മൂന്നക്ഷരത്തിന്റെ കുറവുള്ള കേരളം!

സർക്കാർ നിശ്ചയിക്കുന്ന സിലബസും സർക്കാർ പാഠപുസ്തകങ്ങളും മാത്രം പഠനത്തിനുപയോഗിച്ചിരുന്നതിനാൽ വിഭാഗീയത ഉണ്ടായില്ലന്നു മാത്രമല്ല, പൊതു സംസ്‌കാരമുള്ള ഒരു തലമുറയും വളർന്നുവന്നു. രണ്ടോമൂന്നോ കേന്ദ്രീയ വിദ്യാലയങ്ങളും അത്യപൂർവം കേന്ദ്രസിലബസ് അൺഎയ്ഡഡ് സ്‌കൂളുകളുകളും മാത്രമായിരുന്നു ഇതിനപവാദം. ഡോ എം കുര്യൻ തോമസ് എഴുതുന്നു.

മൂന്നക്ഷരത്തിന്റെ കുറവുള്ള കേരളം!

ഡോ. എം. കുര്യൻ തോമസ്

മാതാ പിതാ ഗുരു .... എന്നിങ്ങനെയാണ് മലയാളിയുടെ പുരാതനമായ ബഹുമാനശ്രേണി. ഗുരുതുല്യം ബഹുമാനിക്കുക എന്നത് ഒരാൾക്കു നൽകാവുന്ന പരമാവധി ആദരവായാണ് കണക്കാക്കുന്നത്. ഗുരുവിന്റെ അനുഗ്രഹവും സ്‌നേഹവും സമജ്ഞസിച്ച ഗുരുത്വം ലഭിക്കാത്തവൻ രക്ഷപെടില്ല എന്നാണ് പൊതുവായ കാഴ്ചപ്പാട്. അതില്ലാത്ത അവസ്ഥയേയാണ് മലയാളികൾ മൂന്നക്ഷരത്തിന്റെ കുറവ് (ഗുരുത്വം ഇല്ലായ്മ) എന്ന് കണക്കാക്കുന്നത്. അങ്ങിനെയുളളവർ രക്ഷപെടില്ല എന്നാണ് പൊതുവെ കരുതുന്നത്.


കേരളത്തിനു ഇന്ന് ആ മൂന്നക്ഷരത്തിന്റെ കുറവുണ്ട്! വിദ്യകൊണ്ടു മാത്രം രക്ഷപെട്ട സമൂഹമാണ് മലയാളികൾ. ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിനു ആകെ കൈമുതലായുള്ള പ്രകൃതിവിഭവം വിനോദ സഞ്ചാരത്തിന് അനുയോജ്യമായ മനോഹരവും വൈവിദ്ധ്യമാർന്നതുമായ ഭൂപ്രകൃതിയും ഹരിതകമ്പളവും മാത്രമാണ്. അതിനപ്പുറം മലയാളി ഇന്ന് നിലനിൽക്കുന്നതും പുരോഗമിക്കുന്നതും ശക്തമായ വിദ്യാഭ്യാസ അടിത്തറ ഒന്നുകൊണ്ടു മാത്രമാണ്. വിദഗ്ദ/അർദ്ധ- വിദഗ്ദ തൊഴിലാളികളുടെ കയറ്റുമതിയാണ് കേരളത്തിന്റെ വരുമാനത്തിൽ സിംഹഭാഗവും പ്രദാനം ചെയ്യുന്നത് എന്നത് പകൽപോലെ വ്യക്തമാണ്. ആ കേരളമാണ് ഇന്ന് ഗുരുനിന്ദയിലുടെ ഗുരുത്വക്കേട് വാങ്ങിക്കൂട്ടുന്നത്. തങ്ങളുടെ തത്വശാസ്ത്രത്തിനും പ്രവർത്തനത്തിനുമെതിരെ പ്രതികരിച്ച കോളജ് അദ്ധ്യാപികയെ നവമാദ്ധ്യമങ്ങളിലുടെ അസഭ്യവർഷം നടത്തുകയും അവഹേളിക്കുകയും ചെയ്തതും, യാത്രഅയപ്പുവേളയിൽ പ്രഥമാദ്ധ്യാപികയ്ക്കു പ്രതീകാത്മക ശവസംസ്‌കാരം നടത്തിയതുമല്ല ഇവിടെ പ്രതിപാദ്യ വിഷയം. മറിച്ച് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്ന പള്ളിക്കൂടം വാദ്യാന്മാരോടുള്ള അവഹേളനമാണ്.

