റൊമേനിയക്കാരേ, നിങ്ങൾ വെറ്റിലയും പാക്കും വെച്ചു വണങ്ങേണ്ടവർ കേരളത്തിലെ സർക്കാർ സർവീസിലുണ്ട്, ജാഗ്രതൈ...

ഡെപ്യൂട്ടി കളക്ടറുടെ ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ. കൈപ്പറ്റുന്ന വേതനം അരലക്ഷം രൂപയ്ക്ക് ഏറെ മുകളിൽ. ജില്ലയിലെ സർക്കാരിന്റെ പരസ്യപ്പരിപാടികളുടെ മുഴുവൻ ചുമതലക്കാരൻ. പ്രതിവർഷം കൈകാര്യം ചെയ്യുന്നത് കോടികൾക്കു മീതെയുളള തുക. അങ്ങനെയൊരാളാണ് മൂന്നു പാവപ്പെട്ട കുട്ടികളുടെ യാത്രാപ്പടിയിൽ നിന്ന് 300 രൂപ വീതം കൈയിട്ടു വാരിയതടക്കമുളള ക്രമക്കേടുകളുടെ പേരിൽ കഴിഞ്ഞ ജൂലൈ 14ന് സസ്പെൻഷനിലായത്.

റൊമേനിയക്കാരേ, നിങ്ങൾ വെറ്റിലയും പാക്കും വെച്ചു വണങ്ങേണ്ടവർ കേരളത്തിലെ സർക്കാർ സർവീസിലുണ്ട്, ജാഗ്രതൈ...

തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൌണ്ടിൽ നിന്ന് വെറും 100 രൂപ പിൻവലിച്ച് ഇറങ്ങുമ്പോഴാണ് ആ റൊമേനിയക്കാരൻ പോലീസിന്റെ വലയിലായത്. നൂറു രൂപയുടെ പ്രലോഭനത്തിനു മുന്നിൽ അത്യന്താധുനിക സാങ്കേതികസന്നാഹങ്ങളും സാഹസികതയുമൊക്കെ അടിയറവ് പറഞ്ഞു. അല്ലായിരുന്നെങ്കിൽ സഹചോരന്മാരെപ്പോലെ അയാളുമിപ്പോൾ രാജ്യം വിട്ടേനെ. അയാളുടെ ആ പ്രലോഭനത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാവണം. അല്ലെങ്കിലെങ്ങനെ റൊമേനിയയിലെ ക്രയാവോ സ്വദേശിയായ മരിയോ ഗബ്രിയേലിൽ നിന്ന് വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന ഇ സജീവിലേയ്ക്ക് എത്ര ദൂരമുണ്ടാകുമെന്ന് നാം ആലോചിക്കും?


ഡെപ്യൂട്ടി കളക്ടറുടെ ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ. കൈപ്പറ്റുന്ന വേതനം അരലക്ഷം രൂപയ്ക്ക് ഏറെ മുകളിൽ. ജില്ലയിലെ സർക്കാരിൻറെ പരസ്യപ്പരിപാടികളുടെ മുഴുവൻ ചുമതലക്കാരൻ. പ്രതിവർഷം കൈകാര്യം ചെയ്യുന്നത് കോടികൾക്കു മീതെയുളള തുക. അങ്ങനെയൊരാളാണ് മൂന്നു പാവപ്പെട്ട കുട്ടികളുടെ യാത്രാപ്പടിയിൽ നിന്ന് 300 രൂപ വീതം കൈയിട്ടു വാരിയതടക്കമുളള ക്രമക്കേടുകളുടെ പേരിൽ കഴിഞ്ഞ ജൂലൈ 14ന് സസ്പെൻഷനിലായത്. സൈബർ തട്ടിപ്പു വഴി റൊമേനിയക്കാർ പ്രതിവർഷം കോടികൾ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുന്നതിന്റെ സചിത്ര വിവരണങ്ങൾ നമ്മുടെ പത്രങ്ങളിൽ വന്നു കഴിഞ്ഞു. പക്ഷേ, അവരൊക്കെ വെറ്റിലയും പാക്കും വെച്ച് സാഷ്ടാംഗം നമസ്കരിക്കേണ്ടത് ഈ കില്ലാഡികൾക്കു മുന്നിലാണ്.

