കേണ്ടതുണ്ടെന്നും മനസ്സിലായപ്പോ വേലീമ്മെ ഇരുന്ന പാമ്പിന്റെ കാര്യം ഒക്കെ കുറേസമയം ചിന്തിച്ച് പോയി.
Meesapulimala_3ഞാനുമുണ്ട് എന്ന് ചാടിക്കേറി പറയുക മാത്രമല്ല, കോലേക്കുത്തി നിർത്തി ചിക്കൻ ചുടാനുള്ള ഗ്രില്ല്, അതിലിടാനുള്ള കരി, എന്തിനധികം പറയുന്നു, വണ്ടിക്കടിക്കാനുള്ള എണ്ണവരെ വേണെങ്കി കുഴിച്ചെടുത്ത് കൊണ്ടു കൊടുക്കാമെന്ന് ഏറ്റിരിക്കുകയാണ് ഞാൻ!! വൈഫിന്റെ ടീമിലെ പുള്ളാരുടെ കൂടെയല്ലേ പോണെ, നമ്മൾ ഒരു പുലിയാണെന്ന് കരുതിക്കോട്ടേന്ന് കരുതി ഏറ്റതാ. ഇതിപ്പൊ നാലഞ്ച് കിലോമീറ്റർ മലകയറിയിറങ്ങി നടക്കുകാന്നൊക്കെ പറയുമ്പോ.

സത്യം പറയാല്ലോ, ഇരുന്നും നെരങ്ങീം കെടന്നുരുണ്ടും പർവ്വതാരോഹണം നടത്തുന്ന എന്നെത്തന്നെ ഞാൻ മൂന്നാലു ദിവസം സ്വപ്നം കണ്ടു!


Meesapulimala_2അങ്ങനെ ഓരോന്നാലോചിച്ച് ഇതികർത്തവ്യ മൂഢനായി ഇരുന്ന എന്നോട് എൻപിറ്റിയാണ് പറഞ്ഞത്, ഇക്കാസേ, നിങ്ങ വെഷമിക്കണ്ട; മലേടെ തൊട്ട് താഴെവരെ വണ്ടിപോകും, പിന്നെയൊരു പതിനഞ്ച് മിനിറ്റ് കേറിയാ മതി. അത് വലിയ കാര്യമൊന്നുമല്ല. അഞ്ചാറു ദിവസം കൂടി ബാക്കിയുണ്ടല്ലോ ട്രിപ്പിന്, ദിവസോം രാവിലെ അരമണിക്കൂർ ആ ഇൻഫോപാർക്ക് റോഡിൽ നടന്നാമതി; അതിനുള്ള സ്റ്റാമിന ഒക്കെ പുല്ലുപോലെ കിട്ടും എന്ന്. (തനിക്ക് ഞാൻ വെച്ചിട്ടുണ്ട്). സംഗതി ഞാൻ ആദ്യമൊന്നും വിശ്വസിക്കാൻ തയ്യാറായില്ലെങ്കിലും എവറസ്റ്റൊക്കെ കേറുന്ന സായിപ്പമ്മാരെ ഹെലിക്കോപ്റ്ററിൽ കൊടുമുടീടെ തൊട്ട് താഴെ കൊണ്ടുപോയി ഇറക്കിവിടുകയാണെന്നും അതിനാണ് അമ്പത് ലക്ഷം രൂപ ഫീസ് വാങ്ങുന്നതെന്നും ഒക്കെ ധാത്രി സ്റ്റൈലിൽ വിവരിച്ചപ്പോ ഞാൻ അങ്ങ് വിശ്വസിച്ചുപോയി.


കഴിഞ്ഞാഴ്ച കോഴിക്കോട്ട് പോയപ്പോ മിട്ടായിത്തെരൂന്ന് വാങ്ങിയ റീബോക്കിന്റെ ഡൂപ്ലിക്കേറ്റ് ട്രാക്ക് സ്യൂട്ടും അഡിഡാസിന്റെ ഹാഫ് ട്രൗസറുമൊക്കെ ഇട്ട് മൊബൈലിൽ 'എൻഡോമൻഡോ' ആപ്പ് ഒക്കെ ഓൺ ചെയ്ത് രാവിലെത്തന്നെ ഞാൻ നടക്കാൻ തുടങ്ങി. വഴിക്ക് കണ്ടോരോടൊക്കെ ഞാനീ നടപ്പും ഓട്ടോം ഒക്കെ തുടങ്ങീട്ട് കുറെ വർഷം ആയെന്നും അടുത്തമാസം പത്തിരുന്നൂറു കിലോമീറ്റർ മാരത്തോൺ ഓടുന്നുണ്ടെന്നും ഒക്കെ വെച്ച് കാച്ചി.