ഇതു മനസിലാക്കണമെങ്കിൽ കേരളത്തിന്റെ അടിസ്ഥാന ആധുനിക വിദ്യാഭ്യാസ ചരിത്രം മനസിലാക്കണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തിരുവിതാംകൂർ സർക്കാരാണ് ഗ്രാമീണ സ്‌കൂളുകൾ എന്ന ആശയം മുമ്പോട്ടു വെച്ചത്. സർക്കാർ സംവിധാനത്തിൽ ഇതു വിപുലീകരിക്കുക പ്രായോഗികമല്ലെന്നു കണ്ടതോടെ സ്‌കൂൾ സ്ഥാപിക്കുന്ന സ്വകാര്യ സംരംഭകർക്ക് ഗ്രാന്റ് കൊടുക്കുക എന്ന നയം സർക്കാർ സ്വീകരിച്ചു. സംഘടന (Organization), നേതൃത്വം (leadership), പ്രാദേശിക സ്വീകാര്യത (local acceptance) എന്നിവ കൈമുതലായുള്ള ക്രിസ്ത്യൻ പള്ളികൾ, പാശ്ചാത്യ മിഷിനറിമാർ എന്നിവർ ആദ്യവും, നായർ സർവീസ് സൊസൈറ്റി പോലെയുള്ള സമുദായ സംഘടനകൾ പിന്നാലെയും 'കരതോറും മുറിതോറും' പള്ളിക്കൂടം സ്ഥാപിച്ചതോടെ വിദ്യാഭ്യാസ വിസ്‌പോടനത്തിനു പ്രാരംഭമായി.

അപൂർവമായി സ്വകാര്യ സംരംഭകരും ഈ രംഗത്തു ചുവടുറപ്പിച്ചു. കൊച്ചിയും തുടർന്ന് ബ്രിട്ടീഷ് മലബാറും ഈ പാത പിന്തുടർന്നതോടെ കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവം സമ്പൂർണ്ണമായി.
ഏതു നൂതന പ്രസ്ഥാനവുംപോലെ പലവിധ പാളിച്ചകൾ 'ഗ്രാന്റ് പള്ളിക്കൂടങ്ങൾ'ക്കും ഉണ്ടായിരുന്നു. പക്ഷേ വിവിധ വിദ്യാഭ്യാസ റഗുലേഷനുകൾ വഴി ഗ്രാന്റ്/സർക്കാർ പള്ളിക്കൂടങ്ങളുടെ ഗുണവും വിദ്യാഭ്യാസത്തിന്റെ നിലവാരവും സർക്കാർ ഉയർത്തിക്കൊണ്ടുവന്നു. മാനേജർമാർ വിദ്യാർത്ഥികളിൽനിന്നും ഫീസ് പിരിച്ചും സർക്കാർ ഗ്രാന്റ് വാങ്ങിയും സ്‌കൂൾ അറ്റകുറ്റപ്പണികൾ നടത്തുകയും അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുകയുമായിരുന്നു അന്നത്തെ രീതി. കണ്ണിൽ ചോരയില്ലാത്ത ചില മാനേജർമാർ അന്ന് മതിയായ ശമ്പളം കൊടുക്കാതെ പിഴിഞ്ഞിരുന്നു എന്നത് യാഥാർത്ഥ്യമാണ്. സ്വാതന്ത്ര്യപൂർവ കാലത്ത് സർക്കാർ അദ്ധ്യാപകരുടെ നിലയും മെച്ചമല്ലായിരുന്നു എന്ന് സജ്ഞയന്റെ
'ഇരുപതു പട്ടണി, രണ്ടേകാദശി മറുനാളേഴുപവാസവുമായി
കഴിയുന്നൊരു വാദ്യാന്മാരുടെ ദുരിതം പ്രസിഡന്ററിയുന്നുണ്ടോ?
അറിയുന്നുണ്ടതു മാറ്റാൻ വയ്യ, കുറയും വരവതു ചിന്തിക്കേണം...'എന്ന മലബാർ ഡിസ്റ്റ്രിക്ട് ബോർഡ് പ്രസിഡന്റിനെ അഭിസംബോധന ചെയ്തുള്ള തുള്ളൽകവിതാശകലത്തിൽനിന്നും വ്യക്തമാണ്.

