കാസർകോട് വ്യാജ പാസ്പ്പോർട്ട് കേസ്: ദുബൈയിലെ മലയാളി വ്യാപാരി അറസ്റ്റിൽ; വ്യാജപാസ്പോർട്ടിന് ഉപയോഗിച്ച ഫോട്ടോകൾ ക്രൈം ബ്രാഞ്ച് പുറത്ത് വിട്ടു

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കാസർകോട് വ്യാജ പാസ്പ്പോർട്ട് കേസിൽ ദുബൈയിലെ മലയാളി വ്യാപാരി അറസ്റ്റിൽ. പെരിയാട്ടടുക്കം സ്വദേശി പി എച്ച് ഇബ്രാഹിമിനെയാണ് ക്രൈംബ്രാഞ്ച് സി ഐ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കാസർകോട് വ്യാജ പാസ്പ്പോർട്ട് കേസ്: ദുബൈയിലെ മലയാളി വ്യാപാരി അറസ്റ്റിൽ; വ്യാജപാസ്പോർട്ടിന് ഉപയോഗിച്ച ഫോട്ടോകൾ ക്രൈം ബ്രാഞ്ച് പുറത്ത് വിട്ടു

കാസർഗോഡ്: ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കാസർകോട് വ്യാജ പാസ്പ്പോർട്ട് കേസിൽ ദുബൈയിലെ മലയാളി വ്യാപാരി അറസ്റ്റിൽ. പെരിയാട്ടടുക്കം സ്വദേശി പി എച്ച് ഇബ്രാഹിമിനെയാണ് ക്രൈംബ്രാഞ്ച് സി ഐ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അജാനൂർ കൊളവയലിലെ കണ്ടത്തിൽ മുഹമ്മദ് ഹാജിയുടെ പേരിൽ വ്യാജവിലാസം നൽകിയാണ് ഇബ്രാഹിം പാസ്പ്പോർട്ട് സ്വന്തമാക്കിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പെരിയാട്ടടുക്കത്ത് വച്ച് ക്രൈംബ്രാഞ്ച് ഇബ്രാഹിമിനെ പിടികൂടുകയായിരുന്നു. ഇബ്രാഹിമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ പാസ്‌പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്.


വ്യാജ പാസ്പ്പോർട്ട് നിർമ്മിക്കാൻ ഉപയോഗപ്പെടുത്തിയ കൂടുതൽ ഫോട്ടോകളും ക്രൈംബ്രാഞ്ച് പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിനങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും . വ്യാജ പാസ്പ്പോർട്ട് കേസുമായി ബന്ധപ്പെട്ട് ഈയിടെ ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടെ പാസ്പോർട്ട്  ഓഫീസിലും തിരച്ചിൽ നടത്തിയിരുന്നു.

വ്യാജപാസ്‌പോര്‍ട്ട് തപാലിൽ കൈപ്പറ്റിയ ശേഷം തിരിച്ചയച്ച അക്‌നോളജ്‌മെന്റ് കാര്‍ഡ് പാസ്‌പോര്‍ട്ട് ഓഫീസില്‍ തിരികെ എത്തിയിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തിയത്. എന്നാല്‍ ഇത്തരം രേഖകളൊന്നും കണ്ടെത്തിയില്ല. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പരിശോധിച്ച ഉദ്യോഗസ്ഥരിൽ പലരും സ്ഥലം മാറിപ്പോയതിനാൽ അവരെയും ഇതേവരെ ചോദ്യം ചെയ്തിട്ടില്ല.

ജില്ലയിലെ മുപ്പതോളം വ്യാജ പാസ്പോർട്ട് കേസുകൾ ആണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് . ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിൽ ആയെങ്കിലും ഐഎസ് റിക്രൂട്മെന്റ് ഉൾപ്പെടെയുള്ള സാഹചര്യത്തിൽ അന്വേഷണം പുനരാരംഭിരിക്കുകയായിരുന്നു.  എന്നാൽ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രമായി 250 ഓളം വ്യാജപാസ്‌പോര്‍ട്ട് കേസുകളുണ്ട്.  ഇതില്‍ നൂറോളം കേസുകള്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയാണ് അന്വേഷിക്കുന്നത്.

നേരത്തേ ജില്ലയിലെ തന്നെ നൂറിലേറെ പാസ്പോർട് കേസുകളുടെ അന്വേഷണ ചുമതല സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും ആരോപണമുണ്ട്.

Read More >>