മലയാളി വിദ്യാർത്ഥി രണ്ടു വർഷമായി കെനിയയിൽ തടവിൽ; മകന്റെ മോചനം കാത്ത് മാതാപിതാക്കള്‍

ഇവിടെ, ഒരു പിതാവ് മകനെ കാത്തിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് കെനിയൻ ജയിലിൽ അകപ്പെട്ട് പോയ മകനെ രക്ഷിക്കാൻ ഈ പിതാവ് മുട്ടാത്ത വാതിലുകളില്ല. മകൻ ജയിലിലായതോടെ മാനസികനില തെറ്റിയ ഭാര്യയെ ചേർത്ത് പിടിച്ച് പ്രഭാകരൻ നായർ നീതിയുടെ വാതിലുകൾ മുട്ടാൻ തുടങ്ങിയിട്ട് രണ്ട് വർഷമാകുന്നു.

മലയാളി വിദ്യാർത്ഥി രണ്ടു വർഷമായി കെനിയയിൽ തടവിൽ; മകന്റെ മോചനം കാത്ത് മാതാപിതാക്കള്‍

അശ്വിൻ പഞ്ചാക്ഷരി

പത്തനാപുരം: മാനസികനില തെറ്റിയ ഭാര്യയെ ചേർത്ത് പിടിച്ച് പ്രഭാകരന്‍നായര്‍ മകനെ  കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. കെനിയയിലെ തടവറയിൽ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുകയാണ് മകന്‍ പ്രവീണ്‍ പ്രഭാകരന്‍. പത്തനാപുരം പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന്‍ നായര്‍ - ദേവയാനി ദമ്പതികളുടെ മകന്‍ പ്രവീണ്‍ (25) ആണ് കെനിയയിൽ തടവിൽ  കഴിയുന്നത്. മറൈന്‍ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി സ്വകാര്യ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രവീൺ കെനിയൻ പോലീസിന്റെ പിടിയിലാകുന്നത്. ആ കഥ ഇങ്ങനെ:


ഡല്‍ഹിയിലെ ആല്‍ഫ മറൈന്‍ സര്‍വ്വീസില്‍ നിന്നാണ് പ്രവീൺ മറൈൻ എഞ്ചിനീയറിംഗ് ബിരുദം സ്വന്തമാക്കുന്നത്.  2013 ജൂലൈയില്‍ പഠനം പൂര്‍ത്തിയാക്കി പരിശീലനത്തിനായി ഡല്‍ഹിയിലെ ഷിപ്പിംഗ് ഏജന്‍സിയായ പാര്‍ക്ക് മാന്‍സണ്‍ കമ്പനിയില്‍ ചേർന്നു. ഇവരുടെ നിയന്ത്രണത്തിലുള്ള എംഎസ് വി ആമീന്‍ ദാരിയ എന്ന കപ്പലില്‍ പരിശീലനത്തിനായി അവസരവും ലഭിച്ചു. പ്രവീണും ഡൽഹി സ്വദേശിയായ വികാസ് ബൽവാറുമായിരുന്നു  വിദ്യാര്‍ത്ഥികളായി കപ്പലില്‍ ഉണ്ടായിരുന്നത്. പരിശീലനം എട്ട് മാസം പൂര്‍ത്തിയായപ്പോള്‍, 2014 ല്‍ കപ്പല്‍ പാക്കിസ്ഥാന്‍ കമ്പനിക്ക് വിറ്റു. മടങ്ങി പോകാന്‍ അനുവാദം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കപ്പല്‍ അധികൃതര്‍ അതിന് സമ്മതിച്ചില്ല. ശേഷിക്കുന്ന രണ്ടു മാസം കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമേ മടങ്ങിപ്പോകാൻ അനുവാദം നൽകുകയുള്ളൂ എന്നായിരുന്നു കമ്പനിയുടെ വാദം.