ഈ ദുരവസ്ഥയ്ക്ക് ഒരു മാറ്റം എല്ലാവരും കാംക്ഷിച്ചിരുന്നു. അതോടൊപ്പം ഫീസിന്റെ ഭാരത്തിൽനിന്നും വിദ്യാർത്ഥികളെ മോചിപ്പിച്ച് കൂടുതൽ കുട്ടികളെ വിദ്യയിലേക്ക് അടുപ്പിക്കുക എന്നതും ഒരു ആവശ്യമായി മാറി. തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി ഇതിനു തുടസംകുറിച്ചു. 1950-കളുടെ അവസാനം സ്‌കൂൾ ഫീസ് നിർത്തലാക്കി. പകരം ഗ്രാന്റ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പള ബാദ്ധ്യത സർക്കാർ ഏറ്റെടുത്തു. എയ്ഡഡ് സ്‌കൂളുകൾക്ക് അറ്റകുറ്റപ്പണിക്കുള്ള ഗ്രാന്റ്മാത്രം സർക്കാർ നൽകിത്തുടങ്ങി.

ഇക്കാലത്തൊക്കയും സർക്കാർ/എയ്ഡഡ് സ്‌കൂളുകൾ സമാന്തരമായി എന്നല്ല പരസ്പര പൂരകങ്ങളായിത്തന്നെ മുമ്പോട്ടു പോവുകയായിരുന്നു. സർക്കാർ നിശ്ചയിക്കുന്ന സിലബസും സർക്കാർ പാഠപുസ്തകങ്ങളും മാത്രം പഠനത്തിനുപയോഗിച്ചിരുന്നതിനാൽ വിഭാഗീയത ഉണ്ടായില്ലന്നു മാത്രമല്ല, പൊതു സംസ്‌കാരമുള്ള ഒരു തലമുറയും വളർന്നുവന്നു. രണ്ടോമൂന്നോ കേന്ദ്രീയ വിദ്യാലയങ്ങളും അത്യപൂർവം കേന്ദ്രസിലബസ് അൺഎയ്ഡഡ് സ്‌കൂളുകളുകളും മാത്രമായിരുന്നു ഇതിനപവാദം. നിശ്ചിത യോഗ്യതയുള്ളവരെ മാത്രം സർക്കാർ നിശ്ചയക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് അദ്ധ്യാപകരായി നിയമിച്ചു. നിയമനം നടത്തുന്നത് സർക്കാർ സ്‌കൂളുകളിൽ പി.എസ്.സി.യും എയ്ഡഡ് സ്‌കൂളുകളിൽ അതത് മനേജർമാരും ആയിരുന്നു എന്നു മാത്രം. സ്‌കൂളുകളുടെ മേൽനോട്ടവും സർക്കാരിനായിരുന്നു. പൊതുപരീക്ഷയും മൂല്യനിർണ്ണയവും നടത്തുന്നതും സർക്കാർ തന്നെ. മൊത്തത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതെത്തി.

1970-കൾ വെരെ സംഗതികൾ സുഗമമായി പോയി. 1980-കളുടെ പ്രാരംഭംമുതൽ കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖല തകർന്നു തുടങ്ങി. പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്ന കുറവാണ് ഇതിനു ഹേതുവായത്. ഇതിനു പലകാരണങ്ങളുണ്ട്. ഇതിന്റെ പ്രഥമ കാരണം വിദ്യാഭ്യാസം തന്നെയാണന്നതാണ് വിരോധാഭാസം. വിദ്യാഭ്യാസ നിലവാരം ഉയർവന്നതോടെ കേരളത്തിലെ ജനനനിരക്കിൽ കുത്തനെ ഇടിവുണ്ടായി. ഇതിനു പുറമെ ചില കേന്ദ്രങ്ങൾ പ്രതികാര ബുദ്ധിയോടെ എന്നവണ്ണം നടത്തിയ ചില നടപടികളും പൊതു വിദ്യാഭ്യാസ മേഖലയെ തകർത്തു.

