പൂട്ടിയ ബാറുകള്‍ തുറക്കുമോ? യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഭേദഗതി വരുത്തുമെന്ന് സൂചന

സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ ഓണത്തിന് മുമ്പുതന്നെ പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

പൂട്ടിയ ബാറുകള്‍ തുറക്കുമോ?  യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഭേദഗതി വരുത്തുമെന്ന് സൂചന

ബാറുകള്‍ തുറക്കാനുള്ള സാധ്യതകള്‍ക്ക് തുടക്കമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച യുഡിഎഫ് മദ്യനയത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തി എല്‍ഡിഎഫിന്റെ മദ്യനയം പ്രഖ്യാപിക്കാനാണ് ഇപ്പോഴത്തെ നീക്കം. എക്സൈസ് വകുപ്പ് മന്ത്രിയുടെയും ടൂറിസം വകുപ്പ് മന്ത്രിയുടെയും പ്രസ്താവനകളും കണ്‍സ്യൂമര്‍ ഫെണ്ടിന്റെ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമെല്ലാം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ ഓണത്തിന് മുമ്പുതന്നെ പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇടതുവലതു ഭേദമന്യേ കൊണ്ടും കൊടുത്തുമിരുന്ന ബാര്‍ മുതലാളിമാരുടെ താത്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു എന്നുവേണും അനുമാനിക്കാന്‍.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഒരു തരത്തിലും ഗുണം ചെയ്തില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ഇടതു സര്‍ക്കാരിന് പുതിയ മദ്യനയം പ്രഖ്യാപിക്കാനുള്ള കളമൊരുക്കുകയാണ് ചെയ്യുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം എന്തായിരിക്കും എന്ന ചോദ്യത്തിന് ഒരിടത്തുനിന്നും കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ അധികാരിലേറി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാരദ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും യുഡിഎഫിന്റെ മദ്യനയത്തോടുള്ള വിപ്രതിപത്തി വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് തങ്ങളുടെ മദ്യനയം പ്രഖ്യാപിക്കുമെന്നും യുഡിഎഫിന് കേരളത്തിലെ ആജീവനാന്ത മദ്യനയം നടപ്പിലാക്കാന്‍ അവകാശമില്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. യുഡിഎഫ് മദ്യനയത്തോടുള്ള വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞപ്പോഴും അദ്ദേഹം എല്‍ഡിഎഫിന്റെ മദ്യനയം എന്തായിരിക്കും എന്ന് തുറന്ന് പറഞ്ഞിരുന്നില്ല.

ഇപ്പോള്‍ ഉണ്ടാകുന്ന ചര്‍ച്ചകളും നീക്കങ്ങളുമെല്ലാം മദ്യനയം അടിമുടി പരിഷ്‌കരിക്കാനും പൂട്ടിയ ബാറുകള്‍ തുറക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി വേണം മനസിലാക്കാന്‍. 2014ൽ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ പൂട്ടുന്നതായും പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തങ്ങളുടെ മദ്യനയം പ്രഖ്യാപിച്ചത്. എല്ലാ മാസവും ഒന്നാം തീയതിക്ക് പുറമെ ഞായറാഴ്ചയുംകൂടി ഡ്രൈഡേ ആക്കി. കൂടാതെ ഓരോ വര്‍ഷവും പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടി പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കും എന്നതായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വാദം. മദ്യനയം കര്‍ശനമാക്കി നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ തന്നെ ഞായറാഴ്ചത്തെ മദ്യനിരോധനം നീക്കം ചെയ്തു. താമസിയാതെ പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചു. നടപ്പിലാക്കിയ മദ്യനയത്തിലെ പാളിച്ചകള്‍ തുറന്ന് സമ്മതിക്കുകയാണ് ഇതിലൂടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. വന്‍പിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയ ജനം സര്‍ക്കാരില്‍നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ട്. അതിലൊന്നാണ് മദ്യനയവും.
സോഷ്യല്‍ മീഡിയ ചര്‍ച്ചകളും
മറ്റും കാണിക്കുന്നത് മദ്യനയത്തിലെ യുഡിഎഫ് തട്ടിപ്പിന്റെ ആഴവും എല്‍ഡിഎഫ് സര്‍ക്കാരിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയുമാണ്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ഇപ്പോള്‍ ഭരിക്കുന്നത്. 2014ൽ കള്ള് ചെത്തുതൊഴിലാളി ഫെഡറേഷന്‍ എറണാകുളത്ത് സംഘടിപ്പിച്ച
മദ്യനിരോധനം പ്രായോഗികമോ
എന്ന സെമിനാറില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍തന്നെ എല്‍ഡിഎഫിന്റെ മദ്യനയത്തിന്റെ കൃത്യമായ രൂപരേഖയുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത മദ്യനിരോധനം ഭാവിയില്‍ സാമൂഹിക വിപത്തിന് കാരണമാകുമെന്നാണ് അന്നത്തെ പ്രസംഗത്തില്‍ പിണറായി വിജയന്‍ പ്രധാനമായും ആരോപിച്ചത്. അപ്പോള്‍ തീര്‍ച്ചയായും യുഡിഎഫിന്റെ മദ്യനയം പുനഃപരിശോധിക്കാതെ തരമില്ല എന്നുവരുന്നു. സാമൂഹിക വിപത്തിന് കാരണമാകുന്ന മുന്‍ സര്‍ക്കാരിന്റെ നയം ഒരു ജനകീയ സര്‍ക്കാരിന് എങ്ങനെ പിന്തുടരാന്‍ സാധിക്കും. ഈ ചോദ്യം മുന്‍നിര്‍ത്തായാവും എല്‍ഡിഎഫ് സർക്കാരിന്റെ മദ്യനയം.

