അഞ്ചുവർഷം കൊണ്ട് പട്ടികജാതി കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവഴിച്ചത് 1123 കോടി; കുടിവെള്ളമില്ലാത്ത നഴ്സറികൾ; സൗകര്യമില്ലാത്ത ഹോസ്റ്റലുകൾ, കുട്ടികളുടെ പോക്കറ്റ്മണിയും ട്യൂഷൻ ഫീസും കൊള്ളയ

അവഗണനയുടെയും അനാസ്ഥയുടെയും കുറ്റകരമായ വിവേചനത്തിന്റെയും നേർക്കാഴ്ച തെളിഞ്ഞു കിടക്കുന്നത് ഇക്കൊല്ലത്തെ സിഎജി റിപ്പോർട്ടിലാണ്. എല്ലാം ശരിയാക്കാമെന്ന് സർക്കാർ സിഎജിയ്ക്കു വാക്കു കൊടുത്തെങ്കിലും ഒന്നിനുപോലും ഒരു മാറ്റവുമില്ലെന്ന് നാരദാ ഇൻവെസ്റ്റിഗേഷൻ തെളിയിക്കുന്നു. സിഎജി റിപ്പോർട്ടിൽ പേരെടുത്തു പരാമർശിക്കുന്ന നഴ്സറികളിലും ഗേൾസ് പ്രീമെട്രിക് ഹോസ്റ്റലുകളിലും കാണുന്നത് കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരളാ മോഡലിന്റെ വികൃത മുഖം. കഴിഞ്ഞ അഞ്ചുവർഷം ഈ മേഖലയിൽ എന്തെടുക്കുകയായിരുന്നു യുഡിഎഫ് സർക്കാർ? ഞെട്ടിപ്പിക്കുന്ന കെടുകാര്യസ്ഥത വിളിച്ചു പറയുന്ന ഈ സിഎജി റിപ്പോർട്ടിനുമേൽ എന്തു നടപടി കൈക്കൊള്ളാനാണ് ഇടതുപക്ഷ സർക്കാർ ഉദ്ദേശിക്കുന്നത്?

അഞ്ചുവർഷം കൊണ്ട് പട്ടികജാതി കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവഴിച്ചത് 1123 കോടി; കുടിവെള്ളമില്ലാത്ത നഴ്സറികൾ; സൗകര്യമില്ലാത്ത ഹോസ്റ്റലുകൾ, കുട്ടികളുടെ പോക്കറ്റ്മണിയും ട്യൂഷൻ ഫീസും കൊള്ളയ

അഞ്ചുവർഷം കൊണ്ട് പട്ടികജാതി വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനു കേരള സർക്കാർ ചെലവഴിച്ചത് 1123 കോടി . പക്ഷേ, നാട്ടിൽ കാണുന്നത് പേരിനുപോലും അടിസ്ഥാന സൌകര്യങ്ങളില്ലാത്ത നഴ്സറികളും സ്ക്കൂളുകളും പ്രീമെട്രിക് ഹോസ്റ്റലുകളും. എല്ലാം ശരിയാക്കാമെന്ന് സർക്കാർ സിഎജിയ്ക്കു വാക്കു കൊടുത്തെങ്കിലും ഒന്നിനുപോലും ഒരു മാറ്റവുമില്ലെന്ന് നാരദാ ഇൻവെസ്റ്റിഗേഷൻ തെളിയിക്കുന്നു. സിഎജി റിപ്പോർട്ടിൽ പേരെടുത്തു പരാമർശിക്കുന്ന നഴ്സറികളിലും ഗേൾസ് പ്രീമെട്രിക് ഹോസ്റ്റലുകളിലും കാണുന്നത് കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരളാ മോഡലിന്റെ വികൃത മുഖം. കഴിഞ്ഞ അഞ്ചുവർഷം ഈ മേഖലയിൽ എന്തെടുക്കുകയായിരുന്നു യുഡിഎഫ് സർക്കാർ? ഞെട്ടിപ്പിക്കുന്ന കെടുകാര്യസ്ഥത വിളിച്ചു പറയുന്ന ഈ സിഎജി റിപ്പോർട്ടിനു മേൽ എന്തു നടപടി കൈക്കൊള്ളാനാണ് ഇടതുപക്ഷ സർക്കാർ ഉദ്ദേശിക്കുന്നത്?