1950-കൾ മുതൽ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ കൈക്കലാക്കണമെന്നു ചില കേന്ദ്രങ്ങൾക്കു താല്പര്യമുണ്ടായിരുന്നു. പലകാരണങ്ങളാൽ അത് അസാദ്ധ്യമാണന്നു ബോദ്ധ്യമായതോടെ എയ്ഡഡ് മേഖലയെ തകർക്കുക എന്നതായി ലക്ഷ്യം. എയ്ഡഡ് സ്‌കൂളുകളുടെ തൊട്ടടുത്ത് സർക്കാർ സ്‌കൂളുകൾ ആരംഭിക്കുകയായിരുന്നു. ആദ്യപടി. രണ്ടാമതായി, യാതൊരു മാനദണ്ഡവും പാലിക്കാതെ കേരളാ സിലബസ് അൺഎയ്ഡഡ് സ്‌കൂളുകൾക്ക് അനുമതി കൊടുത്തു. പുറകെ കൂണുകൾപോലെ CBSC സ്‌കൂളുകളും. ഇതിന്റെയെല്ലാം ആത്യന്തികഫലമായി സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. അതോടെ അദ്ധ്യാപകർ കൊഴിഞ്ഞുപോകാൻ നിർബന്ധിതരായി.

നിശ്ചിത എണ്ണം കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് നിയമന മാനദണ്ഡം. ഹൈസ്‌ക്കൂളിൽ ഓരോ വിഷയത്തിനും പ്രത്യേക അദ്ധ്യാപകർ വേണം ഒരു കുട്ടി കുറഞ്ഞാൽ ഒരു കുട്ടി കുറഞ്ഞാൽ അദ്ധ്യപകൻ പുറത്ത്. ഈ നിയമം നിർദ്ദയമായി നടപ്പിലാക്കിയതോടെ അനേകം അദ്ധ്യാപകർ തൊഴിൽരഹിതരായി. പല സ്‌കൂളിലും പല വിഷയവും പഠിപ്പിക്കാൻ ആളില്ലാതെയായി. പൊതുവിദ്യാഭ്യാസത്തിന്റെ നിലവരം വീണ്ടും ഇടിഞ്ഞു. പക്ഷേ പോലീസിനെ ഉപയോഗിച്ചുപോലും തലയെണ്ണൽ നടത്തി അദ്ധ്യാപകരെ പുറത്താക്കാനാണ് ശ്രമം തുടർന്നത്. അവർക്കു ശമ്പളം കൊടുക്കുന്നത് സർക്കാരിന് അധികഭാരമാണ് പോലും!
ഇവിടെയാണ് വ്യക്തമായ ഇരട്ടത്താപ്പും വിവേചനവും പ്രത്യക്ഷമാകുന്നത്. ജോലിഭാരം കുറഞ്ഞന്നോ അപ്രസക്തമായെന്നോ പറഞ്ഞ് സർക്കാർ ശമ്പളം പറ്റുന്ന മറ്റൊരാളെയും പിരിച്ചു വിടുന്നില്ല. പഞ്ചായത്ത് രാജ്-നഗരപാലിക ബില്ല് പാസാക്കിയപ്പോൾ വകുപ്പു മന്ത്രി പറഞ്ഞതനുസരിച്ചാണെങ്കിൽ അനേകം സർക്കാർ വകുപ്പുകൾ അതോടെ അപ്രസക്തമായി.

