ആറ് വര്‍ഷം കഴിഞ്ഞിട്ടും പൊലീസ് ആക്ടിന് ചട്ടമായില്ല; ചെലവഴിച്ച പണത്തിന് കണക്കുമില്ല; ഇനിയും സമയം വേണമെന്ന് ഡിജിപി

ചട്ടരൂപീകരണത്തിന് ഇനിയും സമയമെടുക്കുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ നാരദയോട് പ്രതികരിച്ചത്. വിഷയം സങ്കീര്‍ണ്ണമാണെന്നും നിയമവകുപ്പുമായും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ വേണമെന്നും ഡിജിപി പറഞ്ഞു.

ആറ് വര്‍ഷം കഴിഞ്ഞിട്ടും പൊലീസ് ആക്ടിന് ചട്ടമായില്ല; ചെലവഴിച്ച പണത്തിന് കണക്കുമില്ല; ഇനിയും സമയം വേണമെന്ന് ഡിജിപി

കൊച്ചി: സേനയുടെ സമഗ്ര നവീകരണത്തിന് 2010ല്‍ പാസാക്കിയ നിയമത്തിന് ചട്ടങ്ങള്‍ നിര്‍മ്മിക്കാതെ കേരളാ പോലീസ് ഒളിച്ചു കളിക്കുന്നു. അഞ്ച് വര്‍ഷമെടുത്ത് തയ്യാറാക്കിയ കരട് ചട്ടങ്ങള്‍ തിരുത്തലുകള്‍ക്കും സൂക്ഷ്മപരിശോധനകള്‍ക്കും ഈ വര്‍ഷം മാര്‍ച്ച് ആദ്യം അന്നത്തെ ഇന്റലിജന്‍സ് മേധാവിയ്ക്ക് അയച്ചു കൊടുത്തെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍  ഇന്റലിജന്‍സ് മേധാവിയായിരുന്ന ഡിജിപി എ ഹേമചന്ദ്രനെ പുതിയ സര്‍ക്കാര്‍  ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ  ചുമതലയിലേക്ക് മാറ്റിയതോടെ തുടര്‍ നടപടികള്‍ നിലച്ചു. ചട്ടങ്ങളുടെ രൂപീകരണത്തിനായി 2011 ജനുവരിയിലാണ് കമ്മിറ്റിയെ നിയോഗിച്ചത്.  മൂന്ന് വര്‍ഷമായിട്ടും കരട് രൂപം സമര്‍പ്പിക്കാത്തതിനാല്‍ 2014 ന്  കമ്മിറ്റി പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനാണ് കമ്മിറ്റി ആദ്യ കരട് സമര്‍പ്പിച്ചത്.


ചട്ടരൂപീകരണത്തിനായി നിയോഗിച്ച  കമ്മിറ്റികളുടെ  പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ട പണത്തിനാകട്ടെ യാതൊരു കണക്കുമില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖയായി സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ തരാന്‍ നിര്‍വ്വാഹമില്ലെന്നാണ് വിചിത്രമായ മറുപടി.  കമ്മിറ്റിയില്‍ അംഗങ്ങളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രതിമാസം 12000 രൂപ പ്രതിഫലവും 3000 രൂപ അലവന്‍സായും നല്‍കിയിരുന്നു. കമ്മിറ്റി അംഗങ്ങള്‍ക്ക് അഞ്ച് വര്‍ഷം പണം നല്‍കിയതാല്ലാതെ ചട്ടമുണ്ടായില്ലെന്ന് ചുരുക്കം. കമ്മിറ്റി സമര്‍പ്പിച്ച കരട് ചട്ടങ്ങളില്‍ പലതും വേണ്ടത്ര ഗൗരവമില്ലാതെയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥാര്‍ തന്നെ പറയുന്നു. പൊലീസ് അസോസിയേഷനുകളടക്കമുള്ളവരുമായി കൂടുതല്‍ കൂടിയാലോചനകളില്ലാതെ ചട്ടരൂപീകരണം  സാധ്യമാകില്ലെന്നാണ് ഇവരുടെ പക്ഷം. ചട്ടങ്ങള്‍ക്ക് 2015 ലെ ചട്ടങ്ങളെന്ന് പേര് പറയണമെന്ന് കരടിലുണ്ടെങ്കിലും ഉടനൊന്നും അത് സാധ്യമാകാന്‍ സാധ്യമാകാന്‍ ഇടയില്ല.

