ഓണമടുത്തിട്ടും കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയില്ല; ബംഗ്ളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കര്‍ണ്ണാടക ആര്‍ ടി സി ബസുകളിലെ ടിക്കറ്റുകള്‍ വിറ്റുതീരാറായി; ഉടന്‍ ശരിയാക്കുമെന്�

ഓണത്തിന് കനത്ത തിരക്കുള്ള സെപ്റ്റംബര്‍ ഒന്‍പതിനു ബെംഗളൂരുവില്‍ നിന്നുള്ള കര്‍ണാടക ആര്‍ ടി സിയുടെ 35 ബസുകളിലെ മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു.

ഓണമടുത്തിട്ടും കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയില്ല; ബംഗ്ളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കര്‍ണ്ണാടക ആര്‍ ടി സി ബസുകളിലെ ടിക്കറ്റുകള്‍ വിറ്റുതീരാറായി; ഉടന്‍ ശരിയാക്കുമെന്�

ബംഗളൂരു: ബംഗ്ളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ബസുകളില്‍ ടിക്കറ്റുകള്‍ തീരാറായിട്ടും കെ എസ് ആര്‍ ടി സി ബസുകളിലെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയിട്ടില്ല. ഓണത്തിന് കനത്ത തിരക്കുള്ള സെപ്റ്റംബര്‍ ഒന്‍പതിനു ബെംഗളൂരുവില്‍ നിന്നുള്ള കര്‍ണാടക ആര്‍ ടി സിയുടെ 35 ബസുകളിലെ മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു. ശേഷിച്ച ബസുകളിലെ ടിക്കറ്റുകളും വേഗത്തില്‍ വിറ്റഴിയുന്നുണ്ട്. സ്പെഷല്‍ ബസുകളിലെ ടിക്കറ്റ് ബുക്കിങ് തുടങ്ങാന്‍ കേരളം വൈകുന്നതു മുതലെടുത്ത് കര്‍ണ്ണാടക ആര്‍ ടി സി ഓണത്തിനു കേരളത്തിലേക്കു കൂടുതല്‍ സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 20 സ്പെഷല്‍ ബസുകളാണ് കര്‍ണ്ണാടക സര്‍ക്കാര്‍ അനുവദിച്ചത്.


എന്നാല്‍ സമയക്രമം തയ്യാറായ ഏഴ് സ്പെഷ്യല്‍ ബസുകളിലെ ടിക്കറ്റ് വില്‍പന പോലും തുടങ്ങാന്‍ കേരളത്തിനായിട്ടില്ല. ഓണത്തിനു 19 സ്പെഷല്‍ ബസുകള്‍ ഉണ്ടാകുമെന്നായിരുന്നു കെ എസ് ആര്‍ ടിയുടെ പ്രഖ്യാപനം. ഇക്കാര്യത്തില്‍ ഒരുറപ്പും പറയാനാകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ അധികൃതര്‍. തെക്കന്‍ കേരളത്തിലേക്കു സേലം വഴി ബസ് അനുവദിക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കെല്ലാം യാത്രക്കാര്‍ ഏറെയുണ്ടെങ്കിലും തമിഴ്നാടിന്റെ പെര്‍മിറ്റ് എടുക്കണമെന്ന ന്യായം പറഞ്ഞാണ് ഇതുവഴി പ്രത്യേക സര്‍വ്വീസ് നടത്താത്തത്. ഈ റൂട്ടുകളിലൊക്കെ കര്‍ണാടക മികച്ച വരുമാനം ഉണ്ടാക്കുന്നുമുണ്ട്.

ഇത്തവണ ഓണത്തിനു സേലം വഴി പാലക്കാട് ,തൃശൂര്‍ ,കോട്ടയം, മൂന്നാര്‍, എറണാകുളം എന്നിവിടങ്ങളിലേക്കായി 13 സ്പെഷല്‍ ബസുകള്‍ക്കാണ് സര്‍വ്വീസ് അനുവദിച്ചത്. ഇവയില്‍ പത്തു ബസുകളിലെ ടിക്കറ്റുകള്‍ മുഴുവനും വിറ്റുപോയിരുന്നു. ഇതു വഴിയുള്ള സര്‍വ്വീസുകളില്‍ കെ എസ് ആര്‍ ടിസിക്ക് നഷ്ടമുണ്ടാകുന്നില്ല. എന്നാല്‍ മൈസൂരു വഴി തൃശൂരിലേക്കും എറണാകുളത്തേക്കും കോട്ടയത്തേക്കുമെല്ലാം സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി യാത്രക്കാരെ വലയ്ക്കുകയാണ്.

ബംഗ്ളൂരുവിലെ കേരള ആര്‍ടിസി ബുക്കിംഗ് ഓഫീസില്‍ ഇതെക്കുറിച്ചന്വേഷിച്ചപ്പോള്‍ ബംഗളൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. പെര്‍മിറ്റുമായി ബന്ധപ്പെട്ടാണ് താമസം നേരിട്ടതെന്നും ഉത്തരവാദപ്പെട്ടവര്‍ പെര്‍മിറ്റിന്റെ ആവശ്യത്തിനായി തിരുവനന്തപുരത്തുണ്ടെന്നും അധികൃതര്‍ നാരദ ന്യൂസിനോട് വ്യക്തമാക്കി. പെര്‍മിറ്റ് ശരിയായാല്‍ ഉടന്‍ മറ്റുള്ള സ്ഥലങ്ങളിലേക്കും ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിക്കുമെന്നാണ് കെഎസ്ആര്‍ടി പറയുന്നത്.

Read More >>