പക്ഷേ ഒരു വകുപ്പും നിർത്തലാക്കിയില്ല. ഒരു ജീവനക്കാരനേയും പിരിച്ചുവിട്ടില്ല. പിന്നെ അദ്ധ്യാപകരോടു മാത്രം എന്തേ പതിത്വം? അതാണ് മുകളിൽ സൂചിപ്പിച്ച ഗുരുത്വക്കേട്. തലമുറകളായി സംസ്ഥാനത്തിന്റെ വരുമാനം മുഴുവൻ കൊണ്ടുവരുന്നതിനു ഹേതുവായ പൊതു വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലായ അദ്ധ്യാപകരെ അവരുടെ സേവനം ലാഭകരമല്ല എന്ന കണക്കാക്കി അമ്മാനമാടുന്നത് മൂന്നക്ഷരത്തിന്റെ കുറവല്ലേ കാണിക്കുന്നത്?

ഈ ഇരട്ടത്താപ്പിന്റെ വ്യക്തമായ ഒരു ചിത്രം ലഭിക്കാൻ പ്രീഡിഗ്രി സർവകലാശാലകളിൽ നിന്നും വേർപെടുത്തി +2 ആരംഭിച്ച സംഭവമെടുത്താൽ മതി. കേരളത്തിലെ ഓരോ ശരാശരി കോളേജിലും 1,200-നടുത്ത് കുട്ടികളാണ് (ഷിഫ്റ്റ് ഉണ്ടായിരുന്നിടത്ത് ഇരട്ടി) പ്രീഡിഗ്രി വേർപെടുത്തിയതോടെ കുറവുവന്നത്. അതോടെ അധികഭാരമായ അദ്ധ്യാപകരിൽ കുറെ പേർ പുറത്തായി. കുറെപ്പേരെ പുതുതായി രൂപംകൊണ്ട ഹയർ സെക്കൻണ്ടിയിൽ പുനർവിന്യസിച്ചു. കുറേപ്പേരെ കോളേജിൽ നിലനിർത്തി. പക്ഷേ ആ പേരിൽ വർഷങ്ങളോളം കോളേജുകളിൽ നിയമന നിരോധനം നിലവിലുണ്ടായിരുന്നു! അതേസമയം തന്നെ പ്രീഡിഗ്രി വിദ്യാർത്ഥിൾക്ക് ആനുപാതികമായി സർവകലാശാലകളിൽ ഉണ്ടായിരുന്ന നൂറുകണക്കിനു ജീവനക്കാരിൽ ഒരാളെപ്പോലും പിരിച്ചുവിടുകയോ തരംതാഴ്ത്തുകയോ ചെയ്തില്ല! അതായത് ഫയലുന്തികൾക്ക് ഉള്ള തൊഴിൽ പരിരക്ഷ അദ്ധ്യാപകർക്കു നൽകാൻ സർക്കാർ തയാറല്ലെന്നു സാരം.

പൊതുവിദ്യാഭ്യാസ മേഖലയ്ക്കു ലഭിച്ച അടുത്ത പ്രഹരം കലോൽസവങ്ങൾ, ശാസ്ത്രമേളകൾ മുതലായവയിൽ അൺഎയ്ഡഡ് സ്‌കൂളുകൾക്ക് തുല്യപങ്കാളിത്വം നൽകിയതാണ്. പ്രശസ്തിക്കും ഗ്രേസ് മാർക്കിനുമായി അവർ ഈ മേഖലയിലേയ്ക്കു തള്ളിക്കയറിയതോടെ കലാമേളകൾ വെറും കാശുമേളകൾ ആയി. പാവം സർക്കാർ/എയ്ഡഡ് വിദ്യാർത്ഥികൾ പുറത്തായി. സമീപകാലത്ത് ആരംഭിച്ച് ഭംഗിയായി നടന്നുവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റും ഇന്ന് നിശ്ചിത ഫീസ് അടച്ചാൽ അൺഎയ്ഡഡ് സ്‌കൂളുകൾക്ക് ലഭിക്കും. കാരണം ഗ്രേസ് മാർക്ക്! ഭീമമായ ഫീസ് കൊടുത്ത് സർക്കാർ നിയന്ത്രണമില്ലാതെ പഠിക്കുന്നവർക്ക് എന്തിന് ഇത്തരം സർക്കാർ ആനുകൂല്യങ്ങൾ എന്നതാണ് ഈ ലേഖകന്റെ ചോദ്യം? അവർക്ക് പ്രതിഭ തെളിയിക്കണമെങ്കിൽ CBSE സ്‌കൂളുകൾ നടത്തുന്നതുപോലെ സ്വന്തം കലാമേള നടത്തട്ടെ.