ഇന്ത്യയില്‍ വൈദികകാലം മുതലുള്ള മദ്യ ഉപയോഗത്തിന്റെ കണക്കുകളും വസ്തുതകളും നിരത്തിയ പിണറായി വിജയന്റെ പ്രസംഗത്തില്‍ മദ്യനിരോധനം നടപ്പിലാക്കിയ ഗുജറാത്തില്‍ 27 ശതമാനം പേരും മദ്യം ഉുപയോഗിച്ചിരുന്ന കാര്യവും ചൂണ്ടിക്കാണിച്ചിരുന്നു. മദ്യനിരോധനം സമൂഹത്തില്‍ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാക്കിയതെന്ന ചോദ്യമാണ് പ്രധാനമായും മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് പിണറായി വിജയന്‍ മുന്നോട്ട് വെച്ചതെങ്കില്‍ മുഖ്യമന്ത്രി ആയശേഷം ഈ വിഷയത്തില്‍ കാര്യമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ മദ്യനയം സംബന്ധിച്ച കൃത്യമായ തീരുമാനം സര്‍ക്കാരിനുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

മദ്യനയം സംബന്ധിച്ച് അത്ര പെട്ടെന്നൊരു തീരുമാനം എല്‍ഡിഎഫില്‍ സാധ്യമല്ലെന്നതും ഒരു വസ്തുതയാണ്. ഇത് സംബന്ധിച്ച് എല്‍ഡിഎഫില്‍ കടുത്ത ആശയക്കുഴപ്പങ്ങളുണ്ട്. സിപിഐ യുഡിഎഫിന്റെ മദ്യനയം പൂര്‍ണ്ണമായും പുനഃപരിശോധിക്കണമെന്ന അഭിപ്രായം മുന്നോട്ട് വെയ്ക്കുമ്പോള്‍ തന്നെ പെട്ടെന്ന് ബാറുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി എങ്ങനെ മുന്നോട്ട് പോകുമെന്നതും സജീവ ചര്‍ച്ചയിലുള്ള വിഷയമണ്. ഇലക്ഷന് മുമ്പുതന്നെ തുടങ്ങിയതാണ് മദ്യനയം സംബന്ധിച്ചുള്ള സിപിഎമ്മിലെ തര്‍ക്കങ്ങള്‍. പിബി യോഗം ചേര്‍ന്ന് യുഡിഎഫിന്റെ മദ്യനയം തുടരുമെന്ന് സീതാറാം യെച്ചൂരിക്ക് പ്രഖ്യാപിക്കേണ്ട സ്ഥിതിവിശേഷവുമുണ്ടായി. യുഡിഎഫിന്റെ മദ്യനയം തുടരുമെന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായങ്ങളെ പിണറായി വിജയന്‍ തള്ളിക്കളഞ്ഞപ്പോള്‍ യെച്ചൂരിയെ പിന്തുണച്ച് വിഎസ് അച്യൂതാനന്ദന്‍ തന്നെ രംഗത്തെത്തിയതും ഇലക്ഷന് മുമ്പ് പാര്‍ട്ടി നേരിട്ട വലിയ പ്രതിസന്ധികളിലൊന്നായിരുന്നു. പെട്ടെന്നൊരു തീരുമാനമെടുത്താല്‍ ഈ പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നതാണ് പ്രധാന ആശങ്ക.

