അത്ലറ്റിക്സിലെ മലയാളി സാന്നിദ്ധ്യമായി അനസും ജിന്‍സനും ഇന്ന് റിയോയിലെ ട്രാക്കില്‍

വനിതാ വിഭാഗത്തില്‍ 800 മീറ്ററില്‍ ടിന്റു ലൂക്ക, മാരത്തണില്‍ ഒ.പി. ജെയ്ഷ എന്നിവര്‍ വ്യക്തിഗത ഇനങ്ങളിലും ജിസ്ന മാത്യു, അനില്‍ഡ തോമസ് എന്നിവര്‍ റിലേ ടീമിലും ഇടം നേടിയപ്പോള്‍ പുരുഷവിഭാഗം 400 മീറ്ററില്‍ മുഹമ്മദ് അനസ്, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി, മാരത്തണില്‍ ടി. ഗോപി എന്നിവര്‍ വ്യക്തിഗത വിഭാഗത്തിലും റിലേ ടീമില്‍ കുഞ്ഞുമുഹമ്മദും അത്ലറ്റിക്സിലെ മലയാളി സാന്നിദ്ധ്യമാണ്.

അത്ലറ്റിക്സിലെ മലയാളി സാന്നിദ്ധ്യമായി അനസും ജിന്‍സനും ഇന്ന് റിയോയിലെ ട്രാക്കില്‍

നിരഞ്ജന്‍

ഒളിമ്പിക്സില്‍ ഇതുവരെയുള്ള ഏറ്റവും വലിയ സംഘമാണ് ഇക്കുറി റിയോയിലേക്ക് തിരിച്ചത്. അതില്‍ അത്ലറ്റിക്സിന് യോഗ്യത നേടിയവര്‍ മാത്രം 37 പേര്‍. അവരില്‍ ഒമ്പത് മലയാളികളുമുണ്ട്. അവസാന നിമിഷം വനിതാ റിലേ ടീമില്‍ നിന്നും അനുവിനെ ഒഴിവാക്കിയിരുന്നില്ലെങ്കില്‍ മലയാളികളുടെ എണ്ണം രണ്ടക്കം തികയ്ക്കുമായിരുന്നു.

വനിതാ വിഭാഗത്തില്‍ 800  മീറ്ററില്‍ ടിന്റു ലൂക്ക, മാരത്തണില്‍ ഒ.പി. ജെയ്ഷ എന്നിവര്‍ വ്യക്തിഗത ഇനങ്ങളിലും ജിസ്ന മാത്യു, അനില്‍ഡ തോമസ് എന്നിവര്‍ റിലേ ടീമിലും ഇടം നേടിയപ്പോള്‍ പുരുഷവിഭാഗം 400 മീറ്ററില്‍ മുഹമ്മദ് അനസ്, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി, മാരത്തണില്‍ ടി. ഗോപി എന്നിവര്‍ വ്യക്തിഗത വിഭാഗത്തിലും റിലേ ടീമില്‍ കുഞ്ഞുമുഹമ്മദും അത്ലറ്റിക്സിലെ മലയാളി സാന്നിദ്ധ്യമാണ്.


ഇവരില്‍ പുരുഷ വ്യക്തിഗത വിഭാഗത്തില്‍ യോഗ്യത നേടിയ ജിന്‍സണ്‍ ജോണ്‍സനും മുഹമ്മദ് അനസും ഇന്ന് ട്രാക്കിലിറങ്ങുകയാണ്. വൈകീട്ട് 6.40നാണ് ജിന്‍സന്റെ 800 മീറ്റര്‍ പ്രാഥമിക റൗണ്ട് മത്സരം നടക്കുക. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നിനാണ് മുഹമ്മദ് അനസിന്റെ 400 മീറ്റര്‍ മത്സരം..

ജിന്‍സനും അനസും ഇറങ്ങുമ്പോള്‍

32 വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യയില്‍ നിന്നൊരാള്‍ ഒളിമ്പിക്സ് യോഗ്യത നേടുമ്പോള്‍ അത് ചരിത്രമാണ്. 1984ല്‍ ചാള്‍സ് ബൊറോമിയേ യോഗ്യത നേടിയ ശേഷം പിന്നീട് ജിന്‍സണ്‍ ജോണ്‍സനാണ് ഇക്കുറി ഈ വിഭാഗത്തില്‍ മത്സരത്തിന് ഇറങ്ങുന്നത്. കോഴിക്കോട് ചക്കിട്ടപ്പാറക്കാരനായ ജിന്‍സണ്‍ 800 മീറ്ററില്‍ ഒരിന്ത്യക്കാരന്റെ മികച്ച രണ്ടാം സമയം കുറിച്ചാണ് നാലാം ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ ഒളിമ്പിക് യോഗ്യത നേടിയത്. 40 വര്‍ഷം മുന്‍പ് മോണ്‍ട്രിയോള്‍ ഒളിമ്പിക്സില്‍ ശ്രീറാം സിംഗ് സ്ഥാപിച്ച റെക്കോര്‍ഡ് മാത്രമാണ് ഈ കോഴിക്കോടുകാരനായ സൈനികന് മുന്നിലുള്ളത്. റിയോയില്‍ ഇത് മറികടക്കുക കൂടിയാകും ജിന്‍സന്റെ ലക്ഷ്യം. കാര്യമായ മത്സരമില്ലാത്ത ട്രാക്കിലാണ് ജിന്‍സണ്‍ ജോണ്‍സന്‍ ഒറ്റയ്ക്ക് മത്സരിച്ച് ഒളിമ്പിക് യോഗ്യത നേടിയത്. പ്രതിയോഗികള്‍ ശക്തരാകുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ യുവാവിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

