കേരള കോണ്‍ഗ്രസ് വര്‍ഗ്ഗീയ പാര്‍ട്ടി അല്ല; എം എ ബേബിയെ തള്ളി സിപിഐ(എം)

മുഖ്യമന്ത്രി പിണറായി വിജയനടക്കം സെക്രട്ടിയെറ്റില്‍ പങ്കെടുക്കാത്ത മറ്റു അംഗങ്ങളുമായി ആലോചിച്ച ശേഷം ആണ് സംസ്ഥാന സെക്രട്ടറിയേറ്റ് പാർട്ടി നയം വ്യക്തമാക്കിയത്

കേരള കോണ്‍ഗ്രസ് വര്‍ഗ്ഗീയ പാര്‍ട്ടി അല്ല; എം എ ബേബിയെ തള്ളി സിപിഐ(എം)

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ് എന്ന സിപിഐ(എം)  പോളിറ്റ് ബ്യുറോ അംഗം  എം എ ബേബിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞു കേരള ഘടകം രംഗത്ത്. ഇന്നലെ മാതൃഭൂമിയില്‍ എഴുതിയ "ശിഥിലമാകുന്ന ഐക്യജനാധിപത്യ മുന്നണി  അപ്രസക്തമാകുന്ന കേരള കോണ്‍ഗ്രസ്" എന്ന ലേഖനത്തിലാണ് എം എ ബേബി കേരള കോണ്‍ഗ്രസിനെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചത്.  എന്നാല്‍ ഇന്നലെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബേബിയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.


കേരള കോണ്‍ഗ്രസ് വര്‍ഗ്ഗീയ പാര്‍ട്ടി ആണ് എന്ന് സി പി എം വിശ്വസിക്കുന്നില്ല എന്ന് സംശയത്തിനു ഇടനല്‍കാതെ  അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരോട് ആലോചിച്ച ശേഷമാണ്  പാർട്ടി നയം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്.  ഐക്യജനാധിപത്യ മുന്നണി വിട്ടതിനെ തുടര്‍ന്ന് മാണി ഗ്രൂപ്പില്‍ തന്നെ രണ്ടു അഭിപ്രായം ശക്തമായ സാഹചര്യത്തില്‍ മാണിയെ ശത്രുപക്ഷത്താക്കി വാതിൽ കൊട്ടിയടയ്ക്കേണ്ട എന്നും മാണി ഗ്രൂപ്പിലെ ഒരു വിഭാഗം എൽഡിഎഫിലേക്കു ചായുന്നതിനും ഈ മൃദുസമീപനം അത്യാവശ്യമാണ് എന്നും ഇന്നലെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് വിലയിരുത്തിയതായിയാണ് സൂചന.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം  എം എ ബേബിയും സി പി എം ഔദ്യോഗിക നേതൃത്വവും തമ്മില്‍ അത്ര രസത്തിലല്ല. കൊല്ലത്ത് എം കെ പ്രേമചന്ദ്രനോടു പരാജയപ്പെട്ടതിനെത്തുടർന്ന് എംഎൽഎ സ്ഥാനം രാജിവെയ്ക്കാനുളള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അസ്വാരസ്യം വർദ്ധിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്നു പറഞ്ഞ് മാറി നിന്നതും ഇത്തരമൊരു അകൽച്ച രൂപപ്പെട്ടതിന്റെ ഭാഗമായാണ്.

നിലവിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ല എം എ ബേബി. അപ്പോൾ പാർടി സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ഇങ്ങനെയൊരു ലേഖനമെഴുതിയതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും ഒരുവിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടു പോകണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബേബിയുടെ ലേഖനം പ്രസിദ്ധീകരിച്ച അന്നുതന്നെ അവയിലബിൾ സെക്രട്ടറിയേറ്റു ചേർന്ന്, ആ നിലപാടിനെ പരസ്യമായി തളളിക്കളഞ്ഞുകൊണ്ട് പാർടി സെക്രട്ടറി തന്നെ രംഗത്തു വന്നത്. എം എ ബേബിയ്ക്കു ചുമതലയുളള സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിൽ അദ്ദേഹം ഇടപെട്ടാൽ മതിയെന്ന വ്യക്തമായ സൂചനയാണ് ഇതുവഴി സിപിഐ(എം) സംസ്ഥാന നേതൃത്വം നൽകുന്നത്.

Read More >>