കഴിഞ്ഞ എതാനും ദശവർഷങ്ങളായി പൊതുവിദ്യാഭ്യാസ മേഖല ചില വിദേശ ഏജൻസികളുടെ വിദ്യാഭ്യാസ പരീക്ഷണവേദി ആയിരുന്നു എന്നൊരാരോപണം നിലവിലുണ്ട്. ഇതു ശരിയാണെങ്കിൽ ഇതിന്റെ പ്രത്യാഘാതങ്ങളെ ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല. ഏതായാലും അൺഎയ്ഡഡ് മേഖലയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും നൽകിയ പ്രോൽസാഹനം ഇംഗ്ലീഷ് മീഡിയം മലയാളിക്ക് അനിവാര്യമാക്കി. അതോടെ നിലവാരമില്ലാത്ത കുട്ടികൾ മാത്രം പൊതുവിദ്യാലയങ്ങളിൽ എത്തിപ്പെടുന്ന അവസ്ഥയായി. എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപകരുടെ അഭാവവും സർക്കാർ സ്‌കൂളുകളിൽ അവരുടെ അലംഭാവും നിലവാരത്തകർച്ചയ്ക്ക് ആക്കംകൂട്ടി.

അൺഎയ്ഡഡ് മേഖലയുടെ വളർച്ച സമൂഹത്തിന്റെ താഴേ തട്ടിലുള്ളവരിൽപ്പോലും ഇംഗ്ലീഷ് മീഡിയത്തിലുള്ള വിദ്യാഭ്യാസം ജീവിത വിജയത്തിന് അത്യന്താപേഷിതമാണന്ന ഒരു ശക്തമായ ധാരണ സൃഷ്ടിച്ചു. അതോടെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഡ്മിഷ്ൻ തേടുന്നവരും ഇംഗ്ലീഷ് മീഡിയം ആവശ്യപ്പെട്ടുതുടങ്ങി. അവിടെയും സർക്കാർ ഉടക്കുമായി രംഗത്തെത്തി. നിർബന്ധമായും ഒരു മലയാളം മീഡിയം ഡിവിഷൻ ഉണ്ടെങ്കിൽ മാത്രമേ ഇംഗ്ലീഷ് മീഡിയം അനുവദിക്കൂ! പക്ഷേ മലയാളം മീഡിയത്തിൽ പഠിക്കാൻ കുട്ടികളില്ല എന്ന വസ്തുത അവർക്കു പരിഗണനാർഹമല്ല. കേരള സർക്കാർ സർവീസിൽ ഉദ്യോഗം ലഭിക്കാൻ പോലും മലയാള പരിജ്ഞാനം നിർബന്ധമല്ലാത്ത ഇക്കാലത്ത് ഈ നിബന്ധനയുടെ യുക്തി പിടികിട്ടുന്നില്ല. മാത്രമല്ല, സാങ്കേതിക പദങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തി പഠിപ്പിക്കുന്ന മലയാളം മീഡിയത്തിന്റെ ബുദ്ധിമുട്ട് പിൽക്കാലത്ത് അനുഭവിച്ച വ്യക്തി എന്ന നിലയിൽ ഈ ലേഖകന്റെ കാഴ്ചപ്പാടിൽ ഈ നിബന്ധന യുക്തിരഹിതം മാത്രമല്ല ബാലിശവുമാണ്.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല തകർന്നതിന്റെ എക കാരണം എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരെ മാനേജർമാർ നിയമിക്കുന്നതാണന്നും, അതിനുള്ള ഏക പരിഹാരം എയ്ഡഡ് സ്‌കൂൾ നിയമനം പി.എസ്.സി.ക്കു വിടുന്നതാണന്നും ചിലർ ഘോരഘോരം വാദിക്കുന്നുണ്ട്. സർക്കാർ സ്‌കൂൾ അദ്ധ്യാപകരും സർക്കാർ സർക്കാർ ജീവനക്കാരുമാണ് പ്രധാനമായും ഈ വാദം ഉയർത്തുന്നത്. എയ്ഡഡ് സ്‌കൂൾ നിയമനത്തിൽ അഴിമതി നടക്കുന്നു എന്നും, നിലവാരമില്ലാത്തവെരെ നിയമിക്കുന്നു എന്നുമാണ് അവരുടെ വാദം. സർക്കാർ സർവീസിലെ നിയമനം, സ്ഥലംമാറ്റം, പ്രൊമോഷൻ മുതലായവയിലെ അവിഹിത സ്വാധിനവും അഴിമതിയും ദിനംപ്രതി പുറത്തുവരുമ്പോൾ ഇവരുടെ ഈ വാദം തുലോം ദുർബലമായ ഒന്നാണ്. സർക്കാർ നിശ്ചയിച്ച ഒരേ അടിസ്ഥാന യോഗ്യത ഉള്ളവരെയാണ് സർക്കാർ സ്‌കൂളുകളിൽ പി.എസ്.സി.-യും, എയ്ഡഡ് സ്‌കൂളുകളിൽ മാനേജർമാരും നിയമിക്കുന്നത്. പി.എസ്.സി. നിയമിച്ച, അതീവ യോഗ്യതയുള്ളവർ മാത്രം പഠിപ്പിക്കുന്ന സർക്കാർ സ്‌കൂളുകളിൽ ഗുരുതരമായ നിലവാരത്തകർച്ച എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല. സ്‌കൂൾ നിലനിലനിൽക്കണമെന്ന സ്വാർത്ഥ താല്പര്യമെങ്കിലും എയ്ഡഡ് സ്‌കൂൾ മാനേജർമാർക്കുണ്ട്. സർക്കാർ സ്‌കൂളുകളിലോ? രസകരമായ വസ്തുത, കേരളത്തിലെ 90% സർക്കാർ ജീവനക്കരുടേയും സർക്കാർ അദ്ധ്യാപകരുടേയും മക്കൾ പഠിക്കുന്നത് അൺഎയ്ഡഡ് സ്‌കൂളുകളിലാണന്ന് സമീപകാല പഠനങ്ങൾ വ്യകതമാക്കിയിട്ടുണ്ട് എന്നതാണ്!

