ഏറെ കളങ്കിതരായവര്‍ സാരോപദേശം നല്‍കേണ്ട: സ്വന്തം സീറ്റ് വില്‍പ്പന ചരക്കാക്കിയ സിപിഐ തങ്ങളുടെ പേരു കേട്ടു വിളറി പിടിക്കുന്നു; സിപിഐയ്‌ക്കെതിരെ കെഎം മാണി 

കേരളകോണ്‍ഗ്രസും സിപിഐഎമ്മും മുന്‍പും യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണമാകാമെന്നുമുളള കോടിയേരിയെ പ്രസ്താവനയെ തളളി സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു

ഏറെ കളങ്കിതരായവര്‍ സാരോപദേശം നല്‍കേണ്ട: സ്വന്തം സീറ്റ് വില്‍പ്പന ചരക്കാക്കിയ സിപിഐ തങ്ങളുടെ പേരു കേട്ടു വിളറി പിടിക്കുന്നു; സിപിഐയ്‌ക്കെതിരെ കെഎം മാണി 


കോട്ടയം: കെഎം മാണിയുടെ പ്രശ്‌നാധിഷ്ഠിത പിന്തുണ തേടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന സിപിഐ നിര്‍വാഹക സമതിയില്‍ കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സിപിഐ- കേരള കോണ്‍ഗ്രസ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു. സ്വന്തം സീറ്റ് വില്‍പ്പന ചരക്കാക്കിയ സിപിഐയുടെ സ്വഭാവം കേരള കോണ്‍ഗ്രസിനില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ പ്രതികരണം. ഏറെ കളങ്കിതരായവര്‍ തങ്ങള്‍ക്ക് സാരോപദേശം നല്‍കേണ്ട കാര്യമില്ലെന്നും കെഎം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെഎം മാണി പറഞ്ഞു.


കേരളകോണ്‍ഗ്രസും സിപിഐഎമ്മും മുന്‍പും യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണമാകാമെന്നുമുളള കോടിയേരിയെ പ്രസ്താവനയെ തളളി സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു. സിപിഐഎമ്മില്‍ നിന്ന് തീര്‍ത്തും ഘടകവിരുദ്ധമായ നിലപാടാണ് സിപിഐ സ്വീകരിച്ചത്.

തല്‍ക്കാലം കെഎം മാണിയുടെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യം ഇപ്പോഴില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അഴിമതിയ്ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു. അങ്ങിനെയാണ് ഇടതുപക്ഷം വിജയിച്ചത്. അതിനു ശേഷം അഴിമതിക്കാരെ ഒപ്പം കൂട്ടൂന്നത് ജനം അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


എന്നാല്‍ കെഎം മാണിക്ക് സിപിഐയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.  കെ.എം മാണിക്കെതിരെ . കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എടുക്കുന്ന കാര്യം അസംഭവ്യമാണ്. സിപിഐയെ കുറ്റപ്പെടുത്താന്‍ മാണിക്കാവില്ല. കാരണം ബജറ്റ് വിറ്റെന്ന ആരോപണം മാണിക്കെതിരെയുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു.


മാണിയെ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ എല്‍ഡിഎഫിന്റെ അജണ്ടയിലില്ല. എന്‍ഡിഎയ്ക്കൊപ്പം പോയാല്‍ വെളളാപ്പളളിയുടെ ഗതിയായിരിക്കും മാണിക്കെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു .മറ്റ് ഘടക കക്ഷികളും സമാനമായ നിലപാട് സ്വീകരിക്കുമെന്നും സാഹചര്യം മുതലെടുക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുകയാണെന്നും അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍ഡിഎഫ് ഇതിനെ കാണുന്നുവെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


മാണി മുന്നണി വിട്ടതിനു തൊട്ടു പിന്നാലെ മാണിയ്‌ക്കെതിരെ മൃദു സമീപനമാണ് സിപിഐഎം കൈകൊണ്ടത്. കെഎം മാണി അഴിമതിക്കാരന്‍ തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടതിന് തൊട്ടു പിന്നാലെ കോടിയേരി വാക്കുകള്‍ മയപ്പെടുത്തിയത് ഈ കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും ഇരു തട്ടിലാണെന്ന് വ്യക്തമാക്കിയിരുന്നു . യുഡിഎഫ് വിട്ടെന്ന് കരുതി മാണിവിശുദ്ധനാകില്ലെന്നും ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാന്‍ മാണിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. മുന്നണി നയങ്ങളുടെ അടിസ്ഥാനത്തില്‍പ്രവര്‍ത്തിക്കു
ന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ നയത്തിന്റെ ഭാഗമാകാന്‍ മാണിക്ക് ആവില്ലെന്നും കാനം പറഞ്ഞു


കേരളത്തിലെ ഇരുമുന്നണികളോടും സമദൂരം പാലിക്കുകയെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് യുക്തിരഹിതമാണെന്ന്  കോടിയേരി പറഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. സമദൂരമെന്നത് എന്‍ഡിഎയിലേക്ക് ചേക്കാറാനുളള സൂത്രവിദ്യയാണെങ്കില്‍, അതിന് വാലുപോയ കുരങ്ങന്റെ ന്യായങ്ങളേക്കാള്‍ വലിയ പ്രസക്തിയൊന്നുമില്ല. യുഡിഎഫ് എന്ന പൊളിഞ്ഞ കപ്പല്‍ ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസ് എം തീരുമാനം കോണ്‍ഗ്രസിന് കനത്ത ആഘാതമായെന്നുംയുഡിഎഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കാകാനുളള കേരള കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.  എന്നാല്‍ യുഡിഎഫിന്റെ തകര്‍ച്ചയുടെ ഗുണഭോക്താക്കളാകാന്‍ ബിജെപിയെ അനുവദിച്ചുകൂടായെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

Read More >>