ഫെബ്രുവരിയില്‍ കപ്പല്‍ ഇറാനില്‍ നിന്ന് ഷാര്‍ജയിലേക്ക് സിമന്റുമായി പോകുന്നതിനിടെ കെനിയയുടെ സമുദ്ര നിയന്ത്രണ സേന കപ്പലില്‍ പരിശോധന നടത്തി. മൊംബാസയില്‍ വച്ചായിരുന്നു പരിശോധന.  പരിശോധനയില്‍ കപ്പലിന്റെ അടിത്തട്ടിലെ ഡീസല്‍ ടാങ്കില്‍ നിന്നും അമിതയളവില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയന്‍ പോലീസിന്റെ പിടിയിലായി. കോടതി വിധിയെ തുടര്‍ന്ന് കപ്പല്‍ കടലില്‍ വച്ച് തന്നെ കെനിയൻ ആഭ്യന്തരവകുപ്പ് ബോംബ് വച്ച് തകര്‍ത്തു.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം പ്രവീണ്‍ നാട്ടിലേക്ക് വിളിക്കുമ്പോഴാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. ഇതിനിടെ മറ്റു രാജ്യങ്ങൾ പിടിയിലായ സ്വന്തം പൗരൻമാരെ  മതിയായ രേഖകൾ കെനിയയ്ക്ക്  കൈമാറി മോചിപ്പിച്ചു കഴിഞ്ഞിരുന്നു. പ്രവീണിനും ബൽവാറിനും പുറമെ ആറ് പാക് പൗരൻമാരും ഒരു ഇറാൻ പൗരനുമാണ്  തടവുകാരായി കെനിയയില്‍ ഉള്ളത്.

കപ്പലിന്റെ നിയന്ത്രണമുണ്ടായിരുന്ന കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ പ്രവീണിന്റെ മോചനം വീണ്ടും തുലാസിലായി. ഇരുവരും പഠിച്ചിരുന്ന  ഡല്‍ഹിയിലെ സ്ഥാപനം വിദ്യാര്‍ത്ഥികളാണെന്ന രേഖ കെനിയയ്ക്ക് നല്‍കിയെങ്കിലും എംബസിയുടെ മുദ്രയില്ലാത്തതിനാല്‍ അത് നിരസിക്കപ്പെട്ടു. ഇതിനിടയില്‍ കൂടെ ഉണ്ടായിരുന്ന പാക്കിസ്ഥാന്‍ തടവുകാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതോടെ ഇവര്‍ക്കുമേല്‍ കെനിയൻ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാൽ മാത്രമേ ഇവർക്ക് വീടുമായി ബന്ധപ്പെടാൻ കഴിയുകയുള്ളൂ.

ജയിലിൽ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും പുറം ലോകം പോലും കാണാൻ അനുവദിക്കാതെ വിചാരണത്തടവുകാരായി പാർപ്പിച്ചിരിക്കുകയാണെന്നും പ്രവീൺ പറഞ്ഞതായി പ്രഭാകരൻ നായർ പറഞ്ഞു.  മകന്‍ ജയിലിലായതോടെ  അമ്മ ദേവയാനിയുടെ മനോനില തെറ്റി.

ഇരുപത്തിയേഴ് വര്‍ഷം സൈനികനായി രാജ്യത്തെ സേവിച്ച  പ്രഭാകരന്‍നായര്‍ മകന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലതവണ പ്രശ്‌നം എത്തിച്ചെങ്കിലും പരാതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും രേഖകള്‍ സമര്‍പ്പിക്കാന്‍ ഷിപ്പിംഗ് ഏജന്‍സി തയ്യാറായില്ലെന്നാണ് ലഭിച്ച മറുപടി. മുംബൈ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിനും നോര്‍ക്കയ്ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു .

എറണാകുളം കളക്ടറേറ്റിൽ വച്ചു നടന്ന സിറ്റിംഗില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശിയ്ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച കമ്മീഷന്‍ പ്രവീണിന്റെ മോചനത്തിനായി അടിയന്തര നടപടി സ്വീകരിക്കാൻ നോര്‍ക്കയോട് ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ നടപടി  ഒന്നും ഉണ്ടായില്ല.

വക്കീലിനെ ഏര്‍പ്പാട് ചെയ്ത് കേസ് വാദിച്ച് മകനെ തിരികെ എത്തിക്കാന്‍ അഞ്ച് ലക്ഷം രൂപയാണ് എംബസി ആവശ്യപ്പെട്ടത്. എന്നാല്‍ മകന്റെ മോചനത്തിനായി ഇത്രയേറെ തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. അന്യ രാജ്യത്തെ ജയിലിൽ ആഹാരമോ വെള്ളമോ ലഭിക്കാതെ ജീവിക്കുന്ന മകനെ രക്ഷിക്കണമെന്നാവശ്യവുമായി പ്രഭാകരന്‍ അപേക്ഷയുമായി കാത്തിരിക്കുകയാണ്.

Read More >>