പഞ്ചായത്തു മെമ്പർ ഉമ്മട്ടി പണിക്കരും മലങ്കര സഭാ സമാധാനവും

മലങ്കര സഭയിൽ ഐക്യം അസാദ്ധ്യമല്ല. നസ്രാണിയുടെ ഒരേ രക്തവും മാംസവുമായ തൃശൂരിലെ പൗരസ്ത്യ കൽദായ സഭ അത് തെളിയിച്ചതാണ്. അര നൂറ്റാണ്ടുകാലം ബാവാ-മെത്രാൻ കക്ഷികളായി പിളർന്നു പോരാടിയ കൽദായക്കാർ യോജിച്ചിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. അവരെ പാഠമാക്കാം. മലങ്കര സഭാ ഐക്യത്തിനു സഭയ്ക്കുള്ളിൽ തടസം നിൽക്കുന്നത് സ്ഥാനമോഹികൾ മാത്രമാണെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ അവർ മാത്രമല്ല യോജിപ്പിനു തടയിടുന്നത്. മലങ്കര സഭ ഒന്നിച്ചു നിന്നാൽ തങ്ങളുടെ പ്രാമാണ്യം നഷ്ടപ്പെടുമെന്നും, സ്വാർത്ഥ താല്പര്യ സംരക്ഷണം അസാദ്ധ്യമാകുമെന്നും ഭയക്കുന്ന ചില ബാഹ്യശക്തികളും ഇതിനു പിന്നിലുണ്ട്. ഡോ. എം കുര്യൻ തോമസ് എഴുതുന്നു.

പഞ്ചായത്തു മെമ്പർ ഉമ്മട്ടി പണിക്കരും  മലങ്കര സഭാ സമാധാനവും

ഡോ. എം. കുര്യൻ തോമസ്

മലബാറിലുള്ള കോറോം പള്ളിയുടെ ഭൂമി വീതം വെച്ച് അവിടെ സമാധാനമുണ്ടാക്കി എന്നൊരു പത്രവാർത്തയും അതിനു പിന്നാലെയുള്ള പ്രതികരണങ്ങളുമാണ് ഇത്തരമൊരു കുറിപ്പെഴുതാൻ പ്രേരണയായത്. ഏതാനും വ്യക്തികൾ കുറച്ചുവർഷങ്ങളായി മലങ്കര സഭാ സമാധാനത്തിന് ഏറ്റവും മികച്ച (ഏക) മാർഗ്ഗം എന്ന നിലയിൽ പ്രചരിപ്പിക്കുന്ന വിഭജനത്തിന്റെ മലബാർ മോഡലിന്റെ അവസാന വിജയമാണ് കോറോം എന്ന രീതിയിലാണ് മാദ്ധ്യമശ്രദ്ധ കിട്ടുന്ന ഈ പ്രചരണ കോലാഹലം നടക്കുന്നത്. കോറോം വിഭജനത്തിന്റെ നിയമ സാധുതതന്നെ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇതെന്നു കൂടി ചിന്തിക്കണം.

വിഭജനം ലോകത്തെവിടെയെങ്കിലും സമാധാനം കൊണ്ടുവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഇല്ല എന്നുത്തരം പറയാം. ഗഹനമായ ചരിത്ര ഗവേഷണം നടത്തിയാലും ഇല്ല എന്ന ഉത്തരത്തിന് മാറ്റമുണ്ടാകയില്ല. എത്ര ഉദാഹരണം വേണമെങ്കിലും ഇതിനു തെളിവായി ചൂണ്ടക്കാട്ടാം.

