ഇന്ത്യ എറിഞ്ഞിട്ടു; പക്ഷെ 'മഴ' ജയിച്ചു

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 മല്‍സരം മഴ മൂലം ഉപേക്ഷിച്ചു.

ഇന്ത്യ എറിഞ്ഞിട്ടു; പക്ഷെലോഡര്‍ഹില്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 മല്‍സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ കളി ജയിച്ച വെസ്റ്റിന്‍ഡീസ് രണ്ടു മല്‍സരങ്ങളുടെ പരമ്പര 1-0ന് സ്വന്തമാക്കി. പരമ്പര നഷ്‌ടമായതോടെ ഇന്ത്യ ടി20 ഐ സി സി ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആദ്യ മത്സരത്തിന്റെ തനിയാവര്‍ത്തനം പോലെ ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് ടോപ്‌ഓര്‍ഡര്‍ അടിച്ചു നിലം പരിശാക്കിയ സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം അമിത് മിശ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യകളത്തില്‍ ഇറങ്ങിയത്. മിശ്രയുടെ നേതൃത്വത്തില്‍ ഇന്ത്യ 19.4 ഓവറില്‍ വെസ്റ്റിന്‍ഡീസിനെ 143 റണ്‍സിന് ചുരുട്ടികെട്ടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടു ഓവറില്‍ 15 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മല്‍സരം  മഴ കാരണം ഉപേക്ഷിച്ചത്.

നാലോവറില്‍ 24 റണ‍്സ് മാത്രം വഴങ്ങി മിശ്ര മൂന്നു വിക്കറ്റെടുത്തു. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. മൂന്ന് ഓവര്‍ എറിഞ്ഞ ആര്‍ അശ്വിന്‍ 11 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു. 25 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണര്‍ ജോണ്‍സന്‍ ചാള്‍സാണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.