[caption id="attachment_33579" align="aligncenter" width="640"]അഞ്ചുവർഷത്തിൽ 1123 കോടി രൂപ. എവിടേയ്ക്കാണ് ഈ തുക പോയത്? അഞ്ചുവർഷത്തിൽ 1123 കോടി രൂപ. എവിടേയ്ക്കാണ് ഈ തുക പോയത്?[/caption]

2010-11 മുതൽ 2014-15വരെയുളള അഞ്ചുവർഷത്തെ ഫണ്ടു വിനിയോഗമാണ് സിഎജി പരിശോധിച്ചത്. 2016ൽ പ്രസിദ്ധീകരിച്ച പൊതു സാമൂഹ്യവിഭാഗങ്ങളെക്കുറിച്ചുളള പെർഫോമൻസ് റിപ്പോർട്ടിൽ അവഗണനയുടെയും അനാസ്ഥയുടെയും കുറ്റകരമായ വിവേചനത്തിന്റെയും ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ് വരച്ചിട്ടിരിക്കുന്നത്.

[caption id="attachment_33574" align="aligncenter" width="640"]ഇതുമൊരു നെഴ്സറി സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന മുറിയങ്കര നഴ്സറി സ്ക്കൂൾ[/caption]

നഴ്സറി സ്ക്കൂൾ മുതൽ പാലക്കാട് മെഡിക്കൽ കോളജും ലാപ് ടോപ്പ് വിതരണവുമുൾപ്പെടെ പട്ടികജാതി വിഭാഗത്തിനു വേണ്ടിയുളള 21 വിദ്യാഭ്യാസ പദ്ധതികളാണ് സിഎജി പരിശോധിച്ചത്. ഫണ്ടു വിനിയോഗം കാര്യക്ഷമമല്ലെന്നും  മറ്റു വിഭാഗങ്ങളിലുള്ള കുട്ടികളുടെ നിലവാരത്തിലേയ്ക്ക് പട്ടികജാതിയിൽ പെട്ട കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യം ഉദ്യോഗസ്ഥരുടെയോ അധികാരികളുടെയോ മനസിൽപോലും ഇല്ലായിരുന്നുവെന്നുമാണ് റിപ്പോർട്ടു വായിച്ചാൽ മനസിലാവുക. പട്ടികജാതി കുട്ടികൾക്കുള്ള നക്കാപ്പിച്ചാ പോക്കറ്റ് മണിയും ട്യൂഷൻ ഫീസുമടക്കം കൈയിട്ടുവാരിയെന്ന് ബോധ്യമായിട്ടും കുറ്റക്കാർക്കെതിരെ അന്വേഷണവുമില്ല, നടപടിയുമില്ല.

പ്രീമെട്രിക് ഹോസ്റ്റലുകളിൽ രാത്രി വാർഡന്മാരില്ല. ഷൊർണൂരും മുണ്ടൂരുമുള്ള പെൺകുട്ടികളുടെ ഹോസ്റ്റലുകൾ ഉപയോഗിക്കുന്നത് മറ്റാവശ്യങ്ങൾക്ക്. പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ അന്യരെ പ്രവേശിപ്പിക്കരുത് എന്ന് കർശനമായ നിബന്ധനയുള്ളപ്പോഴാണ് നഗ്നമായ നിയമലംഘനം. തീർന്നില്ല. മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിൽ വാച്ച്മാനും പെൺകുട്ടികളും ഉപയോഗിക്കുന്നത് ഒരേ ടോയ്ലെറ്റ്. താമസക്കാരായ പെൺകുട്ടികളുടെ സ്വകാര്യതയിലേയ്ക്കുള്ള നഗ്നമായ കടന്നുകയറ്റമെന്ന് സിഎജി കടുത്ത വാക്കുകളിൽ വിമർശിച്ചിട്ടുപോലും ഒരു മാറ്റവുമില്ല.

[caption id="attachment_33547" align="alignleft" width="335"]വാതിലില്ലാത്ത ടോയ് ലെറ്റ് ഷെർണൂരിലെ പെൺകുട്ടികൾക്കു വേണ്ടിയുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ വാതിലില്ലാത്ത ടോയ്ലെറ്റ്[/caption]