Meesapulimala_12അങ്ങനെ പോകാനുള്ള ദിവസം അടുത്തുവന്നു. ഇതിനിടെ എന്നെക്കാൾ ബുദ്ധിമാന്മാരായ ചില മടിയന്മാർ പലപല കാരണങ്ങൾ പറഞ്ഞ് ട്രിപ്പിൽ നിന്ന് മുങ്ങുകയും പകരമായി ഞാനിടപെട്ട് നമ്മടെ പാക്കരനെയും, വീണുപോയാൽ എടുത്ത് മലകേറ്റാനായി സാക്ഷാൽ എൻപിറ്റിയെയും ടീമിലെടുത്തു. അടുത്തമാസം ഹിമാലയത്തിൽ പോകാനുള്ളതുകൊണ്ട് ചീളുകേസൊന്നും പിടിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും റോഡോമാൻഷനിൽ ഫോറസ്റ്റുകാർ ഇഷ്ടമ്പോലെ ചിക്കൻ കമ്പീമ്മെ കോർത്ത് ചുട്ട് തരുമെന്നൊക്കെ പറഞ്ഞപ്പൊ ആൾ വരാമെന്നേറ്റു. പാക്കരൻ പിന്നെ എന്തിനു വിളിച്ചാലും എവറെഡി ആണല്ലോ.അങ്ങനെ പോകാനുള്ള ദിവസം ആയി.


റൈഡ് 
കേരള സർക്കാരിന്റെ വനം വികസന കോർപ്പറേഷൻ നടത്തുന്ന ഇക്കോ ടൂറിസം പരിപാടിയുടെ ഭാഗമാണ് മീശപ്പുലിമല ട്രെക്കിംഗ് പാക്കേജും. രണ്ട് പ്ലാനുകളിലായി ടു ഷെയറിംഗ് അടിസ്ഥാനത്തിൽ 3500, 7000, ത്രീ ഷെയറിംഗ് 8000 ഒക്കെയാണു ഭക്ഷണവും താമസവുമടക്കം ചിലവ്. ടിസിയെസിന്റെ ചുണക്കുട്ടികൾ ഇജാസും ഹരീഷും വിഷ്ണുവും ഇതൊക്കെ ഓൺലൈൻ ബുക്കിംഗിലൂടെ
സെറ്റപ്പാക്കി വെച്ചിരുന്നതിനാൽ അതിന്റെ പുറകെ തൂങ്ങേണ്ട ആവശ്യം വന്നില്ല.

പ്രശസ്ത അണ്ടർവാട്ടർ കം വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ ശ്രീ പാക്കരൻ ചേർത്തലയിൽ നിന്നും അന്താരാഷ്ട്ര പ്രശസ്തി നേടിയ വനം വന്യജീവി ഫോട്ടോഗ്രാഫർ ശ്രീ എൻപിറ്റി മലപ്പുറത്തുനിന്നും തലേന്ന് പച്ചപ്പാതിരാത്രി തന്നെ എത്തിച്ചേർന്നു. പാക്കരനെ ഇജാസിന്റെ കൂടെ പറഞ്ഞുവിട്ടിട്ട് ഞാൻ എൻപിറ്റിയെ എന്റെ കൂടെക്കൂട്ടി. കുറെയേറെ കാര്യങ്ങൾ അങ്ങേരിൽനിന്ന് ചോദിച്ച് മനസ്സിലാക്കാനുണ്ടായിരുന്നു. ഫ്ലീസ് ജാക്കറ്റ്, പോഞ്ചോ മുതലായ പുതിയ ചില വാക്കുകൾ സ്വായത്തമാക്കുവാനും ബാക്ക് പായ്ക്കിൽ ടീഷർട്ട് മുതലായവ പ്രത്യേകരീതിയിൽ ചുരുട്ടിവെക്കുന്നത് എങ്ങനെയെന്ന് പഠിക്കുവാനും കുറഞ്ഞസമയത്തിനുള്ളിൽ എനിക്ക് സാധിച്ചു.