യഥാർത്ഥത്തിൽ സർക്കാർ ഇടപെടൽ ഇന്ന് അനിവാര്യമായിരിക്കുന്നത് അൺഎയ്ഡഡ് മേഖലയിലാണ്. 1960-നു മുമ്പുള്ള ഗ്രാന്റ് സ്‌കൂളുകളേക്കാൾ മോശമായ നിലയാണ് അവയുടേത്. അദ്ധ്യാപകരുടെ യോഗ്യത അവിടെ പരിഗണിക്കപ്പെടുന്നില്ല. അവർക്ക് മതിയായ വേതനമോ തൊഴിൽ സുരക്ഷയോ ലഭിക്കുന്നില്ല. അജ്ഞരായ ഭുരിപക്ഷം രക്ഷിതാക്കളും അവിടെ വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ വഞ്ചിതരാവുകയാണ് എന്നതാണ് യാഥാർത്ഥ്യം. സർക്കാരിന്റെ വഴിവിട്ട ആനുകൂല്യങ്ങളല്ലാതെ യാതൊരു നിയന്ത്രണവും അവിടെ ബാധകമല്ല!
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതിനാൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ രക്ഷിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. അതിന് എയ്ഡഡ് സ്‌കൂളുകളെ തകർത്തതുകൊണ്ടോ, അവിടുത്തെ നിയമനം പി.എസ്.സി.-ക്കു വിട്ടതുകൊണ്ടോ യാതൊരു കാര്യവുമില്ല. വരും തലമുറയുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന ആഗ്രഹം സർക്കാരിനുണ്ടെങ്കിൽ ധീരമായ മറ്റു ചില നിടപാടുകൾ എടുക്കുകയാണ് വേണ്ടത്. അവയിൽ ചിലത്.