പട്ടികജാതിക്കാരായ മെഡിക്കൽ - എഞ്ചിനീയറിംഗ്  വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പു നൽകുമെന്ന പ്രഖ്യാപനം പാതി വഴിയിൽ സ്തംഭിച്ചു. പതിനൊന്നു കോടിയോളം രൂപ പിൻവലിച്ചിട്ടും ആദ്യതവണ 65 പേർക്ക് ലഭിച്ചില്ല. 3750 കുട്ടികൾക്ക് അക്കൊല്ലം ലാപ്ടോപ്പു നൽകിയെങ്കിലും വകുപ്പിന്റെ അനാസ്ഥ മൂലം തുടർന്നുള്ള വർഷങ്ങളിൽ ആർക്കും ലാപ്ടോപ്പു നൽകിയില്ല. ലാപ്ടോപ്പ് കിട്ടാത്തത് 4702 കുട്ടികൾക്ക്. ലാപ്ടോപ്പ് കിട്ടാതെ എല്ലാ ഫൈനൽ ഇയർ വിദ്യാർത്ഥികളും കോളജു വിട്ടു. വകുപ്പിന്റെ വീഴ്ചയാണെന്ന് സിഎജി. വിമർശനം ഏറ്റു വാങ്ങി വകുപ്പ്.

പട്ടികജാതിക്കാരായ അഭ്യസ്തവിദ്യർക്കും കുട്ടികൾക്കും തൊഴിലന്വേഷണത്തിനു സഹായിക്കാൻ 140 നിയോജകമണ്ഡലങ്ങളിലും വിജ്ഞാൻ വാടികൾ തുടങ്ങാൻ 2011ലാണ് സർക്കാർ തീരുമാനിച്ചത്. ലൈബ്രറിയും ഇൻറർനെറ്റ് സൌകര്യമുള്ള കമ്പ്യൂട്ടറുകളും പത്രങ്ങളും വാരികകളുമൊക്കെയുള്ള വിജ്ഞാനകേന്ദ്രങ്ങളിൽ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കാനും ഓൺലൈൻ അപേക്ഷകളയയ്ക്കാനുമൊക്കെ കഴിയണം.  എന്നാൽ ലക്ഷ്യമിട്ടതിന്റെ 11.4 ശതമാനം വിജ്ഞാൻ വാടികൾ മാത്രമേ രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. ആയിരം കേന്ദ്രങ്ങൾ നിർമ്മിക്കാൻ ഇതിനിടെ പോലീസ് കൺസ്ട്രക്ഷൻ കോർപറേഷനു കൈമാറിയത് അമ്പതു കോടി രൂപ. അതിൽ 44 കോടിയും രണ്ടുവർഷമായി ചെലവാക്കാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്. ഇതേവരെ പണി തീർത്ത 114 വിജ്ഞാൻ വാടികളിൽ 89 എണ്ണം മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂവെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന്റെ അലംഭാവം തന്നെയാണ് കാരണമെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.വായിക്കുക:


പഠിക്കാൻ മിടുക്കുണ്ടായിട്ടു കാര്യമില്ല; ദളിതനിപ്പോഴും സയൻസ് തീണ്ടാപ്പാടകലെ: കുട്ടിക്കാനം മോഡൽ റെസിഡൻഷ്യൽ സ്കൂളിനു പറയാനുള്ളത്...സ്ക്കോളർഷിപ്പ് അടക്കമുളള സാമ്പത്തികസഹായത്തിന്റെ വിതരണത്തിലും ലജ്ജാകരമായ അലംഭാവമാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മാത്രം 1,87,190  കുട്ടികളുടെ സ്കോളർഷിപ്പാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ  ഒരു വർഷം മുതൽ ആറുവർഷം വരെ കുടിശികയുള്ളവരുണ്ട്.  12 കോടിയോളം രൂപയാണ് ഈ നാലു ജില്ലകളിലെ കുട്ടികൾക്ക് വിതരണം ചെയ്യാതെ പിടിച്ചുവച്ചിരിക്കുന്നത്.

പ്രീമെട്രിക് ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 100 രൂപ വീതം പോക്കറ്റ് മണിയുണ്ട്. 2012 മുതലാണ് ഈ തുക അനുവദിച്ചത്. സോപ്പും എണ്ണയും വാങ്ങാൻ തുകയുണ്ട്. പെൺകുട്ടികൾക്ക് 75 രൂപ വീതവും ആൺകുട്ടികൾക്ക് 50 രൂപ വീതവും. ടവലിനും ചീപ്പിനും വണ്ടിക്കൂലിയ്ക്കുമായി 60 രൂപ വീതവും ആൺകുട്ടികൾക്ക് മുടിവെട്ടിക്കാൻ 30 രൂപയും പ്രതിമാസം അനുവദിച്ചിട്ടുണ്ട്.വായിക്കുക:


