തെറിച്ച താന്തോന്നി കഥകളാണ് 'കൂ'

കഥകൾ പൊതുവെ നമ്മൾ 'രസകരങ്ങളാണ്' എന്ന് പറയാറുണ്ട്. ലാസറിന്റെ കഥകളും രസകരങ്ങൾ തന്നെ. രസകരങ്ങൾ എന്നു പറയുമ്പോൾ എണ്ണിയാലൊടുങ്ങാത്ത രസങ്ങളെ അത് ഉൽപാദിപ്പിക്കുന്നുണ്ട്. ജീവിതങ്ങളിലൂടൂളിയിട്ട് പെറുക്കിയെടുത്ത് നിരത്തുന്ന അനേകായിരം വികാരങ്ങളെ അത് രസങ്ങളായി പ്രത്യത്പാദിപ്പിക്കുന്നുണ്ട്, തീർച്ച.

തെറിച്ച താന്തോന്നി കഥകളാണ്

ഷഫീക്ക് സുബൈദ ഹക്കിം

നിസംഗമായ പകലുകളിലൊന്നിലാണ് ലാസറിന്റെ കഥകൾ വായിച്ചു തുടങ്ങിയത്. ലാസർ അതിന് പേരിട്ടിരിക്കുന്നത് 'കൂ' എന്നാണ്. സമാഹാരത്തിലെ രസകരമായ ഒരു കഥയാണ് 'കൂ'. അതവിടെ നിൽക്കട്ടെ. പകലുകളും രാത്രികളുമായി അൽപദിവസങ്ങൾ അപഹരിച്ചു ആ കഥാപുസ്തകം. വളരെ സാവധാനം മാത്രം വായന നടത്തുന്ന ഒരാളാണ് ഞാൻ. പ്രത്യേകിച്ച് ഫിക്ഷനുകൾ.

വെറും അലസമായി കഥകൾ വായിച്ചുതുടങ്ങിയ ഞാൻ പിന്നെ തീരുവോളം മറ്റൊന്നും ചെയ്തില്ല. ലാസർ എന്നെ മറ്റൊന്നും ചെയ്യാനനുവദിച്ചില്ല എന്ന് പറയുന്നതാകും കൂടുതൽ ഉചിതം.


കഥ തീരുവോളം ഒരു സ്വേച്ഛാധിപതിയെപോലെ പിന്തുടരുന്ന ഒരു കഥാകാരൻ കൂവിലൊരിടത്തും ഇല്ല എന്ന് പറയാം. അങ്ങനെ പ്രത്യക്ഷപ്പെടാൻ കഥകളിലെ കഥാപാത്രങ്ങൾ അയാൾക്കനുമതി നൽകിയിരുന്നില്ല. കഥകൾ കഥാപാത്രങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. കഥാപാത്രങ്ങൾ എന്നു പറയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കൂ എന്ന കഥാസമാഹാരത്തിലെ എല്ലാ അക്ഷരങ്ങളും കഥാപാത്രങ്ങളാണ്. അവയ്‌ക്കോരോന്നിനും പറയാനുണ്ട് ഒട്ടനേകം കഥകൾ.

ലാസറിന്റെ ഓരോ കഥയ്ക്കുമുള്ള മറ്റൊരു പ്രത്യേകത കഥ പറയുന്ന രീതിയാണെന്നു തോന്നിയിട്ടുണ്ട്. ഓരോ കഥക്കും ചേരുന്ന ഒരു സവിശേഷ ആഖ്യാന രീതി ലാസർ കണ്ടുപിടിച്ചിരിക്കും. ഒന്നു ഒന്നിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥ പറച്ചിൽ രീതി. ആ സവിശേഷ ആഖ്യാനത്തിനുള്ളിലാണ് ലാസർ തന്റെ കഥക്കുള്ള ബ്രഹ്മാണ്ഡം ഒരുക്കുന്നത്. അഥവാ ലാസറിന്റെ കഥകളിലെ ഓരോ അക്ഷരങ്ങളും ഓരൊ കഥാപാത്രങ്ങളാകുന്നത്.