Meesapulimala_11അതിരാവിലെ അഞ്ച് മണിക്ക് തന്നെ ഉണർന്ന് ആറുമണിയോടെ ഞങ്ങൾ പുറപ്പെടാൻ തയ്യാറായെങ്കിലും കോരിച്ചൊരിയുന്ന മഴ, ഒരു ടീം മെംബറുടെ റെയിൻ കോട്ട് ഓഫീസിനകത്ത് പെട്ടുപോയത്, അതെടുക്കാൻ ചെന്ന മറ്റൊരു ടീം മെംബർ ഐഡി കാർഡ് എടുക്കാൻ മറന്ന് പോയത്, വേറൊരു ടീം മെംബറുടെ ബുള്ളറ്റ് സ്റ്റാർട്ടാകാഞ്ഞത് എന്നീ മുൻകൂട്ടിക്കാണാൻ സാധിക്കാതിരുന്ന കാരണങ്ങളാൽ ഫ്ലാഗ് ഓഫ് അല്പം വൈകി. ആറുമണിയോടെ പുറപ്പെടാനും ഒമ്പതരയോടെ മൂന്നാറിലെത്തി അളിയന്റെ റിസോർട്ടിൽ അല്പം വിശ്രമിക്കാനും ആ തക്കത്തിൽ "വയറിളക്കം പിടിച്ചു, എനിക്കിനി വയ്യ. നിങ്ങളു പോയിട്ട് വാ, ഞാനിവിടെ കണ്ടേക്കാം" എന്ന് പറഞ്ഞ് ഒഴിവാകാനുമായിരുന്നു എന്റെ പ്ലാൻ. ഒരു മണിക്കൂർ വൈകിയെങ്കിലും പ്ലാനിട്ടിരിക്കുന്ന വ്യാജവയറിളക്കത്തിന് അതൊരു പ്രശ്നമല്ലാത്തതുകൊണ്ട് ഞാൻ സമാധാനം വെടിയാൻ കൂട്ടാക്കിയില്ല.


കൃത്യം അതിരാവിലെ ഏഴു പതിനൊന്നോടെ മൂന്ന് ബുള്ളറ്റുകളിലായി മൂന്ന് ടെക്കികളും രണ്ട് പടോഗ്രാഫർമാരും പ്രശസ്ത ഗൂഗിൾ വിശാരദനും അണികളുടെ ആവേശവും സർവ്വോപരി മലയാളം ഗൂഗിൾ പ്ലസ് കുടുംബത്തിന്റെ കണ്ണിലെ കരടും.. ക്ഷമിക്കണം കണ്ണിലുണ്ണിയുമായ ഈ വിനീതനും മൂന്നാറിലേക്ക് പുറപ്പെട്ടു.


ആദ്യത്തെ സ്റ്റോപ്പോവറായി നിശ്ചയിച്ചിരുന്നത് ചീയപ്പാറ വാട്ടർഫാൾസ് ആയിരുന്നുവെങ്കിലും ഘ്രാണശക്തി അളന്നാൽ ഗിന്നസ് ബുക്കോഫ് വേൾഡ് റെക്കോഡ്സിൽ ഇടം പിടിച്ചേക്കാവുന്ന ഒരു ടീം മെംബറുടെ വണ്ടി യാദൃശ്ചികമായി കോതമംഗലം ബൈപാസിനിപ്പുറമുള്ള 'അഞ്ജലി വെജിറ്റേറിയൻ ഹോട്ടലിനു' മുമ്പിലെത്തിയപ്പൊ നിന്നുപോയി. "ഞാനിതൊന്ന് ശാട്ടാക്കാന്നോക്കട്ടെ, ആ സമയം കൊണ്ട് നിങ്ങ ഓരോ ചായകുടിച്ച് നിക്ക്" എന്ന അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ബാക്കിയുള്ളവർ പതിയെ ഹോട്ടലിനകത്തേക്ക് കയറി. ഉഴുന്നുവട, നെയ് റോസ്റ്റ്, പൂരിമസാല തുടങ്ങി ആ ഹോട്ടലിൽ അന്നേരമുണ്ടായിരുന്ന ഒരൈറ്റംസിനെയും വിടാതെ അരമണിക്കൂർ നേരം ഞങ്ങളവിടെ അവൈലബിൾ പീബി നടത്തി. എങ്ങനെയാണെന്നറിയില്ല, തീറ്റകഴിഞ്ഞ് ബില്ല് കൊടുത്ത് ഇറങ്ങിയതോടെ കേടായവണ്ടി ഒറ്റയടിക്ക് സ്റ്റാർട്ടാവുകയും ചെയ്തു.പിന്നീടങ്ങോട്ട് നേര്യമംഗലം കാടുകളിലൂടെ വന്യസൗന്ദര്യത്തിന്റെ നിറവും മണവും ആസ്വദിച്ച് പതിനൊന്ന് മണിയോടെ ഞങ്ങൾ അടിമാലിയിലെത്തി, എന്നാൽ അനിവാര്യമായത് സംഭവിച്ച് കഴിഞ്ഞിരുന്നു. ഇജാസ് ഓടിച്ചിരുന്ന ബുള്ളറ്റിന്റെ എഞ്ചിൻ നിലച്ചു. ഹെഡിനെ ക്രാങ്ക് കെയ്സുമായി ബന്ധിപ്പിക്കുന്നിടത്തെ ഗ്യാസ്കറ്റ് കത്തിപ്പോയതാണ് കാരണം.