ലോകം ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന അവസരത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ചരിത്ര - ഭൂമിശാസ്ത്ര - നരവംശപരമായി ഒന്നായിരുന്ന ഉത്തര - ദക്ഷിണ കൊറിയകൾ ആണവ പോർമുനകൾ തൊടുത്ത് പരസ്പരം പല്ലിളിച്ചുകാട്ടി നിൽക്കുകയാണ്. സഹോദരന്മാർ തമ്മിലുള്ള ഈ പോരാട്ടം യാഥാർത്ഥ്യമായാൽ നശിക്കുന്നത് നാശം അവർക്കു മാത്രമല്ല ലോകത്തിനു മുഴുവനാണന്ന് ഇന്നു ലോകം തിരിച്ചറിയുന്നു. കൊറിയയെ വിഭജിച്ചതിലെ പങ്കുകാർ ഒന്നുമറിയാത്ത ഭാവത്തിൽ പുറം തിരിഞ്ഞു നിൽക്കുന്നു.

സമീപകാല ലോക ചരിത്രത്തിൽ പ്രശസ്തമായ വിഭജനങ്ങളിൽ ഒന്നെങ്കിലും സമാധാനമോ സമൃദ്ധിയോ പ്രദാനം ചെയ്തിട്ടണ്ടോ? ജർമ്മനി, യമൻ, വിയറ്റ്‌നാം എന്നിങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിഭജിക്കപ്പെട്ട ഒരൊറ്റ രാജ്യമെങ്കിലും യഥാർത്ഥ സമാധാനമോ വികസനമോ അനുഭവിച്ചിട്ടുണ്ടോ? ഇവയൊക്കെ പുനഃസംയോജനം എന്ന യാഥാർത്ഥ്യത്തിനു ശേഷമല്ലേ യഥാർത്ഥ സമാധാനവും വികസനവും അനുഭവിച്ചത്? പരസഹായം കൂടാതെ ആർക്കും പരിശോധിക്കാവുന്ന വസ്തുതകളാണിവ.

ആഭ്യന്തര യുദ്ധത്തിൽ മുഴുകിയപ്പോൾ വിഭജനത്തിലൂടെ സമാധാനം കൈവരും എന്നു ലോകം കരുതിയ ഇന്തോനേഷ്യ - കിഴക്കൻ ടിമൂർ, സുഡാൻ - ദക്ഷിണ സുഡാൻ വിഭജനങ്ങൾ എന്തുനേടി എന്നു ചിന്തിക്കണം. ഒന്നു നേടിയില്ല എന്നതാണ് വാസ്തവം. കമ്യൂണിസത്തിൽ നിന്നും മോചിതമായ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ അമീബപോലെ വിഭജിച്ചു പിരിഞ്ഞ് തമ്മിൽ തല്ലി നശിക്കുമ്പോൾ സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ സ്വാതന്ത്ര്യം പ്രാപിച്ച അതിലെ ഘടക രാജ്യങ്ങൾ റഷ്യൻ ഫെഡറേഷൻ രൂപീകരിച്ച് തങ്ങളുടെ പഴയ ശക്തി ഒരു പരിധിവരെയെങ്കിലും നിലനിർത്തുന്നു.

വിഭജിച്ചു ഭരിക്കുക എന്നത് അധിനിവേശ ശക്തികളുടെ എക്കാലത്തേയും മികച്ച ആയുധമാണ്. ലോകത്തിലെ വിഭജനങ്ങൾ എല്ലാംതന്നെ അധിനിവേശ ശക്തികളുടെ  സൃഷ്ടിയുമാണ്. അത്തരം വിഭജനങ്ങൾ ഭൂമിശാസ്ത്രപരമോ, മതപരമോ, വംശീയമോ ആകാം. ബ്രിട്ടീഷുകാർ ബംഗാൾ വിഭജിച്ചത് രാഷ്ട്രീയമായാണ്. പക്ഷേ അത് ആത്യന്തികമായി മതപരമായി. ഫലം ഭീകരവും. പക്ഷേ ബ്രിട്ടീഷുകാർ ലക്ഷ്യം നേടി. ഇന്ത്യാക്കാരെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്നതിൽ അവർ വിജയിച്ചു. 1947-ലെ ഇന്ത്യ വിഭജനത്തിന്റെ പോലും അടിസ്ഥാന കാരണം അതിന് ഏതാനും ദശാബ്ദങ്ങൾക്കുമുമ്പ് നടന്ന ബംഗാൾ വിഭജനമാണന്നു ചിന്തിക്കുന്നവരുണ്ട്.

