"ക്ലാസ്മേറ്റ്സ് ലാലേട്ടന്‍ തിരുത്തിയ കഥ": ലാല്‍ ജോസ്

സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ലാലേട്ടനെ (സിദ്ദിഖ്- ലാല്‍) സമീപിച്ചപ്പോള്‍ അദ്ദേഹമാണ് തിരക്കഥയില്‍ തിരുത്ത് ആവശ്യപ്പെട്ടത്. ലാല്‍ജോസില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നല്ല അതില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്.

"ക്ലാസ്മേറ്റ്സ് ലാലേട്ടന്‍ തിരുത്തിയ കഥ": ലാല്‍ ജോസ്

ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും മലയാള സിനിമയ്ക്ക് കിട്ടാക്കനിയും പുത്തരിയുമൊന്നുമല്ല. മൂല്യ-മൂല്യേതര ബോധ്യമില്ലാതെ ധാരാളം സിനിമകള്‍ ഇവിടെ വാണിജ്യ വിജയം കൊയ്തിട്ടുണ്ട്, അതിപ്പൊഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ വിജയിച്ച് തീയേറ്റര്‍ വിട്ടുപോയ ഒരു സിനിമ പിന്നീട് എത്രകാലം പ്രേക്ഷകന്റെ മനസില്‍ ജീവിക്കും ? അത് ചെലുത്തിയ സ്വാധീനം എത്രത്തോളം നിലനില്‍ക്കും. ഒരുപക്ഷെ വളരെ ചുരുക്കം ചില സിനിമകള്‍ മാത്രമാണ് അത്തരത്തില്‍ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടുന്നത്. ഈ ശ്രേണിയില്‍ വരുന്ന, ഇന്നും മലയാളി പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തുവെക്കുന്ന ചലച്ചിത്രാനുഭവമാണ് ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സ്.


അതുകൊണ്ടുതന്നെയാകണം ചിത്രം പുറത്തിറങ്ങി ഒരു ദശാബ്ദം കഴിഞ്ഞിരിക്കുന്നു എന്ന് നാം അറിയുമ്പോള്‍ ഒരല്പം ആശ്ചര്യത്തോടെ പുരികം മുകളിലേക്കുയര്‍ത്തുന്നതും. കേവലം ഒരു സിനിമ എന്നതിനപ്പുറത്തേക്ക് അതിനെ ഹൃദ്യമായ ഒരു അനുഭവമാക്കി ത്തീര്‍ക്കുന്നതില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ വിജയിച്ചപ്പോഴാണ് ക്യാമ്പസ് സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും കഥപറഞ്ഞ ഈ ചലച്ചിത്രം ഒരു ദശാബ്ദത്തിനുശേഷവും ആസ്വാദകന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ചിത്രത്തെ കുറിച്ച് ലാല്‍ ജോസ് പറയുന്നു. 'സ്വന്തം സഹോദരന്റെ മകന്റെ ശവസംസ്‌ക്കാരച്ചടങ്ങുകഴിഞ്ഞ് സെമിത്തേരിയില്‍ നിന്നാണ് ഞാന്‍ കോട്ടയത്തെ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയത്. എറണാകുളത്തുവച്ച് വൈകുന്നേരം ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തതിനുശേഷം രാത്രി 12 മണിയോടെ കോട്ടയത്തെത്തുകയും പിറ്റേന്ന് പുലര്‍ച്ചെ 6 മണിയോടെ സിഎംഎസ് കോളേജിലെ ലൊക്കേഷനിലെത്തുകയുമായിരുന്നു. മാനസികമായി തകര്‍ന്ന ഒരവസ്ഥയിലാണ് ഞാന്‍ ക്ലാസ്മേറ്റ്സിന്റ ചിത്രീകരണം ആരംഭിച്ചത്', ജെയിംസ് ആല്‍ബര്‍ട്ട് ഒന്നര വര്‍ഷം കൊണ്ട് എഴുതിയ തിരക്കഥ പൂര്‍ണമായും തിരുത്തി, പിന്നീട് 3 മാസം കൊണ്ടെഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് തീയേറ്ററുകളില്‍ നിങ്ങള്‍ കണ്ട ക്ലാസ്മേറ്റ്സ്.

'ബാംഗ്ലൂരിലെ ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള ഒരു തിരക്കഥയായിരുന്നു ആദ്യം ജെയിംസ് തയ്യാറാക്കിയിരുന്നത്. പിന്നീട് സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ലാലേട്ടനെ (സിദ്ദിഖ്- ലാല്‍) സമീപിച്ചപ്പോള്‍ അദ്ദേഹമാണ് തിരക്കഥയില്‍ തിരുത്ത് ആവശ്യപ്പെട്ടത്. ലാല്‍ജോസില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നല്ല അതില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്. കൂടാതെ ബാംഗ്ലൂര്‍ പോലെയുള്ള ഒരു നഗരത്തിലെ ക്യാമ്പസ് ജീവിതം എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് എനിക്കോ ജയിംസിനോ വലിയ ധാരണയും ഇല്ലായിരുന്നു. പിന്നീട് സിനിമയുടെ ആദ്യവും അവസാനവും ഒഴികെ മറ്റു ഭാഗങ്ങളെല്ലാം മാറ്റുകയും, ജെയിംസിനുള്ള ഫാത്തിമ മാതാ കോളേജ് അനുഭവങ്ങളും എന്റെ എന്‍എസ് എസ് കോളേജ് പശ്ചാത്തലവും കോര്‍ത്തിണക്കിക്കൊണ്ട് പുതിയ ഒരു തിരക്കഥ ഉണ്ടാക്കുകയുമായിരുന്നു. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് വെറും 3 ആഴ്ച്ച മാത്രമുള്ളപ്പോഴായിരുന്നു ഇതെന്നും ഓര്‍ക്കണം', ലാല്‍ ജോസ് പറയുന്നു.