'ദ ഷോ മസ്റ്റ് ഗോ ഓൺ' എന്നാണല്ലോ മഹാന്മാർ പറഞ്ഞിട്ടുള്ളത്.  ആവുന്നത്ര നേരത്തെ വണ്ടി നന്നാക്കി എത്തിക്കൊള്ളാമെന്നേറ്റ ഇജാസിനെയും വിഷ്ണുവിനെയും വഴിയിലുപേക്ഷിച്ച് ഞങ്ങൾ നാലുപേർ യാത്രതുടർന്നു. മൂന്നാറിനേതാണ്ട് പത്ത് പതിമൂന്നു കിലോമീറ്റർ താഴെ കരടിപ്പാറയിലും തുടർന്ന് അവരുടെ വാഹനം കേടുതീർത്ത് പുറപ്പെടുന്നു എന്നറിയിച്ചതിനെത്തുടർന്ന് മൂന്നാർ ടൗണിനു താഴെ പോതമേട് എന്ന മലയുടെ ചെരിവിലായുള്ള 'ഗ്രീൻ ലീഫ്' റിസോർട്ട് വരെയും ഞങ്ങൾ യാത്ര തുടർന്നു. ഏതാണ്ട് രണ്ടുമണിയോടെ ബ്രേക്ക്ഡൗൺ ആയവരും എത്തിച്ചേർന്നു. പിന്നെ ഉച്ചഭക്ഷണത്തിനുശേഷം നേരെ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഓഫീസിലേക്ക്.


ഞങ്ങളുടെ ബൈക്ക് യാത്ര മൂന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് സൈലന്റ് വാലി എസ്റ്റേറ്റ് റോഡിൽ അല്പദൂരം യാത്രചെയ്താലെത്തുന്ന ഈ ഓഫീസിൽ അവസാനിക്കും. ഇനി റോഡോമാൻഷനിലേക്കുള്ള ജീപ്പ് യാത്രയാണ്.


