കുട്ടിപ്പട്ടാളത്തിനെതിരെയുള്ള പരാതി ആളാവാന്‍ വേണ്ടി ചെയ്തത്: കുട്ടിപ്പട്ടാളം അവതാരക സുബി

മൂന്നര വര്‍ഷമായി ആ പരിപാടി അവതരിപ്പിക്കുന്നയാളാണ് ഞാന്‍. ഇതുവരെ ഒരാളും പരിപാടിക്കെതിരെ മോശമായി എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. ഒരു പണിയുമില്ലാത്തവര്‍ ആളാവാന്‍ വേണ്ടിയാണ് പരിപാടിക്കെതിരെ പരാതി നല്‍കിയത്.

കുട്ടിപ്പട്ടാളത്തിനെതിരെയുള്ള പരാതി ആളാവാന്‍ വേണ്ടി ചെയ്തത്: കുട്ടിപ്പട്ടാളം അവതാരക സുബി

സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം പരിപാടി നിര്‍ത്തിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത് കൊണ്ടല്ലെന്ന് പരിപാടിയുടെ അവതാരകയായിരുന്ന സുബി സുരേഷ്. മൂന്നരവര്‍ഷമായി തുടരുന്ന കുട്ടിപ്പട്ടാളം ഒരേ സമയം നാല് ഭാഷകളില്‍ ഉണ്ടായിരുന്നെന്നും ഇതെല്ലാം ഒന്നിച്ചാണ് അവസാനിപ്പിച്ചതെന്നും സുബി സുരേഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

മൂന്നര വര്‍ഷമായി സൂര്യാ ടിവിയില്‍ തുടരുന്ന പരിപാടിയാണ് കുട്ടിപ്പട്ടാളം. പരിപാടി നിര്‍ത്താന്‍ കാരണം ബാലാവകാശ കമ്മീഷന്റെ ഇടപെടലല്ല. ഒരേ സമയം നാല് ഭാഷകളിലായി നടന്നുകൊണ്ടിരുന്ന പരിപാടി ഒരുമിച്ചാണ് നിര്‍ത്തുന്നത്. പരിപാടിക്കെതിരെ ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയുമായി പരിപാടി നിര്‍ത്തിയതിന് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സുബി പറഞ്ഞു.


റേറ്റിംഗ് കൂടുതലുള്ള പരിപാടിയായിരുന്നു കുട്ടിപ്പട്ടാളം. പരിപാടിക്കെതിരെ ആക്ഷേപമുള്ളവര്‍ അത് കാണാതിരിക്കുകയാണ് വേണ്ടത്. എന്തായാലും കുട്ടിപ്പട്ടാളത്തിനെതിരെ പരാതി നല്‍കിയ വ്യക്തി അതിന്റെ നല്ലൊരു പ്രേക്ഷകനായിരുന്നിരിക്കണം. മൂന്നര വര്‍ഷമായി ആ പരിപാടി അവതരിപ്പിക്കുന്നയാളാണ് ഞാന്‍. ഇതുവരെ ഒരാളും പരിപാടിക്കെതിരെ മോശമായി എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. ഒരു പണിയുമില്ലാത്തവര്‍ ആളാവാന്‍ വേണ്ടിയാണ് പരിപാടിക്കെതിരെ പരാതി നല്‍കിയത്.

പരാതി ചാനല്‍ പ്രശ്‌നമാക്കി എടുത്തിരുന്നില്ലെന്നാണ് കരുതുന്നത്. ആരോ പരാതി നല്‍കിയിരുന്നെന്ന് മാത്രമാണ് അറിഞ്ഞത്. ചെന്നൈയിലായിരുന്നു കുട്ടിപ്പട്ടാളത്തിന്റെ ഷൂട്ടിംഗ് നടന്നത്. സണ്‍ നെറ്റ്‌വര്‍ക്ക് നേരിട്ട് നടത്തുന്ന പരിപാടിയായിരുന്നു. സണ്‍ നെറ്റ്‌വര്‍ക്ക് പോലുള്ള വലിയ ബ്രാന്‍ഡിന് ഇതുപോലൊരു  പരാതി വലിയ ഇഷ്യൂ ആകുമെന്ന് കരുതുന്നില്ല.

ഗ്രൂമിംഗ്(പരിശീലനം) പോലുമില്ലാതെയാണ് കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. കുട്ടികളെ കൊണ്ട് ബോധപൂര്‍വം പറയിപ്പിക്കുകയാണെങ്കില്‍ രക്ഷിതാക്കള്‍ പ്രശ്‌നമുണ്ടാക്കണമല്ലോ. ഇവിടെ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ചെറിയ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. അവര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് വീടുകളിലാണ്. അപ്പോള്‍ വീട്ടിലെ കാര്യങ്ങളും മറ്റുമായിരിക്കണം അവരോട് ചോദിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ കാര്യങ്ങളൊക്കെ കുട്ടികളോട് ചോദിക്കാന്‍ പറ്റില്ലല്ലോ.

കുട്ടിപ്പട്ടാളത്തിന്റെ മാതൃകയില്‍ പല ചാനലുകളും പലരേയും വെച്ച് പരിപാടികള്‍ നടത്തിയിരുന്നെങ്കിലും അതൊക്കെ അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴും കുട്ടിപ്പട്ടാളത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും സുബി പറഞ്ഞു.

orderകുട്ടിപ്പട്ടാളം പരിപാടിക്കെതിരെ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പനാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്. മൂന്നു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന ഈ പരിപാടി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനിടയിലാണ് പരിപാടി അവസാനിപ്പിക്കുന്നതായി അറിയിച്ച് ചാനല്‍ സത്യവാങ്മൂലം നല്‍കിയത്.

ഗുണപരമായ മാറ്റങ്ങളോടെ പരിപാടി തുടരാന്‍ ചാനലിന് ബാലാവകാശ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിനിടയിലാണ് പരിപാടി അവസാനിപ്പിക്കുന്നതായി ചാനല്‍ അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ ഇത് സംപ്രേഷണം ചെയ്യുന്നില്ല.

കുട്ടികളോടെ ചോദിക്കുന്ന ചോദ്യങ്ങളില്‍ പലതും ദ്വയാര്‍ത്ഥമുള്ളവയാണെന്നും മൂന്നു മുതല്‍ അഞ്ച് വരെ പ്രായക്കാരായ കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം പരിപാടികള്‍ നിയന്ത്രിക്കണമെന്നുമാണ് ഹാഷിം പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.