കിലുക്കം രജതജൂബിലി ആഘോഷിക്കുമ്പോള്‍ ഓര്‍മ്മകളില്‍ വേണുനാഗവള്ളി

ജഗതിയുടെയും മോഹന്‍ലാലിന്റെയും പരസ്പരം കുറിക്കു കൊള്ളുന്ന നര്‍മ്മസംഭാഷണങ്ങള്‍ ഉതിര്‍ന്നത് മവണുനാഗവള്ളിയുടെ തൂലികയില്‍ നിന്നുമാണെന്ന് പറഞ്ഞാലും ഒരു പക്ഷേ പലരും വിശ്വസിക്കകൂടിയില്ല. ദേവദാസിന്റെ കേരളീയ മുഖമായ വേണുനാഗവള്ളിക്കുള്ളില്‍ ഇത്രയും നര്‍മ്മം ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ എന്ന അത്ഭുതമായിരിക്കും ഉണ്ടാകുക. പക്ഷേ സത്യമതായിരുന്നു...

കിലുക്കം രജതജൂബിലി ആഘോഷിക്കുമ്പോള്‍ ഓര്‍മ്മകളില്‍ വേണുനാഗവള്ളി

മലയാളികളുടെ എക്കാലവും നെഞ്ചിലേറ്റുന്ന നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ 'കിലുക്കം' പുറത്തിറങ്ങിയിട്ട് ഇന്നലെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശനെയും നായകന്‍ മോഹന്‍ലാലിനെയും ഒക്കെ വാഴ്ത്തുമ്പോഴും നമ്മള്‍ മലയാളികള്‍ മറന്നുപോകുന്ന ഒരു പേരുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ വേണു നാഗവള്ളി. മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടമായിരുന്ന 80കളില്‍ പല ഹിറ്റ് ചിത്രങ്ങളുടെയും സൂത്രധാരനായിരുന്ന വേണു നാഗവള്ളി. സ്‌ക്രീനില്‍ അവതരിപ്പിച്ച വിഷാദ മുഖമുള്ള നായക കഥാപാത്രങ്ങളുടെയും കണ്ണീരില്‍ നനയിച്ച സിനിമകളുടെയും മാത്രം പേരില്‍ അറിയപ്പെട്ട വേണു നാഗവള്ളിയാണ് കിലുക്കത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചതെന്നു പലര്‍ക്കും അറിയുക പോലുമില്ല എന്നതാണ് വാസ്തവം.


ജഗതിയുടെയും മോഹന്‍ലാലിന്റെയും കുറിക്കു കൊള്ളുന്ന നര്‍മ്മസംഭാഷണങ്ങള്‍ ഉതിര്‍ന്നത് വേണുനാഗവള്ളിയുടെ തൂലികയില്‍ നിന്നുമാണെന്ന് പറഞ്ഞാലും ഒരു പക്ഷേ പലരും വിശ്വസിക്കകൂടിയില്ല. ദേവദാസിന്റെ കേരളീയ മുഖമായ വേണുനാഗവള്ളിക്കുള്ളില്‍ ഇത്രയും നര്‍മ്മം ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ എന്ന അത്ഭുതമായിരിക്കും ഉണ്ടാകുക. പക്ഷേ സത്യമതായിരുന്നു. കിലുക്കം അതിന്റെ ജൈത്രയാത്രയുടെ ഇരുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്ന ഈ സമയത്ത് അതിലെ ഓരോ കഥാ മുഹൂത്തങ്ങളും മലയാളികളുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നത് ആ തിരക്കഥയുടെയും സംഭാഷണത്തിന്റെയും കഴിവുതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

വേണുനാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏയ് ഓട്ടോയും മലയാളികള്‍ ആഘോഷിച്ച ചിത്രമാണ്. കോഴിക്കോടന്‍ ചിരിയുടെ മറ്റൊരു രീതിയാണ് ഏയ് ഓട്ടോയിലൂടെ വേണു നാഗവള്ളി മലയാളത്തിന് മുന്നില്‍ വെച്ചത്. ആ ചിത്രത്തേയും രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ മലയാളികള്‍ മടിച്ചില്ല. അയിത്തം, ലാല്‍സലാം, അഗ്നിദേവന്‍, കിഴക്കുണരുംപക്ഷി, രക്തസാക്ഷികള്‍ സിന്ദാബാദ്... അങ്ങനെ മലയാളം കണ്ട ഒത്തിരി ചിത്രങ്ങള്‍ വേണു നാഗവള്ളിയുടെതായി മലയാളികള്‍ ഏറ്റെടുത്തവയാണ്.

വേണുനാഗവള്ളിയുടെ സിനിമയിലെ പ്രവേശനം അഭിനയത്തോടെയായിരുന്നു. മലയാളത്തിലെ ദൃശ്യ ഇതിഹാസം പത്മരാജന്റെ ശുപാര്‍ശയിലാണ് വേണു ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്നത്. കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലിലായിരുന്നു അത്. പക്ഷേ അതിനും മുമ്പ് ചോറ്റാനിക്കരയമ്മ എന്ന ചിത്രത്തിന് വേണ്ടി വേണുനാഗവള്ളി ഒരു ഗാനവും ആലപിച്ചിരുന്നു. സിനിമയുടെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം കൈവെച്ച ഒരു സകലകലാ വല്ലഭന്‍ കൂടിയായിരുന്നു അദ്ദേഹം.

കിലുക്കം അതിന്റെ രജത ജൂബി ആഘോഷിക്കുന്ന ഈ അവസരത്തില്‍ പ്രസ്തുത ചിത്രത്തിന്റെ സൃഷ്ടിക്ക് ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചവരില്‍ ഒരാളായ വേണു നാഗവള്ളി തന്നെയാണ് ഓര്‍മ്മിക്കപ്പെടേണ്ടവരില്‍ പ്രമുഖൻ. അന്തരിച്ചില്ലായിരുന്നെങ്കില്‍ ആദരിക്കപ്പെടേണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ ഹാസസമ്രാട്ടായ ജഗതി ശ്രീകുമാറും അഭിനയകുലപതികളായ തിലകനും മുരളിയും പിന്നെ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഇന്നസെന്റും കൂടിച്ചേര്‍ന്ന ആ വിസ്മയം ഇന്നത്തെ തലമുറയിലും ചിരിയുണര്‍ത്തുമ്പോള്‍ അതിന് പ്രധാന കാരണം മണ്‍മറഞ്ഞ ആ കലാപ്രതിഭതന്നെയാണ്.