റോഡോമാന്‍ഷന്‍
Meesapulimala_14ഫോറസ്റ്റ് ഓഫീസില്‍ നിന്ന് 28 കിലോമീറ്റര്‍ യാത്രയുണ്ട്  ഞങ്ങള്‍ക്ക് താമസിക്കാന്‍ ഏര്‍പ്പാടാക്കിയിരിക്കുന്ന റോഡോമാന്‍ഷന്‍ എന്ന കോട്ടേജുകളിലേക്ക്. വിവിധ തേയില എസ്റ്റേറ്റുകളിലൂടെയും പിന്നെ കാട്ടുപാതയിലൂടെയും തെന്നിയും തെറിച്ചുമുള്ള ഒന്നരമണിക്കൂര്‍ നീളുന്ന ഈ ജീപ്പ് യാത്ര രസകരമാണ്.  മുകളിലേക്ക് ചെന്നാല്‍ മൊബൈലിനു സിഗ്നലുണ്ടാവില്ലെന്ന് അറിഞ്ഞതോടെ എല്ലാവരും വീട്ടുകാരെയും അസംഖ്യം കാമുകിമാരെയും വിളിയോടു വിളിയായിരുന്നു. നാളെ കാടിറങ്ങി താഴെ എത്തുന്നതുവരെ ഇനി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലല്ലോ.  അങ്ങനെ തെന്നിയും തെറിച്ചും പാറക്കല്ലുകളില്‍ അമര്‍ന്നു ചാടിയും ജീപ്പ് റോഡോമാൻഷനില്‍ എത്തി. ആനയും മറ്റ് വന്യമൃഗങ്ങളും കടക്കാതിരിക്കാന്‍ ഈ കോട്ടേജുകൾക്ക് ചുറ്റും കിടങ്ങ് കുഴിച്ചിട്ടുണ്ട്. '
റോഡോഡെൻഡ്രോണ്‍
' എന്ന കുറ്റിച്ചെടികള്‍ പൂത്തുനിറഞ്ഞ് നില്ക്കുന്ന താഴ്‌വര ആയതുകൊണ്ടാണത്രേ റോഡോവാലി എന്നും അവിടെ പണിത കോട്ടേജുകള്‍ക്ക് റോഡോമാന്‍ഷന്‍ എന്നും പേരു വന്നത്. മഴക്കാലമായതുകൊണ്ടാകാം, പൂക്കളൊന്നും കണ്ടില്ല.


ജീപ്പിറങ്ങി ലഗേജെല്ലാം മുറികളില്‍ വച്ച് വെല്ക്കം ഡ്രിങ്കായ ചൂട് കട്ടന്‍ ചായയും ബിസ്കറ്റും കഴിച്ച് റോഡോവാലിയുടെ മനോഹാരിത നുകർന്ന് നടന്നും ഇരുന്നും സമയം പോയതറിഞ്ഞില്ല. ചുറ്റും വരയാടുകള്‍ മേയുന്ന മൊട്ടക്കുന്നുകളും നടുവിലൊരു കുന്നില്‍ മൊബൈലും കറന്റും ഇന്റർനെറ്റുമൊന്നുമില്ലാതെ ഞങ്ങളും.


Meesapulimala_9ബിയെസ്സെന്നെല്‍ സിം ഉള്ള മഹാന്മാര്‍ കോമ്പൌണ്ടിന്റെ ഓരോരോ മൂലകളില്‍ പോയിനിന്ന് സിഗ്നല്‍ പിടിക്കാന്‍ വൃഥാ ശ്രമം നടത്തിക്കൊണ്ടിരുന്നു.  എല്ലാരും നോക്കണതല്ലേ, ഒരുകൈ നോക്കുന്നതുകൊണ്ടെന്താ കുഴപ്പം എന്നു കരുതി പറമ്പിന്റെ ഒരു മൂലയ്ക്ക് പോയിനിന്ന് ഞാനും എന്റെ ഐഫോണ്‍ സിക്സ് പ്ളസിന്റെ സ്റ്റിക്കറൊട്ടിച്ച റെഡ്മി 2 പ്രൈം ഓണാക്കി. എന്നെ അദ്ഭുത പരതന്ത്രനാക്കിക്കൊണ്ട് അതാ വരുന്നു എന്റെ പുതുപുത്തന്‍ ബിയെസ്സെന്നെല്‍ സിമ്മില്‍ അഞ്ച് വടികള്‍! എന്‍പീറ്റീ.. ഇജാസേ.. പാക്കരാ.. വിഷ്ണൂ.. ഹരീഷേ.. ഓടിവാടാ.. എന്ന് ഒരൊറ്റ അലര്‍ച്ചയായിരുന്നു പിന്നെ. ഓടിവന്ന് ഫോണ്‍ പിടിച്ച് വാങ്ങി കാമുകിമാരെ വിളിക്കാന്‍ ഡയല്‍ ചെയ്ത ടീം മേറ്റ്സ് എന്നെ കൊന്നില്ലെന്നേയുള്ളൂ, കണ്ട വടികൾക്ക് നേരെ ഇപ്പുറത്ത് 'എമര്‍ജന്സി കാള്‍ ഓണ്‍ലി' എന്ന് എഴുതിയിരുന്നത് ഞാന്‍ കണ്ടില്ലായിരുന്നു.  ഏതായാലും കുറേ ന്യൂ ജെന്‍ തെറികള്‍ പഠിക്കാന്‍ സാധിച്ചു.