പട്ടികജാതി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്കുള്ള നഴ്സറികളുടെ അവസ്ഥ കാണണോ? പാറശാലയിലെ മുറിയങ്കരയിലേക്കു ചെല്ലൂ…

അഞ്ചു ജില്ലകളിലായി അഞ്ചുവർഷത്തിനിടയിൽ 2365 ആൺകുട്ടികൾക്കും 2357 പെൺകുട്ടികൾക്കും ഈ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. അലവൻസ് ഇനത്തിൽ 37 ലക്ഷവും പോക്കറ്റ് മണിയിനത്തിൽ 18 ലക്ഷവുമാണ് വിതരണം ചെയ്യാതെ പിടിച്ചുവച്ചത്. എന്നിട്ടോ, ആഡിറ്റുകാരുടെ ചോദ്യം വന്നപ്പോൾ 140 രൂപ ആൺകുട്ടികൾക്കും 135 രൂപ പെൺകുട്ടികൾക്കും പോക്കറ്റുമണിയായി വിതരണം ചെയ്യുന്നുണ്ടെന്ന മുട്ടാപ്പോക്കു മറുപടി നൽകി തലയൂരാൻ വകുപ്പു ശ്രമിച്ചു. ഈ ശ്രമത്തെയും സിഎജി കൈയോടെ പിടികൂടി. സോപ്പും എണ്ണയും വാങ്ങാനുളള പണമാണ് 140 രൂപയെന്നും പോക്കറ്റ് മണിയുടെ ഉത്തരവ് വേറെയാണെന്നും തെളിവു നിരത്തി സിഎജി റിപ്പോർട്ടു ചൂണ്ടിക്കാണിക്കുന്നു. അലവൻസും പോക്കറ്റ് മണിയും വേറേ വേറെ നൽകണമെന്ന് വകുപ്പു പുറത്തിറക്കിയ ഹാൻഡ് ബുക്കിൽ പറയുന്ന കാര്യവും സിഎജി എടുത്തു കാട്ടുന്നു.

[caption id="attachment_33582" align="aligncenter" width="640"]സർക്കാരിന്റെ മുട്ടാപ്പോക്കും സിഎജിയുടെ മറുപടിയും സർക്കാരിന്റെ മുട്ടാപ്പോക്കും സിഎജിയുടെ മറുപടിയും[/caption]

സർക്കാർതന്നെ പുറത്തിറക്കിയ ഉത്തരവുകളെയും നിർദ്ദേശങ്ങളെയും കാറ്റിൽപ്പറത്തിയാണ് ഉദ്യോഗസ്ഥർ ഈ കളി കളിക്കുന്നത്. ഇതുമൂലം ആയിരക്കണക്കിന് കുട്ടികൾക്ക് അർഹമായ സഹായം നിഷേധിക്കപ്പെടുന്നു. പിഴവുകൾ ചൂണ്ടിക്കാണിക്കുമ്പോൾ ഉടനടി തിരുത്താനല്ല, തട്ടുമുട്ടു ന്യായങ്ങൾ പറഞ്ഞ് തടിതപ്പാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

ട്യൂഷൻ ഫീസിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സർക്കാർ, എയിഡഡ് സ്ക്കൂളുകളിൽ പട്ടികവിഭാഗം കുട്ടികൾക്ക് ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. അംഗീകാരമുളള അൺഎയിഡഡ് സ്ക്കൂളുകളിലെ ട്യൂഷൻ ഫീസ് റീ ഇംപേഴ്സു ചെയ്യാൻ പദ്ധതിയുണ്ട്. ഒന്നു മുതൽ ഏഴു വരെ കുട്ടികൾക്ക് 1333 രൂപവീതവും എട്ടു മുതൽ പത്തുവരെ രണ്ടായിരം രൂപ വീതവുമാണ് സർക്കാർ നൽകുന്നത്. എന്നാൽ 54 അംഗീകാരമുള്ള അൺഎയിഡഡ് സ്ക്കൂളുകളിലെ 2078 കുട്ടികൾക്ക് 2013-15 കാലത്ത് ഈ ആനുകൂല്യം ലഭിച്ചില്ല. ഇതിൽ 53 സ്ക്കൂളുകളും ഈ ആനുകൂല്യം നേടിക്കൊടുക്കാൻ ശ്രമിച്ചതേയില്ല.