1956-ൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ കന്യാകുമാരി ജില്ല തിരു-കൊച്ചിയിൽ നിന്നും വേർപെടുത്തി തമിഴ്‌നാട്ടിൽ ചേർത്തു. നൂറ്റാണ്ടുകളായി വൈജാത്യങ്ങളില്ലാതെ സഹവാസം ചെയ്ത നാഞ്ചിനാട്ടിലെ തമിഴ്-മലയാളം വംശജരെ ഭാഷാപരമായി വേർതിരിച്ചു എന്നതായിരുന്നു ഇതിന്റെ ഫലം. ഈ പിളർപ്പ് കന്യാകുമാരി ജില്ലയിൽ പിന്നീട് രാഷ്ട്രീയ-മത-ജാതി മേഖലകളിലും വ്യാപിച്ചു എന്നത് അതിന്റെ വർത്തമാനകാല യാഥാർത്ഥ്യവും.

1947-ലെ ഇന്ത്യാ വിഭജനമാണ് പിന്നീടുണ്ടായ പാകിസ്ഥാന്റെ ആക്രമണത്തിനും കാഷ്മീരിന്റെ വിഭജനത്തിനും കാരണമായത്. അധിനിവേശ കാഷ്മീർ ഇന്ന് ഇരു രാജ്യങ്ങളുടേയും ചോരയും നീരുമൂറ്റുന്ന പ്രശ്‌നമായി നിലനിൽക്കുന്നു. അസംഭവ്യമെങ്കിലും അധിനിവേശ കാഷ്മീർ പാകിസ്ഥാന് ഇന്ത്യ വിട്ടുകൊടുത്താൽപോലും ഇന്ത്യാ-പാക് പ്രശ്‌നം അവസാനിക്കില്ല. കാരണം 1947-ലെ വിഭജനം ഉണ്ടാക്കിയ മുറിവ് അത്ര അഗാധമാണ്.

1947-ൽ ഇന്ത്യ വിഭജിച്ചത് മത അടിസ്ഥാനത്തിലാണെങ്കിൽ ആ വിഭജനത്തിനു മുൻകൈയ്യെടുത്ത പാകിസ്ഥാന് പിന്നീട് സ്വന്തം വിഭജന പ്രക്രിയയ്ക്ക് തടയിടാനായില്ല. വംശീയ അടിസ്ഥാനത്തിൽ 1972-ൽ പാകിസ്ഥാനിൽനിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായി. അവശിഷ്ട പാകിസ്ഥാൻ ഇന്ന് രാഷ്ട്രീയ കെട്ടുറപ്പില്ലാത്ത ഒരു ഭൂവിഭാഗമാണന്നത് പരസ്യമായ രഹസ്യമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാകിസ്ഥാന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഒരിക്കൽ ആരംഭിക്കുന്ന വിഭജനം - അത് എന്തു കാരണത്താലും മാനദണ്ഡത്തിലുമായാലും - അവസ്ഥാന്തരം വന്ന് പിന്നീടൊരിക്കലും അവസാനിക്കാതെ തുടർന്നുകൊണ്ടിരിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പാകിസ്ഥാൻ.