എന്നാല്‍ മറ്റൊരദ്ഭുതം അവിടെ സംഭവിച്ചു.  രണ്ടാമത്തെ കോട്ടേജിന്റെ മുറ്റത്തെ ഈശാനകോണില്‍ ഡോകോമോയ്ക്ക് ഫുള്‍ റേഞ്ച് !!! നെറ്റും കിട്ടുന്നുണ്ട്.  വല്ലടത്തും സ്ഥാപിക്കാനുള്ള ടവര്‍ വിമാനത്തിലോ മറ്റോ കൊണ്ടുപോകുംവഴി താഴെ വീണുപോയതാവാനേ വഴിയുള്ളൂ.  പിന്നെ എന്റെ ബാലൻസ് തീര്‍ന്ന് പത്തമ്പത് രൂപ ലോണും എടുത്ത് അതും തീരുന്നത് വരെ ഫോണിനു റെസ്റ്റേ ഇല്ലായിരുന്നു.


സന്ധ്യയായതോടെ തണുപ്പ് കൂടാന്‍ തുടങ്ങി. പരിസരമാകെ മഞ്ഞുമൂടി.  കാര്യം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ഒക്കെ ഉണ്ടെങ്കിലും വെള്ളം ചൂടാകണമെങ്കില്‍ വെയിലു വേണമല്ലോ.  ഹോട്ട് വാട്ടര്‍ ടാപ് തിരിച്ച് വെള്ളം കോരി വേണ്ടാത്തിടത്തൊക്കെ ഒഴിച്ചപ്പളെ തണുത്ത വെള്ളത്തിനും പൊള്ളിക്കാനുള്ള കഴിവുണ്ടെന്ന് മനസ്സിലായുള്ളൂ.


ക്യാമ്പ് ഫയറും സ്വാദിഷ്ഠമായ ഭക്ഷണവും പാട്ടും ഡാൻസുമൊക്കെയായി വന്യമായ ആ രാത്രി ഞങ്ങൾ ആവോളം ആസ്വദിച്ചു. മലകളും മേടും കാട്ടാറും താണ്ടിയുള്ള നാളത്തെ യാത്ര സ്വപ്നം കണ്ട് ഞങ്ങള്‍ സ്ളീപ്പിങ്ങ്  ബാഗിനകത്തേക്ക് ഊളിയിട്ടു. നാളെ, നാളെയാണ്‌ ഉയരങ്ങളിലെ മായക്കാഴ്ചകള്‍ തേടിയുള്ള യാത്ര. മീശപ്പുലിമല അങ്ങുദൂരെ നിന്ന് ഞങ്ങളെ മാടിവിളിക്കുന്നു.ട്രെക്കിങ്ങ്


Meesapulimala_13തലേരാത്രിയിലെ ആഘോഷത്തിന്റെ തിമിര്‍പ്പ് ഒട്ടും ചോരാതെ അതിരാവിലെ ആറുമണീക്കെണീറ്റ എന്‍പിറ്റി ഞങ്ങളെയെല്ലാം കുത്തിപ്പൊക്കി. സൂര്യോദയം കാണാന്‍ പോകാനുള്ള അത്യാഗ്രഹം മൂടല്‍മഞ്ഞ് വിഴുങ്ങി. ബ്രേക്ഫാസ്റ്റിനു ശേഷം മാത്രമേ മീശപ്പുലിമലയിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിക്കൂ എന്ന് അറിയിപ്പു കിട്ടിയതിനെത്തുടര്‍ന്ന് എന്നാല്‍ വെറുതെയൊന്ന് നടന്നിട്ട് വരാമെന്നു കരുതി മലമ്പാതയിലൂടെ താഴേക്കിറങ്ങി.