അവശേഷിക്കുന്ന ഒരു സ്ക്കൂളിന്റെ അനുഭവം വിചിത്രമാണ്. ഒറ്റപ്പാലം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ ആറ് എസ് സി കുട്ടികളുടെ അപേക്ഷ പട്ടികജാതി വികസന ഓഫീസർക്ക് നൽകി. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികൾക്ക് ഈ ആനുകൂല്യം നൽകാൻ വ്യവസ്ഥയില്ലെന്ന വിചിത്ര ന്യായം പറഞ്ഞ് ഉദ്യോഗസ്ഥൻ അപേക്ഷ നിരസിച്ചു. മീഡിയം പരിഗണിക്കാതെ മുഴുവൻ കുട്ടികൾക്കും ഈ ആനുകൂല്യം നൽകണമെന്ന്  2009ൽ സർക്കാരുത്തരവ് ഉളള കാര്യം സിഎജി പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

[caption id="attachment_33583" align="aligncenter" width="640"]എന്തിനാണ് ഇങ്ങനെയൊരു വകുപ്പ്? എന്തിനാണ് ഇങ്ങനെയൊരു വകുപ്പ്?[/caption]

ഇത്തരം മുട്ടാപ്പോക്കുകൾ പറഞ്ഞ് ഒരുദ്യോഗസ്ഥന് എങ്ങനെയാണ് കുട്ടികളുടെ അവകാശം നിഷേധിക്കാൻ കഴിയുക? ഈ ഉദ്യോഗസ്ഥന്റെ നടപടി നിയമവിരുദ്ധവും അന്യായവുമാണെന്ന് സിഎജി റിപ്പോർട്ടു തന്നെ തെളിവായി ഉണ്ടായിട്ടും എങ്ങനെയാണ് ഇയാൾ ഇനിയും സർവീസിൽ തുടരുക? പട്ടികജാതി കുട്ടികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കാൻ സ്വന്തമായി കാരണങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് വകുപ്പിനു കഴിയാത്തത്? പട്ടികജാതി വികസന ഓഫീസർ എന്നാണ് തസ്തികയുടെ പേര്. നടത്തുന്ന വികസനങ്ങൾ ഇതുപോലെയുള്ളതും.

ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി കുട്ടികൾക്ക് കേന്ദ്രസർക്കാർ പ്രീമെട്രിക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയത് 2012ലാണ്. ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പ്രതിമാസം 350 രൂപയും അല്ലാത്തവർക്ക് 150 രൂപയും. രക്ഷാകർത്താക്കളുടെ വാർഷികവരുമാനം രണ്ടുലക്ഷത്തിൽ താഴെ ആയിരിക്കണമെന്നാണ് നിബന്ധന. പുസ്തകങ്ങൾ വാങ്ങാൻ ഹോസ്റ്റൽവാസികൾക്ക് വർഷം ആയിരം രൂപ പുറമേയുണ്ട്. മറ്റുള്ളവർക്ക് 750 രൂപയും. വകുപ്പിന്റെ നിരുത്തരവാദപരമായ സമീപനം കാരണം 11,381 കുട്ടികൾക്ക് ഈ അനുകൂല്യം നിഷേധിക്കപ്പെട്ടുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓഡിറ്റ് പരിശോധന വന്നപ്പോൾ മാത്രമാണ് തങ്ങൾ വിവരമറിയുന്നത് എന്നായിരുന്നു വകുപ്പു ഡയറക്ടർ പറഞ്ഞ ന്യായം.

ഇനി പറയൂ. എവിടെയാണ് ആ 1123 കോടി ചെലവഴിച്ചത്? ഈ റിപ്പോർട്ടുകളിൽ പേരെടുത്തു പറയുന്ന പല നഴ്സറികളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും നാരദാ ന്യൂസ് ലേഖകന്മാർ   നേരിട്ടു തന്നെ സന്ദർശിച്ചു. അവരുടെ റിപ്പോർട്ടുകൾ ഓരോന്നായി ഞങ്ങൾ പ്രസിദ്ധീകരിക്കാം. ഉറക്കെയുറക്കെ ചോദിക്കൂ... ആ 1123 കോടി ആരുടെയൊക്കെ പോക്കറ്റുകളിലേയ്ക്കാണ് ഒഴുകിയത്... ?വായിക്കുക: 


വാതിലില്ലാത്ത ടോയ്‌ലെറ്റ്; ചോര്‍ന്നൊലിക്കുന്ന കെട്ടിടം; ഒറ്റമുറിയില്‍ ഉറങ്ങുന്നത് 26 പെണ്‍കുട്ടികള്‍; ഷൊർണൂരിലെ പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റൽ ഇങ്ങനെയൊക്കെയാണ്...

Read More >>