എന്നാൽ ബലം പ്രയോഗിച്ചാണെങ്കിലും വിഭജനത്തിനു തടയിട്ടാൽ ഉണ്ടാകുന്ന പ്രയോജനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അമേരിക്ക. അടിമത്വ പ്രശ്‌നത്തിൽ പിളർന്നുമാറി സ്വാതന്ത്ര്യം പ്രഖ്യാപിച്ച തെക്കൻ സ്റ്റേറ്റുകളെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തിൽ പരാജയപ്പെടുത്തി യൂണിയനിൻ നിലനിർത്തിയത് ജനാധിപത്യത്തിന്റെ ശക്തനായ വ്യക്താവായ ഏബ്രഹാം ലിങ്കനാണ്. ഇന്ന് അമേരിക്ക ലോക ശക്തിയായി വികസനത്തിന്റെ പാതയിൽ ചരിക്കുന്നതും ബലം പ്രയോഗിച്ചുണ്ടാക്കിയ അന്നത്തെ ഐക്യം മൂലമാണ്. പഞ്ചാബിലെ ഖാലിസ്ഥാൻവാദികളോട് ഇന്ത്യ അനുവർത്തിച്ച നയവും മറ്റൊന്നല്ല. ഫലവും സമാനമാണ്.

മലങ്കര സഭയിൽ ഐക്യം അസാദ്ധ്യമല്ല. നസ്രാണിയുടെ ഒരേ രക്തവും മാംസവുമായ തൃശൂരിലെ പൗരസ്ത്യ കൽദായ സഭ അത് തെളിയിച്ചതാണ്. അര നൂറ്റാണ്ടുകാലം ബാവാ-മെത്രാൻ കക്ഷികളായി പിളർന്നു പോരാടിയ കൽദായക്കാർ യോജിച്ചിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. അവരെ പാഠമാക്കാം.

മലങ്കര സഭാ ഐക്യത്തിനു സഭയ്ക്കുള്ളിൽ തടസം നിൽക്കുന്നത് സ്ഥാനമോഹികൾ മാത്രമാണെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ അവർ മാത്രമല്ല യോജിപ്പിനു തടയിടുന്നത്. മലങ്കര സഭ ഒന്നിച്ചു നിന്നാൽ തങ്ങളുടെ പ്രാമാണ്യം നഷ്ടപ്പെടുമെന്നും, സ്വാർത്ഥ താല്പര്യ സംരക്ഷണം അസാദ്ധ്യമാകുമെന്നും ഭയക്കുന്ന ചില ബാഹ്യശക്തികളും ഇതിനു പിന്നിലുണ്ട്.

വിഘടനവാദികളേയും വിഭജനവാദികളേയും ആളും അർത്ഥവും നൽകി പ്രോൽസാഹിപ്പിക്കുന്നതും ഇവരാണ്. ജോർജിയൻ മിറർ 2011 ഏപ്രിൽ ലക്കത്തിൽ ഈ ലേഖകനെഴുതിയ അടിയിലെ ആസാമി എന്ന ലേഖനത്തിൽ ഈ വിവരം വ്യക്തമാക്കിയിട്ടുണ്ട്.
ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് നീതിന്യായ വ്യവസ്ഥയും കോടതികളും. തർക്കങ്ങൾ പരിഹരിക്കാൻ നിയമപരമായ മാർഗ്ഗമാണ് കോടതി വിധി നടപ്പാക്കുക എന്നത്. മലങ്കര സഭാ പ്രശ്‌നം തീർക്കാൻ യോജിക്കുക എന്ന് ഇന്ത്യയിലെ പരമോന്നത നീതിപീഠം വിധികൽപ്പിച്ചിട്ട് ഒരു പന്തീരാണ്ടു കഴിഞ്ഞു. അതിനുള്ള മാർഗ്ഗവും സുപ്രീകോടതി നിർദ്ദേശിച്ചു. യഥാർത്ഥത്തിൽ സ്വൽപ്പം ബലം പ്രയോഗിച്ചാണെങ്കിലും ഇരു വിഭാഗത്തേയും യോജിപ്പിച്ചു മലങ്കര സഭാ സമാധാനം യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ എന്നു ജനാധിപത്യത്തിനു വ്യാഖ്യാനം നൽകിയ മഹാനായ മനുഷ്യസ്‌നേഹിയും ജനാധിപത്യ വാദിയുമായ ഏബ്രഹാം ലിങ്കൻ കാണിച്ചുതന്ന മാർഗ്ഗം അതാണ്. ബലം പ്രയോഗിച്ചാണെങ്കിലും ഒന്നിപ്പിച്ച് സമാധാനം ഉണ്ടാക്കുക. അതു വിജയിക്കുമെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.