1. പൊതു വിദ്യാഭ്യാസ മേഖലയിലെ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക.
2. അൺഎയ്ഡഡ് സ്‌കൂളിലെ വിദ്യാർത്ഥികളെ കലാമേള, ശാസ്ത്രമേള മുതലായവയിൽ പങ്കെടുക്കാൻ അനുവദിക്കുകയോ ഗ്രേസ്മാർക്ക് നൽകുകയോ ചെയ്യരുത്.
3. പ്രതികാരബുദ്ധിയോടെ ആരംഭിച്ച സർക്കാർ സ്‌കൂളുകളിൽ ലാഭകരമല്ലാത്തത് അടച്ചുപൂട്ടുക.
4. അൺഎയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസ നിലവാരം, വേതനം ഇവയുടെ കാര്യത്തിൽ കർശന നിലപട് എടുക്കുക. കഴിയുമെങ്കിൽ കേരളാ സിലബസ് അൺഎയ്ഡഡ് സ്‌കൂളുകൾ നിർത്തലാക്കുക.
5. അദ്ധ്യാപകരെ 'ഫയലുന്തി തൊഴിലാളി'കൾക്ക് സമന്മാരായി കാണുന്നത് അവസാനിപ്പിക്കുക. അദ്ധ്യാപനം ഒരു സാധനയും ക്രിയാത്മക കർമ്മയും നിർമ്മാണ പ്രവർത്തനവുമായി കണ്ട് അവരെ ബഹുമാനിക്കുക. അതിൽ ലാഭനഷഅടക്കണക്ക് നോക്കരുത്.
6. പഴകിപൊടിഞ്ഞ തത്വശാസ്ത്രങ്ങളിൽ കെട്ടിപ്പിടിച്ചു എയ്ഡഡ് സ്‌കൂളുകളോടു കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക. സ്‌കൂൾ വിദ്യാഭ്യാസം ലാഭമില്ലാത്ത ബിസിനസ് എന്ന സമീപകാല സർക്കാർ സമീപനം മാറ്റി അത്യാവശ്യ സർവീസ് ആയി കണക്കാക്കുക.
7. സർക്കാർ ശമ്പളം പറ്റുന്നവർ തങ്ങളുടെ മക്കളെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ പഠിപ്പിക്കാത്ത പക്ഷം അവരിൽനിന്നും ഭീമമായ വിദ്യാഭ്യാസ സെസ് ഏർപ്പെടുത്തുക.
8. ജനത്തിനു വേണ്ടാത്ത, പ്രയോഗികമല്ലാത്ത, നിർബന്ധിത മലയാളം മീഡിയം ഡിവിഷൻ എന്ന നിബന്ധന എടുത്തുകളയുക. മലയാളം മീഡിയത്തിലും സാങ്കതിക പദങ്ങൾ ഇംഗ്ലീഷിൽ പഠിപ്പിക്കുക.

ഇതിനു സർക്കാർ തയാറാകാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല രക്ഷപെടില്ല.

വാൽക്കഷണം: സമീപകാലത്ത് എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സി.-ക്കു വിടണമെന്നു ഘോരഘോരം വാദിച്ച ഒരു സർക്കാർ ജീവനക്കാരനോട് സ്വന്തം മക്കൾ പഠിക്കുന്നത് സർക്കാർ സ്‌കൂളിലാണോ എന്ന ചോദ്യത്തിന് അല്ല. അൺഎയ്ഡഡ് സ്‌കൂളിലാണെന്നായിരുന്നു മറുപടി. അത് ശരിയാണോ?, സർക്കാർ ജീവനക്കാർ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ മക്കളെ പഠിപ്പിക്കേണ്ടതല്ലേ? എന്നു അലഹാബാദ് ഹൈക്കോടതിവിധി ചൂണ്ടിക്കാട്ടി ആരാഞ്ഞപ്പോൾ ടിയാൻ ശരിക്കും ക്ഷുഭിതനായി. അക്ഷരാർത്ഥത്തിൽ 'എന്റെ മക്കളെ എനിക്ക് ഇഷ്ടമുള്ളടത്തു പഠിപ്പിക്കും നീയൊക്കെ ആരാ ചോദിക്കാൻ...' എന്നാരംഭിച്ച നീണ്ട പുലയാട്ടു മഹോത്സവമായിരുന്നു പിന്നാലെ. എന്തൊരാദർശം!