എന്നാല്‍ ആ ആശങ്കള്‍ക്കപ്പുറം പുതിയ മദ്യനയത്തിന്റെ പണിപ്പുരയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണമെന്നാണ് വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ മദ്യം ഒഴുക്കണമെന്ന അഭിപ്രായം മന്ത്രിക്കില്ല. എന്നാല്‍ മദ്യനിരോധനം സംസ്ഥാനത്തെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന
അഭിപ്രായം അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നുണ്ടുതാനും. ടൂറിസം മേഖലയുടെ പ്രധാന തകര്‍ച്ചയ്ക്ക് കാരണം മദ്യനയമാണെന്നാണ് മന്ത്രിയുടെ പക്ഷം.

കേരളത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മദ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തിയവരെ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോഴത്തെ നയം. അതിനാല്‍ മദ്യനയത്തില്‍ മാറ്റം ആവശ്യമാണ്. മദ്യനയം നടപ്പില്‍ വന്നതോടെ സംസ്ഥാനത്തെ ലഹരി ഉപഭോഗം ഗണ്യമായതോതില്‍ വര്‍ദ്ധിച്ചു
. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം പതിനേഴ് ശതമാനത്തിലതികം വര്‍ദ്ധിച്ചതായാണ് കണക്ക്. ഈ കണക്കുകളും ടൂറിസം മേഖലയിലുണ്ടായ തിരിച്ചടികളും വസ്തുതാപഠനങ്ങളും രമേശ് ചെന്നിത്തലയുടേത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ എല്‍ഡിഎഫിന്റെ പുതിയ മദ്യനയം ബാറുകള്‍ തുറക്കുന്നതിലേക്ക് നയിക്കാനാണ് സാധ്യത.

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന് അനുകൂലമായ നിലപാടെടുക്കുമെന്നാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഈ വിഷയത്തില്‍ പ്രായോഗികമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിലവിലെ മദ്യനയം ഏതൊക്കെ രീതിയിലാണ് ടൂറിസം മേഖലയെ ബാധിച്ചതെന്ന് പഠിക്കുമെന്നാണ് ടി.പി രാമകൃഷ്ണന്‍ പറഞ്ഞത്.

മദ്യനയത്തില്‍ പറഞ്ഞിരിക്കുന്നതുപ്രകാരം വര്‍ഷാ വര്‍ഷം മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അതില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ട്. എ.സി മൊയ്തീന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ധേഹത്തിന്റെ പ്രസ്താവനയ്ക്ക് അനുകൂലമായ നിലപാടെടുത്തിരിക്കുകയാണ് കണ്‍സ്യൂര്‍ഫെഡ്. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കി ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്‌ക്കൊരുങ്ങിയിരിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് വന്ന് മദ്യം വാങ്ങാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. മദ്യോപഭോക്താക്കളെ ക്യൂ നിര്‍ത്തി കഷ്ടപ്പെടുത്താതിരിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ മദ്യനയത്തിലുള്ള പരിഷ്‌ക്കാരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സര്‍ക്കാരിന്റെ മദ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതു ജനാഭിപ്രായം അറിയുന്നതിനായി കഴിഞ്ഞ മാസം ഏഴിന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വയനാട്ടിലെ ആദിവാസി കോളനികളെ മദ്യവിമുക്തമാക്കുക എന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അഭിപ്രായങ്ങള്‍ ക്ഷണിച്ച് കൊണ്ടാണ് പിണറായി വിജയന്‍റെ പോസ്റ്റ്. എന്നാല്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായം കേട്ടശേഷം മാത്രമേ ഈ വിഷയത്തില്‍ നിലപാട് എടുക്കൂ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

Read More >>