[caption id="attachment_36138" align="alignleft" width="300"]jinson ജിൻസൺ ജോൺസൺ[/caption]

ചക്കിട്ടപ്പാറ ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാഡമിയിലായിരുന്നു ജിണ്‍സണ്‍ കരിയറിന്റെ തുടക്കത്തില്‍ പരിശീലനം നടത്തിയിരുന്നത്. 2007ല്‍ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണം അണിഞ്ഞതോടെ ദേശീയ ശ്രദ്ധ നേടി. പിന്നീട് ദേശീയ സ്‌കൂള്‍ അത്ലറ്റിക്സ് മീറ്റില്‍ 1500 മീറ്ററിലും സ്വര്‍ണ്ണം ലഭിച്ചു. കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്, കോട്ടയം ബസേലിയസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തിയ ജിന്‍സണ്‍ ജോണ്‍സണ്‍ സൈന്യത്തില്‍ ചേര്‍ന്ന ശേഷം മലയാളി കൂടിയായ മുഹമ്മദ് കുഞ്ഞിയുടെ കീഴിലാണ് പരിശീലിക്കുന്നത്. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി, ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ മൂന്ന് സ്വര്‍ണ്ണം, ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ്, നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സ്, ദേശീയ അത്ലറ്റിക്സ് എന്നീ മീറ്റുകളില്‍ മെഡല്‍ നേടുകയും ചെയ്ത ജിന്‍സണ്‍ റിയോയിലും ഇന്ത്യന്‍ പ്രതീക്ഷ കാക്കുമെന്ന് തന്നെ വിശ്വസിക്കാം.

മുഹമ്മദ് അനസ്

നാലു ദിവസം കൊണ്ട് ദേശീയ റെക്കോര്‍ഡ് രണ്ടുതവണ തിരുത്തിയെഴുതിയ ആത്മവിശ്വാസവുമായാണ് മുഹമ്മദ് അനസ് റിയോയിലേക്ക് തിരിക്കുന്നത്. ജൂണില്‍ നടന്ന പോളിഷ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 45.40 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഓടിത്തീര്‍ത്താണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ഇലക്ട്രോണിക് ടൈമിംഗ് യന്ത്രം പോലുള്ള സാമഗ്രികള്‍ ഇല്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ മികച്ച സമയം കുറിച്ചെങ്കിലും യോഗ്യത അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് ജൂണില്‍ പോളിഷ് മീറ്റില്‍ യോഗ്യതയെന്ന കടമ്പ താണ്ടിയത്. റിയോയില്‍ 45 സെക്കന്‍ഡ് എന്ന സമയമാണ് അനസ് ലക്ഷ്യമിടുന്നത്. 400 മീറ്ററില്‍ തമിഴ്നാടിന്റെ താരവും അനസിന്റെ തന്നെ സുഹൃത്തുമായ ആരോക്യരാജീവിനെയാണ് രാജ്യം റിയോയിലേക്ക് പ്രതീക്ഷിച്ചത്. എന്നാല്‍ ആരോക്യരാജീവിനെ പിന്തള്ളിയ പ്രകടനവുമായി അനസ് യോഗ്യത നേടി.
ആരോക്യയുമായുള്ള ആരോഗ്യകരമായ മത്സരമാണ്  തനിക്ക് തുണയായതെന്ന് പറയുമ്പോഴും തുര്‍ക്കി, പോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നടത്തിയ പരിശീലനവും മത്സരങ്ങളും റിയോയിലേക്കുള്ള വഴി തുറന്നെന്ന് പറയാം. 4 - 400 മീറ്റര്‍ റിലേയുടെ രണ്ടാം ലാപ്പിലും കുതിക്കുന്നത് അനസ് തന്നെയാകും. 400 മീറ്ററിന്റെ ഫൈനലില്‍ എത്തുകയെന്ന സ്വപ്നം മാത്രമാണ് തന്റെ മനസിലുള്ളതെന്നാണ് ബ്രസീലിലേക്ക് തിരിക്കും മുന്‍പ് കൊച്ചിയില്‍ നാവികസേനയുടെ സെയിലറായ അനസ് മാധ്യമങ്ങളോട് പങ്കുവച്ചത്. മുഹമ്മദ് കുഞ്ഞിയുടെ ശിക്ഷണത്തില്‍ പരിശീലിക്കുന്ന താരത്തിന് സ്വപ്നം യാഥാര്‍ത്ഥ്യമാകട്ടെയെന്ന് ആശംസിക്കാം.