ചട്ടരൂപീകരണത്തിന് ഇനിയും സമയമെടുക്കുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ നാരദയോട് പ്രതികരിച്ചത്. വിഷയം സങ്കീര്‍ണ്ണമാണെന്നും നിയമവകുപ്പുമായും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ വേണമെന്നും ഡിജിപി പറഞ്ഞു.

കമ്മിറ്റി സമര്‍പ്പിച്ച 33 പേജുള്ള കരട് ചട്ടത്തില്‍ പൊലീസ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് വ്യവസ്ഥ ചെയ്യുന്നത്. അതിനാല്‍ ചട്ടരൂപീകരണം വൈകിക്കുന്നതില്‍ പൊലീസ് അസോസിയേഷനുകള്‍ക്ക് പങ്കുണ്ടെന്ന വാദവുമുണ്ട്.

*പൊലീസ് അസോസിയേഷനുകള്‍ യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കുവാനോ ബന്ധപ്പെടുവാനോ പാടുള്ളതല്ല.

* അസോസിയേഷനുകളില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഏതെങ്കിലും ഒരംഗം ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ ഭാരവാഹിത്വം വഹിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം മേല്‍പ്പറഞ്ഞ ഭാരവാഹിത്വം വഹിക്കാവുന്നതാണ്.

* അസോസിയേഷന്‍ ഭാരവാഹികള്‍ സംസ്ഥാന പൊലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയോ അല്ലെങ്കില്‍ ഏതെങ്കിലും വിവരം പ്രസിദ്ധപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല.


* പൊലീസ് അസോസിയേഷനുകള്‍ സ്വകാര്യ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വസ്തുക്കളോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സ്വീകരിക്കാന്‍ പാടുള്ളതല്ല. സേനാംഗങ്ങളില്‍ നിന്നുള്ള നിര്‍ബന്ധിത പണപ്പിരിവും പാടില്ല.

* അസോസിയേഷന്‍ സമ്മേളനങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കാന്‍ പാടില്ല.


തുടങ്ങിയവയാണ് പൊലീസ് അസേസിയേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രധാന നിയന്ത്രണങ്ങള്‍.

കരട് ചട്ടത്തിലെ വകുപ്പ് 62(3)( വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, സംഘങ്ങള്‍ക്കോ, സ്വത്തിന്റെ സംരക്ഷണത്തിനോ കൂടുതല്‍ സേനയെ ആവശ്യമെങ്കില്‍ ഈടാക്കേണ്ട ഫീസ് സംബന്ധിച്ച്) പോലുളളവയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് അതിനായി ഫീസ് ഈടാക്കുന്നത് ശരിയോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. ഉദ്യോഗസ്ഥന്റെ റാങ്കിനനുസരിച്ച് മണിക്കൂറിനാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പകല്‍ 4000 രൂപയും രാത്രി 5000 രൂപയുമാണ് ഫീസ്. സിഐക്ക് അത് യഥാക്രമം 2500, 3500, എസ് ഐ2000, 2500, എ എസ് ഐ 1250, 1500, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ 750,1000, സിവില്‍ പൊലീസ് ഓഫീസര്‍ 500, 750 എന്നിങ്ങനെയാണ് നല്‍കേണ്ട ഫീസ്. പൊതുപ്രവര്‍ത്തകന്‍ ഡിബി ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ പൊലീസ് ആക്ട് -1861 അടിസ്ഥാനമാക്കിയായിരുന്നു ആദ്യകാലത്ത് പൊലീസിന്റെ പ്രവര്‍ത്തനം. പ്രസ്തുത ആക്ടിന്റെ നൂറാം വാര്‍ഷികത്തില്‍ കേരളാ പൊലീസ് ആക്ട് നടപ്പാക്കി. പക്ഷെ ഇന്ത്യന്‍ പൊലീസ് ആക്ടിന്റെ തനി പകര്‍പ്പായിരുന്നു അത്. മികച്ച് പൊലീസ് ആക്ട് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് 2010 ല്‍ കേരളാ പൊലീസ് ആക്ട് പാസാക്കിയത്. എന്നാല്‍ ആംഡ് പൊലീസിനെ റിക്രൂട്ട് ചെയ്യാനും പ്രൊമോട്ട് ചെയ്യാനും മാത്രമാണ് ചട്ടങ്ങളുള്ളത്. ഇനിയും ചട്ടങ്ങള്‍ തയ്യാറായിട്ടില്ലെങ്കില്‍ കേരളാ പൊലീസിന്റെ നവീകരണമെന്നത് കടലാസുകളില്‍ ഒതുങ്ങുമെന്നുറപ്പ്.

Read More >>