എഎസ്ഐയ്ക്കെതിരെ മുഖ്യന്ത്രിക്ക് കത്തെഴുതി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം: ഉടന്‍ നടപടിയെന്ന് ലോക്നാഥ് ബെഹ്റ

ആലപ്പുഴ കോട്ടപ്പളളി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു ഡിജിപിയുടെ പ്രതികരണം. ആലപ്പുഴ തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്ഐ കുഞ്ഞുമോന്‍ എന്നു വിളിക്കുന്ന പി വിജയകുമാറിനെതിരെയാണ് പരാതി.

എഎസ്ഐയ്ക്കെതിരെ മുഖ്യന്ത്രിക്ക് കത്തെഴുതി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം: ഉടന്‍ നടപടിയെന്ന് ലോക്നാഥ് ബെഹ്റ

കൊച്ചി: മകളെ ശല്യപ്പെടുത്തുന്നുവെന്ന പരാതി പൊലീസ് പണം വാങ്ങി മുക്കിയെന്ന് ആരോപിച്ച്  മുഖ്യമന്ത്രിക്ക് കത്തെഴുതി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബൈഹ്റ. എത്രയും പെട്ടെന്ന് സംഭവം അന്വേഷിക്കാന്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നാരദ ന്യൂസിനോട് പ്രതികരിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണത്തിന് അനുസൃതമായി കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഡിജിപി പ്രതികരിച്ചു.


ആലപ്പുഴ കോട്ടപ്പളളി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു ഡിജിപിയുടെ പ്രതികരണം. ആലപ്പുഴ തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്ഐ കുഞ്ഞുമോന്‍ എന്നു വിളിക്കുന്ന പി വിജയകുമാറിനെതിരെയാണ് പരാതി. കുഞ്ഞുമോനെ പോലെയുളളവര്‍ സര്‍വീസില്‍ ഇരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും യാതൊരു വിലയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രിക്കുളള കത്തില്‍ കൃഷ്ണകുമാര്‍ എഴുതി വെച്ചിരുന്നു. താന്‍ നല്‍കിയ പരാതിയില്‍ തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്ഐ കുഞ്ഞുമോന്‍ യാതൊരു നടപടിയും എടുത്തില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു.

അഞ്ചു ദിവസം മുന്‍പാണ് കൃഷ്ണകുമാറിന്റെ ഭാര്യയും മകളും കോട്ടപ്പളളി അംഗന്‍വാടിക്കു സമീപം താമസിക്കുന്ന ഉണ്ണി എന്നയാള്‍ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് കാണിച്ചു പരാതി നല്‍കിയത്. പരാതി നല്‍കിട്ടും ഉണ്ണിയെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കാന്‍ പോലും കൂട്ടാക്കാത്ത കൃഷ്ണകുമാറിന്റെ മകനെ മര്‍ദ്ദിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നും കുഞ്ഞുമോന്‍ ഭീഷണിപ്പെടുത്തിയതായും കൃഷ്ണകുമാര്‍ കത്തില്‍ ആരോപിച്ചു. ഇതുപോലെ നരാധമന്മാരായ പൊലീസുകാര്‍ തന്റെ മരണം കൊണ്ടെങ്കിലും പാഠം പഠിക്കട്ടയെന്ന് കൃഷ്ണകുമാര്‍ കത്തില്‍ കുറിച്ചു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ആലപ്പുഴ എസ്പിയോ തൃക്കുന്നപ്പുഴ അഡിഷണല്‍ എഎസ്ഐയോ തയ്യാറായില്ല. കൃഷ്ണകുമാറിന്റെ ആത്മഹത്യയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍ പി വിജയകുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.

Read More >>