കഥകൾ പൊതുവെ നമ്മൾ 'രസകരങ്ങളാണ്' എന്ന് പറയാറുണ്ട്. ലാസറിന്റെ കഥകളും രസകരങ്ങൾ തന്നെ. രസകരങ്ങൾ എന്നു പറയുമ്പോൾ എണ്ണിയാലൊടുങ്ങാത്ത രസങ്ങളെ അത് ഉൽപാദിപ്പിക്കുന്നുണ്ട്. ജീവിതങ്ങളിലൂടൂളിയിട്ട് പെറുക്കിയെടുത്ത് നിരത്തുന്ന അനേകായിരം വികാരങ്ങളെ അത് രസങ്ങളായി പ്രത്യത്പാദിപ്പിക്കുന്നുണ്ട്, തീർച്ച.

രാഷ്ട്രീയത്തിന്റെ നിഷ്‌കർഷതകൾക്ക് വഴങ്ങുന്നില്ല കഥകളിലെ കഥാപാത്രങ്ങൾ. പൊളിടിക്കൽ കറക്ട്‌നെസുകൾക്കും വഴങ്ങികൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ ജീവസുറ്റ കഥാപാത്രങ്ങളായി അവർ ജീവിക്കുന്നു, ചിരിക്കുന്നു, കരയുന്നു, തെറിവിളിക്കുന്നു, അസഭ്യം പറയുന്നു, ലൈംഗികതയിൽ തിളയ്ക്കുന്നു, നിസംഗപ്പെടുന്നു, മൗനങ്ങളിലേയ്ക്ക് ഊളിയിടുന്നു, ഭ്രാന്തമാകുന്നു, ഭയപ്പെടുന്നു, ആക്രമിക്കുന്നു, കളിയാക്കുന്നു, മരിക്കുന്നു, കൊല്ലുന്നു അങ്ങനെയങ്ങനെ അവ ജീവിക്കുന്നു.

അതേസമയം കൂവിലെ കഥാപാത്രങ്ങൾക്ക് രാഷ്ട്രീയമുണ്ട്. പലപ്പോഴും ലാസറിന്റെ ചില ചീഞ്ഞളിഞ്ഞ രാഷ്ട്രീയം തികട്ടിയിട്ടുണ്ടെങ്കിലും രാഷ്ട്രീയം പറയാൻ വേണ്ടിയല്ല കഥകൾ നിൽക്കുന്നതെന്ന് പൊതുവേ തോന്നിപ്പിക്കുന്നുണ്ട് എല്ലാ കഥകളും. ചിലകുത്തുകളിലൂടെ കഥയിലെ രാഷ്ട്രീയം തെളിഞ്ഞുവരുന്നുമുണ്ട്. ചില ചെറിയ കുത്തലുകളിലൂടെയും അസൂയകളിലൂടെയും നിസ്സഹായതകളിലൂടെയും തെളിഞ്ഞുവരുന്ന രാഷ്ട്രീയം വായനക്കാരിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്ന ചില ചോദ്യങ്ങളാകുന്നതുകൊണ്ട് ബോർ ആകുന്നില്ല, ഒരിടത്തൊഴിച്ച് (അത് വഴിയെ പറയുന്നുണ്ട്.).

(കൂ എന്ന കഥയിൽ റാഹേൽ തന്റെ താലിയിൽ അറിയാതെ പിടിക്കുന്ന ഒരു രംഗമുണ്ട്. വളരെ നൈസ് ആയി പണികൊടുത്തൂല്ലേ ലാസറേ..)