മലങ്കര സഭാ പ്രശ്‌നം കോടതിക്കു പുറത്ത് ഒത്തുതീരണം - ഫലത്തിൽ വിഭജനം - എന്നു പ്രസ്ഥാവന ഇറക്കുന്ന കേരളത്തിലെ ഇതര സമുദായ നേതാക്കൾ മറുപടി പറയേണ്ട ഒരു ചോദ്യമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ അവരുടെ സ്വന്ത സമുദായത്തിലുണ്ടായ പ്രശ്‌നങ്ങൾ അവസാനിപ്പിച്ചത് കോടതി വിധിപ്രകാരമോ സമവായത്തിലൂടെയോ? കേരളത്തിലെ ഒരു സർക്കാരിന്റെ നിലനിൽപ്പുപോലും അപകടത്തിലാക്കി അവിടെ കോടതിവിധി നടപ്പിലാക്കുകയായിരുന്നു എന്ന് എല്ലാവർക്കുമറിയാം. സമുദായ ലഹള ഉണ്ടാകും എന്നു ഭയന്ന് മടിച്ചുനിന്ന സർക്കാരിന് കോടതിയുടെ ഉഗ്രശാസനം വന്നപ്പോൾ വിധി നടത്തുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

എന്നിട്ട് ഒരു ലഹളയും ഉണ്ടായില്ലന്നു മാത്രമല്ല. ആ സമൂദായം കെട്ടുറപ്പുള്ളതുമായി. മലങ്കര സഭയ്ക്കും യോജിപ്പിലൂടെ - അത് ബലം പ്രയോഗിച്ചാണെങ്കിലും - കെട്ടുറപ്പുണ്ടായിക്കൂടേ? മലങ്കര സഭാ പ്രശ്‌നത്തിൽ പ്രസ്ഥാവന ഇറക്കുമ്പോൾ ഈ ചോദ്യത്തിനും മറുപടി പറയാൻ ടി. നേതാക്കൾ ബാദ്ധ്യസ്ഥാരാണ്.

1965-ലെ പാകിസ്ഥാന്റെ റാൻ ഓഫ് കച്ച് ആക്രമണത്തിന്റെയും അനന്തര സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ എൻ. പി. ചെല്ലപ്പൻ നായർ ഒരു സരസ ലേഖനം എഴുതിയിട്ടുണ്ട്. അതിന്റെ സാരാംശം താഴെ പറയുംപ്രകാരമാണ്. ലോഫർ പരമു എന്നയാളുടെ ഭാര്യ ചെല്ലമ്മയെ ഉൽസവ സ്ഥലത്തുവെച്ച് വേളോൻ പപ്പു എന്ന ഗുണ്ടാ കയറിപിടിച്ചു. ഉന്തും തള്ളും അടിപിടിയുമായി. ഉൽസവ സ്ഥലമായതിനാൽ ആളും കൂടി.

