കടലിലെ മത്സ്യങ്ങള്‍ക്ക് ഒരിക്കലും കൈത്തോട്ടിലേക്ക് പോകാനാകില്ല; ജില്ലയിലെ സിപിഐ(എം)- സിപിഐ തര്‍ക്കത്തില്‍ എം സ്വരാജിന്റെ പരിഹാസം

സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവും സിപിഐയ്ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളാണ് നടത്തിയത്.

കടലിലെ മത്സ്യങ്ങള്‍ക്ക് ഒരിക്കലും കൈത്തോട്ടിലേക്ക് പോകാനാകില്ല; ജില്ലയിലെ സിപിഐ(എം)- സിപിഐ തര്‍ക്കത്തില്‍ എം സ്വരാജിന്റെ പരിഹാസം

കൊച്ചി: എറണാകുളം ജില്ലയിലെ സിപിഐ(എം)- സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. ഇന്നലെ ഉദയംപേരൂരിലെ നടക്കാവില്‍ നടന്ന സിപിഐ(എം)ന്റെ ബഹുജനറാലിയില്‍ സിപിഐയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായാണ് എം സ്വരാജ് എംഎല്‍എ രംഗത്തെത്തിയത്.  സിപിഐ(എം) പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്ന ഉദയംപേരുരില്‍ നടന്ന പൊതുസമ്മേളനത്തിലാണ് സ്വരാജിന്റെ പരാമര്‍ശങ്ങള്‍. കടലിലെ മത്സ്യങ്ങള്‍ക്കൊരിക്കലും കൈത്തോട്ടിലേക്ക് പോകാനാകില്ലെന്ന് സ്വരാജ് തുറന്നടിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവും സിപിഐയ്ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളാണ് നടത്തിയത്.


ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നുവെന്നായിരുന്നു സ്വരാജിന്റെ പരിഹാസം. അതാകട്ടെ സ്വന്തം ജില്ലയില്‍ നിന്നല്ല, യൂണിവേഴ്‌സിറ്റി കലോത്സവത്തിന് പോയപ്പോഴാണ്. മലപ്പുറത്ത് നിന്നും തൃശൂര്‍ വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. അതില്‍ ഇപ്പോഴും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.

സിപിഐയിലെ അസംതൃപ്തരെ സിപിഐ(എം) ലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ എറണാകുളം ജില്ലയില്‍ ഒരു ഘടകകക്ഷി തന്നെ ഇല്ലാതാകുമെന്ന് സിപിഐ ഓര്‍ക്കുന്നത് നല്ലതാണെന്ന് പി രാജീവ് പറഞ്ഞു. ഉദയം പേരൂരില്‍ നിന്നും ഒരു സിപിഐ(എം) അംഗം പോലും പുറത്ത് പോയിട്ടില്ല. പോയത് അംഗത്വം പുതുക്കാതെ പുറത്ത് പോയവരും നടപടിക്ക് വിധേയരായവരുമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഉദയം പേരൂരില്‍ സിപിഐ(എം) വിട്ടുവന്ന വിമതരെ സ്വീകരിച്ച് സിപിഐ ലയനസമ്മേളനം നടത്തിയത് മുതലാണ് എറണാകുളം ജില്ലയില്‍ സിപിഐ-സിപിഐ(എം) തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഐക്കെതിരെ പരാമര്‍ശങ്ങളൊന്നും നടത്തിയില്ലെന്നുളളതും ശ്രദ്ധേയമായി.  എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തെ മാറ്റുന്നത് സംബന്ധിച്ച വിവാദങ്ങളിലും സിപിഐ(എം), സിപിഐ തര്‍ക്കം മറനീക്കി പുറത്തു വന്നിരുന്നു.

Story by
Read More >>