ലേഡി കോബ്രയ്ക്ക് പിന്നാലെ കേരള പോലീസ്; ആരാണവള്‍?

കേരള പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വയർലെസ് സെറ്റുകളില്‍ ഇന്നലെ ഒരു പെണ്‍ ശബ്ദം മുഴങ്ങി

ലേഡി കോബ്രയ്ക്ക് പിന്നാലെ കേരള പോലീസ്; ആരാണവള്‍?

തിരുവനന്തപുരം: കേരള പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വയർലെസ് സെറ്റുകളില്‍ ഇന്നലെ ഒരു പെണ്‍ ശബ്ദം മുഴങ്ങി. തിരുവനന്തപുരം നഗരത്തിലെ പൊലീസ് ഉപയോഗിക്കുന്ന വയർലെസ് സെറ്റിലൂടെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ കോഡ്‌ ഭാഷയായ 'കോബ്ര' ഉപയോഗിച്ച് ഒരു വനിത നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

കോബ്ര എന്ന കോഡ് നാമത്തിലാണ് കമ്മീഷണർ സെറ്റിലൂടെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നത്. ഇത് മനസിലാക്കിയ അജ്ഞാതയായ സ്ത്രീ    ഞായറാഴ്ച്ച രാത്രി 11.14ന് പോലീസിന്റെ ഏതോ ഒരു സെറ്റ് ഉപയോഗിച്ച്    ‘കൺട്രോൾ കോബ്ര ’ എന്നു പറയുകയായിരുന്നു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പേട്ട സർക്കിൾ ഇൻസ്പെക്ടർ സെറ്റിലൂടെ സംസാരിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇത്. കമ്മീഷണറുടെ പുരുഷ ശബ്ദത്തിനു പകരം വനിതയുടെ ശബ്ദം കേട്ടവർ ആദ്യം അമ്പരന്നു. എന്നാൽ 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വാക്കുകൾ അവസാനിപ്പിച്ച് ആ സ്ത്രീ സെറ്റിൽ നിന്നു പോയി.


ഇത് ഏതു സെറ്റിൽ നിന്നാണെന്ന് ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല. ഇപ്പോൾ നൽകുന്ന പുതിയ ഡിജിറ്റലൈസ് സെറ്റിലൂടെ ആരു സംസാരിച്ചാലും സെറ്റ് തിരിച്ചറിയാം. അതേ സമയം പഴയ കുറെ സെറ്റുകളും പൊലീസ് ഉപയോഗിക്കുന്നുണ്ട്. അതിലൂടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ‍ൽ ഏതു സെറ്റിൽ നിന്നെന്നു കണ്ടെത്താൻ കഴിയില്ല. മാത്രമല്ല , മിക്ക ഉദ്യോയോഗസ്ഥരും വയർലസ് സെറ്റുകൾ രാത്രി വീട്ടിലോ ക്വാട്ടേഴ്സിലോ ആണു സൂക്ഷിക്കുന്നത്. അവിടെ ആരെങ്കിലും തമാശയ്ക്കു ഇതുപയോഗിച്ചതാണോയെന്നും അറിയില്ല. ഏതായാലും കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറോട് ഇതേക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചതായി കമ്മീഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു.

സിറ്റി പൊലീസിനെ വലച്ച ‘ലേഡി കോബ്രയെ’ കണ്ടെത്താനുള്ള ഓട്ടത്തിലാണ് പോലീസ്. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്നും ഇതിന് പിന്നില്‍ സംഭവിച്ചത് എന്താണ് എന്നതിനെ പറ്റി ഉടന്‍ തന്നെ കൂടുതല്‍ വ്യക്തത വരുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Read More >>