ഈ സമയത്താണ് സമാധാനം പുനഃസ്ഥാപിക്കുവാൻ പഞ്ചായത്തു മെമ്പർ ഉമ്മട്ടി പണിക്കർ രംഗത്തെത്തുന്നത്. മദ്ധ്യസ്ഥതയിലൂടെ സമാധാനം എന്ന നിർദ്ദേശമായിരുന്നു ഉമ്മട്ടി പണിക്കരുടേയും കണ്ടുനിന്ന മറ്റു പ്രമാണിമാരുടേതും. അവസാനം ഉമ്മട്ടി പണിക്കരുടെ മദ്ധ്യസ്ഥ തീരുമാനം വന്നു. നിയമദൃഷ്ട്യാ ചെല്ലമ്മ പരമുവിന്റെ ഭാര്യയും, ടിയാന്റെ കൈവശത്തിലും ആണെങ്കിലും, ഇരുഭാഗവും തമ്മിൽ സമാധാനം നിലനിൽക്കേണ്ടതിനാൽ ചെല്ലമ്മ മാസത്തിൽ ഇരുപത്തഞ്ചു ദിവസം പരമുവിന്റെയും അഞ്ചു ദിവസം പപ്പുവിന്റെയും ഭാര്യയായി കഴിഞ്ഞുകൊള്ളണം. കേട്ടതു പാതി കേൾക്കാത്തതു പാതി തന്റെ അഞ്ചു ദിവസം നിശ്ചയിച്ചു തരണമെന്ന ആവശ്യവുമായി പപ്പു രംഗത്തെത്തി. (എൻ. പിയുടെ പത്രാസ് എന്ന സമാഹാരത്തിലെ മണ്ണ് മിഥ്യയാകുന്നു എന്ന ലേഖനം)

ഈ ലേഖനത്തിലെ ഉമ്മട്ടി പണിക്കരാണ് ഇന്നത്തെ മലങ്കര സഭാ വിഭജനത്തിനായി മദ്ധ്യസ്ഥർ ചമഞ്ഞിറങ്ങിയിരിക്കുന്ന സമാധാന സംരക്ഷകർ. ഗുണ്ടാ പപ്പുവിന്റെ വേഷത്തിൽ വിഘടിത വിഭാഗവും. (അതോ ശലോമോനോട് കുട്ടിയുടെ പകുതിക്കു സമ്മതിച്ച കപട മാതാവിന്റെയോ?) ചേതമില്ലാത്ത മറ്റൊരാളുടെ ഭാര്യയെ വീതംവെച്ചു കൊടുത്ത ഉമ്മട്ടി പണിക്കരെയാണോ ബലം പ്രയോഗിച്ചാണെങ്കിലും രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തിയ ഏബ്രഹാം ലിങ്കനെയാണോ മദ്ധ്യസ്ഥർ മാതൃകയാക്കേണ്ടത്?

കുട്ടിയെ വിഭജിക്കാൻ ശലോമോൻ കൽപ്പിച്ചപ്പോൾ യഥാർത്ഥ മാതാവിന് വേദനിച്ചു. ഭാര്യയെ വീതം വെച്ചപ്പോൾ ലോഫർ പരമുവിനും വേദനിച്ചു. വിഭജനം ഒഴിവാക്കാൻ അമേരിക്കൻ ആഭ്യന്തര യുദ്ധം നടന്നപ്പോൾ അമേരിക്കക്കാർക്കു വേദനിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാർക്കു നേരേ പീരങ്കി പ്രയോഗിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കനും വേദനിച്ചു. കുട്ടിയെ വെട്ടിമുറിക്കേണ്ടി വന്നിരുന്നെങ്കിൽ ശലോമോനും വേദനിച്ചേനേ.

പക്ഷേ കപട മാതാവിനും ഗുണ്ടാ പപ്പുവിനും വേദനിക്കില്ല. കാരണം തങ്ങളുടേതല്ലാത്ത മുതലിൽ കിട്ടുന്നതു ലാഭം എന്നു മാത്രം അവർക്കു ചിന്തിച്ചാൽ മതി. പഞ്ചായത്തു മെമ്പർ ഉമ്മട്ടി പണിക്കർക്കും വേദനിക്കില്ല. മറ്റു തൊഴിലും അഡ്രസുമില്ലാത്തതിനാൽ അദ്ദേഹത്തിനു മദ്ധ്യസ്ഥൻ എന്ന പ്രശസ്തി മാത്രം കിട്ടിയാൽ മതി. തന്റേതല്ലാത്ത കുട്ടി ചത്തലെന്ത്? ജീവിച്ചാലെന്ത് ?

(ജോർജിയൻ മിറർ ഏപ്രിൽ, 2013)