തനിക്കുളള വിഹിതം ഊറ്റിയെടുത്തിട്ടേ നയാപൈസ പോലും ചെലവിടൂ എന്ന ഇത്തരം ശാഠ്യത്തിനു മുന്നിൽ റൊമേനിയക്കാരൊന്നും ഒന്നുമല്ല. ആ തിരിച്ചറിവിലാണ് നാം ലജ്ജിക്കേണ്ടത്. നമ്മുടെ സർക്കാർ സംവിധാനത്തിലേറ്റ പുഴുക്കുത്തിൻറെ വ്യാപ്തവും വിസ്തീർണവും വെളിപ്പെടുത്തുന്ന സംഭവമാണിത്.

തീർച്ചയായും, ഒറ്റപ്പെട്ടത് എന്നു വിശേഷിപ്പിക്കാവുന്ന ഒരു ക്രമക്കേടിനെ സാമാന്യവത്കരിക്കുകയല്ല. സർക്കാരുദ്യോഗസ്ഥരെയോ സർക്കാർ സംവിധാനത്തെയോ അടച്ചാക്ഷേപിക്കാൻ ഇതു മതിയായ ഉദാഹരണവുമല്ല. പക്ഷേ, ഈ സംഭവത്തിലെ സൂചനയെ അവഗണിക്കാനാവില്ല. എന്തു ചെയ്താലും ആരും ചോദിക്കാനും പറയാനുമില്ല എന്നൊരു ധാർഷ്ട്യം ലംബമായും തിരശ്ചീനമായും പടരുകയാണ്. ആ യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചിട്ടെന്തു കാര്യം?

Students

സംസ്ഥാന ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുത്ത വയനാടു ജില്ലയിലെ മൂന്നു പട്ടിക വർഗ വിഭാഗം കുട്ടികൾക്ക് സർക്കാർ അനുവദിച്ച യാത്രാപ്പടി ആളൊന്നിന് 500 രൂപ വീതമാണ്. അവർക്ക് 200 രൂപ മാത്രം കൊടുത്ത് ബാക്കി 300 സ്വന്തം പോക്കറ്റിലേയ്ക്ക് തിരുകിയ ഒരു ജില്ലാ ലെവൽ ഓഫീസറെക്കാൾ ഏറെത്താഴെയാണ് ശാസ്തമംഗലത്തെ അരുണിന്റെ അക്കൌണ്ടിൽ നിന്ന് വൻ സാങ്കേതികസംവിധാനങ്ങളുടെ സഹായത്തോടെ നൂറുരൂപ ഊറ്റിയ മരിയാ ഗബ്രിയേൽ. ലക്ഷങ്ങൾ വിഴുങ്ങാൻ എല്ലാ അവസരങ്ങളുമുള്ള ഒരു ഉദ്യോഗസ്ഥനാണ് മൂന്നൂറ് ഗുണം മൂന്ന് എന്ന കണക്കുപ്രകാരം 900 രൂപ തട്ടിയത്. വെറുമൊരു സാമ്പത്തിക ക്രമക്കേടിനപ്പുറം മാനം ഈ കണക്കിനുണ്ട്. ശ്രേഷ്ഠാഭാഷാ ദിനത്തോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിലെ വിജയികളോടും അദ്ദേഹത്തിന്റെ സമീപനം ഇതുതന്നെയായിരുന്നു. സമ്മാനത്തുക കൊടുക്കേണ്ടെന്നു തീരുമാനിച്ചു. അതു പക്ഷേ തുക വലുതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുവേണ്ടി സർക്കാർ നീക്കിവെച്ചത് 7500 രൂപ. ആ കവറിന് സാമാന്യം കനമുണ്ട്. പക്ഷേ, ഇതോ... റൊമേനിയയിലെ കേമന്മാരുടെ പത്തി താഴ്ത്താൻ നമുക്കീ ഈ ഒറ്റ ഉദാഹരണം ധാരാളം.