ഒരപസർപ്പക കഥയുടെ ഉദ്വേഗത്തോടെയല്ലാതെ ഓരോ കഥയും വായിച്ച് പൂർത്തിയാക്കാനാവുന്നില്ല എന്നതാണ് കൂവിലെ കഥകളുടെ ഒരു സവിശേഷത. എന്തിലേയ്ക്കാണ് കഥ നീങ്ങുന്നതെന്നും കഥാപാത്രങ്ങൾ എങ്ങനെയാകും പ്രതികരിക്കുന്നതെന്നും പ്രവചിക്കാൻ കഴിയുകയേയില്ല. ഒരർത്ഥത്തിൽ തെറിച്ച താന്തോന്നികഥകളാണ് കൂവിലുള്ള എല്ലാ കഥകളും അതിലെ കഥാപാത്രങ്ങളും. മരിച്ചാലും വിട്ടൊഴിയാത്ത ദുരാത്മാക്കൾപോലെ, കരിഞ്ഞാലും ഒഴിയാത്ത ഓർമകൾപോലെ അവ നമ്മോടൊപ്പം ഇങ്ങ് പോന്നുകളയും വിട്ടുമാറാതെ. ശല്യം ചെയ്തുകൊണ്ടേയിരിക്കും പേപിടിച്ച ചോദ്യങ്ങൾ പോലെ.

ലാസറിന്റെ രാഷ്ട്രീയത്തിൽ നിന്നും വിഭിന്നമായി എല്ലാത്തിനും ഉത്തരങ്ങൾ വെച്ചു നീന്നു ഒരു വയസൻ അദ്ധ്യാപകനാകുന്നില്ല കൂവിലെ കഥകൾ എന്നതുകൊണ്ട് കഥകളെ വിശ്വസിക്കാം. പലപ്പോഴും ചോദ്യങ്ങളും ചോദിക്കുന്നില്ല. ചില ചിത്രങ്ങൾ കാണിച്ചു തരുന്നുവെന്ന് മാത്രം. ചിത്രങ്ങൾ പലതായും പ്രത്യക്ഷപ്പെടാം; പലരൂപത്തിലും ഭാവത്തിലും. ഒന്നുറപ്പ് ഇരിക്കപ്പൊറുതി തരില്ല ഈ ചിത്രങ്ങൾ.

ആത്മഹത്യയോളം അല്ലെങ്കിൽ മരണത്തോളം യാത്രചെയ്തു തിരിച്ചുവരുന്നവരാണ് ലാസറിന്റെ കഥാപാത്രങ്ങൾ. ആരെയും മരണത്തിനു വിട്ടുകൊടുക്കാതിരിക്കാനുള്ള ഒരു സ്വാർത്ഥത ലാസറിന്റെ കഥകൾ സൂക്ഷിക്കുന്നുണ്ട്, ഒരിടത്തൊഴിച്ച്. ആ അപവാദമാകട്ടെ അതിക്രൂരവും അങ്ങേയറ്റം ഹിംസാത്മകവുമായി. എന്തിനാണ് ലാസർ ഇത്ര ക്രൂരമായി പത്രോച്ചനോട് പ്രതികാരം ചെയ്തത്? അയാൾ ചെയ്ത കുറ്റമെന്താണ്? ഭരണകൂട/പൊതുയുക്തിയുടെ തലത്തിൽ നിന്നുകൊണ്ടല്ലാതെ അയാൾക്ക് വധശിക്ഷ നൽകാൻമാത്രം വിചാരണ ചെയ്യപ്പെടേണ്ട കാര്യമെന്ത്? എന്തിനാണ് പള്ളിവികാരിയിലേയ്ക്ക് ലാസർ സ്വയം കൂടുമാറിയത്? ഈ ചോദ്യം ആ കഥവായിച്ച് തിർന്ന് ഇതുവരെയും എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്. ഇത്രയും ജൈവികമായ ഒരു കഥാപാത്രത്തോട്, സത്യസന്ധമായി വെല്ലുവിളിക്കുന്ന ഒരു കഥാപാത്രത്തോട് വല്ലാത്ത വെറുപ്പോടുകൂടിയാണ് പ്രതികാരം ചെയ്തുകളഞ്ഞത്. പത്രോച്ചൻ ഈ സമൂഹത്തിന്റെ പരിശ്ചേദമാകുമ്പോൾ പള്ളിവികാരി പൊതുബോധത്തിലെ സദാചാര കോപ്പൻമാരുടെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുന്നുവെന്നത് അത്ര നിസ്സാരമല്ല തന്നെ. ലാസറിന്റെ ഈ ഒളിച്ചുകളി 'നിർത്തിക്കൊട്ടിൽ തികട്ടിവരുന്നുണ്ട്, പച്ചപ്പാവം വികാരിയിലൂടെ. എന്നിരുന്നാലും പ്രസ്തുത കഥപോലും തള്ളിക്കളയാനാവുന്നില്ല എന്ന് പറയാം.