ദൂരെ മലമുകളില്‍നിന്ന് പുതിയ അതിഥികളെ സസൂക്ഷ്മം വീക്ഷിക്കുന്ന വരയാടിന്‍പറ്റങ്ങളും തൊട്ടുതഴുകി കടന്നുപോകുന്ന മൂടല്‍മഞ്ഞും മേഘപാളികള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന സൂര്യനും കാഴ്‌ചകള്‍ക്ക് മിഴിവേകി. ഇടയ്ക്കിടെ മഞ്ഞുപാളികള്‍ കാറ്റിലലിയുമ്പോള്‍ മലയടിവാരത്തില്‍ പൊട്ടുപോലെ തെളിയുന്ന കെട്ടിടങ്ങളും വലിയൊരു തടാകവും കാഴ്ചയ്ക്ക് വിരുന്നൊരുക്കി. ബ്രേക്ഫാസ്റ്റിനു സമയമായപ്പോള്‍ നടപ്പ് അവസാനിപ്പിച്ച് കോട്ടേജിലേക്ക് മടങ്ങി.


Meesapulimala_8പുട്ടും കടലക്കറിയും ബ്രെഡും ബട്ടറും ജാമും ഓറഞ്ചും ആപ്പിളും വാഴപ്പഴവുമെല്ലാം നിറഞ്ഞ തീന്‍മേശയ്ക്കുമുന്നിലിരിക്കുമ്പോള്‍ എല്ലാവരുടെയും മുഖത്തെ ആക്രാന്തഭാവം വായിച്ചെടുത്ത് എന്‍പിടി പറഞ്ഞു, വാരിവലിച്ച് തിന്നരുത്, മലകയറാനുള്ളതാണ്‌ - ലെസ് ലഗേജ്, മോര്‍ കംഫര്‍ട്ട്. നാലു സ്ളൈസ് ബ്രെഡും ഒരുകഷണം പുട്ടും അകത്താക്കി ഡൈനിംഗ് ടേബിളിനോട് മനസ്സില്ലാമനസ്സോടെ വിടപറയുമ്പോളും നാലഞ്ച് ഓറഞ്ച് എടുത്ത് ചെറുസഞ്ചിയിലാക്കാന്‍ മറന്നില്ല.


ഞങ്ങളെപ്പോലെ തന്നെ മറ്റൊരു സംഘവും ഉണ്ടായിരുന്നു വേറൊരു കോട്ടേജില്‍. എല്ലാവരെയും ചേർത്ത് ഗൈഡ് സെന്തില്‍ അണ്ണന്‍ മലകയറ്റം ആരംഭിച്ചു. നോക്കെത്താ ദൂരത്തോളം ഉയരത്തില്‍ നില്‍ക്കുന്ന ഒരു മലയായിരുന്നു ആദ്യം. നിറഞ്ഞ വയറുമായി അതിന്റെ പകുതി കയറിയപ്പോത്തന്നെ 'വേണ്ടീരുന്നില്ല' എന്ന ചിന്ത കാലുകള്‍ക്കു മുമ്പില്‍ വിലങ്ങുതടിയായി വന്ന് നിന്നു.  പിന്നെ വരുന്നേടത്ത് വെച്ച് കാണാം എന്ന ഒരു ആത്മവിശ്വാസത്തില്‍ ഒരുവിധം തപ്പിപ്പിടിച്ച് മലമുകളിലെത്തി. കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല.. കയ്യെത്തിപ്പിടിക്കാമെന്ന് തോന്നിപ്പോകുംവിധത്തില്‍ പാറിക്കളിക്കുന്ന മേഘക്കീറുകൾക്കിടയിലൂടെ മഞ്ഞുപുതച്ച മലയടിവാരങ്ങൾ, നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മലനിരകൾ, അതിനിടയിലൂടെ ഒരു വഴിത്താര നീണ്ടുനീണ്ടങ്ങനെ പോകുന്നു. ദൂരെ ആ വഴിത്താര കയറിയിറങ്ങുന്ന മലനിരകള്‍ക്കൊടുവില്‍ മാനം മുട്ടെ ഉയര്‍ന്ന് നിൽക്കുകയാണ്‌ സാക്ഷാല്‍ മീശപ്പുലിമല!