അഴിമതിയും സാമ്പത്തികക്രമക്കേടും പലതരമുണ്ട്. നല്ല സബ് എഡിറ്റർ ലീവിലാണെങ്കിലേ "കോടികളുടെ ക്രമക്കേട്" എന്നൊരു വാർത്ത ഇക്കാലത്ത് പത്രത്തിലടിച്ചു വരൂ. കാരണം ഇതൊന്നും ഇക്കാലത്ത് വാർത്തയല്ല. പട്ടികവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് വകയിരുത്തിയ ആയിരം കോടി രൂപ ആവിയായിപ്പോയ കാര്യം വെളിപ്പെടുത്തിയ സിഎജി റിപ്പോർട്ട് നമ്മുടെ സമൂഹത്തിൽ ആരെയും ഞെട്ടിക്കുകയോ പ്രതിഷേധസജ്ജരാക്കുകയോ ചെയ്തില്ല എന്നോർക്കുക. അങ്ങനെയൊരു സമൂഹത്തിൽ വലിയ ബജറ്റു നീക്കിയിരിപ്പുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ലക്ഷങ്ങളോ കോടികളോ കുടുംബത്തേയ്ക്ക് വകയിരുത്തിയ വാർത്തകൾ ആരിലും പ്രത്യേകിച്ച് വികാരമൊന്നും ഉണർത്തുകയില്ല. അതൊക്കെ സ്വാഭാവികമായി ഉൾക്കൊളളാൻ പാകത്തിന് നമ്മുടെ സമൂഹം പരുവപ്പെട്ടു കഴിഞ്ഞു.

പക്ഷേ, ഇത്തരത്തിൽ വൻതുകകൾ കൈകാര്യം ചെയ്യാൻ അധികാരപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പട്ടികവർഗക്കാരായ മൂന്നു പെൺകുട്ടികൾക്കു കിട്ടേണ്ടതിൽ 900 രൂപ തട്ടിപ്പറിച്ചു എന്ന വാർത്ത അമ്പരപ്പിക്കുന്നതു തന്നെയാണ്.

പട്ടികവിഭാഗങ്ങൾക്കുളള വിദ്യാഭ്യാസ പദ്ധതികൾക്കു വേണ്ടി അഞ്ചുവർഷം കൊണ്ട് നീക്കിവെച്ച 1123 കോടി രൂപ എവിടെപ്പോയി എന്ന് സമഗ്രമായി അന്വേഷിക്കേണ്ടതിന്റെ ആവശ്യകത കൂടി ഈ ഉദാഹരണം ബോധ്യപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ സ്കോളർഷിപ്പ്, ട്യൂഷൻ ഫീസ്, ഹോസ്റ്റൽ സൌകര്യങ്ങൾ, മറ്റു പഠന സൌകര്യങ്ങൾ എന്നു തുടങ്ങി സോപ്പും ചീപ്പും എണ്ണയും വരെ വാങ്ങാൻ നീക്കിവെച്ച പണമാണത്. എത്ര തുക എവിടെയൊക്കെ ചെലവഴിച്ചുവെന്ന് അന്വേഷിച്ചേ തീരൂ. വൌച്ചറുകളും ബില്ലുകളും രസീതുകളും മറുപരിശോധനയ്ക്കു വിധേയമാക്കണം.വായിക്കുക


കുട്ടികളുടെ സമ്മാനത്തുക കൈയിട്ടുവാരി വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഓഫീസർക്കു സസ്പെൻഷൻ, പരിശോധനാറിപ്പോർട്ട് നാരദാ ന്യൂസിന്മൂന്നു പട്ടികവിഭാഗം കുട്ടികൾക്കു യാത്രാപ്പടിയായി 1500 രൂപ മൊത്തമായി വിതരണം ചെയ്യാൻ മനസില്ലാത്ത ഒരുദ്യോഗസ്ഥനെങ്കിലും നമ്മുടെ സർക്കാർ സംവിധാനത്തിലുണ്ട് എന്ന് വ്യക്തമായിക്കഴിഞ്ഞു. അങ്ങനെയൊരാളെ സർവീസിൽ നിന്ന് സസ്പെൻഡു ചെയ്യാനുളള ഇച്ഛാശക്തിയെ ശ്ലാഘിക്കുകതന്നെ വേണം. ഒപ്പം, അങ്ങനെയുളളവരുടെ എണ്ണം ഇനിയെത്ര നമ്മുടെ സർവീസിലുണ്ട് എന്ന് അന്വേഷിക്കുകയും വേണം.

റൊമേനിയയിലെ തട്ടിപ്പുവീരന്മാരുടെ കഥ വായിച്ചു രോമാഞ്ചം കൊള്ളുന്നത് നമ്മുടെ സ്വന്തം കില്ലാടികളെ അവഗണിച്ചുകൊണ്ടാവരുത്.

Read More >>