അനായാസം നമുക്ക് ചുറ്റും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പ്രമേയങ്ങളും കഥാപാത്രങ്ങളും പ്രത്യേക അനുഭവമായിരുന്നുവെന്ന് തന്നെ പറയേണ്ടതാണ്. റെജിയും ഷീബയും ശ്രീശ്രീ സാറും തമ്പ്രാനും ജലജയും ഫസലും മകളുമൊക്കെയും ഏച്ചുകെട്ടില്ലാത്ത കഥാപാത്രങ്ങളൊന്നും ഉള്ളിൽ നിന്നും ഇറങ്ങിപ്പോകുന്നില്ല. പറയുന്നതെല്ലാം പലപ്പോഴും ഇവിടുത്തെ 'പുരോഗമന'ജീവിതങ്ങളുടെ കഥകളും നോട്ടങ്ങളുമാണെങ്കിലും അവയുടെ ഉള്ളകളിലെ 'അലുവയും മത്തിക്കറിയും' കൃത്യമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് കൂവിലെ കഥകളിൽ. അവിടെ കഥാകാരൻ കാണിക്കുന്ന സത്യസന്ധത അഭിനന്ദനാർഹവുമാണ്.

ജീവിതം വെറും നിറങ്ങളില്ലാത്ത മങ്ങിയ നിരാശമാത്രമാണ് എന്ന് തോന്നിക്കുന്നില്ല. തന്റെ ശരീരത്തെ ഒളിഞ്ഞുനോക്കുന്ന റെജിയോട് ഷീബയുടെ കണക്കുപറച്ചിൽ അവനോടുള്ള വെറുപ്പിലല്ല അവസാനിക്കുന്നത് എന്നത് തന്നെ ഒരു ഉദാഹരണം. അവളുടെ ശരീരത്തെ അവൻ കണ്ണുകളിലൂടെ ആവാഹിച്ചെടുത്ത് പകർത്തിയ ചിത്രങ്ങളോട് അവൾ ഒരവമതിപ്പും കാണിക്കുന്നില്ല എന്നു മാത്രമല്ല, അവളുടെ യഥാർത്ഥ ജീവിതത്തെ, പ്രസരിപ്പിനെ, കരുത്തിനെ തിരിച്ചുപിടിക്കാനുള്ള പിടിവള്ളിയാക്കുന്നുമുണ്ട് എന്നിടത്ത് കൂവിലെ അവസാനത്തെ കഥ 'കൊ കൊ' ഒരു ജീവിതമനോഹാരിതയായിത്തീരുന്നു. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെറിയുമ്പോഴത്തെ നൈരാശ്യമൊക്കെ പ്രതിഫലിപ്പിക്കുന്ന ഷീബ പക്ഷെ കഥ കഴിയുമ്പോഴും നമ്മുടെ കരളിനുള്ളിൽ കടന്നുകഴിഞ്ഞിരിക്കും. ഒപ്പം റെജിയും ഭർത്താവും ഭർത്താവിന്റെ പുതിയ 'സമ്പർക്കവും' ഒക്കെയും. അവരോടൊപ്പം ആടിയും പാടിയും നമ്മൾ കൂ വായിച്ചു തീർന്നിരിക്കും.

Read More >>