Meesapulimala_4ഒന്നര മണിക്കൂറിലധികം നീളുന്ന നടപ്പിനൊടുവില്‍ ഞങ്ങളെക്കാത്തിരിക്കുന്ന ആനന്ദലഹരിയെ ക്കുറിച്ചോർത്തപ്പോള്‍ മനസ്സിന്റെ ക്ഷീണം ഓടിയൊളിച്ചു. കാലുകൾക്ക് എവിടെനിന്നോ ഊർജ്ജം ലഭിച്ചു. പിന്നെ പുല്‍മേടുകൾ വകഞ്ഞുമാറ്റിയും കാട്ടരുവിയിലെ വെള്ളം കുടിച്ചും കൊച്ചുകൊച്ചു ചോലവനങ്ങളിലെ പക്ഷിമൃഗാദികളുടെ ശബ്ദങ്ങൾക്കായി ചെവിയോർത്തും ഇടയ്ക്കിടെ കോടമഞ്ഞിലൂടെ ഊളിയിട്ടും ഒരു പ്രയാണമായിരുന്നു.


ഇജാസും ഹരീഷും മലമടക്കുകള്‍ ഓടിക്കയറി മറ്റുള്ളവരെത്തും വരെ പാറപ്പുറത്ത് കിടന്നും പുല്‍പടർപ്പുകളില്‍ കിടന്നും രസിക്കുന്നുണ്ടായിരുന്നു. എന്‍പിടിയും പാക്കരനും പ്രകൃതിയുടെ മനോഹാരിത ക്യാമറയിലൊപ്പി യെടുക്കുന്ന തിരക്കിലായിരുന്നു.  വിഷ്ണു അവന്റേതായ ലോകത്തും. ഞാനാകട്ടെ, ജീവിതത്തിലൊരിക്കലും സാധിക്കില്ലെന്ന് കരുതിയിരുന്ന ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ ത്രില്ലില്‍ നടന്നും കിതച്ചും ഇരുന്നും നിന്നും സഞ്ചാരം ആസ്വദിച്ചുകൊണ്ടേയിരുന്നു.Meesapulimala_6അവസാനം രണ്ടുമണിക്കൂറിലധികം നീണ്ട നടപ്പിനൊടുവില്‍ ഞങ്ങള്‍ മീശപ്പുലിമലയുടെ തൊട്ടുതാഴെ എത്തി. ഉയരം കണ്ട് ഒട്ടു മടിച്ചു നിന്നെങ്കിലും ബാഗില്‍ സൂക്ഷിച്ചിരുന്ന ഓറഞ്ചുകളില്‍ രണ്ടെണ്ണമെടുത്ത് ഒന്നിനുപുറകെ ഒന്നായി ഒറ്റയടിക്ക് അകത്താക്കി 'യാ മുഹിയദ്ദീന്‍...' എന്നു വിളിച്ച് ഒരൊറ്റ കയറ്റമായിരുന്നു പിന്നെ. ഇതാ ഞങ്ങളെത്തിയിരിക്കുന്നു, ഉയരംകൊണ്ട് പശ്ചിമഘട്ടത്തിലെ രണ്ടാമനായി തലയുയർത്തി നില്‍ക്കുന്ന കൊടുമുടിയ്ക്ക് മുകളില്‍.. മീശപ്പുലി മലയ്ക്ക് മുകളില്‍!


Meesapulimala_1മറ്റൊരു പാതയിലൂടെയായിരുന്നു മടക്കം. മലയടിവാരത്തിലെ ചതുപ്പിനിടയില്‍ ഒരു നീർച്ചാലിനരികില്‍ വ്യക്തമായി കണ്ട കാല്‍പ്പാട് ആരുടെ സാമ്രാജ്യത്തിലൂടെയാണു ഞങ്ങള്‍ കടന്നുപോകുന്നതെന്ന് വെളിവാക്കിത്തന്നു. പ്രായപൂര്‍ത്തിയെത്തിയ ഒരു ബംഗാള്‍ കടുവയുടെ കാല്‍പ്പാടായിരുന്നു അത്!Meesapulimala_3ആയാസരഹിതമായ നടപ്പിനൊടുവില്‍ ഞങ്ങള്‍ തിരികെ റോഡോമാന്‍ഷനിലെത്തിയപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് രണ്ടര. ഉച്ചഭക്ഷണത്തിനുശേഷം മൂന്നരയോടെ ജീപ്പില്‍ കാടിറങ്ങുമ്പോള്‍ ഒരുപാട് സ്നേഹം തന്ന ആരെയോ വിട്ടു പിരിയുന്ന ഒരു വേദനയായിരുന്നു മനസ്സില്‍.